വേരുകളുടെ ഗന്ധം തേടുന്ന മണൽക്കാറ്റുകൾ തോർത്തിയ നിലത്ത് വിദേശപ്പൂക്കൾ ഓണത്തെ നട്ടു. അങ്ങനെയാണ് ഒരു പ്രവാസിയുടെ ഓണക്കാല ദർശനം ഇവിടെ പൂവിട്ടു തുടങ്ങിയത്. മണലാരണ്യത്തിന്റെ നിശ്ശബ്ദതയിൽ, വേരുകളുമായുള്ള പൊക്കിൾക്കൊടിബന്ധം ഒരിക്കലും അറ്റുപോകില്ലെന്ന് പ്രവാസികൾ ഓരോ തിരുവോണത്തിലും നിശ്ശബ്ദമായി പ്രഖ്യാപിക്കുകയാണ്.
സൽവയിലെ ആ നാലു ചുവരുകൾക്കുള്ളിൽ ഒരു കാലം ശ്വാസം അടച്ചുപിടിച്ചിരിക്കുകയായിരുന്നു. ആഗസ്റ്റിന്റെ ചുട്ടുപൊള്ളുന്ന കനൽക്കാറ്റുകൾ തെരുവുകളെ ഉരുകിയൊലിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, ഫ്ലാറ്റിന്റെ സ്വീകരണമുറിയിൽ പത്തുവയസ്സുകാരനായ ആദിദേവ് ഒരു മാന്ത്രിക ലോകം തീർക്കുകയായിരുന്നു. ജമന്തിപ്പൂക്കളുടെയും വാടാമല്ലികളുടെയും മാത്രം പൂക്കളമായിരുന്നില്ല അത്; ലോകത്തു കിട്ടാവുന്ന സർവ്വ പൂക്കളും മണം പരത്തി, നഷ്ടപ്പെട്ടുപോയ ഒരു നാടിന്റെ ഗർഭപാത്രത്തിൽ നിന്നും പറിച്ചെടുത്ത പച്ചയായ ഓർമ്മകളുടെ തിരുശേഷിപ്പായി അത് മാറി. ചൈനയുടെയും ഈജിപ്തിന്റെയും ശ്രീലങ്കയുടെയും വിയറ്റ്നാമിന്റെയും മണ്ണിൽ വിളഞ്ഞു ഇവിടത്തെ മാർക്കറ്റുകളിലെത്തിച്ചേർന്ന അന്യദേശപ്പൂക്കൾ അവന് വെറും ചരക്കുകളായിരുന്നില്ല; അതൊരു കാലത്തിന്റെ പുനരാഖ്യാനമായിരുന്നു, ഒരു ദേശത്തിന്റെ മനംമയക്കുന്ന ഗന്ധമുയർത്തുന്ന സന്ധ്യ. അർജുനും റിയയും ചേർന്ന് ആ അത്തപ്പൂക്കളത്തിനു ചുറ്റും വട്ടത്തിൽ നിന്ന് കൈക്കൊട്ടി പാട്ടുപാടുമ്പോൾ ആ ഫ്ലാറ്റുകളിൽ നിന്നും കുട്ടികളും മുതിർന്നവരും അവരോടു ചേർന്നു. ആകാശത്ത് കനത്ത വെയിലും താഴെ എ.സിയുടെ കൃത്രിമ തണുപ്പും ആധുനിക നഗരത്തിന്റെ യാന്ത്രികതയും പരസ്പരം മുഖം നോക്കാതെ നിലകൊണ്ടു.
“എന്തായാലും നാട്ടിൽ ഈ സമയത്ത് തോരാതെ പെയ്യുന്ന മഴയും വെള്ളക്കെട്ടും കാരണം പൂക്കളം ഇടാൻ പോലും വലിയ ബുദ്ധിമുട്ടായിരിക്കും…” അച്ഛൻ അനന്തന്റെ വാക്കുകൾ—അത് വെറുമൊരു നിരീക്ഷണമല്ലായിരുന്നു; അത് മലയാളിയുടെ സദാ പരാതിപ്പെടുന്നതും എന്നാൽ ഗൃഹാതുരതയിൽ അടിയറവ് പറയുന്നതുമായ മനസ്സിലെ നിത്യമായ ഒരു നെടുവീർപ്പായിരുന്നു. കാലാവസ്ഥയുടെ വിപരീതങ്ങളിൽ പോലും തങ്ങളുടെ ആഘോഷങ്ങളെ അടയാളപ്പെടുത്താൻ പ്രവാസി സമൂഹം എപ്പോഴും തയ്യാറാണ്.
