Sunday, May 3, 2026
Homeഅമേരിക്കസാന്തന്നൂരിലെ സർവ്വേക്കല്ലുകൾ (2) പി.എൻ. വിജയൻ്റെ ചരിത്ര നോവൽ തുടരുന്നു.

സാന്തന്നൂരിലെ സർവ്വേക്കല്ലുകൾ (2) പി.എൻ. വിജയൻ്റെ ചരിത്ര നോവൽ തുടരുന്നു.

പട്ടിയുടെ കല്ലറ

ചോളനും ചേരനും മാറിമാറി ഭരിച്ച കൊങ്കുനാട്ടിന്റെ പ്രധാനക്ഷേത്രമാണ് പേരൂരിലെ പട്ടീശ്വരൻകോവിൽ . നൊയ്യാറിൻ്റെ കരയിലെ ശിവക്ഷേത്രം പണിതത് പതിനൊന്നാം നൂറ്റാണ്ടിലാണ് ചോളരാജാക്കന്മാരുടെ കാലത്ത് പണിത പട്ടീശ്വരൻ കോവിലിന്റെ നിർമ്മിതി പൂർത്തിയാക്കിയത് ചേരരാജാക്കന്മാരാണ്. ചേരസാമ്രാജ്യത്തിന്റെ ഭാഗമായ പേരൂരിന്റെ നിയന്ത്രണം ഗ്രാമത്തലവൻമാരുടെ കയ്യിലായിരുന്നു. പേരൂരിന്റെ പരിസരത്തുള്ള പത്ത് ഊരുകളിൽ ഒന്ന് സാന്തന്നൂർ ആയിരുന്നു . പത്ത് ഊരുകളും ചേർന്ന പ്രദേശമാണ് പിന്നീട് പത്തൂർ ആയതും പിറകെ കോയമ്പത്തൂർ ആയതും . ചാത്തൻ എന്ന ഒരു ഗ്രാമമുഖ്യന്റെ കീഴിലായിരുന്ന സ്ഥലമാണ് ചാത്തന്നൂർ ആയി മാറിയത് . ക്ലൈവ് സായിപ്പ് വരുന്നതുവരെ അത് ചാത്തന്നൂർ ആയിരുന്നു. സായിപ്പിൻറെ നാവിന് വഴങ്ങുന്ന പേര് അല്ലാത്തതിനാലാണ് അത് പിന്നീട് ഷാന്തന്നൂർ ആയത് . പ്രാദേശികനാമം പിന്നീട് ശാന്തന്നൂരായി. അവസാനം സാന്തന്നൂരാവുകയാണ് ഉണ്ടായത്.

പശ്ചിമഘട്ടത്തിൽനിന്ന് ആരംഭിച്ച് മലഞ്ചെരുവകൾ പിന്നിട്ട് പേരൂരിലൂടെ ഒഴുകുന്ന നൊയ്യാർ പല ഊരുകളെയും കെട്ടിപ്പിടിച്ച് ലാളിച്ചിരുന്നു. ഇരുകരകളിലും പച്ചപ്പട്ട് വിരിച്ച കൃഷിഭൂമികൾ ഭാഗ്യലക്ഷ്മിയുടെ പരവതാനിയായി പരിലസിച്ചു. സാന്തന്നൂരിനെ രണ്ടായിപകുത്തുകൊണ്ട് കിഴക്കോട്ട് നീങ്ങുന്ന നൊയ്യാറിൻ്റെ ഒരു കൈവഴി, കാവേരിയിൽ എത്തുന്നതുവരെയുള്ള സ്ഥലങ്ങൾ കാെങ്കുനാടിൻ്റെ ഭാഗമാണ്.

സാന്തന്നൂരിൻ്റെ കിഴക്കുഭാഗത്തുകൂടി വളഞ്ഞ് തിരിഞ്ഞ് വലിയ തോടായി ഒഴുകുന്ന സ്ഥലം വളയന്നൂർ എന്നറിയപ്പെട്ടു. പേരൂരിൻ്റെ പുണ്യം വഹിച്ച് ഒഴുകുന്ന നെയ്യാറിൻ്റെ കരകളെല്ലാം പുണ്യഭൂമിയായി മാറി. അവിടെ ചെറിയ ചെറിയ കോവിലുകൾ ഉയർന്നു. ശവസംസ്കാരത്തിന്നും ആണ്ടുബലിക്കും അവിടെ പ്രത്യേകസൗകര്യങ്ങളും ഉണ്ടായി.

സാന്തന്നൂരിന്റെ വിസ്തൃതി മുഴുവൻ ചെട്ടിയാന്മാരുടെയും കൗണ്ടർമാരുടെയും മുതലിയാർമാരുടെയും കൈവശമായിരുന്നു. അവിടെ നെല്ലും കരിമ്പും ചോളവും ധാരാളം വിളഞ്ഞിരുന്നു. പരുത്തിയും സൂര്യകാന്തിയും മൾബറിയും നിലക്കടലയും മാറിമാറി കൃഷി ചെയ്തിരുന്നു. ഈ മഹാസമൃദ്ധിയുടെ നടുവിലേയ്ക്കായിരുന്നു സായിപ്പന്മാരുടെ വരവ്.

