പഞ്ഞക്കർക്കിടകത്തിലെ പെരുമഴക്കാലം പെയ്തൊഴിഞ്ഞ്.. പൊന്നിൻ ചിങ്ങത്തിലേക്ക് ചുവടുവെക്കുമ്പോൾത്തന്നെ ഓണത്തെ വരവേൽക്കാനുള്ള ആഹ്ലാദമാണ് എല്ലായിടത്തും.. പ്രകൃതിപോലും.. സ്വർണ്ണനിറമോടെ തലയാട്ടിനിൽക്കുന്ന വിളഞ്ഞ നെൽക്കതിർക്കുലകൾ!
അതിനിടയിലൂടെ പാറിപ്പറക്കുന്ന ഓണത്തുമ്പികൾ!
പാടത്തും, തൊടിയിലും, വഴിയരുകിലും പല പല വർണ്ണങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന പുഷ്പങ്ങൾ!
എവിടെ നോക്കിയാലും നയനമനോഹരമായ കാഴ്ചകൾ..!
ചിങ്ങത്തിലെ ആദ്യവെയിൽ കാണാൻ തുടങ്ങുമ്പോഴേ അമ്മ ഓണത്തിനുള്ള തയ്യാറെടുപ്പാണ്.
ഓണസദ്യക്കുള്ള നെല്ല് പുഴുങ്ങി ഉണക്കി വെക്കലാണ് ആദ്യത്തെ പണി..സദ്യക്കുള്ള പച്ചക്കറികൾ ഒട്ടുമിക്കതും വീട്ടിലെ പറമ്പിൽ തന്നെയുണ്ടാകും, വെണ്ട, വഴുതന, ചേന, മത്തൻ, കുമ്പളം, പാവൽ, അച്ചിങ്ങ അങ്ങനെയെല്ലാം…
നേന്ത്രവാഴക്കുലകൾ മൂത്തു വിളഞ്ഞിട്ടുണ്ടാകും….എന്നെ വെട്ടിയെടുക്കുന്നില്ലേയെന്ന ഭാവത്തിലാണ് വാഴക്കുലകളുടെ നിൽപ്പ്.
അന്നൊന്നും റെഡിമെയ്ഡ് വസ്ത്രങ്ങൾ വളരേ കുറവായിരുന്നു, ഓണത്തിന് രണ്ടാഴ്ച മുന്നേ ഓണക്കോടികൾ തയ്ക്കാൻ കൊടുക്കണം, അല്ലങ്കിൽ ഓണത്തിന് കിട്ടില്ല, അത്രയേറെ തിരക്കായിരിക്കും തയ്യൽക്കടകളിൽ!
അത്തം പിറക്കുകയായി, അമ്മ അതിരാവിലെ എഴുന്നേറ്റ് മുറ്റമടിച്ചു ചാണകം കലക്കി തളിച്ച് ശുദ്ധിയാക്കും (അന്നത്തെ വിശ്വാസമായിരുന്നു)
കുളിച്ച് ചന്ദന തിരിയും വിളക്കും കത്തിച്ചു വെക്കും , എന്നിട്ട് മുറ്റത്ത് ചെറുവട്ടത്തിൽ ചാണകം മെഴുകും, അതിന്റെ നടുക്കായ് ചാണകം ചെറുതായി ഉരുട്ടിയെടുത്ത് വെക്കും ഞാൻ അപ്പോഴേക്കും പറമ്പിൽ നിന്നും മൂക്കൂറ്റി,തുളസിക്കതിൽ, തുമ്പക്കുടവും കൊണ്ടുവരും. ഉരുളയാക്കിയ ചാണകത്തിൽ പ്രാർത്ഥനയോടെ അമ്മ കുത്തിവെക്കും.അങ്ങനെ ഓണം തുടങ്ങുകയായി.
