കന്യാകുമാരി മുതൽ ഗോകർണ്ണം വരെയുള്ള പ്രദേശം കേരളമാണെന്ന് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഭാർഗ്ഗവക്ഷേത്രമെന്നു നാം പറയുന്നതും ഇതിനെ തന്നെയാണ്. കന്യാകുമാരിക്ക് തെക്ക് സമുദ്രം തന്നെയാണല്ലോ. എന്നാൽ കേരളത്തിൻ്റെ വടക്ക് ഗോകർണ്ണമാകാൻ കാരണമെന്തായിരിക്കും? ഇത്തരം അതിർത്തികൾക്ക് സ്വാഭാവികമായ ചില കാരണങ്ങൾ ഉണ്ടായിരിക്കുമല്ലാ. കേരളവും തമിഴ്നാടും തമ്മിൽ വേർതിരിഞ്ഞു നിൽക്കുന്നതിന് പ്രധാനകാരണം സഹ്യനാണെന്നു പറയണ്ടതില്ലല്ലോ.എന്നാൽ ഭൂപ്രകൃതി പരിശോധിച്ചാൽ കന്യാകുമാരി മുതൽ ഗോകർണ്ണം വരെയുള്ള (ഏകദേശം 700 നാഴികയോളം ദീർഘം വരുന്ന) പ്രദേശം എന്നപോലെത്തന്നെ അവിടന്നങ്ങോട്ട് ഏതാണ്ട് 700 നാഴികയോളം ദൂരത്ത് കിടക്കുന്ന തപതി എന്ന നദിവരേയും ഈ സഹ്യപർവ്വതം തുടർച്ചയായി എടമുറിയാതെ നീണ്ടു കിടക്കുന്നുണ്ടെന്നു മനസ്സിലാക്കാം. അതിനിടയ്ക്ക് പാലക്കാട്ടു ചുരം കഴിഞ്ഞാൽ പിന്നെ ആ പർവ്വതനിരയ്ക്ക് ഒരു മുറിവ് കിഴക്കുദിക്ക് നിന്ന് അറബിക്കടലിലേയ്ക്ക് തപതി ഒഴുകുന്ന സ്ഥലത്ത് മാത്രമാകുന്നു. സഹ്യനും അറബിക്കടലിനും ഇടയ്ക്ക് ഏകദേശം മുപ്പത് മുപ്പത്തഞ്ച് നാഴികയോളം കിഴക്കുപടിഞ്ഞാറ് വിസ്താരത്തിൽ ഗോകർണ്ണം വരെ നീണ്ടുനിൽക്കുന്ന കേരളം പോലെതന്നെ തുടർച്ചയായി തപതിവരെ ഈ കടലോര പ്രദേശവും നീണ്ടു കിടക്കുന്നുണ്ട്. ആര്യാവർത്തത്തേയും ദ്രാവിഡപ്രദേശമായ തെക്കേ ഇന്ത്യയേയും വേർതിരിക്കുന്നത് വിന്ധ്യൻ പർവ്വതനിരയാണെന്നും മനസ്സിലാക്കുക. കേരളത്തിലെ ഭൂപ്രകൃതിയെ പരിശോദിച്ചാൽ കിഴക്കൻ ജില്ലകളിൽ നിന്ന് ഇവിടെ വലിയ വിത്യാസങ്ങൾ കാണാവുന്നതാണ്. ശക്തിയായ ഭൂകമ്പം, അഗ്നിപർവ്വതംപൊട്ടൽ മുതലായ പ്രകൃതിക്ഷോഭം കാരണം സമുദ്രത്തിൽ നിന്നും പൊന്തിവന്ന കരയാവണം കേരളമെന്ന് .ചില പണ്ഡിതന്മാർ പറയുന്നു.ഇതിന് തെളിവുകളും അവർ പറയുന്നുണ്ട്. കിഴക്കൻ ജില്ലകളിൽ ഭൂമി മിക്കതും സമപ്രദേശമാണ്.അങ്ങിങ്ങായി ഓരോ കുന്നുകളേ ഉള്ളൂ.