Friday, May 16, 2025
Homeഅമേരിക്കകതിരും പതിരും: പംക്തി (77) ആവിഷ്കാര സ്വാതന്ത്ര്യം അടിയറവ് വയ്ക്കാനുള്ളതാണോ?

കതിരും പതിരും: പംക്തി (77) ആവിഷ്കാര സ്വാതന്ത്ര്യം അടിയറവ് വയ്ക്കാനുള്ളതാണോ?

ജസിയഷാജഹാൻ.

നമുക്കെല്ലാവർക്കും സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണ് ആവിഷ്കാര സ്വാതന്ത്ര്യം. അത് ഏതൊരാളുടെയും സ്വപ്നവും, സ്വാതന്ത്ര്യവും മൗലികാവകാശവും ആണ്.

ഒരു കലാസൃഷ്ടി നിർമ്മിക്കുമ്പോൾ (അത് ഏതായാലും) നമ്മൾ ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള നമ്മുടെ അവകാശം വിനിയോഗിക്കുകയാണ് . ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലെങ്കിൽ ഭരണഘടന ഉറപ്പു നൽകുന്ന അന്ത:സ്സായ ജീവിതം അസാധ്യമാകും എന്ന സുപ്രീംകോടതി വിധിയെ മാനിച്ചുകൊണ്ടു തന്നെ തുടങ്ങട്ടെ.

ആവിഷ്കാര സ്വാതന്ത്ര്യം നമുക്ക് ഓരോരുത്തർക്കും – സിവിൽ സമൂഹം മുതൽ അധ്യാപകർ, പത്ര പ്രവർത്തകർ, എഴുത്തുകാർ, കലാകാരന്മാർ, അഭിഭാഷകർ ആക്ടിവിസ്റ്റുകൾ വരെ വളരെ അടിസ്ഥാനപരമാണ്. ആയതുകൊണ്ട് തന്നെ നാം എല്ലാവരും അതിനുവേണ്ടി പോരാടാനും, നിലകൊള്ളാനും ബാധ്യസ്ഥരാണ്.

ഇതൊക്കെ പറയുമ്പോൾ നിങ്ങൾ ഒരു ചോദ്യം ചോദിച്ചേക്കാം!.. ഈ ആവിഷ്കാര സ്വാതന്ത്ര്യം എന്നുള്ളത് നമുക്ക് ഇഷ്ടമുള്ളത് പറയാനുള്ള അവകാശവും, സ്വാതന്ത്ര്യവും അവസരവും ആണോ എന്നുള്ളത്?.
എന്നാൽ ചില പരിമിതപ്പെടുത്തലുകൾ ഇതിനകത്തും ഉൾക്കൊണ്ടിട്ടുണ്ട് എന്നുള്ളത് നമ്മളൊക്കെ തിരിച്ചറിഞ്ഞു കഴിഞ്ഞ സത്യമല്ലേ?

വിവാദമായിട്ടുള്ള പല പല കേസുകളിലും പ്രസിദ്ധമായ ആവിഷ്കാര മേഖലകളിലൂടെ അത് സമൂഹത്തിനുമുന്നിൽ തുറന്നു കാട്ടിയവരിലൂടെയും എഴുത്തുകാരിലൂടെയും, കലാ സാഹിത്യ സൃഷ്ടികളിലൂടെയും, വാക്കുകളിലൂടെയും, പ്രസംഗങ്ങളിലൂടെയും, ഒക്കെ ഇതിനോടകം തന്നെ രോഷാകുലരായ പൊതുജനങ്ങളുടെയോ അതുമായി ബന്ധപ്പെട്ടവരുടെയോ, അഭിപ്രായ പ്രകടനങ്ങളിലൂടെയോ വിമർശനങ്ങളിലൂടെയോ, അക്രമങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളിലൂടെയോ, സമരമുഖങ്ങളിലൂടെയോ, ഒക്കെ നാം കാണുകയും കേൾക്കുകയും , അതിനെ തുടർന്നുണ്ടായിട്ടുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും ഒക്കെ ചെയ്തിട്ടുള്ളവരാണ് . ആ ഒരു ധാരണ എല്ലാവർക്കും ഉണ്ടെന്നിരിക്കെ ഇതിൻെറ അത്യാവശ്യമായി വേർതിരിച്ചറിയേണ്ട ചില വശങ്ങളെക്കുറിച്ച് കൂടി ഒന്നു നോക്കാം.

ജനങ്ങൾക്കെതിരായ അക്രമവും വിവേചനവും പ്രോത്സാഹിപ്പിക്കുന്ന പ്രസംഗം, എഴുത്ത്, നിലവിലുള്ള അവസ്ഥയോ, ആശയങ്ങളെയോ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസംഗം, ഇവയൊക്കെ നിരോധന ലിസ്റ്റിലാണ്.

