കാലടി സർവകലാശാലയിലെ സസ്പെൻഷനിലായ 16 വിദ്യാർഥികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സെമസ്റ്റർ പരീക്ഷ ഇന്നലെ ആരംഭിച്ച സാഹചര്യത്തിലാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് വിദ്യാർഥികൾ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.
വിദ്യാർഥികൾക്കായി അഭിഭാഷകരായ ദേവവ്രത്, കെ.ആർ. സുഭാഷ് ചന്ദ്രൻ എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്. വിദ്യാർഥികൾക്ക് ആവശ്യമായ യോഗ്യതകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ പിന്നീട് പരീക്ഷ നടത്താൻ സർവകലാശാലയ്ക്ക് നിർദേശം നൽകുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ഹർജി ഇന്നലെ പരിഗണിക്കാത്തത് സസ്പെൻഷനിലായ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയായി. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ചട്ടവിരുദ്ധമായി തീരുമാനമെടുക്കാൻ സർവകലാശാലയോട് നിർദേശിക്കാൻ കോടതികൾക്ക് ആകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ അടങ്ങിയ ബെഞ്ചിന്റെ നടപടി.
മുൻ താൽക്കാലിക വി.സി. സിസ തോമസിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ സസ്പെൻഷനിലായ 10 എസ്.എഫ്.ഐ പ്രവർത്തകർ ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ സെമസ്റ്റർ പരീക്ഷയാണ് ഇന്നലെ ആരംഭിച്ചത്. ഹൈക്കോടതി നടപടി മനുഷ്യത്വ രഹിതമാണെന്ന് വിദ്യാർഥികൾ പ്രതികരിച്ചിരുന്നു. ഹർജി നൽകിയ 16 പേരിൽ 10 പേരുടെ പരീക്ഷയാണ് ഇന്നലെ നടന്നത്.



