Wednesday, July 9, 2025
Homeകഥ/കവിതസാഗരതീരം സിന്ദൂരമണിഞ്ഞപ്പോൾ (കഥ) ✍ ദിനൻ രാഘവ്

സാഗരതീരം സിന്ദൂരമണിഞ്ഞപ്പോൾ (കഥ) ✍ ദിനൻ രാഘവ്

വൈകുന്നേരം … അന്നൊരു ഞായറാഴ്ചയായിരുന്നു. ആകാശം സിന്ദൂരസന്ധ്യയുടെ ചാരുതയിൽ മൂടപ്പെട്ടു. പടിഞ്ഞാറ് വീണുകിടക്കുന്ന സൂര്യൻ പലരൂപങ്ങളിലൂടെ കടലിലേക്ക് മുങ്ങാൻകുഴിയിട്ടു. ആ കാഴ്ചയുടെ മനോഹാരിത നുകർന്നുകൊണ്ട് ശിവാനി കടൽക്കരയിൽ ഏകയായി നിന്നു.അവൾക്കുമാത്രം കാരണമറിയാവുന്ന മൗനം ശിവാനിയെ വലംവെച്ചുകൊണ്ടിരുന്നു.
കടലോരത്ത് ഒറ്റയ്ക്കായിരുന്നു അവൾ. കടലിൻ്റെ തിരമാലകളുടെ നിശബ്ദ സംഗീതം ഹൃദയത്തിന്നുള്ളിൽ ഒരു അവ്യക്ത വേദന പകരുന്നത് പോലെ അവൾക്കുതോന്നി. ദൂരെ നിന്നുള്ള തിരമാലകൾ കരയിലേക്ക് അലകളായി വന്ന് തീരത്തെചുംബിച്ച് തിരിച്ചുപോകുന്ന കാഴ്ചയിലെ കൗതുകം അവളെ ഏറെ ത്രസിപ്പിക്കുകയും ചെയ്തു.
വസന്തകാലത്തിലെ പ്രണയസങ്കൽപ്പങ്ങൾ കുപ്പിവളകൾപോലെ പൊട്ടിച്ചിതറിയത് അവളോർത്തു.

നഗരത്തിലെ തിരക്കുള്ള ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോസർജനായ ഡോക്ടർ ശിവാനിക്ക് ഓർക്കാൻ ഓർമ്മകളേയുള്ളു. തിരക്കുപിടിച്ച ജീവിതയാത്രയിലെ സാന്ത്വനം എന്നുമീ കടലും കടൽക്കരയും, സിന്ദൂരസന്ധ്യയുമൊക്കെയായിരുന്നു. സ്വയം കാർ ഡ്രൈവ് ചെയ്ത് ഇവിടെ എത്തുമ്പോൾ അതുവരെയുണ്ടായ ജോലിതിരക്കുകളിലെ ക്ഷീണമൊക്കെ എങ്ങോ പോയിമറയും.

ഒരിക്കൽ കടൽപ്പാലത്തിലൂടെ നടക്കുമ്പോഴാണ് എതിരെ വന്ന സുമുഖനായ ചെറുപ്പക്കാരന്റെ ചോദ്യം വഴിതടസ്സപ്പെടുത്തിയത്.
” ഡോക്ടർ ശിവാനിയല്ലേ?”
” യെസ് ഐആം ”
” ഐആം രാകേഷ് മേനോൻ ”
” ആട്ടെ എന്താ കാര്യം ”
” ഡോക്ടർ ശിവാനിക്ക്‌ എന്നെ അറിയില്ലേ?
” എവിടെയോ കണ്ടുമറന്നതുപോലെ ”
” എന്റെ മകൾ ശ്രാവണിയുടെ ചികിത്സക്കുവേണ്ടി ഡോക്ടറുടെ അടുത്ത് വന്നിരുന്നു ”
ശിവാനിയുടെ മനോമുകുരത്തിലേക്ക് ഓട്ടിസം
ബാധിച്ച ആ കൊച്ചു സുന്ദരിയായ പത്തുവയസ്സുകാരിയുടെ മുഖം ഓർമ്മയിൽ തെളിഞ്ഞു. രോഗത്തിനതീതമായി അവളിലെ സംസാരശൈലി ആരേയും ആകർഷിക്കുന്നതായിരുന്നു. ആളെ കാണാതെ അവളുടെ സംസാരം കേട്ടാൽ അവളൊരു രോഗബാധിതയാണെന്ന് അറിയുക പ്രയാസം. ജന്മനാകിട്ടിയ വൈകല്യം. ശിവാനിയുടെ അടുത്തേക്ക് റെഫർ ചെയ്തെത്തിയ ഒരേഒരു കൂടിക്കാഴ്ച. എങ്കിലും ആ കുട്ടിയുടെ നൈർമല്യം ശിവാനിയിൽ ഏറെ നാളുകൾ തങ്ങിനിന്നു. അപ്പോഴും ശ്രദ്ധിക്കാതെ പോയത് രാകേഷ് മേനോന്റെ മുഖമായിരുന്നെന്ന് അവൾ കുറ്റബോധത്തോടെയോർത്തു.
” ഓ ഞാനോർക്കുന്നു, ശ്രാവണി മോളുടെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ഇപ്പോൾ മോളെങ്ങിനെയിരിക്കുന്നു ”

പെട്ടെന്ന് രാകേഷ് മേനോന്റെ മുഖം മ്ലാനമാവുന്നതവൾ ദർശിച്ചു.
ശിവാനിയിലത് കുറ്റബോധത്തിന് കാരണമായി.