ആ വാക്കുകൾ അപ്പുവിന്റെ ഉള്ളിലെ ഏതോ ഒരു രഹസ്യ അറയുടെ വാതിൽ തുറന്നു. ഗൃഹാതുരതയിൽ അവൻ വിമ്മിഷ്ടപ്പെട്ടു; പെട്ടെന്നാണ് അവന് നാട്ടിലെ ആ പഴയ തറവാട്ടു വീട്ടിലിരിക്കുന്ന മുത്തച്ഛൻ ശങ്കരൻ മാഷെ ഓർമ്മവന്നത്. ഗവൺമെന്റ് ഹൈസ്കൂളിലെ റിട്ടേഡ് ഹെഡ്മാസ്റ്ററായ ആ വൃദ്ധന്റെ കണ്ണുകളിൽ മാഞ്ഞുപോയ തലമുറകളുടെ നിസ്സംഗതയുണ്ട്. കഴിഞ്ഞ ദിവസം വീഡിയോ കോളിൽ സംസാരിച്ചപ്പോൾ മുത്തച്ഛൻ പറഞ്ഞ വാക്കുകൾ അപ്പുവിന്റെ കാതുകളിൽ മുഴങ്ങി: “മോനെ അപ്പു, ഇവിടെ പാടങ്ങളെല്ലാം കോൺക്രീറ്റ് കാടുകളായി മാറി; പണ്ടത്തെപ്പോലെ തുമ്പപ്പൂവും കാക്കപ്പൂവുമൊന്നും ഇപ്പോൾ എളുപ്പത്തിൽ കിട്ടാനില്ല.”
“അതിനെന്താ മുത്തച്ഛാ, ഇവിടെ ഇതൊക്കെ സുലഭമാണ്!”
അപ്പു തന്റെ വിരൽതുമ്പുകൊണ്ട് ടാബ് എടുത്തു. അക്കരെ കേരളത്തിൽ, ഉച്ചച്ചൂടിൽ ചുവന്ന ഓടമേഞ്ഞ തറവാട്ടു വീട്ടിലെ ഉമ്മറത്തിരുന്ന് പത്രം വായിക്കുകയായിരുന്നു ശങ്കരൻ മാഷ്. പത്രത്താളുകൾ മറന്നുകൊണ്ട് കൊച്ചുമകനോട് കിന്നരിക്കാൻ തുടങ്ങിയ ആ വൃദ്ധന്റെ മുഖത്ത് ചരിത്രത്തിന്റെ ബാക്കിപത്രങ്ങൾ പോലെ ചുളിവുകൾ വീണിരുന്നു. സ്ക്രീനിൽ കൊച്ചുമകന്റെ ചിരിച്ച മുഖം അയാൾക്ക് എന്നും ഒരു ആശ്വാസത്തിന്റെ ഔഷധമാണ്.
“ങ്ങാ മുത്തച്ഛാ, ഓണമൊക്കെ കലക്കുകയാണോ മുത്തച്ഛാ?” അപ്പുവിന്റെ ശബ്ദത്തിൽ മരുഭൂമിയുടെ ആവേശവും കടലിനക്കരെയുള്ള സ്നേഹവും തിളച്ചുമറിഞ്ഞു. വറുതിയുടെ ഓണം കൊച്ചുമോനെ അറിയിക്കാതെ അയാൾ പുഞ്ചിരിച്ചു.
ശങ്കരൻ മാഷ് ഫോൺ മുഖത്തേക്ക് അടുപ്പിച്ചു. അദ്ദേഹത്തിന്റെ ചുണ്ടുകളിൽ കാലത്തിന്റെ നിരുപദ്രവമായ ഒരു പുഞ്ചിരി വിടർന്നു: “ങ്ഹാ, കലക്കി മോനേ! കാലവർഷം ഒഴിയാതെ പെയ്തുകൊണ്ട് ഓണമൊക്കെ കലക്കുന്നുണ്ട്!”
ആ മറുപടി നൽകിയ ഉൾക്കാടുകളുടെ ഗൗരവത്തിൽ നിന്നും മോചിതനാവാൻ അപ്പു തയ്യാറായിരുന്നില്ല. അവൻ തന്റെ കൊച്ചുലോകത്തിന്റെ മഹാവിശേഷങ്ങൾ നിർത്താതെ പറഞ്ഞു: “മുത്തച്ഛാ! ഇവിടത്തെ മാർക്കറ്റിൽ ചൈനയിലും ശ്രീലങ്കയിലുമൊക്കെ നിന്നുള്ള പച്ചക്കറികളും പൂക്കളുമല്ലേ വിൽക്കുന്നത്! നാട്ടിലെപ്പോലെയുള്ള കാത്തിരിപ്പുകളൊന്നുമില്ലെങ്കിലും ആഘോഷത്തിന്റെ ഗമയൊട്ടും കുറച്ചിട്ടില്ലട്ടോ! ഇറക്കുമതി ചെയ്ത പച്ചക്കറികളും ചേനയും പടവലവുമൊക്കെ വെച്ച് അമ്മ ഉച്ചയ്ക്ക് വലിയൊരു സദ്യക്കുള്ള തയ്യാറെടുപ്പിലാണ്. പിന്നെ പൂവിളിയും ഒറിജിനൽ വാഴയിലയും ഞങ്ങൾ കൂട്ടുകാരുചേർന്ന് ഉണ്ടാക്കിയ വലിയ അത്തപ്പൂക്കളവും നടുവിലായി തൃക്കാക്കരയപ്പനും എല്ലാം ഞങ്ങൾ ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്!”
