Wednesday, May 13, 2026
Homeഅമേരിക്കതിളക്കം കുറയാത്ത താരങ്ങൾ. (30) 'ശ്രീനിയുടെ കാലം'. ✍ തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

തിളക്കം കുറയാത്ത താരങ്ങൾ. (30) ‘ശ്രീനിയുടെ കാലം’. ✍ തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

ശ്രീനിവാസൻ മലയാള സിനിമയ്ക്ക് , മലയാളിക്ക് ആരായിരുന്നു. ആ ചോദ്യത്തിന് ഒരു പാട് ഉത്തരങ്ങൾ ഉണ്ടാകാം. ഉണ്ടാകാം എന്നല്ല ഉണ്ടാകും.എല്ലാ ഉത്തരങ്ങളും ക്രോഡീകരിച്ച് പറഞ്ഞാൽ ശ്രീനിവാസൻ മലയാള സിനിമയിലെ ഒരു കാലമായിരുന്നു എന്ന് പറയാം. സ്ത്രീയെന്നോ പുരുഷനെന്നോ, കുട്ടികളെന്നോ ചെറുപ്പക്കാരെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാതരം പ്രേക്ഷകർക്കും ഒരേ പോലെ പ്രിയപ്പെട്ടവനായി ഒരാൾ മാറിയ വിസ്മയ കാലം. കാമ്പുള്ള കഥകളുടെ കാലം .നമുക്ക് ഏറെ പരിചിതമായ ചുറ്റുപാടുകളിൽ നിന്ന് രൂപപ്പെടുത്തിയ കഥാപാത്രങ്ങൾ തിരശ്ശീലയിൽ നിറഞ്ഞാടിയ കാലം. ആ കഥാപാത്രങ്ങളിലൂടെ ആ കഥാപാത്രങ്ങൾ പറഞ്ഞ സംഭാഷണങ്ങളിലൂടെ സാധാരണക്കാർ അവരവരെ തന്നെ അഭ്രപാളികളിൽ കണ്ട കാലം .നിത്യജീവിതം തൊട്ടറിഞ്ഞ കരുത്തുള്ള വാചകങ്ങളുടെ കാലം, നിറം മങ്ങിയ ജീവിതം നയിക്കുന്നവരുടെ നൊമ്പരങ്ങൾ നിറം ചാർത്തി അവതരിപ്പിച്ച, ആ ജീവിതങ്ങൾ കാലാകാലത്തേക്ക് ജനമനസ്സുകളിൽ പതിപ്പിച്ച അസാമാന്യവും അസാധാരണവുമായ എഴുത്തു ചന്തത്തിൻ്റെ കാലം, മുറിച്ചു മാറ്റാനാകാത്ത വിധം ജനഹൃദയങ്ങളിൽ വേരൂന്നിയ അത്ഭുതകരമായ സർഗ്ഗാത്മകതയുടെ
കാലം. ശ്രീനിവാസൻ കഥകൾ പറഞ്ഞത് ഹാസ്യം ചാലിച്ചായിരുന്നു. ചാലിച്ചു എന്നതിനേക്കാൾ ശുദ്ധ ഹാസ്യം നിറച്ചു തന്നെയായിരുന്നു.എന്നാലോ ഹാസ്യത്തിൻ്റെ പേരിൽ അറപ്പുളവാക്കുന്ന വാക്കുകളോ ദ്വയാർത്ഥ പ്രയാഗങ്ങളാ ആ സിനിമകളിൽ ഉണ്ടായില്ല . കുടുംബാംഗങ്ങൾക്ക് ഒന്നിച്ചിരുന്ന് കേൾക്കാനോ കാണാനോ കഴിയാത്ത വിധം മനം മടുപ്പിക്കുന്ന ഒന്നും തന്നെ ഒരിക്കൽ പോലും ആ സിനിമകളിൽ വന്നില്ല.തിയേറ്ററിലേക്ക് പ്രിയപ്പെട്ടവർക്കൊപ്പം ധൈര്യമായി കയറി ചെല്ലാൻ ശ്രീനിവാസൻ എന്ന പേര് എന്നും ഏവർക്കും എല്ലാ കാലത്തും ഒരു ഉറപ്പു തന്നെയായിരുന്നു.അതൊരു രീതിയാണ് . ആ രീതിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ എഴുത്തുകാരൻ്റെ വിജയം കൂടിയായിരുന്നു ശ്രീനിവാസൻ സിനിമകൾ. നാട്ടിൻപുറത്ത് നമുക്കൊപ്പം ജീവിക്കുന്ന പ്രിയപ്പെട്ട ഒരാൾ. ശ്രീനിവാസനെന്നും ആ മുഖം തന്നെയായിരുന്നല്ലോ. ആ നടന വൈഭവത്തെ കുറിച്ചോ സംവിധാനമികവിനെ കുറിച്ചോ എഴുതി അറിയിക്കേണ്ടതില്ല. ആ സ്ഥാനങ്ങളെല്ലാം ജനമനസ്സുകളിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നതാണല്ലോ.