ശാന്തമായിരുന്ന സാന്തന്നൂര് പിറകെ ശബ്ദകോലാഹലങ്ങൾ കൊണ്ടും മദമത്സരങ്ങൾ കൊണ്ടും മുഖരിതമായി. സായിപ്പന്മാരുടെ ഔദാര്യങ്ങൾ പിടിച്ചുപറ്റുവാൻ വേണ്ടിയുള്ള ശ്രമത്തിൽ സ്ഥലത്തെ ജന്മിമാർ തമ്മിൽ മത്സരമായി. വിരുന്നുവന്നവരെ സന്തോഷിപ്പിച്ചു യജമാനന്മാരാക്കി മാറ്റുന്നതിൽ സ്വയം മറന്ന് അവർ മത്സരിച്ചു. അവർ ഇഷ്ടദാനമായി കൊടുത്ത സ്ഥലങ്ങളിൽ സായിപ്പന്മാർ ഫാക്ടറികളും മില്ലുകളും തുടങ്ങി. അവരുടെ കുതിരകളും കുതിരവണ്ടികളും ഓടി സാന്തന്നൂരിൽ വഴികൾ ഉണ്ടായി. ആ വഴികൾ കറുത്തവരെയും വെളുത്തവരെയും വേർതിരിച്ചു നിർത്തി. വളവ് തിരിവുകളിൽ പള്ളികളും കോവിലുകളും ഉയർന്നു. ക്ലിനിക്കുകളും ക്ലബ്ബുകളും തലപൊക്കി. സാന്തന്നൂരിന്റെ മുഖച്ഛായ ഓരോ ദിവസവും മാറിക്കൊണ്ടിരുന്നു.

കൗണ്ടൻമാർക്ക് വയലുകളും ചെട്ടിയാന്മാർക്ക് കടകളും ഉണ്ടായിരുന്നതുകൊണ്ട് സായിപ്പന്മാർക്ക് ഒന്നിനും അലയേണ്ടി വന്നില്ല. അവർ ആവശ്യപ്പെടുന്നതെല്ലാം അവരുടെ ബംഗ്ലാവിൽ എത്തിക്കൊണ്ടിരുന്നു. സായിപ്പന്മാരുടെ കൂട്ടത്തിൽ വിൽസൺ സായിപ്പ് വളരെ പ്രത്യേകതകളുള്ള ഒരാളായിരുന്നു. പട്ടാളക്കാരനായി വന്ന പിതാവിൻ്റെ പ്രിയപുത്രനായ വിൽസൺ സായിപ്പ് നാട്ടിലെ പ്രമാണിമാരുടെ കാണപ്പെട്ട ദൈവമായിരുന്നു. അദ്ദേഹത്തിന് കുടിക്കാനുള്ള മദ്യവും വലിക്കാനുള്ള ചുരുട്ടും വിദേശത്തുനിന്ന് എത്തിയിരുന്നു. അദ്ദേഹത്തിൻ്റെ കുട്ടികൾക്ക് ലാളിക്കാനുള്ള കളിപ്പാട്ടങ്ങളോടൊപ്പം പട്ടികളും പട്ടിക്കുട്ടികളും വിദേശത്തുനിന്ന് എത്തിക്കൊണ്ടിരുന്നു.

ആ കാലത്ത് സായിപ്പന്മാർ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്ന ബ്രീഡുകളിൽ ഒന്ന്
ഗോൾഡൻ റിട്രീവർ ആയിരുന്നു. അതിനെ വേട്ടയ്ക്കും കൂട്ടിനും ഉപയോഗിച്ചിരുന്നു.
പിന്നെ, ലാബ്രഡോർ റിട്രീവർ. അത് അവരുടെ പ്രിയപ്പെട്ട ബ്രീഡ് ആയിരുന്നു.
അതിനു പുറമെ ഇംഗ്ലീഷ് സ്പാനിയൽ. ചെറിയ വേട്ടനായ്ക്കൾ. കൂട്ടത്തിൽ കേമന്മാർ കൂടുതൽ വേഗതയുള്ള ബ്ലഡ് ഹൗണ്ട്സ് എന്ന വേട്ടനായ്ക്കൾ ആയിയിരുന്നു.

സാന്തനൂരിലെ കാലാവസ്ഥ പട്ടികൾക്ക് പിടിക്കാതെ വന്നപ്പോൾ അവ ഓരോന്നായി അവശരായി . വളരെ നിഷ്ക്കർഷയോടെ വളർത്തിയ റോയ് എന്ന ഗോൾഡൻ റിട്രീവർ ചത്തുപോയപ്പോൾ വിൽസൺ സായിപ്പിന് സങ്കടം ഒതുക്കാൻ കഴിഞ്ഞില്ല . കുട്ടികൾ വാവിട്ടു കരഞ്ഞു. അങ്ങനെ സാന്തന്നൂരിന്റെ മണ്ണിൽ ആദ്യത്തെ പട്ടിക്കല്ലറ ഉണ്ടായി . പട്ടിയെ അടക്കിയ മണ്ണിൽ പ്രത്യേകം സ്ഥാപിച്ച കല്ലും കല്ലിലെ സ്നേഹമൊഴികളും ഇന്നും സാന്തന്നൂരിലെ സാധാരണക്കാരന്റെ അത്ഭുതമാണ്.

പി.എൻ. വിജയൻ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com