അവൻ ഒരൊറ്റ നിമിഷം ശ്വാസം എടുത്തു, എന്നിട്ട് ഒളിച്ചുവെച്ച ആ വലിയ രഹസ്യം പൊട്ടിച്ചു: “മുത്തച്ഛാ, ഒരു രഹസ്യം അറിയാമോ? മഹാബലി ഇപ്പോൾ പാതാളത്തിൽ നിന്നും നേരെ ഗൾഫിലേക്കാണ് ടിക്കറ്റ് എടുത്തിരിക്കുന്നത്! നാട്ടിലെ മഴയും വെള്ളപ്പൊക്കവും കാരണമാണല്ലോ നിങ്ങൾ ഓണം ആഘോഷിക്കാൻ പലപ്പോഴും ബുദ്ധിമുട്ടുന്നത്? ഇവിടെ ഞങ്ങൾ ചുട്ടുപൊള്ളുന്ന വെയിലിലായാലും എസി തണുപ്പിലിരുന്ന് അടിപൊളിയായി ഓണം ആഘോഷിക്കുകയാണ്!”
ആ വാക്കുകൾ കേട്ടതും ശങ്കരൻ മാഷുടെ കൈയിലെ പത്രം താഴേക്ക് ഊർന്നുവീഴാൻ പാകത്തിൽ വിറച്ചു. അദ്ദേഹത്തിന്റെ കണ്ണ് തള്ളിപ്പോയി; പ്രവാസത്തിന്റെ ഈ ചൂടിലും യാന്ത്രികതയിലും ഒരുകണിക പോലും ചോർന്നുപോകാതെ മലയാളത്തിന്റെ ആത്മാവിനെ അവർ എങ്ങനെയോ അവിടെ ഒളിപ്പിച്ചു വെച്ചിരിക്കുന്നു! മാഷ് പതുക്കെ ചുറ്റും നോക്കി. തന്റെ കൈയിലുള്ള ആ ചെറിയ സ്മാർട്ട്ഫോൺ സ്ക്രീനിലൂടെ ആ ഫ്ലാറ്റിലെ മഞ്ഞപ്പൂക്കളുടെ പ്രകാശവും കുട്ടികളുടെ കളിചിരികളും കാണുമ്പോൾ, മണലാരണ്യത്തിന്റെ നിശ്ശബ്ദതയിൽ അവർ ഒരു ചെറിയ കേരളം തന്നെ സൃഷ്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിന് ബോധ്യമായി. കാലത്തിന്റെയും ദേശത്തിന്റെയും അകലങ്ങൾ സ്നേഹത്തിന് മുന്നിൽ മാഞ്ഞുപോകുന്ന അദ്ഭുത നിമിഷമായിരുന്നു അത്.
കാലം എത്രതന്നെ മുന്നോട്ട് കുതിച്ചാലും, ഭൂമിയിലെ ഏത് അതിർത്തികൾക്കിടയിൽ മനുഷ്യൻ അഭയം തേടിയാലും, മലയാളിയുടെ അന്തർബോധത്തിൽ പെയ്തിറങ്ങുന്ന ആ പഴയ ഓണക്കാലത്തിന്റെ തുമ്പപ്പൂമണം ഒരിക്കലും വാടിപ്പോകില്ലെന്ന് ആ പ്രവാസി പൂക്കളം അദ്ദേഹത്തോട് നിശ്ശബ്ദമായി മന്ത്രിച്ചു. മാഷുടെ കണ്ണുകൾ ആഹ്ലാദത്താൽ നനഞ്ഞു; മണലാരണ്യത്തിന്റെ ചൂടിലും സ്നേഹത്തിന്റെ ഒരു പുതിയ പൂക്കാലം ജീവസ്സുറ്റതായി പടരുകയായിരുന്നു അവിടെ. ഓർമ്മകളുടെ വേരുകൾ തേടിയുള്ള ആ യാത്ര വരുംതലമുറകളിലേക്കും ആത്മവിശ്വാസത്തോടെ പടരുകതന്നെ ചെയ്യും.




മലയാളികൾ എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം ഓണാഘോഷങ്ങളും ഉണ്ടാവും എന്നതാണ് സത്യം. ദേശീയഉത്സവമായ ഓണം മലയാളികളുടെ സ്വകാര്യ അഹങ്കാരവും ആന്നന്ദവും കൂടി ചേർന്നതാണ്. നാട്ടിലുള്ള മുത്തശ്ശനെ സ്നേഹത്താൽ നെഞ്ചോട് ചേർത്തുപിടിക്കുന്ന അപ്പുവിൻ്റെ ഓണാഘോഷം അസ്സലയാട്ടിട്ടുണ്ട്🥰 അതലേറെ ഹൃദ്യവും🙏❤️😊 ഓണാശംസകൾ മാഷേ🌹🥰❤️