കേരളത്തിലെ നമ്പൂതിരിമാർ ആര്യന്മാരാണെന്നും അവർ കേരളത്തിൽ ഉണ്ടായിരുന്നവരെല്ലെന്നും മറ്റെവിടെനിന്നോ ഇവിടെ കുടിയേറി പാർത്തവരാണെന്നുമുള്ള കാര്യത്തിൽ വാദമില്ല.അവർ എവിടെ നിന്നാണ് വന്നതെന്നും അതിൻ്റെ കാലമേതാണെന്നും ഏതു വഴിക്കാണ് ഇവിടെ എത്തിചേർന്നതെന്നുമുള്ള കാര്യത്തിലേ അഭിപ്രായഭേദമുള്ളൂ. ആര്യന്മാർ സപ്തസിന്ധുവിൽ നിന്നും കപ്പൽ വഴിക്കാണ് ഇവിടെ എത്തിച്ചേർന്നതെന്നും നായന്മാരുടെ പൂർവ്വ ചരിത്രം ഒന്നാം ഭാഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ആര്യന്മാർ എങ്ങനെ ഇവിടെ വന്നു?
ആദ്യമായി കപ്പൽവഴിക്കാണ് ആര്യന്മാർ ഇവിടെ വന്നതെന്നതിലേയ്ക്കു ആ പൂർവ്വചരിത്രത്തിൽ പറഞ്ഞതിന്നു പുറമെ കൂടുതലായി ലഭിച്ചിട്ടുള്ള തെളിവുകൾ ഞാൻ ഇവിടെ വിവരിക്കാം.
സൂറത്തു – തപതി മുതൽ കന്യാകുമാരിവരേയുള്ള 1200 – ലധികം നാഴിക നീളത്തിൽ കിടക്കുന്ന ഭാർഗ്ഗവക്ഷേത്രം മുഴുവൻ ജനവാസമില്ലാതെ കടുകെട്ടിത്തരിശ്ശായിട്ടാണല്ലോ കിടന്നിരുന്നത്. അതിനാൽ കരവഴിക്കു തെക്കോട്ട് നീങ്ങാൻ – പോകാൻ സഞ്ചാരയോഗ്യമായ വഴികളോ ജനവാസമുള്ള പ്രദേശങ്ങളോ ഉണ്ടായിരുന്നില്ല. വല്ല വിധേനയും പോകാമെന്നുവെച്ചാൽ തന്നെ ഇടയ്ക്കിടക്ക് പുഴകളും തോടുകളും വലിയ കായലുകളുമുണ്ടാകും. കാലാവസ്ഥയെപ്പറ്റി യാതൊരു പിടിയുമില്ല. ഇപ്പോൾ തന്നെ പല പുഴകളിൽ നിന്നും വെള്ളപ്പൊക്കമുണ്ടായി നാടെല്ലാം വെള്ളത്തിനടിയിലാവുകയും കൃഷി നശിക്കുക മാത്രമല്ല റോഡുകൾ മുങ്ങി ഗതാഗതം തടസ്സപ്പെടുകയും ചെയ്യാറുണ്ടല്ലോ. അക്കാലത്താണെങ്കിൽ ഭൂമിയെല്ലാം പ്രാകൃതാവസ്ഥയിൽ കിടക്കുന്നതു കൊണ്ട് വെള്ളം കയറിയാൽ നിന്നു വറ്റുവാനല്ലാതെ ഒഴിഞ്ഞുപോകാൻ മാർഗ്ഗമുണ്ടായിരുന്നില്ല. അതിനു പുറമെ പുലി, കടുവ മുതലായവയുടെ ആക്രമണവും അപരിഷ്കൃതരായ ആദിവാസികളുടെ എതിർപ്പും ഉണ്ടാകാം. ദൂരത്തുനിന്നു പ്രയോഗിക്കാവുന്ന ഒരേ ഒരു ആയുധം അർജ്ജുനൻ ഭീഷ്മർ മുതലായ അതിവിദഗ്ദ്ധന്മാർക്കു മാത്രം പ്രയോഗിക്കാൻ കഴിയുന്ന അമ്പും വില്ലും മാത്രമാണുള്ളത്. അതുതന്നെ പൗരാണിക കാലത്തേ പ്രചാരത്തിലും പ്രയോഗത്തിലുമുണ്ടായിരുന്നുള്ളൂ. അന്ന് ആ കുടിയേറ്റക്കാർക്ക് ദൂരത്തിൽ നിന്ന് പ്രയോഗിക്കുവാൻ വശതയുള്ള ആയുധം കവണയും കല്ലും മാത്രമാണ്. എല്ലാറ്റിനം പുറമെ തിരികെ ചെല്ലുന്നതിനു വേണ്ട ഭക്ഷണസാധനങ്ങൾ കയ്യിൽ കരുതണമല്ലൊ. വാഹനമില്ലാതെ തലച്ചുമടിൽ മാത്രം കൊണ്ടു പോകേണ്ടതിനാൽ അധികമൊന്നും കരുതുവാൻ സാധ്യമല്ല. മടങ്ങി എത്തുവാൻ എത്ര ദിവസം വേണ്ടിവരുമെന്ന കാര്യം അജ്ഞാതമാണ്. ഭക്ഷണസാധനം മുതലായതു തീർന്നുപോയാൽ പിന്നെ സിന്ധിയിൽ വന്നല്ലാതെ അതു കിട്ടുവാൻ വേറെ മാർഗ്ഗമില്ലല്ലോ. ഇങ്ങനെയുള്ള