Wednesday, July 8, 2026
Homeഅമേരിക്കസൗഹൃദത്തിൻ്റെ അന്ത്യയാത്ര (കഥ) ✍ മാഗ്ളിൻ ജാക്സൻ

സൗഹൃദത്തിൻ്റെ അന്ത്യയാത്ര (കഥ) ✍ മാഗ്ളിൻ ജാക്സൻ

​ഉത്തരേന്ത്യയിലെ ആ വലിയ നഗരത്തിലെ ഒരു ഓഫീസിലെ ജീവനക്കാരായിരുന്നു മായയും റീനയും. മായ തന്റെ പ്രായമായ അമ്മയ്‌ക്കൊപ്പം ലളിതമായ ജീവിതം നയിച്ചു പോന്നു. മായയ്ക്ക് റീന വെറുമൊരു കൂട്ടുകാരിയായിരുന്നില്ല, സ്വന്തം സഹോദരിയെപ്പോലെയായിരുന്നു. റീനയെ താൽക്കാലികമായ് നിയമിച്ചതായിരുന്നു. കാലാവധി കഴിഞ്ഞപ്പോൾ റീനയ്ക്ക് ജോലിയിൽ നിന്നും പിരിഞ്ഞു പോരേണ്ടി വന്നു.

റീന സങ്കടത്തോടെ മായയുടെ അടുത്തെത്തി തന്റെ ആഗ്രഹം പറഞ്ഞു.
“എൻ്റെ ജോലി നഷ്ടപ്പെട്ടു. എനിക്ക് ഒരു ബിസിനസ്സ് തുടങ്ങണം എന്നുണ്ട് മായേ, പക്ഷേ എന്റെ കയ്യിൽ ഒന്നിനും പണമില്ല.”
​കൂട്ടുകാരിയുടെ വാക്കുകൾ കേട്ട് മായയുടെ മനസ്സ് അലിഞ്ഞു. തന്റെ വിവാഹത്തിനായി അമ്മ കരുതിവെച്ചിരുന്ന സ്വർണ്ണാഭരണങ്ങളും വർഷങ്ങളായി അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യവും അവൾ റീനയുടെ കൈകളിൽ ഏൽപ്പിച്ചു.

“ഞങ്ങൾക്ക് ഒരാപത്ത് വരുമ്പോൾ സഹായിക്കാൻ നീയല്ലേ ഉള്ളൂ” എന്ന മായയുടെ വാക്കുകളിൽ കലർപ്പില്ലാത്ത വിശ്വാസമായിരുന്നു ഉണ്ടായിരുന്നത്.
​എന്നാൽ ബിസിനസ്സ് പ്രതീക്ഷിച്ചതു പോലെ നടന്നില്ല. ബിസിനസ്സ് പൂർണ്ണമായും പൊളിഞ്ഞുപോയി. കയ്യിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതോടെ റീനയുടെ സ്വഭാവം മാറി. പണം തിരിച്ചു നൽകാൻ വഴിയില്ലാതെ വന്നപ്പോൾ അവളിലെ മനുഷ്യത്വം മരവിച്ചു. മായയെ കൊലപ്പെടുത്തിയാൽ ഈ കടബാധ്യതകളിൽ നിന്ന് രക്ഷപെടാമെന്നും ആ പണം തിരികെ ചോദിക്കാൻ ആരും വരില്ലെന്നും അവൾ കണക്കുകൂട്ടി. അവിടെ നിന്നാണ് ആ ക്രൂരമായ കൊലപാതകത്തിന്റെ ആസൂത്രണം തുടങ്ങിയത്. തന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് എങ്ങനെ നീക്കണം, ആരും കാണാതെ മൃതദേഹം എങ്ങനെ ഒളിപ്പിക്കണം എന്നൊക്കെ അവൾ ദിവസങ്ങളോളം നിശബ്ദമായി പ്ലാൻ ചെയ്തു.
​ഒരു ദിവസം വൈകുന്നേരം റീന മായയെ വിളിച്ചു പറഞ്ഞു.
“നിനക്കു തരാനുള്ളപണം ഞാൻ കരുതി വച്ചിട്ടുണ്ട് വൈകുന്നേരം വീട്ടിലേക്കു വരൂ ഭക്ഷണം ഒരുമിച്ചിരുന്നു കഴിക്കാം പണവും കൊണ്ടുപോകാം”
എന്ന് പറഞ്ഞ് റീന മായയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. മകളുടെ സന്തോഷം കണ്ട് നെറ്റിയിൽ ഉമ്മ നൽകിയാണ് അമ്മ മായയെ റീനയുടെ വീട്ടിലേക്ക് യാത്രയാക്കിയത്. പക്ഷേ, ആ യാത്ര തന്റെ മകളുടെ അന്ത്യയാത്രയാണെന്ന് ആ പാവം അമ്മ അറിഞ്ഞിരുന്നില്ല. റീന നൽകിയ ചായയും, ഭക്ഷണവും സ്നേഹപ്രകടനങ്ങളും വിശ്വസിച്ച് മായ ആ വീട്ടിലെ ചതിക്കുഴിയിൽ വീണു. നിലവിളിക്കാൻ പോലും അനുവദിക്കാതെ തന്റെ ഉറ്റസുഹൃത്തിനെ റീന ക്രൂരമായി കൊലപ്പെടുത്തി.

