Sunday, June 21, 2026
Homeഅമേരിക്കപി.എൻ. വിജയൻ എഴുതുന്ന ചരിത്ര നോവൽ.. ' സാന്തന്നൂരിലെ സർവ്വേക്കല്ലുകൾ' (9)

പി.എൻ. വിജയൻ എഴുതുന്ന ചരിത്ര നോവൽ.. ‘ സാന്തന്നൂരിലെ സർവ്വേക്കല്ലുകൾ’ (9)

ഊട്ടിയിലെ ടീ എസ്റ്റേറ്റുകളും സ്കൂളുകളും

സാന്തന്നൂരിൽ ക്ലൈവ് സായിപ്പ് വന്നകാലംമുതലേ , ഊട്ടി എന്ന സ്വപ്നം വെള്ളക്കാരുടെ മനസ്സിൽ കാർപ്പറ്റ് വിരിച്ചിരുന്നു. അകലെനിന്ന് കണ്ട നീലക്കുന്നുകളും പറഞ്ഞുകേട്ട നീലക്കുറിഞ്ഞികളും അവരുടെ മനസ്സിൽ കമാനങ്ങൾ പണിഞ്ഞ് അലങ്കാരദീപങ്ങൾ തൂക്കാൻ തുടങ്ങി. സാന്തന്നൂരിൽനിന്നുള്ള റോഡുകൾ കോയമ്പത്തൂരിലേക്കും മേട്ടുപ്പാളയത്തേക്കും നീണ്ടു . അവിടെ നിന്ന് കുന്നൂരിലേയ്ക്കും ഊട്ടിയിലേക്കും അരുവങ്കാട്ടേക്കും നിലവിലുള്ള കാട്ടുപാതകളിൽ കുതിരക്കുളമ്പടികൾ പതിഞ്ഞു.

ബ്രിട്ടീഷുകാരെ ആകർഷിച്ച നീലക്കുന്നുകൾ ബ്ലൂ മൗണ്ടൻസ് എന്ന ഓമനപ്പേര് നേടി . അത് പിറകെ നീലഗിരികൾ എന്ന ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു. നീലഗിരിയിലെ മണ്ണും കാലാവസ്ഥയും തേയിലക്കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടുപിടിച്ചതും അവിടെ തേയിലത്തോട്ടങ്ങൾക്ക് സർവ്വേക്കല്ലിടാൻ ഉത്തരവിട്ടതും ജെ ഡി വെസ്റ്റ് എന്ന ബ്രിട്ടീഷ് പ്ലാൻ്ററാണ്.

വെള്ളക്കാർ നീലഗിരിയിൽ എത്തിയതോടെ അവിടുത്തെ ആദിവാസികളായ തോഡർ വംശജർ അവരെ ആരാധനയോടെ സ്വീകരിച്ചു. കാട് വെട്ടിത്തെളിയിക്കാനും കുന്നൻചരിവുകൾ ആവാസയോഗ്യമാക്കാനും അവർ മത്സരിച്ചു പണിയെടുത്തു.

വെള്ളക്കാർ താമസമാക്കിയപ്പോൾ അവരുടെ കുടുംബങ്ങൾ പുതിയ ബന്ധങ്ങൾ സ്ഥാപിച്ചു. അവരുടെ കുട്ടികൾക്ക് സ്കൂളുകളും കളിസ്ഥലങ്ങളും ആവശ്യമായപ്പോൾ നീലഗിരി വളരാൻ തുടങ്ങി.

ഊട്ടിയിലെ മനോഹരമായ ഒരു താഴ്വരയ്ക്ക് അവർ ലൗഡെയ്ൽ എന്ന് നേരത്തേ പേരിട്ടിരുന്നു. അവിടെ ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണ്. ലൗഡെയിൽ പബ്ലിക്ക് സ്കൂൾ . അതാണ് സെൻറ് ലോറൻസ് സ്കൂൾ ആയി മാറിയത്. പിറകെ സെൻറ് ജോസഫ് സ്കൂൾ ആരംഭിച്ചു. ഇംഗ്ലണ്ടിലെ പ്രിയപ്പെട്ട സ്ഥലപ്പേരുകളെല്ലാം ഇംഗ്ലീഷുകാർ പിടിച്ചടക്കിയ സ്ഥലങ്ങളിലേയ്ക്ക് പറിച്ചുനടുക എന്നത് അവരുടെ സ്വഭാവമാണ്. അങ്ങനെയാണ് നീലഗിരിയിലെ കുന്നിൻചെരുവുകളും താഴ്വരകളും കടവീഥികളും അങ്ങാടികളും കാലാന്തരേണ ഇംഗ്ലീഷ് പേരുകളിൽ ചായമണിയിക്കപ്പെട്ടത്. ഷേറോൺ ക്രോസ് , ഫേൺഹിൽസ്, ഡോൾഫിൻ നോസ് , ലേംബ്സ് റോക്ക്, ക്ലബ്ബ് ഹിൽ, എൽക്ക് ഹിൽ , ഫ്രോഗ്ഹിൽ ……

സ്ഥലങ്ങളെല്ലാം നേരത്തേ ഉള്ളതാണെങ്കിലും തങ്ങൾ കണ്ടെത്തിയതായി അവകാശപ്പെടാൻ വെള്ളക്കാരായ ഗവർണർമാരുടെയും കലക്ടർമാരുടെയും പേരിലും അവരുടെ ഭാര്യമാരുടെ പേരിലും അവ നാമകരണം ചെയ്യപ്പെട്ടു. ലഷിങ്ടൺ ഹാൾ, ലോബ്സ് റോക്ക് , ലേഡി കേനിംങ് സീറ്റ്, ആരൻമോർ പേലസ് എല്ലാം അങ്ങനെയാണ് ഉണ്ടായത്.