കേരളത്തിലാണെങ്കിൽ സമപ്രദേശങ്ങൾ പൊതുവേ കുറവാണ്. മിക്ക പ്രദേശങ്ങളും കുന്നുകളും മലകളും നിറഞ്ഞു നിൽക്കുന്നു. കേരളത്തിൽ തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിച്ചു നോക്കിയാൽ തുടർച്ചയായി രണ്ടുമൂന്നു നാഴിക ദൂരം പോലും ലെവൽ പ്രദേശമായി കാണുകയില്ല. അപ്പോഴേയ്ക്കും മണ്ണിട്ടുയർത്തിയ വയലും കുന്നു വെട്ടിത്താഴ്ത്തിയ ഇടുക്കും എടവഴിയും വളവും കാണാം.എന്നാൽ സഹ്യന്നപ്പുറത്തെ നില മറിച്ചാണ്.അത് ഏതാണ്ട് കടൽക്കരയിൽ നിന്ന് നോക്കുന്നതു പോലെയാണെന്ന് പറയാം. കിഴക്കൻ ജില്ലകളിലെ ഉപരിതലത്തിൽ നിന്നും കുറെ താഴെ കാണുന്ന തരത്തിലുള്ള മണ്ണുകളും പാറകളും മറ്റുമാണ് കേരളത്തിലെ ഉപരിതലത്തിൽ കാണുന്നതത്രേ. കിഴക്കൻ പ്രദേശങ്ങളിലെ ഭൂമി ഒരു ക്യുബിക്കടി താഴ്‌ത്തിയിട്ട് ആ മണ്ണ് വീണ്ടും അതിലിട്ടാൽ കൂടുതലാകും മത്രമല്ല കൊള്ളുകയുമില്ല. തച്ചുശാസ്‌ത്രത്തിൽ ഇത്തരം ഭൂമിയ്ക്ക്” *ബഹുപാംസു*” എന്നാണ് പറയുക. ദേവാലയ നിർമ്മാണത്തിൽ ഇത് ഒരു നല്ല ഭൂമിയുടെ ലക്ഷണമായി പറയുന്നുണ്ട്. കേരളത്തിൽ ഇത്തരം ഭൂമികൾ വളരെ കുറച്ചു മാത്രമേ കാണുകയുള്ളൂ.
കിഴക്കൻ ജില്ലകളിൽ കൊല്ലത്തിൽ 2 അല്ലെങ്കിൽ 3 മഴയേ ഉണ്ടാകൂ. അത് തുലാവർഷമാണ്. ആ വെള്ളം അത്ര വേഗത്തിലൊന്നും വറ്റിപോകുകയില്ല. ഏരി കെട്ടി നിർത്തിയാൽ ഏതാണ്ട് ഒരു കൊല്ലം വരെ അതായത് അടുത്ത തുലാംവർഷം വരെ അത് വറ്റിപോകാതെ നില്ക്കും. എന്നാൽ കേരളത്തിലാണെങ്കിൽ എടവപ്പാതി മുതൽ രണ്ട് മൂന്ന് മാസം മഴക്കാലം തന്നെയാണല്ലോ. പിന്നെ തുലാവർഷവും ഉണ്ടാകും. എന്നിട്ടും കൂടി മേട കാലമാകുമ്പോഴേക്കും കുളം കിണർ മുതലായ ജലാശയങ്ങളിലെ വെള്ളമെല്ലാം വറ്റി പല സ്ഥലത്തും വെള്ളക്ഷാമം ഉണ്ടാവുകയും ചെയ്യുന്നു.കേരളത്തിലെപ്പോലെ കിഴക്കൻ ജില്ലകളിൽ മഴ പെയ്താൽ അവിടങ്ങളിൽ പ്രളയമാകും. മാത്രവുമല്ല അവിടുത്തെ പോലെ ഇവിടെ മഴ കുറഞ്ഞാൽ കേരളം മുഴുവൻ മരുഭൂമിയായി മാറുകയും ചെയ്യും. ഇതിനുള്ള കാരണം ഇവിടുത്തെ മണ്ണിനുള്ള ബലക്കുറവാണ്. സഹ്യപർവ്വതമാണ് ഈ മഴയെ പരദേശത്തേയ്ക്ക് കടത്തിവിടാതെ നമുക്ക് തിരിച്ചു തരുന്നതെന്നും ഈ സന്ദർഭത്തിൽ പറയാൻ ആഗ്രഹിക്കുന്നു.
