Wednesday, May 20, 2026
Homeഅമേരിക്ക“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ്...

“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ് രചന മത്സരം #23) ✍ രാജൻ പടുതോൾ

അണിഞ്ഞൊരുങ്ങിയ തിരുമുറ്റത്ത് തിരുമേനിക്ക് അട നേദിച്ച് കണ്ണടച്ചിരിക്കുകയായിരുന്നു ഞാന്‍. ചുറ്റും കലപില കൂട്ടുന്ന കിടാങ്ങളില്‍നിന്ന് ഉള്‍വലിഞ്ഞ് മാവേലി നാടുവാണ നല്ല കാലത്തെ മനസ്സില്‍ ധ്യാനിച്ചുകൊണ്ടങ്ങനെയിരിക്കുമ്പോളുണ്ട് , അതാ, തുമ്പക്കുടം ചൂടിയ മാതേവരുടെ ശിരസ്സില്‍നിന്ന് ഉര്‍ന്നുവരുന്നൂ സാക്ഷാല്‍ മഹാബലി!

”എന്താ, പേടിച്ചുപോയോ കുഞ്ഞിക്കുട്ടാ?” എന്റെ മൂര്‍ദ്ധാവില്‍ വാത്സല്യപൂര്‍വ്വം തലോടിക്കോണ്ട് തിരുമേനി ചോദിച്ചു.’കുഞ്ഞിക്കുട്ടാ’എന്ന് എന്നെ സ്നേഹപുരസ്സരം വിളിച്ചിരുന്ന എന്റെ അച്ഛന്റെ അതേ ശബ്ദം! അച്ഛനെപ്പോലെ ചെെതന്യം മുറ്റിനില്‍ക്കുന്ന ആ ആജാനബാഹുവിനെ ഞാന്‍ തെല്ലിട അത്ഭുതത്തോടെ നോക്കിനിന്നുപോയി. ഇദ്ദേഹത്തെയാണോ പിന്നില്‍കുടുമവെച്ച ആ കുറിയ വാമനന്‍ ചവുട്ടിത്താഴ്ത്തിയത്! ആ കഥ ചോദിച്ചറിയാന്‍ എന്റെ ചുണ്ടുകള്‍ വിതുമ്പി്.

”എന്തോ ചോദിക്കാനുണ്ട്, അല്ലേ? ചോദിച്ചോളു.” പുത്രവാത്സല്യം തുളുമ്പുന്ന സ്വരത്തില്‍ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു.
”ഞങ്ങളുടെ സങ്കല്‍പ്പത്തിലെ മഹാബലി സ്വര്‍ണ്ണക്കിരീടവും പട്ടുടയാകളും അണിഞ്ഞ ചക്രവര്‍ത്തിയാണ്. മണ്ണില്‍ നാണിച്ചുനില്‍ക്കുന്ന തുമ്പപ്പൂക്കുട ചൂടി തോളില്‍ ഒരു വേഷ്ടി മാത്രം ധരിച്ച് മുന്നില്‍ നില്‍ക്കുന്നയാള്‍ ശരിക്കും മഹാബലിതന്നെയാണോ എന്ന എന്റെ സംശയം അവിടന്ന് പൊറുക്കണം. എവിടെ പോയി ആ കിരീടവും ഉടയാടകളും ?”

”ഇതാണോ ഇത്ര വലിയ കാര്യം! കിരീടവും ഉടയാളകളും ദേവന്മാര്‍ തട്ടിയെടുത്തില്ലേ?’ ‘ഒരു സാധാരണ കാര്യം പറയുന്ന ലാഘവത്തോടെ ആദ്ദേഹം പറഞ്ഞുതുടങ്ങി. ”അതു നന്നായി. മണ്ണടിഞ്ഞുപോയ നിങ്ങളുടെ പൂര്‍വ്വികരോടൊപ്പം മലയാളമണ്ണിനെ ഉര്‍വ്വരയാക്കാന്‍ എന്നെ അനുഗ്രഹി്ക്കുകയല്ലേ വാമനന്‍ ചെയ്തത്? എനിക്കിരിക്കാന്‍ മുക്കുറ്റിയും ശംഖുപുഷ്പവും തെച്ചിയും മന്താരവും ഇഴചേര്‍ത്ത് നെയ്ത പൂമെത്ത വിരിക്കുന്നില്ലേ ഈ നാട്? മണ്ണില്‍ താഴ്ന്നുപോയ എന്റെ ശിരസ്സില്‍ ഭൂമിമലയാളം അണിയിച്ച കിരീടമല്ലേ തുമ്പക്കുടം? ഇവിത്തെ ഓരോ മണ്‍തരിയിലും ഞാനുണ്ട്. മണ്ണ് കുഴച്ചുരുട്ടി നിങ്ങള്‍ സൃഷ്ടിക്കുന്ന മാതേവര് ഞാന്‍തന്നെ.എന്റെ കിരീടം മാത്രമാണ വാമനന് ചവുട്ടി തെറിപ്പിക്കാന്‍ കഴിഞ്ഞത്. കുഞ്ഞിക്കുട്ടാ, നോക്ക് എന്റെ ശിരസ്സ് ഇപ്പോളും യഥാസ്ഥാനത്തുണ്ട്, ,ഒട്ടും കുമ്പിടാതെ ഒട്ടും ഉളുക്കുതട്ടാതെ.”