പിന്നീട് മൗണ്ടൻ റെയിൽവേ വന്നപ്പോൾ ലവ്ഡെയ്ൽ, കെറ്റി , ഹിൽഗ്രോവ് വെല്ലിംങ്ടൺ എന്ന സ്ഥലങ്ങൾ റെയിൽവേസ്റ്റേഷനുകളായി.

ഊട്ടിയിൽ സ്കൂളുകൾ തുടങ്ങിയതിന്നുശേഷം പത്തമ്പതുവർഷം കഴിഞ്ഞാണ് സാന്തന്നൂർ റെയിൽവേസ്കൂൾ ആരംഭിച്ചത് . അവിടത്തെ അധ്യാപികമാരെ ഊട്ടിയിലേക്ക് അയച്ച് പരിശീലനം നേടാൻ മദ്രാസ് റെയിൽവേ കമ്പനി അവസരം ഒരുക്കി. ഊട്ടിയിൽനിന്ന് പരിശീലനം നേടി തിരിച്ചുവന്ന അധ്യാപികമാരാണ് മിസീസ്. ബീൽ മിസീസ്. മേരി തുടങ്ങിയവർ . പിന്നീട് സാന്തന്നൂരിലെ വിദ്യാർത്ഥികളെ അവരാണ് നയിച്ചത്.

മദ്രാസ്റെയിൽവേയുടെ കാലത്തുതന്നെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള റെയിൽവേകോളനികളിൽ സ്റ്റാഫിൻ്റെ കുട്ടികൾക്കുവേണ്ടി സ്കൂളുകൾ തുടങ്ങിയിരുന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെല്ലാം ഈസ്റ്റിന്ത്യാ കമ്പനിയുടെ വിദ്യാഭ്യാസനയങ്ങൾ അനുസരിച്ച് മെക്കോളേ പ്രഭുവിൻ്റെ പാഠ്യക്രമങ്ങൾ ആയിരുന്നു. തുടക്കത്തിൽ മിഡിൽ സ്കൂൾ ആയി പ്രവർത്തിച്ചിരുന്നവ കാലക്രമത്തിൽ ഹൈസ്കൂൾ ആവുകയും അവിടങ്ങളിൽ എല്ലാം ഒന്നുമുതൽ പതിനൊന്നുവരെയുള്ള ക്ലാസുകൾ നടക്കുകയും ചെയ്തു. ബ്രിട്ടീഷ് പദ്ധതി അനുസരിച്ച് നടന്നിരുന്ന ഈ വിദ്യാലയങ്ങളിലെ പരീക്ഷകൾ തുടക്കത്തിൽ ലിറ്റ്ൽ കേംബ്രിഡ്ജ് എക്സാമിനേഷൻ എന്ന പേരിലാണ് അറിയപ്പെട്ടത്. പിന്നീട് അത് ആംഗ്ലോ ഇൻഡ്യൻ സ്കൂൾ എക്സാമിനേഷൻ എന്ന പേരിലേക്ക് മാറി. മദ്രാസ്റെയിൽവേ സ്കൂളുകൾ അടക്കം മദ്രാസ് പ്രസിഡൻസിയിൽ ഏകദേശം അമ്പത് സ്കൂളുകൾ പ്രവർത്തിച്ചിരുന്നു. സ്കൂളുകളുടെ എല്ലാം മേൽനോട്ടത്തിനായി ഒരു ഏഗ്ലോ ഇൻഡ്യൻ സ്കൂൾ ഇൻസ്പെക്ടർ ഉണ്ടായിരുന്നു. സ്വാതന്ത്ര്യലബ്‌ധിക്കു ശേഷവും ഈ സ്കൂളുകളുടെ പാഠ്യപദ്ധതിയും പഠനക്രമവും തുടർന്നുപോന്നു. സമീപകാലത്താണ് എല്ലാം മാറാൻ ഇടയായത്. പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ തമിഴ് മീഡിയവും കന്നട മീഡിയവും മലയാളം മീഡിയവും തെലുങ്കു മീഡിയവും മദ്രാസ് റെയിൽവേയുടെ കീഴിൽ പ്രവർത്തിക്കാൻ തുടങ്ങി.

സാന്തന്നൂരിൽ മാത്രമാണ് മൂന്നുമീഡിയങ്ങളിലുള്ള സ്കൂളുകളും നിലവിൽ വന്നത്. ആദ്യം വന്നത് റെയിൽവേ മിക്സ്ഡ് മിഡൽ സ്കൂൾ ഇംഗ്ലീഷ് മീഡിയം . പിന്നെ സ്വാതന്ത്ര്യാനന്തരകാലത്ത് തമിഴ് വിദ്യാർത്ഥികൾക്ക് വേണ്ടി തമിഴ് മീഡിയം വന്നു . മലയാളികളായ റെയിൽവേ തൊഴിലാളികളുടെ ആവശ്യം ശക്തമായപ്പോൾ മലയാളം മീഡിയവും വന്നു. മൂന്നു വിദ്യാലയങ്ങളും റെയിൽവേ മാനേജ്മെന്റിന്റെ കീഴിലാണ്. അവിടെ ഇപ്പോഴും ബെൽ അടിക്കുന്നത് വരാന്തകളിൽ കെട്ടിത്തൂക്കിയ റെയിൽപ്പാളത്തിൻ്റെ കഷ്ണങ്ങളിലാണ്.

പി.എൻ. വിജയൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com