Saturday, July 11, 2026
Homeഅമേരിക്കകതിരും പതിരും പംക്തി: (99) 'പ്രകൃതിയുടെ നൈസർഗികതയും മനുഷ്യരും..?' ✍ ജസിയഷാജഹാൻ

കതിരും പതിരും പംക്തി: (99) ‘പ്രകൃതിയുടെ നൈസർഗികതയും മനുഷ്യരും..?’ ✍ ജസിയഷാജഹാൻ

“Hike past the realm of human greed, to where Nature gives , so self lessly.”

Angie Weiland – Crosby

ഏതൊരു വസ്തുവിന്റെയും വ്യക്തിയുടെയും യാതൊരുവിധ കലർപ്പും ഇല്ലാത്ത തനതായ സ്വഭാവത്തെ അല്ലെങ്കിൽ സഹജമായ കഴിവുകളെ നൈസർഗികത എന്ന് വിളിക്കാം.

നൈസർഗ്ഗികത എന്നു കേൾക്കുമ്പോഴേ ആവാക്കിനോട് ഒരു അരുമയും, ഇഷ്ടവും , ബഹുമാനവും, പ്രണയവും ഒക്കെ തോന്നുന്നില്ലേ ? നിങ്ങൾക്കൊക്കെ. എനിക്ക് തോന്നുന്നുണ്ട് . ചേർത്തുപിടിക്കാനുള്ള ഒരു വാഞ്ച…
ഒരു നല്ല സുഗന്ധം… അടുത്തറിയാനും നോക്കി നിൽക്കാനുമുള്ള ഒരു ജിജ്ഞാസ! സ്വമേധയാ സിദ്ധിച്ച ആ ഉള്ളടക്കത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഒരു വൈകാരികത. ഇതൊക്കെ തന്നെയാണ് ഈ വാക്കിൻ്റെ മഹത്വവും.

ചുരുക്കിപ്പറഞ്ഞാൽ മറ്റ് പകർത്തലുകളോ, മിനുക്ക് പണികളോ ഒന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത ജന്മസിദ്ധമായ അവസ്ഥ, ഗ്രാഹ്യം,കഴിവ്,ഗുണങ്ങൾ ഇവയൊക്കെ തന്നെ.

“പ്രകൃതിദത്തമായ ഗുണങ്ങൾ” എന്ന് പലകാര്യങ്ങളിലും പഴമക്കാർ ഉദാഹരണം പറയുന്നത് കേട്ടിട്ടില്ലേ?
നമ്മുടെ വിഷയവും അതുതന്നെ. നമ്മൾ മനുഷ്യരുടെ ഇടപെടലുകൾ ഇല്ലാതെ തന്നെ പ്രകൃതിക്ക് തൻ്റേതായ,തനതായ സൗന്ദര്യവും ,സ്വഭാവവും , അവസ്ഥാന്തരങ്ങളും ഒക്കെ പിറവിയിലേ ഉണ്ട്. നമ്മൾ അതൊക്കെ മാറ്റിമറിക്കാൻ ചെല്ലുമ്പോൾ ആണ് പ്രശ്നങ്ങൾ ഉടലെടുത്ത് തുടങ്ങുക!

പ്രകൃതിയുടെ ഈ ജന്മസിദ്ധമായ രൂപവും ഗുണങ്ങളും അതേപോലെതന്നെ നിലനിർത്തുന്നതിനെയാണ് ശരിക്കും പ്രകൃതിയുടെ നൈസർഗികത എന്ന് പറയുന്നത്. അതുപോലെതന്നെ പ്രകൃതിയിലെ ജീവജാലങ്ങൾക്ക് സ്വതസിദ്ധമായ സ്വഭാവ വിശേഷതകൾ ഉണ്ട്. പക്ഷി മൃഗാദികൾ ഉൾപ്പെടെ.

നാം അനുവാദമില്ലാതെ പ്രകൃതിയിൽ കടന്നു കയറി ചെയ്യുന്ന ഓരോ പ്രവർത്തികൾക്കും നമ്മുടെ ജീവിതവുമായി വളരെ ആഴത്തിൽ ബന്ധമുണ്ട്. പ്രകൃതിയുടെ ഈ നൈസർഗികത നിലനിൽക്കണമെങ്കിൽ നമ്മൾ മനുഷ്യർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളരെ ഗഹനമായി ചിന്തിക്കുകയും, അറിഞ്ഞിരിക്കുകയും, പ്രവർത്തിക്കുകയും വേണം!

വരും തലമുറയ്ക്ക് വേണ്ടി ഈ ഭൂമിയെ നമ്മൾ കാത്തു വയ്ക്കണം… അവർക്ക് ജീവിക്കാൻ അനുയോജ്യമായ രീതിയിൽ തന്നെ.അതിനായി വനം, ജലം,വായു തുടങ്ങിയ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കേണ്ടതായുണ്ട്. പ്രകൃതിയെയും അതിലെ ജീവജാലങ്ങളെയും നശിപ്പിക്കാതെ, മലിനമാക്കാതെ സംരക്ഷിക്കുന്നതിലൂടെയാണ് പരിസ്ഥിതി സംരക്ഷണം നിറവേറ്റപ്പെടുന്നത്.

ഇനി ഈ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അതിലൂടെ നാം കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ചും ഒന്നു മനസ്സിരുത്തി പഠിച്ചാലോ?