അത്തം നാളിൽ ചെറുതായ് മഴ പെയ്യാൻ പ്രാർത്ഥിക്കും, “അത്തം വെളുത്താൽ ഓണം കറുക്കും” എന്നൊരു ചൊല്ലുണ്ട്, അന്നൊക്കെ അതെല്ലാം സത്യമായിരുന്നു. അത്തത്തിനു മഴ പെയ്താൽ തിരുവോണത്തിനു മഴ പെയ്യില്ല..
എനിക്ക് ഏറ്റവും സന്തോഷം അത്തച്ചമയം കാണുവാൻ എല്ലാവരും കൂടി പോകുന്നതാണ്, ഇന്നത്തെപ്പോലുള്ള കാഴ്ചകൾ അല്ല അന്നത്തെ അത്തചമയം… അത്രയേറെ മനോഹരമാണ് അത്താഘോഷം!
ഓണത്തിനുള്ള പുതിയ കലം, ചട്ടികൾ , ചിരട്ട കൈലുകൾ,മുറം എല്ലാം വാങ്ങിയായിരിക്കും വീട്ടിലേക്ക് ഞങ്ങൾ തിരിക്കുക.
ഓണപ്പരീക്ഷ കഴിയാൻ അക്ഷമയോടെ കാത്തിരിക്കും ഞാൻ, പരീക്ഷ കഴിഞ്ഞ് വരുംവഴി റോഡ് സൈഡിൽ കാണുന്ന കലമ്പട്ട പൂവ്, കൊങ്ങിണിപ്പൂ, കോളാമ്പിപ്പൂവെല്ലാം പറിച്ചായിരിക്കും വീട്ടിലേക്ക് വരുന്നത്.
ഓണത്തിന് നാലു ദിവസം ഉള്ളപ്പോഴായിരിക്കും പരീക്ഷ തീരുക, അന്ന് ഭയങ്കര സന്തോഷമായിരിക്കും, പിറ്റേദിവസം തൊട്ട് പൂവ് പറിക്കാൻ പോകാല്ലോ.
ഉച്ച കഴിയുമ്പോൾ എല്ലാവരും കൂടി പൂ പറിക്കാനിറങ്ങും, പൂ പറിച്ചിടാൻ അമ്മ ചെറിയ ചൂരൽക്കുട്ട വാങ്ങി തന്നിട്ടുണ്ട്, അതിൽ കുറേ ചേമ്പിലകളും ഇട്ടിട്ടുണ്ടാകും.. തുമ്പപ്പൂ, അരിമണിപ്പൂ, പൂച്ചപ്പൂ, കോളാമ്പിപ്പൂ, പെരുകിൻ പൂ, കലമ്പട്ടപ്പൂ അങ്ങനെ ഒത്തിരിയൊത്തിരി പൂക്കൾ ഇതെല്ലാം ഓരോന്നായി ഓരോ കുമ്പിളിലാക്കും. പോരാത്തത് വീട്ടിലുണ്ട്.. കാശിത്തുമ്പ, ചെമ്പരത്തിപ്പൂവ് സീനിയ, ചെത്തിപ്പൂ അങ്ങനെയങ്ങനെ…
എല്ലാവരും പരസ്പരം മത്സരമാണ് ഏറ്റവും കൂടുതൽ പൂ പറിക്കൽ ആരാണെന്ന്….ഏറ്റവും കൂടുതൽ പൂവുകൾ പൂക്കളം ഇടുകയെന്നതും.
പൂക്കൾ വാടാതിരിക്കാൻ വെള്ളം തളിച്ച് ചെമ്പരത്തിച്ചെടിയുടെ ഇടയിൽ വെക്കും.
ഉറങ്ങാൻ കിടക്കുമ്പോൾ പൂക്കളം ഇടുന്നതിനെക്കുറിച്ചുള്ള ചിന്തയായിരിക്കും.
