Saturday, June 13, 2026
Homeഅമേരിക്കതിളക്കം കുറയാത്ത താരങ്ങൾ (35) 'ഫിലോമിന: മലയാള സിനിമയിലെ വ്യത്യസ്തമായ മുത്തശ്ശി മുഖം' ✍ സുരേഷ്...

തിളക്കം കുറയാത്ത താരങ്ങൾ (35) ‘ഫിലോമിന: മലയാള സിനിമയിലെ വ്യത്യസ്തമായ മുത്തശ്ശി മുഖം’ ✍ സുരേഷ് തെക്കീട്ടിൽ

ഫിലോമിന:
മലയാള സിനിമയിലെ വ്യത്യസ്തമായ മുത്തശ്ശി മുഖം.
————————————————–

മലയാള സിനിമ ബ്ലാക്ക് ആൻറ് വൈറ്റിൽ വിരാജിച്ചിരുന്ന കാലം. സാധാരണക്കാരൻ്റെ എറ്റവും പ്രിയപ്പെട്ട വിനോദ ഉപാധിയായി, കാഴ്ചകളിൽ അവന്റെ കയ്യെത്തും ദൂരത്തെ അത്ഭുതമായി സിനിമ വളർന്നു വന്ന് മുന്നിൽ നിന്ന കാലം. അന്നേ പ്രേക്ഷകരിൽ പതിഞ്ഞ അമ്മ മുഖമാണ് ഫിലോമിന എന്ന നടി.സിനിമയുടെ വളർച്ചയ്ക്കാപ്പം ഇവരും നടന്നു. സിനിമയുടെ ഓരോ കുതിപ്പിലും ഒട്ടും കിതക്കാതെ തന്നെ ആ സജീവമായ യാത്ര തുടർന്നു. സിനിമ വർണങ്ങളിലേക്ക് കൂടുമാറിയപ്പോഴും കൂടുതൽ ശക്തിയോടെ പ്രാധാന്യത്തോടെ ഫിലോമിനയും കൂടെയുണ്ടായിരുന്നു. കുടുംബ സ്നേഹിയായ നല്ല മുത്തശ്ശിയായും കുടുബം കലക്കുന്ന ലക്ഷണം കെട്ട മുത്തശ്ശിയായും വിവിധ ചിത്രങ്ങളിൽ നാം ഈ നടിയെ കണ്ടു. ഏത് കഥാപാത്രമായാലും ഒരേ പോലെ ആ അഭിനയം നാം ആസ്വദിച്ചു.

“എന്തെടാ ചെക്കാ നിനക്ക് വേണ്ടത്, നിർത്തെടി… ആരാടി നിൻ്റെ തള്ള… നിന്നെ കണ്ടാൽ എൻ്റെ തള്ളയാന്ന് തോന്നുലോ, വേഷം കെട്ടി …… നടന്നാൽ അന്തസ്സുണ്ടാവില്ലെടി. അതിന് നല്ല കുടുംബത്തിൽ ജനിക്കണം ”
“ഇവനാള് ശരിയല്ല. ഇവൻ്റെ ഉണ്ടക്കണ്ണ് കണ്ടാൽ തന്നെ കള്ള ലക്ഷണംണ്ട് ” എന്നൊക്കെ സാഹചര്യവും സന്ദർഭവുമുൾക്കൊണ്ട് ഇത്ര ഭംഗിയായി പറയാൻ വേറാരുണ്ട്. അത്തരം കഥാപാത്രങ്ങളെ മറ്റൊരാൾക്കും ഇത്ര ഗംഭീരമായി അവതരിപ്പിക്കാൻ സാധിക്കില്ല എന്ന് ഏവരിലും തോന്നിപ്പിക്കും വിധം ഫിലോമിന മിഴിവു പകർന്നു കൊണ്ടേയിരുന്നു.

ഇവരിലൂടെ നാം കണ്ട കഥാപാത്രങ്ങളെല്ലാം നമുക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വിധം നമ്മുടെ ബോധ മനസ്സിലും അബോധ മനസ്സിലും ലയിച്ചു ചേർന്നിരുന്നു എന്നതാണ് വാസ്തവം.ആ പേര് കേൾക്കുമ്പോൾ തന്നെ വിവിധ സിനിമകളിലെ ഇത്തരം എത്രയെത്ര സംഭാഷണങ്ങളാണ് നമ്മിലൂടെ കടന്നു പോകുന്നത്. വർഷങ്ങൾ മുമ്പു കണ്ട സിനിമയിലെയാണെങ്കിലും ആ രംഗങ്ങൾ അന്നു കണ്ട അതേ തെളിമയോടെ നമ്മുടെ മനസ്സിൽ നിറയും. അത്തരം ഒട്ടേറെ കഥാപാത്രങ്ങൾക്ക് രൂപം കൊണ്ടും ഭാവം കൊണ്ടും ചലനം കൊണ്ടും അവർ പൂർണത നൽകി. കുനിട്ടും പോരും കാട്ടുന്ന പോരടിക്കുന്ന സ്ത്രീകളായി വരുമ്പോൾ പ്രകടമാക്കുന്ന അതേ മികവ് നിസ്സഹായത നിറഞ്ഞ പാവം സ്ത്രീകളെ അവതരിപ്പിക്കുമ്പോഴും ഫിലോമിന പ്രകടമാക്കി.