ഇവയൊക്കെ മനപ്പൂർവ്വം വംശീയ വിദ്വേഷത്തിന് പ്രേരിപ്പിക്കുന്നു. വ്യത്യസ്തമായ ആശയങ്ങളെ കുറിച്ച് പഠിച്ച് അധികാരത്തിലിരിക്കുന്ന വരെ വെല്ലുവിളിക്കാനുള്ള
ത്വര മൂപ്പിക്കുന്നു. മതപരമായ ആശയത്തെയോ, രാഷ്ട്രത്തെയോ, സർക്കാരിനെയോ, വിമർശിക്കാനുള്ള ഒരു അവസരം ഉണ്ടാക്കുന്നു.ഇതൊക്കെ മറുവശം വയ്പ്. എന്നിരുന്നാലും! തുനിഞ്ഞിറങ്ങിയവർ പറഞ്ഞു തന്നെ ഒടുങ്ങും. അവർ മറ്റൊന്നിനേയും പേടിക്കുന്നില്ല. അവരുടെ ആവിഷ്കാര സ്വാതന്ത്ര്യം പരമാവധി ഉപയോഗിക്കുന്നു.

മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിലും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം ഒരു മനുഷ്യാവകാശമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഇടപെടലുകളില്ലാതെ അഭിപ്രായങ്ങൾ പുലർത്താനും, ഏത് മാധ്യമങ്ങളിലൂടെയും അതിർത്തികൾ പരിഗണിക്കാതെ ആശയങ്ങളും വിവരങ്ങളും തേടാനും, സ്വീകരിക്കാനും, കൈമാറാനുമുള്ള സ്വാതന്ത്ര്യം ഈ അവകാശത്തിൽ ഉൾപ്പെടുന്നു. ഇത് എഴുത്തിലൂടെയോ അച്ചടിയിലൂടെയോ വാമൊഴിയായോ, അവർക്കിഷ്ടമുള്ള മറ്റേതെങ്കിലും മാധ്യമത്തിലൂടെയോ ഒക്കെ ആകാം.

ആവിഷ്കാര സ്വാതന്ത്ര്യം ബഹുസ്വര സംഭാഷണത്തിന് ഇടം നൽകുകയും, വിമർശനാത്മക ശബ്ദങ്ങൾക്ക് സുരക്ഷിതമായ ഒരു വേദി ഒരുക്കുകയും ചെയ്യുന്നു. മനുഷ്യാവകാശങ്ങളെയും, അവകാശ ലംഘനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാനും, നേടാനും, സ്വീകരിക്കാനും, സൂക്ഷിക്കാനും ആളുകൾക്ക് അവകാശമുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.

ആവിഷ്കാര സ്വാതന്ത്ര്യം ധാരണ വളർത്തുന്നു. സംഭാഷണം സാധ്യമാക്കുന്നു, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നു. വളരെ സ്വതന്ത്രമായി നമ്മുടെ ആശയങ്ങളും വിവരങ്ങളും കൈമാറാൻ കഴിയുമ്പോൾ അതുവഴി നമ്മുടെ അറിവ് വർദ്ധിക്കുന്നു. അത് നമുക്കും സമൂഹത്തിനും ഗുണം ചെയ്യുന്നു.

വൈവിധ്യമാർന്ന സാംസ്കാരിക ആവിഷ്കാരം ,രാഷ്ട്രീയ വിയോജിപ്പുകൾ, സർഗാത്മകത, നവീകരണം എന്നിവയ്ക്കും ആത്മ പ്രകാശനത്തിലൂടെ ഒരാളുടെ വ്യക്തിത്വ വികസനത്തിനും ആവിഷ്കാര സ്വാതന്ത്ര്യം അടിസ്ഥാനപരമാണ്.

എനിക്കും നിനക്കും സംസാരിക്കാനും കേൾക്കാനുമുള്ള അവകാശവും, രാഷ്ട്രീയ കലാ, സാമൂഹിക ജീവിതത്തിൽ പങ്കെടുക്കാനുമുള്ള അവകാശവുമാണ്. അതിൽ അറിയാനുള്ള അവകാശവും, ഏതൊരു മാധ്യമത്തിലൂടെയും വിവരങ്ങൾ തേടാനും, സ്വീകരിക്കാനും, പങ്കിടാനുമുള്ള അവകാശവും കൂടിയാണ്.മറക്കണ്ട!

അപ്പോ… ഈ ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവരും പരമാവധി ഉപയോഗപ്പെടുത്തുമല്ലോ? അങ്ങനെ പ്രത്യാശിക്കാം .

അടുത്തയാഴ്ച വീണ്ടും മറ്റൊരു വിഷയവുമായി കാണാം നന്ദി, സ്നേഹം.

ജസിയഷാജഹാൻ ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