Sunday, July 26, 2026
Homeഅമേരിക്കപള്ളിക്കൂടം കഥകൾ... ( ഭാഗം 69) 'ശബരിമല യാത്ര' ✍ സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ… ( ഭാഗം 69) ‘ശബരിമല യാത്ര’ ✍ സജി ടി. പാലക്കാട്

ശബരിമല യാത്ര.

അധ്യാപകർ വെറും പാഠപുസ്തകം പഠിപ്പിക്കുന്നവർ മാത്രമല്ല, അവർ ആ ഗ്രാമത്തിന്റെ വഴികാട്ടികൾ കൂടിയാണ്. സദാനന്ദൻ മാഷിന്റെയും ശിവൻകുട്ടി മാഷിന്റെയും കാര്യത്തിൽ ഇത് അക്ഷരംപ്രതി ശരിയാണ്.

വൈകുന്നേരങ്ങളിൽ നാട്ടുകാർ ആലിൻ ചുവട്ടിൽ ഒത്തുകൂടും. ആൽത്തറയിലിരുന്ന് രാഷ്ട്രീയവും സിനിമയും നാട്ടിലെ വിശേഷങ്ങളും എല്ലാം ചർച്ച ചെയ്യും.
സദാനന്ദൻ മാഷും ശിവൻകുട്ടി മാഷും വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് ആ നാട്ടിലെ മനുഷ്യരുടെ ജീവിതത്തിന്റെ ഭാഗമായി മാറി.
നാട്ടിലെ കല്യാണവീടുകളിലും മരണവീടുകളിലും അവർ മുൻപന്തിയിലുണ്ടാകും. കേവലം അതിഥികളായല്ല, മറിച്ച് വീട്ടിലെ ഒരംഗത്തെപ്പോലെ കാര്യങ്ങൾ നിയന്ത്രിക്കാൻ അവർക്ക് സാധിക്കുന്നു. കല്യാണനിശ്ചയം മുതൽ പന്തൽ പൊളിക്കുന്നത് വരെ അവർ സജീവമായി കൂടെയുണ്ടാകും. അതിഥികളെ സ്വീകരിക്കാനും, എന്തിന്, സദ്യ വിളമ്പുന്ന കാര്യത്തിൽ പോലും മേൽനോട്ടം വഹിക്കാൻ രണ്ടുപേരും മുൻപന്തിയിലുണ്ടാകും.

ഒരു വിയോഗത്തിന്റെ വേദനയിൽ തളർന്നുനിൽക്കുന്ന കുടുംബത്തിന് താങ്ങായി ആദ്യം എത്തുന്നത് ഇവരായിരിക്കും. അന്ത്യകർമ്മങ്ങൾക്കും മറ്റും ആവശ്യമായ സഹായങ്ങൾ ചെയ്യാനും, ആ കുടുംബത്തെ ആശ്വസിപ്പിക്കാനും അവർ കാണിക്കുന്ന മനസ്സ് നാട്ടുകാർക്ക് എന്നും വലിയ ബഹുമാനമാണ്.

കുന്നപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ശബരിമല തീർത്ഥാടനം തെക്കൻ ജില്ലകളിൽ നിന്നും തികച്ചും വേറിട്ടു നിൽക്കുന്നതായി സദാനന്ദൻ മാഷിന് മനസ്സിലായി. കഠിനമായ വ്രതശുദ്ധിയുടെയും, കൂട്ടായ്മയുടെയും, കഥയാണ് ഇവിടുത്തെ ശബരിമല യാത്ര.