നമ്മുടെ വീട്ടിലോ, കുടുംബത്തിലോ, ഗ്രാമത്തിലോ ഫിലോമിന അവതരിപ്പിച്ച കഥാപാത്രങ്ങളെ പോലെ ഒരാൾ ജീവിച്ചിട്ടുണ്ടാകുമെന്നതിലോ ഇത്തരമൊരാളെ നാം കടന്നു വന്ന വഴികളിലെ വിടെയൊക്കെയോ നാം കണ്ടുമുട്ടിയിട്ടുണ്ടാകുമെന്നതിലോ നമുക്ക് തർക്കമേ ഉണ്ടാകില്ല. നമ്മൾ നടന്നു പോകുന്നതിനിടയിൽ എവിടെയെങ്കിലും അത്തരമൊരാൾ “നിക്കെടാ ചെക്കാ അവിടെ ” എന്ന് ഉറക്കെപറഞ്ഞ് മുന്നിലേക്ക് വരുന്നതും ശകാരിക്കുന്നതുമായി എപ്പോഴെങ്കിലും നമുക്ക് തോന്നിയിട്ടുമുണ്ടാകും.
അത് അവരുടെ അഭിനയത്തിൻ്റെ സ്വാഭാവികതയിൽ നിന്നുണ്ടാകുന്ന പ്രത്യേകത തന്നെയാണ്.

വെങ്കലത്തിലെ അച്ഛമ്മ, കുടുംബപുരാണത്തിലെ കുഞ്ഞമ്മ, ഹരിഹർ നഗറിലെ മുത്തശ്ശി തുടങ്ങി നിത്യജീവിതത്തിൽ നിന്നും പറിച്ചെടുത്തു വെള്ളിത്തിരയിൽ പതിപ്പിച്ച എത്രയെത്ര വേഷങ്ങൾ . പേരുള്ളതും പേരില്ലാത്തതും എന്നാൽ ഫിലോമിന അഭിനയിച്ച് എക്കാലത്തേക്കും പേരും പെരുമയും ഉണ്ടാക്കി കൊടുത്തതുമായ എത്രയെത്ര കഥാപാത്രങ്ങൾ.

മഴവിൽക്കാവടിയിൽ നായകൻ വേലായുധൻ കുട്ടിയോടൊപ്പം സഞ്ചരിക്കവേ സൈക്കിളിൽ നിന്നും വീണ നായിക കാമുകനായ നായകനെ കുറ്റപ്പെടുത്തുന്നു

“കുട്ടേട്ടൻ വെട്ടിക്കും എന്നാ ഞാൻ കരുതിയത്:

” ഉടൻ നായകൻ്റെ മുത്തശ്ശിയുടെ മറുപടി വരുന്നു .
“അവന് വെട്ടിക്കാനറിയില്ല. അറിഞ്ഞിരുന്നെങ്കിൽ നീയെന്നേ ഈ വീട്ടിൽ എത്തിയേനെ.”

പ്രാദേശിക വാർത്തകൾ എന്ന സിനിമയിൽ പപ്പുവിൻ്റേയും ഫിലോമിനയുടേയും കഥാപാത്രങ്ങൾ പണ്ട് പ്രണയബദ്ധരായിരുന്നു എന്ന് സൂചന നൽകുന്ന രംഗങ്ങൾ പ്രേക്ഷകർ കയ്യടികളോടെയാണ് സ്വീകരിച്ചത്. അവർ തമ്മിൽ സംഭാഷണങ്ങളില്ല. കാണുമ്പോൾ ഒരു നോട്ടം പിന്നെ ഒരു മ്യൂസിക്കും. അത് ധാരാളം മതിയായിരുന്നു പ്രേക്ഷകരിലേക്ക് ആ നഷ്ടപ്രണയം കൃത്യതയോടെ പകരാൻ .

മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു കഥാപാത്രങ്ങൾ പോലെ തന്നെ നാടൻ വേഷങ്ങളും പരിഷ്കാരി വേഷങ്ങളും എല്ലാം ഒന്നുപോലെ ചേരുന്ന നടി.ഭരതൻ്റേയും പത്മരാജൻ്റേയും ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്യാൻ അവസരം ലഭിച്ച ഫിലോമിനയുടെ തലവര മാറ്റി വരയ്ക്കും വിധം ഹാസ്യരസപ്രധാനമായ വേഷങ്ങളിലേക്ക് തിരിച്ച് വിട്ടത് സത്യൻ അന്തിക്കാടായിരുന്നു എന്നു പറയാം.”മണ്ടൻമാർ ലണ്ടനിൽ ” എന്ന ചിത്രം ആ മാറ്റത്തിന് തുടക്കം കുറിച്ചു.
ചുരം, ചാട്ട, ഉപ്പുകണ്ടം ബ്രദേഴ്സ്’, കാക്കോത്തിക്കാവിലെ അപ്പുപ്പൻ താടികൾ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, കിരീടം, മഹായാനം, മാലയോഗം വിയറ്റ്നാം കോളനി,തുടങ്ങി പ്രത്യേകം പരാമർശിക്കപ്പെടാൻ യോഗ്യമായ ധാരാളം സിനിമകൾ. മലയാളത്തിലെ ഒരു വിധം എല്ലാ സംവിധായകരും ഈ നടിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തി. കമൽ, സിബിമലയിൽ, സത്യൻ അന്തിക്കാട് എന്നീ ജനപ്രിയ സംവിധായകരുടെ ചിത്രങ്ങളിൽ വേഷമിടുമ്പോൾ
ഫിലോമിനയ്ക്കായി എഴുതപ്പെട്ട വേഷങ്ങൾ എന്ന തോന്നൽ വരെ ആസ്വാദകരിലുണ്ടായി.

1926 ൽ അന്ന് ബ്രീട്ടീഷ് ഭരണത്തിൻ കീഴിലുള്ള മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായ മലബാർ ജില്ലയിലുൾപ്പെട്ട മുള്ളൂർക്കരയിൽ പുതിയവീട്ടിൽ ദേവസിയുടെയും മറിയയുടെയും മകളായാണ് ഫിലോമിനയുടെ ജനനം. പന്ത്രണ്ടാം വയസ്സിൽ പിതാവിന്റെ മരണശേഷം ജീവിതം പ്രയാസത്തിലെത്തി യപ്പോൾ നാടകത്തിൽ പാടുവാൻ പോയി. പിന്നീട് നാടകാഭിനയത്തിൽ സജീവമായി. വിവാഹിതയായി എങ്കിലും ഭർത്താവ് ആൻ്റണി അധികം താമസിയാതെ മരണപ്പെട്ടു. ഏക മകൻ ജോസഫിന് അന്ന് മൂന്നു വയസ്സായിരുന്നു പ്രായം

പിന്നീട് നാടകം ജീവിതമാർഗ്ഗമായി തന്നെ മാറി. 1964 ൽകൃഷ്ണൻ നായർ സംവിധാനം ചെയ്ത “കുട്ടിക്കുപ്പായ “ത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. നാടകരംഗത്തെ പരിചയം സിനിമയിൽ നന്നായി പ്രയോജനപ്പെട്ടു. സത്യൻ, നസീർ തുടങ്ങി മലയാള, സിനിമയിലെ അക്കാലത്തെ എന്നല്ല എക്കാലത്തെയും നായകനടന്മാരുടെ അമ്മയായി ഒരുപാട് ചിത്രങ്ങളിൽ വേഷമിട്ടു..

ആദ്യ അവാർഡ് തേടിയെത്തുന്നത് 1970 ലാണ് തുറക്കാത്ത വാതിൽ ,ഓളവും തീരവും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നു ഏറ്റവും മികച്ച സഹനടിക്കുള്ള ഈ അംഗീകാരം . കുടുംബ ബന്ധങ്ങളേയും വിശ്വാസങ്ങളേയും ഗ്രാമ സ്വഭാവങ്ങളേയുമെല്ലാം ഒരു കവിത പോലെ മനസ്സിൽ തട്ടും വിധം വരച്ചിട്ട ലോഹിതദാസിൻ്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത തനിയാവർത്തനം എന്ന സിനിമയിലെ മുത്തശ്ശിയിലൂടെ 1987 ൽ വീണ്ടും പുരസ്ക്കാരം ഫിലോമിനയിലേക്കെത്തി. ദീർഘമായ അഭിനയ ജീവിതത്തിനിടയിൽ 750 സിനിമകളിൽ അവർ വേഷമിട്ടു.

