Monday, May 18, 2026
Homeഅമേരിക്കപഴയ ഹിറ്റ് ഗാനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം .... (2) അതിശയരാഗത്തിന്റെ ഓർമ്മകൾ.. ✍ തയ്യാറാക്കിയത്:...

പഴയ ഹിറ്റ് ഗാനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം …. (2) അതിശയരാഗത്തിന്റെ ഓർമ്മകൾ.. ✍ തയ്യാറാക്കിയത്: രവിമേനോൻ.

യേശുദാസിനെ കുറിച്ചുള്ള ലേഖനങ്ങൾ സമാഹരിച്ച് ഒരു പുസ്തകമാക്കിക്കൂടേ എന്ന് ആദ്യം ചോദിച്ചത് ഒ എൻ വി സാറാണ്. “അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ” എന്ന പാട്ടിന്റെ ശബ്ദലേഖനം നിർവഹിച്ച തരംഗിണിയിലെ റെക്കോർഡിസ്റ്റ് കരുണാകരനെക്കുറിച്ചുള്ള ലേഖനം വായിച്ചു വിളിച്ചതായിരുന്നു കവി.

“അതിശയരാഗം” എന്ന പുസ്തകത്തിന്റെ പിറവി ആ ചോദ്യത്തിൽ നിന്നാണ്.

ആ ലേഖന സമാഹാരത്തിന് മനോഹരമായ ഒരു പ്രവേശിക എഴുതിത്തന്ന ഒ എൻ വിയുടെ ഈ വാക്കുകൾ എനിക്ക് അമൂല്യം:

“മരുഭൂമിയിലൂടെ ഒട്ടകം നടന്നുപോയ വഴി, അതിന്റെ കാല്പാടുകളിലൂടെ നാം വായിച്ചറിയുന്നു. കാറ്റു പോലും അതിന്റെ നിരന്തര സഞ്ചാരത്തിന്റെ കഥ ആ മണൽവിരിപ്പിൽ ഏതോ സംഗീതത്തിന്റെ തരംഗങ്ങൾ പോലെ കുറിച്ചിടുന്നു. മുറ്റത്തെ മാവിൻചുവട്ടിൽ വീണുകിടക്കുന്ന ഒരു കിളിത്തൂവൽ, അവിടെ ഏതോ ഒരു പക്ഷി വന്നുപോയതിന്റെ വാർത്താ കുറിപ്പാവുന്നു. എന്നാൽ തിരിച്ചറിയാനുള്ള അടയാളങ്ങളൊന്നും അവശേഷിപ്പിക്കാതെ കടന്നുപോകുന്നവരുണ്ട്. അവർ നമ്മുടെ ഹൃദയത്തിൽ നിക്ഷേപിച്ചു പോകുന്നതോ ? വിലമതിക്കാനാവാത്ത നിധികൾ !

കൗമാരകാലത്ത് എന്റെ ഹൃദയത്തിൽ താനേ കടന്നിരുന്ന `സോജാ രാജകുമാരി’ മുതൽ `സുഹാനി രാത്’ വരെ എത്രയോ ചലച്ചിത്ര ഗാനങ്ങളുണ്ട്. കഷ്ടിച്ച് അതിന് ഹൃദയഹാരിയായ ശബ്ദം നൽകിയവരുടെ പേരറിയാം എന്നല്ലാതെ, അതിന് ഈണം കൊണ്ട് കാന്തികശക്തി പകർന്നവരെ കുറിച്ചോ ഏതു ജീവിത കഥാ സന്ദർഭത്തിന് വേണ്ടിയാണത് പിറവി കൊണ്ടതെന്നതിനെ പറ്റിയോ ഒന്നും ശരിക്ക് അറിയാൻ അവസരം ഉണ്ടായിട്ടില്ല.

പൂവിന്റെ സൗന്ദര്യവും സൗരഭ്യവുമൊക്കെ നാം ആസ്വദിക്കുന്നു. ആസ്വാദനം ഒരു ലഹരിയായി മാറുന്നു. പക്ഷെ, ആ പൂവിനെ ഉയർത്തിക്കാട്ടിയ, അതിന് കാവൽ നിന്ന മുൾത്തണ്ടിനെ നാം അവഗണിക്കുന്നു. എന്നാൽ, അനന്തവിചിത്രമായ പൂക്കളുടെ ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയി അവയെ സംബന്ധിക്കുന്നതെല്ലാം പറഞ്ഞുതരുന്ന — അതിനിടയിൽ നമ്മെ അതിശയിപ്പിക്കുകയും അമ്പരപ്പിക്കുകയും നൊമ്പരപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന ജീവിത സത്യങ്ങളെടുത്തുകാട്ടുന്ന — ഒരു നല്ല സുഹൃത്തിന്റെ നർമ്മമധുരമായ മൊഴികൾ കേൾക്കുന്ന സുഖത്തോടെയാണ് രവിമേനോന്റെ `അതിശയരാഗം’ എന്ന പുസ്തകം വായിച്ചു തീർത്തത്.

