പോപ്കോൺ ബ്രെയിൻ സിൻഡ്രോം –
ഡിജിറ്റൽ യുഗത്തിന്റെ പുതിയ മാനസിക വെല്ലുവിളി
——————————————————-
ഇന്നത്തെ ഡിജിറ്റൽ ജീവിതരീതിയിൽ സോഷ്യൽ മീഡിയ, റീൽസ്, ഷോർട്ട് വീഡിയോകൾ, ടിക് ടോക്ക്, ഗെയിമുകൾ എന്നിവ മനുഷ്യരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.
ഇത്തരം വിനോദങ്ങൾ വളരെ വേഗത്തിൽ തലച്ചോറിൽ സന്തോഷവും ആവേശവും സൃഷ്ടിക്കുന്ന “ഫാസ്റ്റ് ഡോപ്പമിൻ” ഉത്തേജനങ്ങൾ നൽകുന്നു.
ഡോപ്പമിൻ എന്ന ന്യൂറോകെമിക്കൽ മനുഷ്യന്റെ സന്തോഷവും ആവേശവും നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ്.
അമിതമായ ഡിജിറ്റൽ ഉപയോഗം മൂലം തലച്ചോറ് നിരന്തരം ഉത്തേജിതാവസ്ഥയിൽ തുടരുന്നു. പതിയെ പതിയെ അതിനോട് അടിമപ്പെടാൻ തുടങ്ങുന്നു. ഈ അവസ്ഥയെയാണ് “പോപ്കോൺ ബ്രെയിൻ സിൻഡ്രോം” എന്ന് വിളിക്കുന്നത്.
തലച്ചോറ് സ്ഥിരമായി ഉത്തേജിതാവസ്ഥയിൽ നിലനിൽക്കുന്നതിന്റെ ഫലമായി ശ്രദ്ധയും ചിന്തകളും ഒരു കാര്യത്തിൽ നിന്ന് മറ്റൊന്നിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കും.
ഫോണിൽ നിരന്തരം വീഡിയോകളും റീൽസും ഗെയിമുകളും കാണുന്ന ശീലം തലച്ചോറിനെ വേഗത്തിലുള്ള വിവരശേഖരണ രീതിയിലേക്ക് പരിശീലിപ്പിക്കുന്നു.
പിന്നീട് യഥാർത്ഥ ജീവിതത്തിലെ സാധാരണ പ്രവർത്തനങ്ങൾ പോലും വിരസമായി തോന്നുന്ന അവസ്ഥയിലേക്ക് നമ്മൾ എത്തിച്ചേരുന്നു .
2011-ൽ വാഷിംഗ്ടൺ സർവകലാശാലയിലെ ഗവേഷകനായ David Levy ആണ് “പോപ്കോൺ ബ്രെയിൻ സിൻഡ്രോം” എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
ചൂടാകുമ്പോൾ പോപ്കോൺ പൊട്ടിത്തെറിച്ച് ചിതറുന്നതുപോലെ, ഈ അവസ്ഥയിലുള്ളവരുടെ ചിന്തകളും ശ്രദ്ധയും സ്ഥിരതയില്ലാതെ മാറിക്കൊണ്ടിരിക്കും എന്ന ആശയത്തിലാണ് ഈ പേര് രൂപപ്പെട്ടത്.
നോട്ടിഫിക്കേഷനുകൾ, ലൈക്കുകൾ, കമന്റുകൾ, പുതിയ വീഡിയോകൾ എന്നിവ തലച്ചോറിന് ചെറിയ ചെറിയ സന്തോഷാനുഭവങ്ങൾ നൽകുന്നു.
ഓരോ തവണയും ഫോൺ പരിശോധിക്കുമ്പോൾ തലച്ചോറിൽ ചെറിയ അളവിൽ ഡോപ്പമിൻ പുറപ്പെടുവിക്കപ്പെടുന്നു. ഇതാണ് വീണ്ടും വീണ്ടും ഫോൺ പരിശോധിക്കാനുള്ള പ്രവണത വർധിപ്പിക്കുന്നത്.
ഈ ശീലം ശക്തമാകുമ്പോൾ ദൈർഘ്യമേറിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും.
ഇത്തരം അവസ്ഥയിൽ പുസ്തകം വായിക്കുക, പഠിക്കുക, ദൈർഘ്യമേറിയ വീഡിയോകൾ കാണുക, ക്ഷമയോടെ ജോലി ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ മടുപ്പും ക്ഷീണവും ഉണ്ടാക്കുന്നതായി തോന്നാം.
കാരണം, തലച്ചോറ് അതിവേഗ ഉത്തേജനങ്ങൾക്ക് മാത്രം പരിചിതമാകുന്നതിനാൽ സാധാരണ വേഗതയിലുള്ള പ്രവർത്തനങ്ങളിൽ താൽപ്പര്യം കുറയുന്നു.
ദിവസത്തിൽ ദീർഘസമയം സ്ക്രീനുകൾ ഉപയോഗിക്കുന്നവരിൽ ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നു.
പ്രത്യേകിച്ച് കുട്ടികളിലും ടീനേജുകാരിലും ഇതിന്റെ സ്വാധീനം കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും മുതിർന്നവരും ഇതിൽ നിന്ന് പൂര്‍ണമായി ഒഴിവല്ല.
പ്രധാന ലക്ഷണങ്ങൾ-
പോപ്കോൺ ബ്രെയിൻ സിൻഡ്രോമിന്റെ പ്രധാന ലക്ഷണങ്ങളിൽ ശ്രദ്ധക്കുറവ്, ക്ഷമയില്ലായ്മ, പഠനത്തിലും ജോലിയിലും ഏകാഗ്രത നഷ്ടപ്പെടുക എന്നിവ ഉൾപ്പെടുന്നു.
മുൻപ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിൽ പോലും താൽപ്പര്യം കുറയാം. ചിലരിൽ തലവേദന, അസ്വസ്ഥത, ചെറിയ കാര്യങ്ങൾ മറക്കുക, ഓർമ്മശക്തി കുറയുക തുടങ്ങിയ പ്രശ്നങ്ങളും കാണപ്പെടാം.
യഥാർത്ഥ ജീവിതത്തിലെ പ്രവർത്തനങ്ങൾ വിരസമായി തോന്നുന്നതും ഒരു പ്രധാന കാരണമാണ്.
(പോപ്കോൺ ബ്രെയിൻ സിൻഡ്രോം – പ്രതിവിധികളും പരിഹാരവും. അടുത്ത ഭാഗത്തിൽ)




very informative article 🥳🎉💐🌹❤️
നല്ലറിവുകൾ
നല്ല അറിവ്