അതിശക്തമായ ഒട്ടേറെ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചുവെങ്കിലും അതിൽ മലയാളം എന്നും ഹൃദയത്തിൽ സൂക്ഷിച്ചുവയ്ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതിനെല്ലാം ഏറ്റവും മുകളിൽ നിൽക്കുന്ന ഒരു കഥാപാത്രത്തെ ലഭിച്ചത് 1991ലാണ്. സിദ്ദിഖ് ലാൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത “ഗോഡ് ഫാദർ ” എന്ന സിനിമ മലയാള സിനിമയിൽ ചരിത്രം സൃഷ്ടിച്ചപ്പോൾ ആ ചരിത്രത്തിൻ്റെ പ്രധാന ഭാഗമായി മാറാൻ ഫിലോമിനയ്ക്കായി. കാവുംപാട്ടെ കുറുപ്പുമാരെ നിയന്ത്രിച്ചിരുന്ന വരച്ചവരയിൽ നിർത്തിയിരുന്ന ആ കുടുംബത്തിലെ അവസാന വാക്കായി നിന്ന “പെരുവണ്ണാപുരത്തിലെ വിശേഷത്തി”ലെ കഥാപാത്രത്തിലുടെ ഫിലോമിന അതുവരെ കാര്യമായി പ്രകടിപ്പിക്കാൻ അവസരം കിട്ടാതെ തന്നിൽ ഒളിഞ്ഞു കിടന്നിരുന്ന തീർത്തും വ്യത്യസ്തമായ അഭിനയ ഗാംഭീര്യത്തിന് മുമ്പേ അടിത്തറയിട്ടു വെച്ചിരുന്നെങ്കിലും അതിൻ്റെ പൂർണ രൂപവും ഭാവവും പ്രകടമാക്കുന്ന സ്വഭാവ വിശേഷമുള്ള മറ്റൊരു കഥാപാത്രം ഗോഡ്ഫാദറിലെ ,ആനപ്പാറ അച്ചാമയിലൂടെ എത്തുകയാണുണ്ടായത്.

പ്രദർശനത്തിൽ റെക്കോർഡ് സൃഷ്ടിച്ച ഗോഡ് ഫാദർ കേരളത്തിലെ തിയേറ്ററുകളിൽ നിറഞ്ഞാടിയപ്പോൾ അതുവരെ കേരളം ദർശിക്കാത്ത മഹാ തരംഗമായി ഈ സിനിമ മാറിയപ്പോൾ ഫിലോമിന അവതരിപ്പിച്ച “ആനപ്പാറ അച്ചാമ” നാടാകെ ചർച്ചയായി.ആ സിനിമയിൽ പ്രധാന കഥാപാത്രമായി വന്നത് നാടകാചാര്യൻ എൻ. എൻ .പിള്ളയായിരുന്നല്ലോ. അദ്ദഹം അവതരിപ്പിച്ച ഉശിരനും ധീരനും വാശിക്കാരനും പോക്കിരിയുമായ അഞ്ഞൂറാനോടൊപ്പം അതേ ഉശിരും വാശിയുള്ള അച്ചാമ എതിരാളിയായി തലയുയർത്തി നിന്നു. അഞ്ഞൂറാനെ പോലെ അച്ചാമയും സിനിമയുടെ വൻ വിജയത്തിന് പ്രധാന ഘടകമായപ്പോൾ എല്ലാ വിലയിരുത്തലുകൾക്കും അപ്പുറത്തേക്ക് ഫിലോമിനയിലെ നടി തലയെടുപ്പോടെ നിന്നു.

ചടുലവും അതിരസകരവുമായ അനവധി കഥാപാത്രങ്ങൾക്ക് തൻ്റെ സംഭാഷണ രീതി കൊണ്ടും പ്രത്യേകത നിറഞ്ഞ ശരീരഭാഷ കൊണ്ടും അനശ്വരത സമ്മാനിച്ച ഫിലോമിന തൻ്റെ എൺപതാം വയസ്സിൽ 2006 ജനുവരി 2ന് വിടവാങ്ങി. ഫിലോമിനിക്ക് പകരം നിൽക്കാൻ ഒരു നടി മലയാള സിനിമയിൽ പിന്നെ വന്നോ.
ഇല്ല. ഇനി വരുമോ? ഇല്ലെന്നു പറയുന്നത് ശരിയല്ലാത്തതിനാൽ മാത്രം അത് പറയുന്നില്ല . എന്നാലും ഉള്ളിൽ ഒരു തോന്നൽ ഇനി അങ്ങനെ ഒരാൾ വരില്ലെന്ന്. വരാനില്ലെന്ന് . സത്യം. അത്രമേൽ ആ നടി തൻ്റെ കഥാപാത്രങ്ങളെ ജനഹൃദയങ്ങളിൽ പതിപ്പിച്ചിരുന്നു. ഫിലോമിന എന്ന മികച്ച അഭിനേത്രിയുടെ ഒരിക്കലും മങ്ങാത്ത ഓർമകൾക്ക് മുന്നിൽ പ്രണാമം.

സുരേഷ് തെക്കീട്ടിൽ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com