ലേഖകനെക്കുറിച്ച് ഒരു വാക്ക്:
പ്രശാന്ത് വാസുദേവ്:-
കവിയും ഗാന രചയിതാവും കഥാകൃത്തും ഒക്കെയായ എഴുത്തുകാരൻ.
25 വർഷത്തെ സേവനത്തിനു ശേഷം കേരള ടൂറിസം വകുപ്പിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ ആയി 2023 ൽ സ്വയം വിരമിച്ചു.
‘മൊബൈൽ രാത്രിഗീതങ്ങൾ’ എന്ന ആദ്യത്തെ കവിതാസമാഹാരം ഒലീവ് പബ്ലിഷ് ചെയ്തു.
കലാകൗമുദിയിൽ നിരവധി കവിതകൾ എഴുതിയിട്ടുണ്ട്.
മനോരമ , മാതൃഭൂമി ഓൺലൈനിൽ ടൂറിസം, ട്രാവൽ സംബന്ധമായ ലേഖനങ്ങൾ ഇപ്പോഴും എഴുതുന്നു.
എഫ്ബിയിൽ സജീവമാണ്.
ഒരു മാസം കൊണ്ട് ഗൗരവതരമായ എഴുത്തുകൾക്ക് ഒരു കോടിയിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് പേരൂർക്കടയിൽ സിവിൽ സ്റ്റേഷന് സമീപം താമസം.
ടൂറിസം , സിനിമ എന്നിവ പാഷൻ.
ടൂറിസത്തിൽ ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ബിരുദം നേടിയിട്ടുണ്ട്.
ഇപ്പോൾ കേരളത്തിലെ പ്രമുഖ ടൂറിസം കൺസൾട്ടന്റാണ്.
ഈ അനുഗ്രഹീത എഴുത്തുകാരൻ ഇനിമുതൽ നമ്മോടൊപ്പം മലയാളി മനസ്സിലും..
Open up ആകണോ..? (ലേഖനം)
ജീവിതത്തിൽ നമ്മൾ എല്ലാം എല്ലാവരോടും വെളിപ്പെടുത്താൻ ബാധ്യസ്ഥരാണോ ?
അല്ല എന്നാണ് സൈക്കോളജിസ്റ്റുകൾ പറയുന്നത്.
Self respect അഥവാ ‘സ്വയം ബഹുമാനം’ നമുക്കുണ്ടായിരിക്കണം.
വായിച്ചറിഞ്ഞ ചില ചിന്തകൾ പങ്കുവയ്ക്കുന്നു.
പൊതുവേ ഞാൻ ഉൾപ്പെടെ നമ്മുടെ ഒരു ആകാംക്ഷയാണ് നമ്മൾ പരിചയപ്പെടുന്ന ഒരാൾ കല്യാണം കഴിച്ചതാണോ മക്കളുണ്ടോ എന്നൊക്കെ.
അതിന് നമുക്ക് നമ്മുടേതായ കാരണങ്ങൾ ഉണ്ടാകും.
പക്ഷേ മറുഭാഗത്തെ ആളിന് അത് പറയാതിരിക്കാനുള്ള നൂറ് കാരണങ്ങൾ വേറെ ഉണ്ടാകും.
അത് നമ്മൾ മനസ്സിലാക്കുന്നില്ല.
അപ്പോൾ അത്തരം ചോദ്യങ്ങൾ ഒഴിവാക്കാനുള്ള മനസ്സ് നമുക്കുണ്ടായിരിക്കണം.
അതിനുള്ള ഉത്തരം തരാതിരിക്കാൻ ഉള്ള അവകാശം അവർക്കുണ്ട് എന്നറിഞ്ഞിരിക്കുകയും വേണം.
മറ്റൊന്ന് ജീവിതത്തിൽ നാം നൽകുന്ന മുൻഗണനകളാണ്.
നമ്മുടെ മുൻഗണന ചിലപ്പോൾ നമുക്കായിരിക്കാം, നമ്മുടെ കുടുംബത്തിനായിരിക്കാം, അങ്ങനെ പലതുമായിരിക്കാം.
അതൊന്നും ഒരു ചോദ്യത്തിന് മുമ്പിലും നമ്മൾ വെളിപ്പെടുത്തേണ്ട കാര്യമില്ല.
മറ്റൊന്ന് ‘NO’ എന്ന വാക്കിൻറെ പ്രാധാന്യമാണ്.
ഒരു കാരണവും കൂടാതെ ‘നോ’ എന്ന് പറയാൻ നമുക്ക് കഴിയണം എന്നാണ് സൈക്കോളജിസ്റ്റുകൾ പറയുന്നത്.
അത് നമ്മുടെ അവകാശമാണ് .
പക്ഷേ അസ്ഥാനത്തു കയറി ‘നോ’ പറയാൻ ഞാൻ ശുപാർശ ചെയ്യില്ല!