എന്തുകൊണ്ട് നാം ശ്രീനിവാസനെ ഇത്രമേൽ സ്നേഹിച്ചു. നേരത്തെ സൂചിപ്പിച്ചതു പോലെ ആ ചോദ്യത്തിനും ഉത്തരങ്ങൾ പലതാകാം . മികച്ച ഒരുത്തരം ഇതാണ് ആ മനുഷ്യന് ഒട്ടും നാട്യങ്ങളുണ്ടായിരുന്നില്ല മാത്രമല്ല നാട്യക്കാരെ നമുക്ക് മുന്നിൽ നന്നായി തുറന്നു കാട്ടുകയും ചെയ്തു. പരിഹസിക്കപ്പെടേണ്ടത് പരിഹസിക്കപ്പെട്ടു. വിമർശിക്കപ്പെടേണ്ടത് വിമർശിക്കപ്പെട്ടു.അതും ആർക്കും വേദനകളില്ലാതെ ആസ്വദിക്കാൻ കഴിയും വിധം ഭംഗിയോടെ .അതുവരെ നാം ദർശിക്കാത്ത ചിന്തിക്കാത്ത പ്രതീക്ഷിക്കാത്ത മികവോടെ പൂർണതയോടെ .
നമ്മുടെ ഭാഷയിൽ എറെ പേരും പെരുമയും നേടിയ നിരവധി ജനപ്രിയ സംവിധായകർക്ക് ആ വലിയ കുതിപ്പുകൾക്ക് പിൻ ബലമായി നിന്നത് ശ്രീനിവാസൻ രചിച്ച കഥകളും തിരക്കഥകളുമായിരുന്നുവെന്ന് അവർ തന്നെ സമ്മതിച്ച സത്യം .

1950 മെയ് രണ്ടിന് കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടത്ത് പാട്യത്ത് ഉണ്ണി മാസ്റ്റർ ലക്ഷ്മി ദമ്പതികളുടെ നാലുമക്കളിൽ ഒരാളായാണ് ശ്രീനിവാസന്റെ ജനനം. വനജ സഹോദരിയും രാജേന്ദ്രൻ രാജഗോപാൽ എന്നിവർ സഹോദരന്മാരും .ഭാര്യ വിമല. അഭിനയവും സംവിധാനവും ഗാനവും എല്ലാം വഴങ്ങുന്ന വിനീത് ശ്രീനിവാസനും, യുവ നായകൻമാരിൽ ശ്രദ്ധേയനായ ധ്യാൻ ശ്രീനിവാസനും മക്കൾ.

