മഹാകാവ്യം എഴുതാതെ മഹാകവിയായ കേരളത്തിൻ്റെ സ്നേഹ ഗായകൻ.
കേരളീയരുടെ ജനകീയ കവിയായ കുമാരനാശാൻ്റെ ജന്മവാർഷിക ദിനമാണ് ഇന്ന്, ഏപ്രിൽ12.
1873 ഏപ്രിൽ 12 ന് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് കായിക്കര എന്ന ഗ്രാമത്തിൽ ജനനം.
തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും കൊടികുത്തിവാണിരുന്ന ആ കാലത്ത് ജാതിവ്യവസ്ഥക്കെതിരെ തൻ്റെ തൂലിക പടവാളാക്കിയ സാമൂഹ്യ പരിഷ്ക്കർത്താവ്.
കുറച്ചുകാലം അദ്ധ്യാപകവൃത്തിയിൽ ഏർപ്പെട്ടതുകൊണ്ട് അദ്ദേഹം കുമാരനാശാനായി.
വീണപൂവ്, കരുണ, നളിനി, ലീല, ചണ്ഡാലഭിക്ഷുകി,സിംഹനാദം,ദുരവസ്ഥ തുടങ്ങി നിരവധി കവിതാരചനകളിലൂടെ, അദ്ദേഹം അന്നത്തെ അനാചാരങ്ങൾക്കും, ജാതിഭ്രാന്തിനുമെതിരെ ശക്തമായി പ്രതികരിച്ചു. ജാതിക്കോമരങ്ങൾക്കു നേരെ പ്രയോഗിച്ച അസ്ത്രങ്ങളായിരുന്നു ഓരോ കവിതയും.
മേലാളവർഗ്ഗത്തിൻ്റെ, വരേണ്യവർഗ്ഗത്തിൻ്റെ ധാർഷ്ട്യത്തെ ചെറുത്തു തോല്പിക്കാൻ തൻ്റെ തൂലികയിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു.
അദ്ദേഹത്തിൻ്റെ കവിതകൾ സമൂഹത്തെ ഉണർത്തി. അവരിലുണ്ടാക്കിയ ചലനങ്ങളാണ് ജാതിമേൽക്കോയ്മയ്ക്കു അല്പമെങ്കിലും ശമനം കിട്ടാൻ ഇടയാക്കിയത്.
1924 ജനവരി 16 ന് പല്ലനയാറ്റിൽ വെച്ചുണ്ടായ ബോട്ടപകടത്തിൽ അദ്ദേഹം നമ്മിൽ നിന്നും വിട്ടുപോയി.
“ഇന്നലെ ചെയ്തോരബദ്ധം
മൂഢർക്കിന്നത്തെ യാചാരമാവാം
നാളെത്തെ ശാസ്ത്രമതാകാം,
അതിൽ മൂളായ്ക രാജൻ…”
1903 ൽ SNDP യോഗത്തിൻ്റെ പ്രഥമ സെക്രട്ടറിയായി ഒരു ജനവിഭാഗത്തെ ജീവിതത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തിയതിൽ ആശാൻ്റെ പങ്ക് വിലമതിക്കാനാവാത്തതാണ്.
കെട്ടകാലത്ത് ജാതിവെറിയിൽ വെന്തുനീറിയ മനുഷ്യരുടെ ദുരവസ്ഥ തൻ്റെ കവിതയിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞ കവി, ലോകജനതയുടെ മനസ്സിൽ എന്നും അനശ്വരനാണ്.
അദ്ദേഹത്തിൻ്റെ വരികൾ ഇന്നും പ്രസക്തമാണ്. ഇന്നും ജാതിക്കോമരങ്ങളുടെ തേർവാഴ്ച അസ്തമിച്ചിട്ടില്ല.
” മാറ്റുവിൻ ചട്ടങ്ങളെ
സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെ താൻ
കാലം വൈകിപ്പോയി
കേവലമാചാര
നൂലുകളെല്ലാം പഴകിപ്പോയി
കെട്ടിനിറുത്താൻ കഴിയാതെ
ദുർബ്ബല-
പ്പെട്ട ചരടിൽ ജനത നിൽക്കാം.
മാറ്റുവിൻ ചട്ടങ്ങളെ
സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെ താൻ…..”
ഓരോ വരിയിലും അദ്ദേഹം പാകിയ നവോത്ഥാന വിത്തുകൾ ഇന്നും ഈ മണ്ണിൽ പടരുന്നുണ്ട്.
കേരള നവോത്ഥാനത്തിൻ്റെ പതാകവാഹകരിൽ പ്രധാനിയായ മഹാകവി കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ 1905, 1908, 1911- 16, 1919-23 എന്നീ വർഷങ്ങളിലും തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ 1920-1922 വരേയും അംഗമായിരുന്നു.
മലയാളി മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ ഈ മഹാനുഭാവൻ്റെ വരികൾ നമ്മുടെ മനസ്സിൽ എന്നും ഏറെ മികവോടെ തെളിഞ്ഞു നില്ക്കുന്നു.
അദ്ദേഹം മുന്നോട്ടു വെച്ച സാർവ്വകാലികവും സാർവ്വലൗകികവുമായ ആശയങ്ങളുടെ പ്രസക്തി അനുദിനം വർദ്ധിച്ചു വരുന്നു.
ആശാൻസ്മരണ സാഹിത്യസംബന്ധി മാത്രമല്ല, മാനവികതയുടെ ഉജ്ജ്വല സ്മൃതി കൂടിയാണ്. സർവ്വാദരണീയനും സ്നേഹഗായകനുമായ, കവിശ്രേഷ്ഠൻ്റെ പാവന സ്മരണകൾക്കു മുന്നിൽ ഒരു പിടി സ്നേഹപുഷ്പങ്ങളാലർച്ചന ചെയ്തീടുന്നു.




ആശാൻ ആശയ ഗംഭീരൻ
എന്ന വരികളെ അന്വർത്ഥമാക്കി ജീവിച്ച കുമാരനാശനെക്കുറിച്ചുള്ള ലേഖനം നന്നായിട്ടുണ്ട്.
വളരെ നന്ദി
നല്ലറിവ് 👏
നല്ല ലേഖനം