തലയുയര്‍ത്തി നില്‍ക്കുന്ന ആ ആത്മാഭിമാനത്തെ ആദരവോടെ ഞാന്‍ നോക്കിനിന്നു.ഞാന്‍ മാതേവരെ ചൂടിച്ച തുമ്പപ്പൂക്കുടം അതാ, കിരീടം പോലെ അദ്ദേഹത്തിന്റെ ശിരസ്സില്‍ വെണ്മ തൂവുന്നു. മണ്ണുകൊണ്ട് മാതേവരെ ഉരുട്ടിയ എന്റെ കെെപ്പാടുകളുടെ അടയാളം അദ്ദേഹത്തിന്റെ ഉടലിനെ അലങ്കരിക്കുന്നു. ”എന്റെ മാവേലി”ഞാന്‍ ഉള്ളില്‍ പറഞ്ഞത് അദ്ദേഹം കേട്ടു . ”അതെ.നിങ്ങളുടെ മാവേലിയാണ് ഞാന്‍. രാജാക്കന്മാരെ അരിയിട്ട് വാഴിക്കുന്ന പുരോഹിതന്മാര്‍ ചൊല്ലുന്ന വേദമന്ത്രത്തെക്കാള്‍ എനിക്കിഷ്ടം നിങ്ങളുടെ കുട്ടികളുടെ ആര്‍പ്പുവിളിയാണ്. ഉള്ളുതുറക്കുന്ന ആഹ്ലാദത്തിന്റെ ആ ആരവം ദേവലോകം കുലുക്കുന്നുണ്ടാവും.”

”പ്രഭോ ,ഒരു സംശയംകൂടി ചോദിക്കെട്ടെ. തെറ്റാണെങ്കില്‍ മാപ്പാക്കണം. അവിടന്ന് നാടു വാണകാലത്ത് മാനുഷരെല്ലാരും ഒന്നുപോലെയായിരുന്നു എന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്. അതിനും മുന്‍പും പിന്‍പും ഒരു ചക്രവര്‍ത്തിക്കും സാധിക്കാത്ത ഈ കാര്യം അങ്ങക്ക് എങ്ങനെ സാധിച്ചു?”

” അത് എന്റെ സിദ്ധിയൊന്നുമല്ല. ഞാന്‍ വാണ കാലത്ത് ഭൂമിയും അതിന്റെ കുഴിക്കൂറും ചമയങ്ങളും ജനങ്ങളുടേതായിരുന്നു. അവര്‍ വിതച്ചു; അവര്‍ കൊയ്തു; അവര്‍ ഉണ്ടു. പറയും നാഴിയും കൊണ്ട് അളന്ന് ആരെയും തൃപ്തിപ്പെടുത്തേണ്ടതില്ലായിരുന്നു. ആര് ആരോട് കള്ളം പറയാന്‍? ആര് ആരെ ചതിക്കാന്‍? കളിചിരിമാറാത്ത മാനുഷരുടെ ബാല്യകാലമായിരുന്നു അക്കാലം.എല്ലായിടത്തും അതാ പൂവിളി കേള്‍ക്കുന്നു. നീ നിവേദിച്ച അടയുടെ ഒരു പൊട്ട് എനിക്ക് തരൂ. അടുത്ത തിരുവോണംവരെ അതാണ് എന്റെ പാഥേയം.’

കെെനീട്ടിനില്‍ക്കുന്ന മാവേലിക്ക് ഞാന്‍ നീട്ടുന്ന അട ആരോ തട്ടിപ്പറിയ്ക്കുന്ന ബഹളം കേട്ട് ഞാന്‍ പെട്ടന്ന് കണ്ണുകള്‍ മിഴിച്ചു. അതാ, മുന്നില്‍ നില്‍ക്കുന്നു അടയുടെ സ്വാദ് കടിച്ചിറക്കിക്കൊണ്ട് എന്റെ ചെറുമകനും അവന്റെ കളിക്കൂട്ടുകാരും. മാനുഷരുടെ ബാല്യകാലം തിരിച്ചെത്തിയിരിക്കുന്നു. ഇന്ന് ഓണമാണ്.

രാജൻ പടുതോൾ ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com