നോ പറയേണ്ട സന്ദർഭങ്ങളിൽ അതു പറഞ്ഞിരിക്കണം.
അത്തരം സന്ദർഭങ്ങളെ നമ്മൾ തന്നെയാണ് തിരിച്ചറിയേണ്ടത്.
നമ്മൾ പലപ്പോഴും ഒരുപാട് പിരിമുറുക്കങ്ങളിലൂടെ, ഉത്കണ്ഠകളിലൂടെ കടന്നു പോകുന്നവർ ആയിരിക്കാം.
പക്ഷേ അതൊക്കെ എല്ലാവരോടും വെളിപ്പെടുത്തേണ്ട കാര്യമില്ല.
നമുക്ക് ആശ്വാസം കിട്ടും, പരിഹാരം കിട്ടും എന്ന് ഉത്തമ ബോധ്യമുള്ള ഇടങ്ങളിൽ
അത് വെളിപ്പെടുത്താം.
ഒന്നും സമൂഹത്തോട് പൊതുവായി പറയേണ്ട കാര്യമില്ല.
നമ്മുടെ പണം നമ്മൾ ചെലവഴിക്കുന്നത് എങ്ങനെയാണെന്നോ നമ്മുടെ സമയം നമ്മൾ ചെലവഴിക്കുന്നത് എങ്ങനെയാണെന്നോ മറ്റുള്ളവർ അറിയേണ്ട ഒരു കാര്യവുമില്ല.
അത്തരം ചോദ്യങ്ങൾക്ക് നേരെ നിസ്സംശയം വാതിൽ കൊട്ടിയടയ്ക്കുക.
സ്ത്രീകൾ മുടി സ്ട്രെയിറ്റൻ ചെയ്യുമ്പോൾ, നീളം കുറയ്ക്കുമ്പോൾ ഒക്കെ എന്തിനാണത് ചെയ്തത് എന്ന് ചോദിക്കുന്ന ചിലരുണ്ട് !
അതെങ്ങനെയാണ് അവരുടെ വിഷയമാകുന്നത്!
എന്തിനാണ് നിങ്ങൾ അതിന് മറുപടി പറയാൻ പോകുന്നത്?
ഇനി മറുപടി പറയേണ്ടി വന്നാൽ ‘ എനിക്കങ്ങനെ തോന്നി ഞാൻ ചെയ്തു.’ എന്നു പറഞ്ഞാൽ പിന്നെ ആ ചോദ്യം അവർ മറ്റാരോടും ചോദിച്ചു എന്ന് വരില്ല.
അതൊന്നും അഹങ്കാരത്തിന്റെ പട്ടികയിൽ പെടുത്തേണ്ട കാര്യമില്ല.
നമ്മുടെ ജീവിത ശൈലിയിൽ നമ്മൾ വരുത്തുന്ന മാറ്റങ്ങൾ പ്രകടമാകുമ്പോൾ അതിൽ സമൂഹം അസ്വസ്ഥപ്പെടേണ്ട കാര്യമോ ആകുലപ്പെടേണ്ട കാര്യമോ ഇല്ലല്ലോ!
ചുരുക്കത്തിൽ നമ്മുടെ മുൻഗണനകൾ, നമ്മുടെ ജീവിതശൈലി , നമ്മുടെ സ്വകാര്യത ഇതൊന്നും ഒരിക്കലും ഒരു തുറന്ന പുസ്തകം അല്ല.
അതൊന്നും ഒരു പൊതു വിഷയമല്ല!
അത് ചൂഴ്ന്നറിയാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ നമ്മൾ കീഴടങ്ങേണ്ടതുമില്ല.
അവർ നമ്മളെപ്പറ്റി മോശം പറഞ്ഞോട്ടെ.
അത് വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ.
അപ്പോഴും നമ്മൾ നമ്മുടെ ശരികളിൽ തുടരുക.
പക്ഷേ ,
നമ്മുടെ ശരികളിൽ നമുക്ക് എപ്പോഴും സംശയമുണ്ടായിരിക്കണം.
ആ സംശയം നമ്മൾ സ്വയം ഉന്നയിച്ചു തീർക്കുകയോ നമുക്ക് വിശ്വാസമുള്ളവരോട് സംസാരിച്ചു ഉത്തരം കണ്ടെത്തുകയോ ആകാം.
അല്ലാതെ നമ്മളെ എല്ലാവർക്കും മുന്നിൽ തുറന്നുകാണിക്കേണ്ട ബാധ്യത നമുക്കില്ല.
💙💙നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💙💙
പ്രശാന്ത് വാസുദേവ്✍
(മുൻ ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടൻ്റ്)




👍
തുടക്കം ഗംഭീരം.
തീർച്ചയായും നോ പറയാൻ കഴിയാത്തതാണ് പല പ്രശ്നങ്ങൾക്കും കാരണം
ചിന്തോദീപകമായ അറിവുകൾക്ക് നന്ദി 👍