നേരം വെളുക്കുമ്പോൾ കുളിച്ച് വിളക്ക് കത്തിച്ച് പൂക്കളം ഇടാൻ തുടങ്ങും. ചില ദിവസങ്ങൾ ചെറുതായ് മഴയുണ്ടാകും.. അപ്പോൾ കുട നിവർത്തി വെക്കും പൂക്കൾ പോകാതിരിക്കാൻ, ചിലപ്പോൾ ശക്തമായ മഴവെള്ളത്തിൽ പൂക്കൾ ഒഴുകിപ്പോകും, അതുകാണുമ്പോൾ ഞാൻ സങ്കടത്തോടെ താടിയിൽ കൈയ്യും കൊടുത്തിരിക്കും.
അത്തം തൊട്ട് തിരുവോണം വരെ ഓണനിലാവിൽ അയല്പക്കത്തെ വീടുകളിലെ എല്ലാവരുമായി ഓരോ ദിവസം ഓരോരോ വീട്ടിൽ ഓണക്കളിയുണ്ടാകും.അത് രാത്രി പന്ത്രണ്ടു മണിവരെയൊക്കെയുണ്ടാകും, .ഒത്തിരി വിശേഷങ്ങൾ എല്ലാരുംകൂടി പങ്കുവെക്കും….പിറ്റേദിവസം കളിക്കാനുള്ള ഓണക്കളി പാട്ടുകളുടെ ചർച്ചയായിരിക്കും അമ്മമാർ.. അപ്പോഴേക്കും. കട്ടൻ കാപ്പി റെഡിയായിട്ടുണ്ടാകും, അതും കുടിച്ച് എല്ലാരും സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങും.
തിരുവോണത്തിന് മൂന്നു ദിവസം ഉള്ളപ്പോഴേ മുറ്റത്ത് തറ കെട്ടാൻ തുടങ്ങും, അതിനായ് പശയുള്ള മണ്ണ് പാടത്ത് നിന്നും കൊണ്ടുവരിക,
മൂന്ന് തട്ടുള്ള തറയാണ് ഉണ്ടാക്കുക, ഓണത്തപ്പൻ, ഉരൽ, അരകല്ല്, ആട്ടുകല്ല് എല്ലാം ഉണ്ടാക്കിയെടുത്തു ഉണക്കിയെടുക്കും. ഇതെല്ലാം വാങ്ങാൻ കിട്ടും, എന്നാലും എനിക്കിതെല്ലാം സ്വയമുണ്ടാക്കിഎടുക്കുന്നതാണീഷ്ടം.
ഉത്രാടത്തിന്റെയന്നാണ് ഏറെ സന്തോഷം. മാവേലിയെ എതിരെക്കാനുള്ള തയ്യാറെടുപ്പാണ്.
കുഞ്ഞാഞ്ഞ തെങ്ങിൽ കയറി കുരുത്തോല വെട്ടിയെടുത്ത് തോരണങ്ങളുണ്ടാക്കും, കുരുത്തോല കൊണ്ട് എന്തൊക്കയോ
ഉയുണ്ടാക്കുന്നത് കാണാം..ഞാൻ അതെല്ലാം ഏറെ കൗതുകത്തോടെ നോക്കിയിരിക്കും.
പറമ്പിൽ നിന്നും വാഴത്തട കൊണ്ടുവന്ന് അതിന്റെ പോളയും, പിണ്ടിയും പൊളിച്ചെടുത്ത് അതുകൊണ്ട് ചെറിയ അമ്പലമുണ്ടാക്കും, അതിന്റെയുള്ളിലായിരിക്കും തറകെട്ടിയത്.
ഓണത്തപ്പനെ എതിരെൽക്കാനുള്ള തുമ്പ, കുരുത്തോല, ചെത്തിപ്പൂവ്, തുളസിയിലയെല്ലാം ഒരുക്കി പുതിയ ചൂരൽക്കുട്ടയിലാക്കും.
ഞങ്ങൾ ഇതെല്ലാം ഒരുക്കുമ്പോൾ അച്ഛനും, അമ്മയും അടുക്കളയിൽ ഓണസദ്യക്കുള്ള വിഭവങ്ങളുണ്ടാക്കുന്ന തിരക്കിലാകും.