കാരണങ്ങളെക്കൊണ്ട് കരവഴിക്കു കാൽനടയായി തെക്കോട്ട് യാത്ര ചെയ്യുന്ന കാര്യം വിഷമം മാത്രമല്ല, കേവലം അസാദ്ധ്യം കൂടിയാണല്ലോ. ഒരു പ്രദേശത്ത് ഏതാനും വീട്ടുകാർ കൂടി പാർക്കാൻ തുടങ്ങിയാൽ പിന്നെ ജനങ്ങൾ വർദ്ധിച്ചും ഭാഗം ചെയ്തും പുതിയ വീടുകൾ ഉണ്ടാക്കേണ്ടി വരുമെന്ന് ശരിതന്നെ. പക്ഷെ രാജമെല്ലാം കാടുപിടിച്ചു കിടക്കുന്നതു കൊണ്ട് അധികം ദൂരത്തേയ്ക്ക് മാറി താമസിക്കാൻ ഇടയില്ല. തൊട്ടടുത്ത പ്രദേശത്തു തന്നെ ഒരു സ്ഥലം തിരഞ്ഞെടുത്ത് കാടുവെട്ടി തെളിയിച്ച് വീട്ടുപണിയുകയും ആവശ്യമുള്ളേടത്തോളം ഭൂമി കൃഷിയോഗ്യമാക്കുകയുമേ ചെയ്തിട്ടുണ്ടാകൂ. എല്ലാവരും വ്യാപിച്ചിരുന്നത് അയൽവക്കം അയൽവക്കങ്ങളായിട്ടല്ലാതെ അന്യോന്യം സമ്പർക്കത്തിനിടയില്ലാത്തത്ര ദൂരത്തിൽ ആരും ഒരിക്കലും കൂടി പാർത്തു തുടങ്ങിയിട്ടുണ്ടാകാൻ സാധ്യതയില്ല. അങ്ങനെയാകുമ്പോൾ അവരിലെല്ലാം ഒരേ സംസ്ക്കാരവും ഭാഷയുമല്ലാതെ അവർക്കു ഭിന്നതകളുണ്ടാകാനും ഇടയില്ല.എന്നാൽ ഇവിടെ മലയാളം കർണ്ണാടകം (അഥവാ തുളു) കൊങ്കണം മഹാരാഷ്ട്രം എന്നിങ്ങനെ നാലു സംസ്ക്കാരങ്ങളും ഭാഷകളും നിലവിലുണ്ടുതാനും.അവർ തെക്കോട്ട് യാത്ര ചെയ്ത് കടൽ വഴിയ്ക്കേ ആയിരിക്കും വന്നിട്ടുണ്ടായിരിക്കുക എന്ന് പറയുവാനുള്ള ഒരു കാരണവും അതാണ്.
സൂറത്തിൽ നിന്ന് കരയിൽക്കൂടി തന്നെയാണ് കുടി പാർത്തുകൊണ്ട് ക്രമത്താലെ തെക്കോട്ട് വ്യാപിച്ചതെങ്കിൽ സാമാന്യമായി അവരെല്ലാം ഒരേ സംസ്ക്കാരവും ഭാഷയുമാണ് ഉണ്ടാകുവാൻ സാധ്യതയുള്ളത്. ഇതിനു ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഒരു വയലിൽ രണ്ടു തോടുകൾ ഉണ്ടെന്ന് കരുതുക. ഒരു പുഴയിൽ നിന്നു വെള്ളപ്പൊക്കളുണ്ടായാൽ ആ രണ്ടു തോടുകളും നിറഞ്ഞ് വയലിൽ വെള്ളം കയറിയാൽ ആ വെള്ളമെല്ലാം കലങ്ങിയതാണെങ്കിൽ കലങ്ങിയത്, തെളിഞ്ഞതാണെങ്കിൽ തെളിഞ്ഞത്; ഒരേ തരമാ വാനേ വഴിയുള്ളൂ. അല്ലാതെ ഒരു ഭാഗത്തെ വെള്ളം കലങ്ങിയതും മറുഭാഗത്തെ വെള്ളം തെളിഞ്ഞതുമാണെങ്കിൽ ആ വെള്ളം ഒരേ സ്ഥലത്തുനിന്നല്ല അവിടെ വ്യാപിച്ചതെന്നും ഓരോ തോടുകളിൽ നിന്നു ഓരോതരം വെള്ളം കയറിയാണ് ആ വയലിൽ നിറഞ്ഞതെന്നും തീർച്ചയല്ലേ? ഇവിടെയും സ്ഥിതി അതുതന്നെയാകുന്നു. ഈ ഭാർഗ്ഗവ ക്ഷേത്രത്തിൽ വടക്കേ അറ്റത്ത് മഹാരാഷ്ട്രവും മദ്ധ്യത്തിൽ കൊങ്കണവും പിന്നെ കർണ്ണാടകവും തെക്ക് ഭാഗത്ത് മലയാളവുമാണല്ലോ കാണുന്നത്.ഈ ഭാഷകളെന്ന പോലെ തന്നെ അവരുടെ സംസ്ക്കാരങ്ങളും ഭിന്നങ്ങളാകുന്നു. ദേശ ഭേദമനുസരിച്ച് ഭാഷകൾക്കു അല്പസ്വല്പം വിത്യാസം വരാമെന്നതും ശരിതന്നെ.എന്നിരുന്നാലും അങ്ങനെ വരുന്നതിൽ പ്രധാന സംഗതി ഭാഷയ്ക്കല്ല ഉച്ചാരണത്തിനും സ്വരത്തിനുമേ ആയിരിക്കൂ.
(തുടരും)




👍👍