തിരുവോണദിവസം കോളിങ്‌ബെൽ കേട്ട് അമല ഹാളിലേക്ക് വന്നതും മൂത്തമകൻ അക്കു ഡോർ തുറന്നു.
മുന്നിൽ കണ്ട കാഴ്ച അവനെ അത്ഭുതസ്തബ്ധനാക്കി. മാവേലിയെ മുന്നിൽ കണ്ട അമലയുടെ പറന്നുപോയ കിളി തിരിച്ചുവന്നത്
“ഹെന്റമ്മേ..” എന്ന അദ്ദേഹത്തിന്റെ നിലവിളി കേട്ടാണ്. മൂന്ന് വയസ്സുകാരൻ ലൂക്ക കയ്യിൽ കിട്ടിയതെന്തോ എടുത്ത് മാവേലിയുടെ നെറ്റിക്കിട്ട് ഒരു കീറ് കൊടുത്തതാണ്.
“ക്ഷമിക്കണം മാവേലീ, കുട്ടികൾ കുറച്ച് വികൃതികൾ ആണ് “.
“ഇതിലും ഭേദം വാമനന്റെ ചവിട്ടായിരുന്നു.” മനസ്സിൽ ഓർത്തുകൊണ്ട് കളിപ്പാട്ടങ്ങൾക്കിടയിലൂടെ മാവേലി അകത്തേക്ക് കടന്നു.
സോഫയിൽ കൂർത്ത പെൻസിലുകളും, കളിപ്പാട്ടങ്ങളും. ഇരുന്നാൽ പാതാളത്തിലേക്കു പോകേണ്ടിവരില്ല, മെഡിക്കൽ കോളേജിലേക്കാവും.
കിട്ടിയ സ്ഥലത്ത് മാവേലി ഒതുങ്ങി ഇരുന്നു.
” എന്തുപറ്റി മാവേലി ഞങ്ങളുടെ വീട്ടിലേക്ക്? ”
“നിങ്ങളുടെ വീടിനു മുന്നിലെ ദേശീയ പാതയിലെ കുഴിയിലൂടെയാണ്
മുകളിലേക്ക് വന്നത്. വേറെ എങ്ങോട്ടും പോകാൻ പറ്റിയില്ല.
റോഡ് മുഴുവൻ ബ്ലോക്ക്”.
“ഞാനൊരു സെൽഫി എടുത്തോട്ടെ “?.
” പിന്നെന്താ “.
അമല ചാഞ്ഞും ചരിഞ്ഞും മാവേലിക്കൊപ്പം സെൽഫി എടുത്തു. സ്റ്റാറ്റസ് ഇടാം എന്ന് വിചാരിച്ചിട്ട് വേണ്ട എന്ന് വെച്ചു. നാട്ടുകാരെല്ലാം ഇങ്ങോട്ട് ഓടി കൂടിയാൽ ആര് വെച്ചു വിളമ്പും?.”
“തിരുമേനീ.. ഞാൻ അടുക്കളയിൽ ഉണ്ട്. പിള്ളേരുടെ മേൽ ഒരു കണ്ണ് വേണം”.
മൂത്തവൻ, ഇങ്ങേരെന്താ ഫുട്ബോൾ വിഴുങ്ങിയോ എന്ന മട്ടിൽ മാവേലിയുടെ വയറിൽ കുത്തി നോക്കി. ലൂക്കയുടെ നോട്ടം തന്റെ കിരീടത്തിലാണെന്ന്
മനസ്സിലാക്കിയ മാവേലി,
“ഇവനെ സൂക്ഷിക്കണം. സ്വർണ്ണവില എഴുപത്തിയെണ്ണായിരം കടന്നത് ഇവനും അറിഞ്ഞു കാണുമോ” എന്നോർത്തു.
ലൂക്ക എഴുന്നേറ്റ് മാവേലിയുടെ മടിയിലിരുന്ന് മീശ പിടിച്ചുവലിച്ചു.
“പാവം.
തെറ്റിദ്ധരിച്ചു. കിരീടമല്ല മീശയാണ് അവൻ ലക്ഷ്യമിട്ടിരുന്നത്.”
“എത്ര നേരമായി ബ്ലോക്കിൽ കിടക്കുന്നു. കുണ്ടും കുഴിയും വേറെ.” അതും പറഞ്ഞ് അനീഷ് അകത്തേക്ക് വന്നു.