ഓണത്തപ്പനുള്ള ഉപ്പ് ചെർക്കാത്ത പൂവടയാണ് ഏറ്റവും പ്രധാനം അരിമാവ് കലക്കിയത് എല്ലാം റെഡിയായിട്ടുണ്ടാകും.
വെളുപ്പിന് മൂന്നു മണിയോടെ മാവേലിയെ ആർപ്പുവിളികളോടെ എതിരേൽക്കാൻ തുടങ്ങും. എന്നെ കുഞ്ഞാഞ്ഞ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തും.
വാതിൽപ്പടിയിലും,കതകിലും,ജനൽപ്പാളിയിലും അരിമാവിൽ കൈമുക്കി കൈ അടയാളം പതിപ്പിക്കും, അടുത്ത ഓണം വരെ കൈപ്പത്തിയടയാളം അവിടുണ്ടാകും.
തിരുവോണം വെളുപ്പിന് പുത്തൻ ഉടുപ്പൊക്കെയിട്ട് ഞങ്ങൾ അമ്പലത്തിൽ പോയ് വരും…അപ്പോഴേക്കും സദ്യക്കുള്ള വിഭവങ്ങൾ തയ്യാറായിട്ടുണ്ടാകും പപ്പടം കാച്ചലാണ് അവസാനത്തെ പണി.
മാളുപ്പശുവും, അവളുടെ കുട്ടിയും,അമ്മിണി ആടും അവളുടെ മക്കൾ ,ടുട്ടു നായ, കുറിഞ്ഞിപ്പൂച്ചയുമെല്ലാം ഞങ്ങളുടെ ഓമനകളാണ്. അവരെയും കുളിപ്പിച്ച് ചന്ദനം തൊടുവിക്കും.
പറമ്പിൽ നിന്നും വാഴയില മുറിച്ചെടുത്ത് തുടച്ചു വൃത്തിയാക്കും.
ആദ്യം വിളക്കിന് മുന്നിൽ ഇലയിടുക, ആത്മാക്കൾക്ക് വേണ്ടിയുള്ളത്…
അതിന് ശേഷം വളർത്തുമൃഗങ്ങൾക്ക് ഇലയിൽ സദ്യ….
അതിന് ശേഷമാണ് ഞങ്ങൾ കഴിക്കുക.
നിലത്ത് പായയിട്ട് എല്ലാവരും കൂടിയുള്ള ഓണസദ്യകഴിക്കൽ !
ഉച്ചകഴിഞ്ഞ് ഞങ്ങളെല്ലാവരും കൂടി ഓണക്കളികൾ കാണാൻ പോകും….
ഞങ്ങളുടെ ഓണാഘോഷം തീരുന്നത് ശ്രീ നാരായണ ഗുരുവിന്റെ ചതയം ആഘോഷത്തോടെയാണ്. ഞങ്ങൾ പിള്ളേർ കാത്തിരിക്കുന്നത് ചതയ ദിനത്തിനാണ്…
പഴയകാല ഓണമാണ് സുന്ദരം പരസ്പരം സ്നേഹിച്ചും,പങ്കിട്ടും, കൊടുത്തുള്ള ആ നല്ല നാളുകൾ ഇനി വരുമോ…?
ഒത്തിരി സ്നേഹത്തോടെ മലയാളി മനസിന്റെ പ്രിയപ്പെട്ടവർക്ക് എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ നേരുന്നു 🥰🌹




ഇതിനോട് സാമ്യമുളള കുട്ടിക്കാല ഓണം ഓർമ്മകൾ ആണ് എൻ്റേതും🥰 തികച്ചും ഐതീഹ്യപരമായ ഓണം ഒരുങ്ങൽ തന്നെയാണിത്🤝 ഇപ്പോൾ എല്ലാം റെഡിമെയ്ഡ് ഓണം😊 പക്ഷേ നമ്മൾക്കും അതിൻ്റെ ഭാഗവാക്കായേ പറ്റൂ🤝നല്ലെഴുത്ത്✍️❤️ അഭിനന്ദനങ്ങൾ കൂട്ടേ💐🥰😘