ശുദ്ധവായു, ജലം ലഭ്യത, പ്രകൃതി കനിഞ്ഞു നൽകിയിട്ടുള്ള വിഭവങ്ങൾ വരും തലമുറയ്ക്കായി കരുതിവയ്ക്കൽ, ആഗോളതാപനം പോലുള്ള പ്രതിസന്ധിഘട്ടങ്ങളെ ചെറുത്തു നിൽക്കാനുള്ള സഹായം, വംശനാശം തടയൽതുടങ്ങിയവയൊക്കെ പരിസ്ഥിതി സംരക്ഷണത്തിലൂടെ നമുക്ക് കൈവരിക്കാൻ പറ്റുന്ന നേട്ടങ്ങളാണ്.

ഈ നേട്ടങ്ങളൊക്കെ കൈവരിക്കണമെങ്കിൽ നമ്മൾ തന്നെ നമ്മുടെ ദൈനം ദിന ജീവിതത്തിൽ പാലിക്കേണ്ടതായ ചില നല്ല പ്രവൃത്തികൾ ഉണ്ട്.രീതികൾ ഉണ്ട്.
അതെന്തൊക്കെയാണെന്ന് നോക്കാം.

അമൂല്യമായ ജലം പാഴാക്കാതിരിക്കുക മഴവെള്ള സംഭരണികൾ നിർമ്മിക്കുക, വെറുതെ ലൈറ്റുകളും ഫാനുകളും ഒക്കെ ഇട്ടിരിക്കുന്ന ഒരു സ്വഭാവം നമുക്കുണ്ട്, അതൊക്കെ ഉപയോഗം കഴിഞ്ഞാൽ ഉടൻ ഓഫ് ആക്കുക, ശാസ്ത്രീയമായി ജൈവ മാലിന്യങ്ങളും അജൈവമാലിന്യങ്ങളും വേർതിരിച്ച് സംസ്കരിക്കുക, നമ്മുടെ വീടിനു ചുറ്റും പരിസരത്തും ഒക്കെ നല്ല മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുക, പ്ലാസ്റ്റിക് ഒഴിവാക്കി തുണി സഞ്ചികൾ ഉപയോഗിച്ച് ശീലിക്കുക, ഇങ്ങനെ നമുക്ക് ഒരു പാട് നല്ല ശീലങ്ങൾ വളർത്തിയെടുത്ത് നമ്മുടെ പരിസ്ഥിതിയെ കാക്കാം. അതുവഴി പ്രകൃതിയുടെ നൈസർഗികതയെ ആരാധനയോടെ നോക്കിക്കാണാം.

നമുക്കും നമ്മുടെ തലമുറകൾക്കും ജീവിക്കാനുള്ള നല്ല ഒരു അന്തരീക്ഷം ഈ ഭൂമിയിൽ സൃഷ്ടിക്കാൻ നമ്മൾ മനുഷ്യർക്ക് മാത്രമേ കഴിയൂ.. അതോടൊപ്പം മറ്റു ജീവജാലങ്ങളുടെ നൈസർഗികതയെ മാനിക്കാനും സ്നേഹിക്കാനും, ഉൾക്കൊള്ളാനും സഹജീവികൾക്ക് വേണ്ട തുണയും സഹായവും നൽകാനും നമ്മൾ കടപ്പെട്ടവരാണ്.

അത്യാഗ്രഹിയായ മനുഷ്യൻ ത്വരമൂത്ത് ചൂഷണം ചെയ്യുന്ന അനിയന്ത്രിതമായ പ്രകൃതിയുടെ സമ്പത്തുകൾ, വികസനത്തിന്റെ ഭാഗമായി ചെയ്യുന്ന അശാസ്ത്രീയ പ്രവർത്തനങ്ങൾ ഇവയൊക്കെ ഭൂമിയുടെ സന്തുലിതാവസ്ഥയെ തന്നെ തകിടം മറിക്കുന്നു എന്ന കാര്യം കൂടി ഓർമ്മപ്പെടുത്തിക്കൊണ്ട്….

ഈ ഭൂമിയിൽ ജീവിക്കാൻ അവസരം ലഭിച്ച നമ്മൾ ഓരോരുത്തരും ഭാഗ്യം ചെയ്തവരാണ്.പ്രപഞ്ചത്തോട് ,പ്രകൃതിയോട് എന്നും നന്ദിയും, കടപ്പാടും കൂറും
ഉള്ളവരായിരിക്കും നമ്മൾ എന്ന് സ്വയം പ്രതിജ്ഞയെടുക്കുക! നമ്മൾ പാലിക്കപ്പെടുന്ന പ്രതിജ്ഞകളിലൂടെയാണ് നമ്മുടെ കുട്ടികൾ നടന്നു നീങ്ങുക. അവർക്ക് വഴികാട്ടിയാകേണ്ടവരും നേർവഴിക്ക് നയിക്കേണ്ട വരും നമ്മൾ തന്നെയാണ്.

അപ്പോ… ഇതിൽ നിന്നൊക്കെ നാം എന്തു മനസ്സിലാക്കി?
പ്രകൃതിയുടെ സർഗ്ഗാത്മകതയും മനുഷ്യരുടെ സർഗ്ഗാത്മകതയും ഒന്നുതന്നെയാണ്!

“തനതായ ആ രുചിയും മണവും എന്നെന്നും നിലനിൽക്കട്ടെ!”
വരൂ..നമുക്ക് ഒത്തൊരുമിച്ച് കൈകോർക്കാം…

അതെ… ഞാൻ കാണുന്നുണ്ട്? എൻ്റെ വരികൾക്ക് നേരെ നീളുന്ന കഴുകി വെടിപ്പാക്കിയ അനേകായിരം കരങ്ങളെ… ഞാൻ ധന്യയായി..

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.നന്ദി, സ്നേഹം.

ജസിയഷാജഹാൻ✍

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com