സോഫയിലിരിക്കുന്ന ആളെ കണ്ട് അവൻ കണ്ണ് മിഴിച്ചു. അമല ഓടിവന്നു. “മാവേലിത്തമ്പുരാനാണ്. റോഡിലെ കുഴിവഴി ഇങ്ങോട്ട് എത്തിയതാണ് “.
“ഞാൻ വിചാരിച്ചു നാടകത്തിൽ അഭിനയിക്കുന്ന നിന്റെ അമ്മാവന്മാർ ആരോ ആണെന്ന് “.
“തിരുമേനീ, പാതാളത്തിൽ എന്തൊക്കെയാണ് വിശേഷം”?.
” ഇവിടുത്തെ വിശേഷങ്ങൾ പറയൂ”.
” ദാ, കേട്ടോളൂ”.
അനീഷ് ടി വി ഓൺ ചെയ്തു.
“വോട്ട് ചോരൽ, അഴിമതി, കത്ത് വിവാദം, വേടൻ, അവിഹിതം, പീഡനം”.
“മതി, നിർത്ത്.”
“പണ്ട് തല കുനിച്ചു കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു. ഞങ്ങളല്ലേ അനുഭവിക്കുന്നത്.”
“വേണ്ടായിരുന്നു.” മാവേലിയും മനസ്സിൽ ഓർത്തു.
“ഊണിനുമുൻപ് അൽപ്പം സേവിക്കുന്നോ?”
“ശിവ ശിവ. ശീലമില്ല”.
“ഇവിടെ സുലഭമാണ്. അടുത്ത തവണ വരുമ്പോൾ ഓൺലൈനിലും കിട്ടും.
അപ്പറ്റൈസർ ആയി കണക്കാക്കിയാൽ മതി. അരിഷ്ടമൊക്കെ കുടിക്കാറില്ലേ അതുപോലെ”.
അമല പറഞ്ഞു.
“അമ്പടി കള്ളീ, കഷായത്തിന്റെയും അരിഷ്ടത്തിന്റെയും ഗ്രീഷ്മയുടെയും കഥയൊക്കെ പാതാളത്തിലും അറിഞ്ഞിട്ടുണ്ട്. എന്റെ ആഭരണങ്ങൾ കണ്ടിട്ടല്ലേ നീയെന്നെ കഷായം കുടിപ്പിച്ചു കാലപുരിക്കയക്കാൻ നോക്കുന്നത്. നടപ്പില്ല മോളെ”. മാവേലി മനസ്സിൽ പറഞ്ഞു.
സദ്യയുണ്ട് പായസവും കുടിച്ച് മാവേലി അപ്രത്യക്ഷനായപ്പോൾ
അമല പറഞ്ഞു.
“എന്തോരം ആഭരണങ്ങളാ! കിരീടം കണ്ടോ? എത്ര പവനുണ്ടാകും?”
“എടീ പൊട്ടീ, അത് തൃശ്ശൂർ മോഡലാ,
ഡ്യൂപ്ലിക്കേറ്റാ, മാതാവിന്റെ കിരീടം പോലെ. തലക്ക് വെളിവുള്ള ആരെങ്കിലും ഒറിജിനൽ കിരീടവും വെച്ച് കേരളത്തിലേക്ക് വരുമോ?”
“ഡ്യൂപ്ലിക്കേറ്റോ?”
അമല വായും പൊളിച്ചു നിന്നു.
” വായടക്കടീ, ചെറുക്കൻ വല്ല പന്തുമെടുത്ത് വായിലോട്ട് എറിയും”.
അവൾ വായടച്ച്
നിരാശയോടെ അകത്തേക്ക് പിൻവലിഞ്ഞു.




👍
❤️❤️
Interesting ❤️❤️
kollam super👍❤️❤️
അടിപൊളി 🤣🤣😔
Super 👌 👌
Nice writing… Beautiful
Super👌❤️
ആനുകാലികമായ കാര്യങ്ങൾ വളരെ തന്മയത്തോടെ, രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
സുജയുടെ തനതായ ശൈലി.
All the best
Joseph Parukanil
മർമ്മത്തിൽ കൊള്ളുന്ന നർമ്മം 😂🙏 മനോഹരമായി
നർമം നന്നായി, സുഖമുള്ള വായന.
ആശംസകൾ