കതിരൂർ സ്കൂളിലായിരുന്നു ശ്രീനിവാസൻ്റെ പ്രാഥമിക വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുക്കുന്നത് മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ നിന്ന് .അഭിനയം ശാസ്ത്രീയമായി പഠിച്ച് സിനിമയിലെത്തിയ വ്യക്തി എന്ന
പ്രത്യേകത കൂടി ശ്രീനിവാസനുണ്ട്.1977 ൽ മദ്രാസ് ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നാണ് ശ്രീനിവാസൻ അഭിനയത്തിൽ ഡിപ്ലോമ നേടുന്നത്. രജനീകാന്ത് ശ്രീനിവാസൻ്റെ സഹപാഠിയായിരുന്നു എന്ന് ശ്രീനിവാസൻ്റെ ആ കാലത്തെ കുറിച്ചുള്ള നിരവധി എഴുത്തുകളിൽ നിന്നറിയാം. നല്ല വാക്കുകളിലൂടെ ശിവാജി റാവു ഗെയ്ക്ക് വാദ് എന്ന അന്നത്തെ രജനീകാന്തിനെ ശ്രീനിവാസൻ എത്രയോ ഇടങ്ങളിൽ വന്ന വഴി മറക്കാത്ത നന്മയായി ലാളിത്യമായി അവതരിപ്പിച്ചിട്ടുണ്ട്. 1977 ൽ തന്നെ പി.എ ബക്കറിൻ്റെ മണിമുഴക്കത്തിലൂടെയാണ് ആ സിനിമാജീവിതത്തിന് തുടക്കമാകുന്നത്. ഈ നാട് , മേള, അഹിംസ, മുത്താരം ക്കുന്ന് പോസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം ആ മുഖം പതിയേ തിരിച്ചറിയപ്പെടാൻ തുടങ്ങി. ,

പിന്നീട് വളരെ പെട്ടന്ന് തന്നെ ശ്രീനിവാസൻ പ്രശസ്തിയുടെ പടവുകൾ കയറുന്നതാണ് നാം കണ്ടത്.എത്രയെത്ര മേഖലകളിലാണ് ഈ പ്രതിഭയുടെ തിളക്കം നാടറിഞ്ഞത്. നാടാകെയറിഞ്ഞ് അംഗീകരിക്കപ്പെട്ടത്. നടൻ എന്നതിനു പുറമേ മികച്ച കഥ, മികച്ച തിരക്കഥ, മികച്ച ചിത്രം മികച്ച ജനപ്രിയ ചിത്രം തുടങ്ങി വ്യത്യസ്ത ചിത്രങ്ങളിലൂടെ വ്യത്യസ്ത വർഷങ്ങളിൽ സർക്കാർ പുരസ്കാരങ്ങളാൽ തന്നെ ആ കഴിവുകൾ രേഖപ്പെടുത്തപ്പെട്ടു. അദ്ദേഹം സംവിധാനം ചെയ്ത രണ്ട് സിനിമകളും പുരസ്കാരത്തിനർഹമായി.1989 ൽ പുറത്തു വന്ന വടക്കു നോക്കി യന്ത്രം ആവർഷത്തെ മികച്ച ചിത്രമായപ്പോൾ 1998ൽ പുറത്തു വന്ന ചിന്താവിഷ്ടയായ ശ്യാമള ആ വർഷത്തെ ജനപ്രിയ ചിത്രമായി. ഈ ചിത്രം ദേശീയ പുരസ്കാരവും നേടി. അഭിനയിച്ചതും, കഥയെഴുതിയതും, തിരക്കഥയെഴുതിയതും സംവിധാനം ചെയ്തതും എല്ലാം പ്രേക്ഷകർ ശ്രീനിവാസൻ്റെ സിനിമകളായി തന്നെ ഹൃദയത്തിലേറ്റി.ആ
നർമ്മ രസം തുളുമ്പുന്ന എന്നാൽ മൂർച്ചയുള്ള സംഭാഷണങ്ങൾ നാടു മുഴുവൻ ഏറ്റുപറഞ്ഞ് ആഘോഷങ്ങളാക്കി. ഒരു തലമുറ നന്നായി ആസ്വദിച്ചു വരും തലമുറയിലേക്ക് അഭിമാനത്തോടെ പകർന്നു. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലൂടെയാണ് നർമ്മം നിറഞ്ഞ ആ എഴുത്തു ശൈലിയെ പ്രേക്ഷകർ അടുത്തറിയുന്നത്. പിന്നെ ആ രീതി തരംഗമായി .ശേഷം അത് മരണം വരെ അഭംഗുരം തുടർന്നു .2025 ഡിസംബർ 20ന് അരങ്ങൊഴിയുന്നത് വരെ ആ അജയ്യതക്ക് മാറ്റമുണ്ടായില്ല. അല്പം പോലും മങ്ങലുണ്ടായില്ല .