സാക്ഷാൽ ഹിമവൻ നിൽക്കുന്ന സ്ഥലം തന്നെ പണ്ട് – അനേക ലക്ഷം – അഥവാ കോടി സംവത്സരങ്ങൾക്ക് മുമ്പ് സമുദ്രമായിരുന്നുവെന്നും, മുൻ പറഞ്ഞ തരത്തിലുള്ള പ്രകൃതി പ്രക്ഷോഭം കാരണം ഉയർന്നു വന്നതാണെന്നും ശാസ്ത്രജ്ഞന്മാർ പറയുന്നുണ്ട്. ആ ഹിമവാനിൽ കാണുന്നതായ ഫോസിലുകളും മറ്റും അതിന് തെളിവാകുന്നു. ലിബിയ മരുഭൂമിയിൽ നിന്ന് തോടുള്ള മത്സ്യങ്ങളുടെ ഫോസിലവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ മധ്യധരണ്യാഴി 1000 വർഷങ്ങൾക്കു മുമ്പ്, കരയിൽ ഉള്ളോട്ട് തള്ളിക്കയറിയിരിക്കുന്നുവെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.റോക്കി മലകളിൽ കാണുന്ന കടൽകക്കകളും, കാൽസസ് സമതലങ്ങളിലെ സമുദ്രനിക്ഷേപങ്ങളും, ആസ്ത്രേലിയയിലേയും ബ്രസീലിലേയും ഹിമവാഹിനികളിലുള്ള ശിലാ നിക്ഷേപങ്ങളും ഇത് ശരി വെയ്ക്കുന്നു. ഹിമവാഹിനികളും അഗ്നിപർവ്വതങ്ങളിൽ നിന്നുള്ള ലാവാപ്രവാഹവും മഴയും മഞ്ഞും മൂലമുണ്ടായിട്ടുള്ള മണ്ണരിപ്പും എല്ലാം ചേർന്ന് ഭൂമുഖത്തെ ഒരു പരിണാമത്തിനു വിധേയമാക്കിയിട്ടുണ്ടെന്ന് ഇത് തെളിയിക്കുന്നു. അതുപോലെ തന്നെ ഭൂകമ്പം മുതലായ പ്രകൃതിക്ഷോഭം കാരണം പിന്നീട് ഉടലെടുത്തതാണ് കേരളം.കേരളത്തിൻ്റെ കിഴക്കേ അതിർത്തിയായ സഹ്യന്നു “കടലടിക്കോടൻമല” എന്നൊരുപേരുണ്ടായിരിരുന്നു. പണ്ടുകാലത്ത് കടലിൻ്റെ തിരകൾ അതിന്മേലാണ് അടിച്ചിരുന്നതെന്നും, കടലടിച്ചാലും കോട്ടംതട്ടാത്ത മലയായിരുന്നതിനാലാണ് അതിന് ആ പേരുണ്ടായതെന്നും പറയുന്നു. കടലിലെ തിരകൾ സഹ്യനിൽ അടിച്ചിരുന്നുവെന്ന വിശ്വാസം തൻ്റെ കാലത്തെ ജനങ്ങൾക്കുണ്ടായിരുന്നുവെന്ന് ബർത്തലോമിയോവും രേഖപ്പെടുത്തിയിട്ടുണ്ട്. കാളിദാസൻ്റെ കാലത്തും ഇങ്ങനെ ഒരു വിശ്വാസമുണ്ടായിരുന്നുവെന്നും രഘുവംശത്തിൻ പറഞ്ഞിട്ടുണ്ട്. അതിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നു.” പടിഞ്ഞാറെ കടൽത്തീരത്തുള്ള കേരളത്തെ ജയിക്കാൻ വേണ്ടി രഘുവിൻ്റെ വലിയ സൈന്യം സഹ്യൻ്റെ അപ്പുറത്തേയ്ക്കു കടന്നു എന്ന്. പണ്ട് പരശുരാമൻ മഴുവെറിഞ്ഞു സമുദ്രത്തെ അകറ്റിയ പ്രദേശമാണെങ്കിലും അതുകണ്ടപ്പോൾ വീണ്ടും സമുദ്രം സഹ്യനിൽ വന്ന് തിരയടിക്കുന്ന പ്രതീതിയുണ്ടാക്കി.
(തുടരും)




നല്ല അറിവ്
സന്തോഷം
നല്ല അറിവ് ഗുരുജി കേരള ചരിത്രം നന്നായി പറഞ്ഞു നന്ദിഗുരുജി നമസ്ക്കാരം.