” ഷീ ഈസ്‌ നോ മോർ ”

അതുപറയുമ്പോൾ രാകേഷിന്റെ മിഴികളിൽ രണ്ട് നീർമുത്തുകൾ തങ്ങിനിൽക്കുന്നത് ശിവാനി കണ്ടു.

വീണ്ടും ശിവാനിയുടെ ഹൃത്തടത്തിൽ ശ്രാവണിയുടെ കൂടിക്കാഴ്ചയിലുണ്ടായ ആ ചോദ്യം ഉയർത്തെഴുന്നേറ്റു.

” ഡോക്ടറാന്റി,ഇനി ഈ ശ്രാവണിയെ ഡോക്ടറാന്റി ചികിൽസിച്ചാൽ മതി, ഡോക്ടർആന്റി ഫോട്ടോയിലെ എന്റെ അമ്മയെ പോലിരിക്കുന്നു.അല്ലേ പപ്പാ? ”

ശ്രാവണി തന്റെ പിതാവിനെനോക്കി അത് പറയുമ്പോൾ അയാൾ ചെറുതായൊന്ന് പുഞ്ചിരിച്ചത് ശിവാനി ഓർത്തെടുത്തു.

” അതിനെന്താ മോളെ, മോളെപ്പോൾ ഇവിടെ വന്നാലും ആന്റി മോളെ ചികിൽസിച്ചോളാം. ”
അവളെ പരിശോധിച്ച് തന്റെ ഒപിന്യൻ എഴുതി താൻ മെഡിക്കൽ ഫയൽ തിരിച്ചുകൊടുക്കുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല ശ്രാവണി ഇത്രപ്പെട്ടെന്ന് മരണത്തിനുകീഴടങ്ങുമെന്ന്.

” ഐആം സോറി ”
” യെസ് ഓക്കേ ഡോക്ടർ ശിവാനി ”

ശിവാനി അയാളോടൊപ്പം തിരിച്ചുനടന്നു.

” രാകേഷ് എന്ത് ചെയ്യുന്നു. ”

” ഞാനിപ്പോൾ തൃശൂർ ജില്ലയുടെ കലക്ടർ ആണ്.നമ്മൾ അന്ന് കാണുമ്പോൾ ഈ കോഴിക്കോട് നഗരത്തിലെ ഡെപ്യൂട്ടി കളക്ടറായിരുന്നു. ഇവിടെയാണ്‌ വീട്. ”

” ഓ…ഐ സീ ”

അന്നത്തെ പരിചയപ്പെടലിന്റെ തുടർച്ച പല ഞായറാഴ്ചകളിലുമായുണ്ടായി.രാകേഷ് ശനിയാഴ്ചകളിൽ ജോലിതിരക്കില്ലാത്ത ദിവസങ്ങളിൽ രാത്രിയോടെ കോഴിക്കോടെത്തുമ്പോൾ ഞായറാഴ്ച ഈ കടൽത്തീരത്തെത്തും. ശ്രാവണി മോൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം. അതിലുപരി രാകേഷിന്റെ ഭാര്യ രേവതിക്ക് ഏറെ പ്രിയങ്കരമായ സ്ഥലം. രേവതിയെ വിവാഹം ചെയ്ത് രണ്ടുവർഷം കഴിഞ്ഞാണവൾ ഗർഭിണിയായത്.കൂനിന്മേൽ കുരുവെന്നപോലെയാണ് രേവതിക്ക്ഗർഭിണിയായ സമയം ബ്രെയിൻ ട്യൂമർ ഉണ്ടെന്ന സത്യം തിരിച്ചറിഞ്ഞത്. ആദ്യമാദ്യം ഗർഭിണിയായതുകൊണ്ടാകാമെന്ന് കരുതിയെങ്കിലും വിശദമായ പരിശോധനയിൽ രോഗം കണ്ടുപിടിച്ചപ്പോഴേക്കും മാസങ്ങൾ കഴിഞ്ഞിരുന്നു. പ്രസവത്തോടെ രേവതി കുഞ്ഞിനേയും,രാകേഷിനേയും തനിച്ചാക്കി മരണത്തെപുൽകി.

