കല്ലന്മാരും കൊല്ലന്മാരും
സാന്തന്നൂരിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ആവശ്യമായ കരിങ്കല്ല് വളരെദൂരെനിന്നാണ് വണ്ടികളിൽ കൊണ്ടുവന്നത് . കല്ലുകൾവെട്ടി രൂപപ്പെടുത്തുന്നതും കല്ലുകൾകൊണ്ട് ആർച്ചുകൾ നിർമ്മിക്കുവാൻ പാകത്തിൽ രണ്ടുഭാഗം ചരിച്ചുവെട്ടുന്നതും വളരെ ശ്രമപ്പെട്ട പണിയാണ്. ഒരുവശത്ത് അത്തരം പണികളാണ് നടക്കുന്നത്.
മറുവശത്ത് കൊല്ലന്മാരാണ്. അവരുടെ ആലകളിലാണ് ചുട്ടുപഴത്ത കമ്പികളും പാളങ്ങളും വളയുന്നതും നിവരുന്നതും മുറിയുന്നതും .

എല്ലായിടത്തും നോക്കിനിൽക്കാനും അഭിപ്രായം പറയാനും നാട്ടുകാരുണ്ട്. അവർക്ക് ഒന്നിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും ഏകദേശം എല്ലാം അറിയും എന്ന നിലയിയാണ് അവരുടെ തലയാട്ടലും കൈവീശലും സംസാരരീതിയും.
”ഇപ്പടിയെല്ലാം നാൻ നെനക്കവേയില്ലെെ തമ്പി, നമ്മ ആളുങ്കങ്ങള്ക്ക് ഇന്ത വേലയെല്ലാം വഴങ്കുവതെപ്പടി? ”
ഗോവിന്ദച്ചാമി അത്ഭുതപ്പെട്ടു.
“അതെല്ലാം കൊഞ്ചം കൊഞ്ചം പഴകിനാ എല്ലോരുക്കും തെരിയും”
കുപ്പുച്ചാമി പറഞ്ഞു
ഗ്രാമത്തിലെ ചാമിമാരെല്ലാം കല്ലുകൾ ആയിക്കൊണ്ടിരിക്കുകയാണ്. വിശേഷതരം കല്ലുകൾ ആണല്ലോ പിന്നീട് സ്വാമിമാരായി പ്രതിഷ്ഠിക്കപ്പെട്ടത്. ഇവിടെ മനുഷ്യമനസ്സ് അത്ഭുതമാവുകയും അത്ഭുതം കല്ലുകളായി പരിണമിക്കുകയും ആണ്.
വീടുകളിലേക്ക് മടങ്ങുന്ന ഓരോ ചാമിക്കും വീട്ടുകാരിയോട് പറയാൻ ഒരു വിഷയം ഉണ്ടായി. ഒരു സായിപ്പിൻ്റെ നിറം, മറ്റൊരു സായിപ്പിൻ്റെ ഉയരം, മൂന്നാമതൊരു സായിപ്പിൻ്റെ ദേഷ്യം ….. ദേഷ്യംവരുമ്പോൾ ചുവക്കുകയും മുഖം ചുവക്കുമ്പോൾ പ്രതാപികൾ ആവുകയും ചെയ്യുന്നു സായിപ്പന്മാർ അവരുടെയൊക്കെ അത്ഭുതമായി. അവരുടെ ചീത്തപറയൽ കേൾക്കുന്നത് തന്നെ അവർക്ക് ഹരമായിത്തുടങ്ങി. അവരുടെ മുമ്പിൽ നിൽക്കാൻ കഴിയുക എന്നതുതന്നെ വലിയഭാഗ്യമായി ചിലർ കരുതി . അവർക്ക് ദാഹിക്കുമ്പോൾ കരിക്ക് ചെത്തിക്കൊടുക്കുന്നതും അവർ കുടിച്ചു കഴിഞ്ഞതിന്റെ ബാക്കി വലിച്ചു കുടിക്കുന്നതും അവരുടെ ശീലമായി. കുടിച്ചശേഷം മുഖം തുടച്ച് അവർ വലിച്ചെറിയുന്ന കടലാസ് പോലും അവർ തപ്പിയെടുത്ത് മടക്കി സൂക്ഷിച്ചു.
ഒരു സന്ധ്യയ്ക്ക് കുപ്പച്ചാമിയുടെ കൂരയുടെ മുമ്പിൽ ഗോവിന്ദച്ചാമി വന്നു
“ഡേയ് കൊഞ്ചം വെളിയേ വാടാ. ഇന്നേക്ക് നീ ഇളനീർവെട്ടി കുടിക്കക്കൊടുത്ത ജോൺസൺ ദുരൈക്ക് കൂടെപ്പടുക്കറുത്ക്ക് ഒരു ശെവന്തപൊണ്ണു വേണം ന്ന് ശൊല്ലറാങ്കെ . ഒരുത്തിയെ കണ്ടുപിടിച്ചുകൊടുത്താ അന്ത സെവന്ത സാരായം ഒരു പെരിയകുപ്പി മൊത്തം നമ്പളുക്ക് കെടയ്ക്കും ”
“അപ്പടിയാ? നമ്മ മീനാച്ചി പോതുമാ?”
“അവളുക്ക് വയസ്സാച്ചേ വേറെ യാരാവത് ?”
” കാമാച്ചി? ”
” അവ പറവായില്ലൈ. കേട്ട് പാക്കലാം . ഒരു പടി അരിശി കൊടുത്താ പോതും. വിസാരിക്കലാം ”
രണ്ടു ചാമിമാരും ഒരു മാൻവേട്ടക്കിറങ്ങിയ പോലെ വളരെ കരുതലോടെ ഗ്രാമത്തിലെ ഇടവഴികൾ പിന്നിട്ട് കാമാച്ചിയുടെ കൂരയിലെത്തി. വിവരം ധരിപ്പിച്ചു. ഒരു പടിയരി എന്ന് കേട്ടപ്പോൾ അവൾ ഉത്സാഹിയായി. ഒരു പിടിയല്ല. ഒരുപടി ഏകദേശം ഒന്നര കിലോ വരും. ഏതെങ്കിലും ഒരാളുടെ കൂടെയല്ല, ഒരു ദുരയുടെ കൂടിയാണല്ലോ അന്തിയുറങ്ങേണ്ടത് ! അതിൻ്റെ രസവും ഒന്നറിയാം. അവൾ തയ്യാറായി.
അങ്ങനെ സാന്തന്നൂരിൽ ധാരാളം ചാമിമാർ ഉണ്ടായി. അതുപോലെ ഓരോ മൂലയിലും ഓരോ കാമാച്ചിയും.
പാറകൾ കല്ലുകൾ ആവുകയും കല്ലുകൾ കമാനങ്ങൾ ആവുകയും ചെയ്യുന്നതിനിടയിൽ ചാമിമാർ മുത്തുച്ചാമിമാരും രാമച്ചാമിമാരും ആയി . അതുപോലെ കാമാച്ചിമാരും തേവാച്ചിമാരും വീടുകൾ പണിയുകയും വയലുകൾ വാങ്ങുകയും ചെയ്തു. അങ്ങനെ സാന്തന്നൂരിൽ പുതിയ സർവ്വേക്കല്ലുകൾ പുതിയ അതിർത്തികൾ രേഖപ്പെടുത്തിക്കൊണ്ട് തിളങ്ങി.
അതിന്നിടയിലൂടെ കുതിരവണ്ടികൾ ശബ്ദമുണ്ടാക്കിക്കൊണ്ടു പാഞ്ഞു.




Interesting well