മരണം ഉറപ്പാക്കിയ ശേഷം റീന ഒരു പിശാചിനെപ്പോലെ പെരുമാറി. തെളിവ് നശിപ്പിക്കാനായി അവൾ മായയുടെ ശരീരം കഷ്ണങ്ങളായി മുറിച്ചു. ഓരോ ഭാഗവും പ്ലാസ്റ്റിക് ചാക്കുകളിലാക്കി കെട്ടിപ്പൊതിഞ്ഞു. ഇരുട്ടിന്റെ മറവിൽ ആരും കാണാതെ റീന ആ സെപ്റ്റിക് ടാങ്കിന്റെ മൂടി മാറ്റി മായയുടെ അവശിഷ്ടങ്ങൾ ഓരോന്നായി അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞു. സ്ലാബ് തിരികെ വെക്കുമ്പോൾ അവൾ കരുതിയത് തന്റെ രഹസ്യങ്ങൾ ആ ഇരുട്ടിൽ എന്നെന്നേക്കുമായി മറഞ്ഞു എന്നാണ്.
​പിറ്റേന്ന് രാവിലെ മകളെ തിരക്കി വന്ന അമ്മയോട്,
“അവൾ പണവുമായി പോയല്ലോ വീട്ടിൽ ഇതുവരെ എത്തിയില്ലേ”
യാതൊരു ഭാവമാറ്റവുമില്ലാതെ റീന നുണ പറഞ്ഞു. തന്റെ മകളുടെ ശരീരം അഴുകിക്കൊണ്ടിരിക്കുന്ന ആ ടാങ്കിന് മുകളിൽ നിന്ന് ആ ക്രൂരയായ സ്ത്രീ കള്ളം പറയുമ്പോൾ, ആ അമ്മയുടെ ലോകം തകരുകയായിരുന്നു.
പലയിടത്തും അവർ മകളെ അന്വേഷിച്ചു എവിടെയും അവൾ ചെന്നിട്ടില്ല അവസാനം പോലീസിൽ പരാതിനൽകി.

സ്നേഹിച്ച ഹൃദയത്തേക്കാൾ മൂർച്ച ചതിച്ചവന്റെ കത്തിക്കുണ്ടെന്ന വലിയ സത്യം അവിടെ ബാക്കിയായി.
അമ്മയുടെ കണ്ണുനീരിനും മായയുടെ ആത്മാവിനും മുന്നിൽ ഒടുവിൽ നീതി ദേവത കണ്ണ് തുറന്നു. സൗഹൃദത്തിന്റെ മൂടുപടമിട്ട് ആസൂത്രിതമായി കൊലപാതകം നടത്തിയ റീനയെ നിയമം അതിന്റെ എല്ലാ കരുത്തോടും കൂടി നേരിട്ടു. മായയുടെ ശരീരഭാഗങ്ങൾ ഓരോന്നായി ആ സെപ്റ്റിക് ടാങ്കിലെ ഇരുട്ടിൽ നിന്ന് പുറത്തെടുത്തപ്പോൾ, റീന കെട്ടിപ്പൊക്കിയ നുണക്കഥകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു.
​സമൂഹ മനസ്സാക്ഷിയെ നടുക്കിയ ഈ ക്രൂരതയ്ക്ക് അർഹമായ ശിക്ഷ തന്നെ കോടതി വിധിച്ചു. തന്നെ വിശ്വസിച്ചവളെ കഷ്ണങ്ങളാക്കി മുറിച്ചു തള്ളിയ ആ കൈകളിൽ ഒടുവിൽ നിയമത്തിന്റെ ഇരുമ്പ് വിലങ്ങുകൾ വീണു. ജയിലഴികൾക്കുള്ളിൽ തന്റെ പാപങ്ങളുടെ ഭാരവുമായി കഴിയുമ്പോൾ, ആ രാക്ഷസിയുടെ ഉള്ളിൽ പശ്ചാത്താപമുണ്ടോ എന്നറിയില്ല. എങ്കിലും ആ അമ്മയുടെ നീറുന്ന ഹൃദയത്തിന് ആ വിധി ചെറിയൊരു ആശ്വാസമായി. ചതി എത്ര ആഴത്തിൽ കുഴിച്ചുമൂടിയാലും സത്യം ഒരുനാൾ പുറത്തുവരുമെന്ന് ഈ നീതിപീഠത്തിന്റെ വിധി ലോകത്തിന് കാട്ടിക്കൊടുത്തു.

മാഗ്ളിൻ ജാക്സൻ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com