നാടോടിക്കാറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, വരവേൽപ്പ്, സന്ദേശം, മിഥുനം, തലയണമന്ത്രം, വെള്ളാനകളുടെ നാട് അഴകിയ രാവണൻ, മഴയെത്തും മുമ്പേ, ഒരു മറവത്തൂർ കനവ്, ഉദയനാണ് താരം, കഥ പറയുമ്പോൾ,ഞാൻ പ്രകാശൻ മലയാളിയുടെ മനസ്സിൽ എല്ലാ കാലത്തേക്കും വസന്തം തീർത്ത എത്രയെത്ര ചിത്രങ്ങൾ .അല്ലെങ്കിൽ തിരിച്ചു പറയാം ശ്രീനിവാസൻ്റെ ഏത് ചിത്രമാണ് ശ്രദ്ധിക്കപ്പെടാതെ ചർച്ചയാകാതെ പോയത് .അത്രമേൽ അദ്ദേഹം നമുക്ക് പ്രിയങ്കരനായിരുന്നു. ഓർത്തോർത്ത്ചിരിക്കാൻ നുറു നുറു രംഗങ്ങൾ. ആ ചിരിയിൽ ചേർത്തുവെച്ച ജീവിതനൊമ്പരങ്ങളും കണ്ണീരും പലപ്പോഴും നാം തിരിച്ചറിഞ്ഞിരുന്നത് തിയേറ്ററിൽ സ്വയം മറന്ന് ചിരിച്ച ശേഷമായിരുന്നല്ലോ

. “പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം, പ്രണയവല്ലി പുഞ്ചിരിച്ച ദിവ്യയാമം”

എത്ര കാലം കഴിഞ്ഞാലും സന്മനസ്സുള്ളവർക്ക് സമാധാനത്തിലെ ഈ ഗാനം മറക്കാനാകുമോ? ആ ഗാന രംഗത്ത് സബ്ബ് ഇൻസ്പെക്ടർ രാജേന്ദ്രൻ നടത്തുന്ന ആ ഗംഭീര പ്രണയ പ്രകടനത്തെ കാക്കിക്കുള്ളിലെ ആ കവിഹൃദയത്തെ ഓർക്കാതിരിക്കാനാകുമോ?”

ഒരു സാധാരണ മനുഷ്യനായി ജീവിച്ച സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിച്ച ആ ഭാഷയിൽ കഥയെഴുതിയ അസാധാരണമായ ബുദ്ധിവൈഭവമുള്ള ഒരാൾ .അതെ ശ്രീനിവാസൻ എന്ന ജീനിയസ് മലയാള സിനിമക്ക് നൽകിയത് പകരം വെക്കാനില്ലാത്ത വെക്കാനാകാത്ത ആസ്വാദനത്തിൻ്റെ പൂക്കാലമായിരുന്നു. .ആ നല്ല കാലം നാം നന്നായി അനുഭവിച്ചു .ശ്രീനിവാസൻ്റെ വിജയൻ മോഹൻലാലിൻ്റെ ദാസനോട് പറയുന്ന പ്രസിദ്ധമായ ആ ഡയലോഗുണ്ടല്ലോ “ഓരോന്നിനും അതിൻ്റേതായ സമയമുണ്ട് ദാസാ.” അതെ ആ സമയത്തിലൂടെയാണ് മലയാള സിനിമ കടന്നു പോയത്.

ഒന്നു മാത്രം എഴുതി നിർത്തുന്നു. ശ്രീനിവാസന് നമ്മുടെയൊന്നും മനസ്സിൽ മരണമുണ്ടാകില്ല.
”ഇനി വരുമോ ഒരാൾ ഇതുവഴി ഇത്രമേൽ ശക്തിയോടെ ? അങ്ങനെ ഒരാൾ വരാൻ
നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. നമ്മെഏറെ ചിരിപ്പിച്ച അതിലേറെ നമ്മെ ചിന്തിപ്പിച്ച മാനസിക പിരിമുറുക്കങ്ങളെ ലാഘവത്തോടെ കാണാൻ ശീലിപ്പിച്ച ഒരു സാധാരണ മനുഷ്യൻ്റെ രൂപവും ഭാവവുമായി അസാധാരണമായ തലത്തിലേക്ക് നമ്മെ കൊണ്ടു പോയ അതുല്യപ്രതിഭയുടെ മരണമില്ലാത്ത ഓർമകൾക്ക് മുന്നിൽ പ്രണാമം .

സുരേഷ് തെക്കീട്ടിൽ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com