മലയാള ചലച്ചിത്ര സംഗീതത്തിന് ഇനിയും ഒരു നൂറ്റാണ്ടിന്റെ പോലും ചരിത്രമില്ല. എന്നാൽ ഏതാനും ദശകങ്ങൾക്കിടയിൽ എല്ലാ ഋതുഭേദങ്ങളിലൂടെയും കടന്നുപോകാനും ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ അതിവിശിഷ്ടമായ ഒരംശമാകാനും അതിന് കഴിഞ്ഞിരിക്കുന്നു. അതിനുത്തരവാദികളായ അതിപ്രശസ്തരായ പ്രതിഭാശാലികളെ പറ്റി നമുക്കറിയാമെന്ന് നാം അഭിമാനിക്കുന്നു. ദേവരാജനെപ്പറ്റി, ബാബുരാജിനെപ്പറ്റി, കെ രാഘവനെപ്പറ്റി, ദക്ഷിണാമൂർത്തിയെപ്പറ്റി — അവർക്കൊപ്പം പോയ തലമുറയിലെ പി ലീല മുതൽ സുശീല വരെയുള്ള ഗായകരെപ്പറ്റി — പി ഭാസ്കരൻ, വയലാർ എന്നീ മുൻപേ പറന്ന പക്ഷികളെ പറ്റി — എല്ലാം നമുക്കറിയാമോ ?

രവിയുടെ പുസ്തകം വായിക്കുമ്പോൾ നമുക്കറിയാവുന്നതിനേക്കാൾ, അറിയാത്തതിന്റെ വിസ്തൃതി നമ്മെ അതിശയിപ്പിക്കുന്നു. അവരുടെ പാട്ടുകൾ നമുക്ക് പകർന്നു തന്ന സംഗീത സംസ്കാരത്തിന്റെ ഈടുവെപ്പ് ഇത്ര മേൽ സമ്പന്നമായതെങ്ങനെ ? ഓരോന്നിന്റെയും മൂലസ്രോതസ്സിലേക്കുള്ള അന്വേഷണം രവിക്കൊരു തീർത്ഥാടനം തന്നെയാണ്. അതിനുവേണ്ട ഒരുക്കങ്ങളും ക്ഷമാപൂർവമായി കാത്തിരുന്ന് സംഭരിക്കേണ്ട കാര്യങ്ങളുമൊക്കെ ഈ ഗ്രന്ഥ രചനയുടെ പിന്നിലെ അധ്വാനത്തെ കഠിനതരമാക്കിയെന്നും വ്യക്തമാണ് …………….

അവതാരിക ഒ എൻ വി എഴുതിനിർത്തുന്നത് ഇങ്ങനെയാണ്:

“അതിശയരാഗം” ഒരു ചരിത്രരേഖയാണ്. ധാരാളം കഥാപാത്രങ്ങൾ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്ന ഒരു ആഖ്യായിക പോലെയുമാണ്. അതിനു പറ്റിയ ഭാഷയും ഭാവനയും അതിൽ തളിർത്തുനിൽക്കുന്നു. രവിയുടെ ഈ പുസ്തകവുമായി ഇങ്ങനെ ഒരു അവതാരികയിലൂടെ ബന്ധപ്പെടാൻ കഴിഞ്ഞതിൽ എനിക്ക് കുറച്ചല്ല സന്തോഷം.”

ഈ “അതിശയരാഗ”ത്തെ ഹൃദയപൂർവം സ്വീകരിച്ച, അഭിപ്രായങ്ങൾ പങ്കുവെച്ച, ഓരോ വായനക്കാരനോടും നന്ദി പറയാതിരിക്കാനാവില്ല.

പിന്നെ, ഈ പുസ്തകം പ്രകാശിപ്പിച്ച സാക്ഷാൽ ഗാനഗന്ധർവനോടും. ആ ശബ്ദം കേട്ടു വളർന്നിരുന്നില്ലെങ്കിൽ പാട്ടുകളെക്കുറിച്ച് എഴുതുന്നതിനെ കുറിച്ച് ചിന്തിക്കുക പോലുമില്ലായിരുന്നല്ലോ ഞാൻ..

തയ്യാറാക്കിയത്: രവിമേനോൻ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com