ജീവിതത്തിൽ ചിലർ ഉണ്ട് അവർ ഒരിക്കലും ശത്രുവായി നിൽക്കില്ല. എന്നാൽ ഒരിക്കലും ഹൃദയപൂർവ്വം മിത്രവുമായിരിക്കില്ല. അവർ പുഞ്ചിരിക്കും, കൈ നീട്ടും, “ഞാൻ ഇല്ലായിരുന്നെങ്കിൽ?” എന്ന് അടിക്കടി ഓർമ്മിപ്പിക്കും. എന്നാൽ ആ ചോദ്യത്തിന്റെ മറ്റൊരു വശം ആരും ആലോചിക്കാറില്ല — “നീ ഇല്ലായിരുന്നെങ്കിൽ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നോ?” എന്ന്.
ഇത് ഒരു പ്രത്യേക തരം മനോഭാവമാണ്. ആദ്യം കുഴി തോണ്ടും, പിന്നെ ഒരു കൈ നീട്ടി ഉദ്ധാരകനായി നിൽക്കും. ആ കൈ നീട്ടൽ ദയയല്ല — അത് ആധിപത്യമാണ്. ആ ഉപകാരം സ്നേഹമല്ല — അത് കടക്കെണിയാണ്. ആ കരുണ വികാരമല്ല — അത് ഒരു തന്ത്രമാണ്.
ഒരു ഉദാഹരണം നോക്കൂ. ഒരാൾ നിങ്ങളെ ഒരു ഉദ്യോഗത്തിൽ ശുപാർശ ചെയ്ത് കയറ്റും — ആദ്യം “നിനക്ക് ഒറ്റയ്ക്ക് ഒന്നും സാധ്യമല്ല” എന്ന തോന്നൽ ഉള്ളിൽ വേരൂന്നിക്കൊണ്ട്. ആ ജോലി കിട്ടിയ ദിവസം തൊട്ട് ആ ഉപകാരം ഒരു ഭാരമായി തോളിൽ കിടക്കും. ഒരു തീരുമാനമെടുക്കേണ്ടി വരുമ്പോൾ, ഒരു അഭിപ്രായം പറയേണ്ടി വരുമ്പോൾ — “ഉപകാരിക്ക് വിരോധമാകരുത്” എന്ന ഭീതി ഉള്ളിൽ ഞെരിക്കും. അങ്ങനെ ആ ഉപകാരം ഒരു ചങ്ങലയായി മാറും — കാണാനില്ലാത്ത, എന്നാൽ ഉടലിൽ അറിയുന്ന ഒരു ചങ്ങല.
ഇരകളോട് ഒരു വാക്ക്..
ഉപകാരം ഉപകാരം തന്നെ. അതിന് കൃതജ്ഞതയർഹിക്കുന്നു. എന്നാൽ ഉപകാരി ദൈവമല്ല, ഉപകൃതൻ ദാസനുമല്ല. ഒരു കൈ ആരോ നൽകി എന്നതിനർഥം, ആ കൈ ഇല്ലാതെ നിങ്ങൾ ഒന്നുമല്ല എന്നല്ല. ഒരു കെണി കണ്ടുനിൽക്കുമ്പോൾ, ആ കെണി ഒഴിവാക്കി തരുന്നവനോട് ആദ്യം ഒരൊറ്റ ചോദ്യം ചോദിക്കൂ — “ഈ കെണി ആരുടേതാണ്?”
ആ ചോദ്യം ഒരായുധമാണ്. ആ ഉണർവ് ഒരു കവചമാണ്.
സമൂഹത്തോട് ഒരു ആഹ്വാനം..
ഇത്തരം സ്വഭാവങ്ങൾ ആദരിക്കപ്പെടുന്ന ഒരു സംസ്കൃതിയിൽ നാം ജീവിക്കുന്നു. “ഉപകാരി”ക്ക് സ്തുതി, ഉപകൃതന് ആജീവനാന്ത കടബാധ്യത ഇതൊരു വക്രമായ ന്യായമാണ്. ഒരു ഉപകാരത്തിന്റെ യഥാർഥ മുഖം കാണണമെങ്കിൽ, ആ ഉപകാരത്തിന്റെ ആദ്യ കാരണം കൂടി അന്വേഷിക്കണം.
ആരോ ഒരിക്കൽ പറഞ്ഞതിങ്ങനെ
“ഒരാൾ നിനക്ക് വിളക്ക് കൊളുത്തി തരുന്നതിനു മുമ്പ്, ആ ഇരുട്ട് ആര് സൃഷ്ടിച്ചു എന്ന് ഓർക്കുക.”
ആ ഓർമ്മ ഉള്ളിൽ കെടാതെ സൂക്ഷിക്കുക. കാരണം, ഇരുട്ടിനെ ഭയക്കുന്നവൻ, വിളക്കുമായി വരുന്നവനെ ആദ്യം ദൈവമെന്ന് വിളിക്കും.




👍