രാകേഷ് കലക്ടർ എന്നതിലുപരി ഒരു കവിയും, ഗാനരചയിതാവും കൂടിയായിരുന്നു. അയാളുടെ, സിനിമാ ഗാനങ്ങളും, കവിതകളും ശിവാനി ഏറെ ഇഷ്ടപ്പെടാൻത്തുടങ്ങി. കവിതകളോടൊപ്പം ആ ഹൃദയ വിശാലതയും, മാനുഷിക മൂല്യങ്ങളും ശിവാനിയുടെ മനസ്സിനെ ആയാളിലേക്ക് കൂടുതൽ അടുപ്പിച്ചു.പക്ഷേ രാകേഷിന് ശിവാനിയോട് അത്തരമൊരടുപ്പം ഇല്ലെന്ന തിരിച്ചറിവ് അവളിലെ സ്വപ്‌നങ്ങളെ തകർത്തുകളഞ്ഞു.

മകളുടെ ജനനത്തോടൊപ്പം മരണത്തിന് കീഴടങ്ങിയ രാകേഷിന്റെ ഭാര്യയുടെ വിയോഗവും, പത്താംവയസ്സിൽ മകളുടെ ആകസ്മിക മരണവും അയാളെ കൂടുതൽ തളർത്തിയതുകൊണ്ടാവാമെന്ന സത്യം ശിവാനി ഉൾകൊള്ളാൻ ശ്രമിച്ചു.

തന്റെ അരികത്തേക്കരിച്ചെത്തുന്ന പെർഫ്യൂം സുഗന്ധം ശിവാനി തിരിച്ചറിഞ്ഞു. അതേ രാകേഷിന് ഒരിക്കൽ താൻ സമ്മാനിച്ച പെർഫ്യൂമിന്റെ സുഗന്ധം. പിന്നീടത് തന്റേയും പ്രിയ സുഗന്ധമായി.അവൾ കടലിന്റെ കാഴ്ചകളിൽ നിന്നും കണ്ണുകളെ പിൻവലിച്ച് തിരിഞ്ഞുനോക്കി. ഏറെ പ്രസാദവദനായി രാകേഷ് അവളുടെ അടുത്തെത്തിയിരുന്നു.

ഇഷ്ടവും,ഇഷ്ടക്കേടും,പ്രണയവും, പ്രണയ നൈരാശ്യവും സിന്ദൂരസന്ധ്യയെപോലെ സ്ഥായിയല്ലെന്ന സത്യം ശിവാനി തിരിച്ചറിഞ്ഞത് അന്ന് രാകേഷിന്റെ വാക്കുകളിൽ നിന്നാണ്.

” ശിവാനി ഞാനിന്ന് ഒരുകാര്യം ചോദിക്കുന്നതിന് നീ വളരെ ആലോചിച്ചൊരു മറുപടി പറയണം. ചോദിച്ചോട്ടെ.?
ഒന്നു തിളങ്ങി അസ്തമിച്ചുപോകാൻ തുടങ്ങുന്ന സൂര്യന്റെ രശ്മികൾ സിന്ദൂരം വാരിവിതറിയ ആ അവസരത്തിൽ ശിവാനി ചങ്കിടിപ്പോടെ രാകേഷിന്റെ വാക്കുകൾക്ക് കാതോർത്തു.

” നിനക്ക് എന്റെ ജീവിതത്തിലേക്ക്…..
എന്റെ രേവതിയുടെ സ്ഥാനത്തേക്ക്… എന്റെ മകൾ ശ്രാവണിയുടെ അവസാന ആഗ്രഹത്തിന്റെ പൂർത്തീകരണത്തിനായി വന്നുകൂടെ.ഒറ്റ കാഴ്ച്ചയിൽ ശ്രാവണി അവളുടെ അമ്മയെ നിന്നിൽ കണ്ടു. അതിനുശേഷം പലവട്ടം അവൾ എന്നോട് ആവശ്യപ്പെട്ടത് ഈ ഒരു കാര്യമായിരുന്നു. ഇഷ്ടമല്ലെങ്കിൽ ഒട്ടിസം സ്‌പെക്ട്രം ഡിസോഡർ ബാധിച്ച ഒരു കുഞ്ഞിന്റെ ജല്പനമായി ശിവാനിക്കിതിനെ തള്ളിക്കളയാം. ”
ശിവാനിക്കത് കാതിൽ പെയ്‌ത അമൃതമഴയായിരുന്നു.അവളുടെ ഹൃദയം ആ മഴയിൽ കുളിച്ചു. മെല്ലെ രാകേഷിന്റെ കൈകവർന്നുകൊണ്ട് അയാളുടെ ചുമലിലേക്കവൾചാഞ്ഞു.സിന്ദൂരസന്ധ്യയോട് മൗനാനുവാദം വാങ്ങി അവർ കടൽക്കരയിലൂടെ ഏറെദൂരം നടന്നു.

ദിനൻ രാഘവ്✍

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