മണ്ഡലകാലം തുടങ്ങിക്കഴിഞ്ഞാൽ അക്ഷരാർത്ഥത്തിൽ തന്നെ ഗ്രാമത്തെ മുഴുവൻ ഭക്തിസാന്ദ്രമാക്കിയിരുന്നു.​ വൃശ്ചികം ഒന്നിന് പുലർച്ചെ തന്നെ ഗ്രാമത്തിലെ ക്ഷേത്രത്തിൽ നിന്നും ശരണംവിളികൾ ഉയരും. മുതിർന്ന ഒരു ‘ഗുരുസ്വാമി’യുടെ നേതൃത്വത്തിലാണ് കന്നിസ്വാമിമാരും അല്ലാത്തവരും മാലയിടുന്നത്. പിന്നീട് 41 ദിവസത്തെ കഠിന വ്രതമാണ്!
​ മാലയിട്ടുകഴിഞ്ഞാൽ പിന്നെ ലളിതജീവിതമാണ്. പുലർച്ചെയും സന്ധ്യയ്ക്കും അരകുളത്തിലെ തണുത്ത വെള്ളത്തിൽ കുളിച്ച് ക്ഷേത്രദർശനം നടത്തും. കറുപ്പോ നീലയോ മുണ്ടുകൾ മാത്രം ധരിക്കും. ചെരിപ്പുകൾ ധരിക്കാറില്ല.

​സ്വന്തം വീട്ടിൽ വ്രതശുദ്ധിയോടെ പാകം ചെയ്യുന്ന സസ്യാഹാരം മാത്രമേ കഴിക്കൂ. പലരും നിലത്തു പായവിരിച്ചോ, ചാണകം കൊണ്ട് മെഴുകിയ തറയിലോ ആണ് ഉറങ്ങിയിരുന്നത്.

​യാത്ര പോകുന്നതിന്റെ തലേന്നാള് വൈകുന്നേരം പ്രദേശത്തെ ജനങ്ങൾ ഒരാളുടെ വീട്ടിൽ ഒത്തുകൂടും. പിറ്റേ ദിവസത്തെ കെട്ടുനിറയ്ക്കുള്ള സാധനസാമഗ്രികൾ തയ്യാറാക്കി വയ്ക്കും. അതിനുശേഷം ആ രാത്രിയിൽ ഭക്ഷണം ഉണ്ടാകും, ഇഡ്ഡലി സാമ്പാർ ചട്നി. എല്ലാവരും വയറു നിറയെ കഴിക്കും.

പിറ്റേദിവസം കെട്ടു നിറയും വലിയ ആഘോഷമാണ്. സാധാരണയായി ഗുരുസ്വാമിയുടെ വീട്ടിലോ ക്ഷേത്രത്തിലോ ആണ് ഇത് നടക്കുക. ഗ്രാമത്തിലെ വീട്ടുകാർ മുഴുവൻ അവിടേക്ക് ഒഴുകിയെത്തും.
​പുകയുന്ന സാമ്പ്രാണിയുടെയും കർപ്പൂരത്തിന്റെയും മണമുള്ള ആ അന്തരീക്ഷത്തിൽ, നാളികേരത്തിൽ നെയ്യ് നിറയ്ക്കുന്നതാണ് പ്രധാന ചടങ്ങ്. ഇരുമുടിക്കെട്ട് തലയിലേറ്റി ഗുരുസ്വാമി ആദ്യത്തെ ശരണംവിളി തുടങ്ങുമ്പോൾ കണ്ടുനിൽക്കുന്ന അമ്മമാരുടെ കണ്ണുകൾ നിറയും. അതിനുശേഷം നാട്ടുകാർക്കെല്ലാം വിഭവസമൃദ്ധമായ സദ്യ ഉണ്ടാകും.

സദാനന്ദൻ മാഷും ശിവൻകുട്ടി മാഷും ഇത്തരം സന്ദർഭങ്ങളിൽ അയൽവീടുകളിൽ എത്തുകയും അവർക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യും.

​കെട്ടുനിറ കഴിഞ്ഞ് സ്വാമിമാർ വീടിന് പുറത്തേക്ക് ഇറങ്ങുന്നത് പ്രത്യേകമായ രീതിയിലാണ്. വീടിന്റെ ഉമ്മറപ്പടിയിൽ തേങ്ങ ഉടച്ചാണ് യാത്ര ആരംഭിക്കുന്നത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് സ്വാമിമാരെ ശരണംവിളികളോടെ യാത്രയാക്കുന്നു. ഏതാണ്ട് മുന്നൂറോളം കിലോമീറ്റർ കാൽ നടയായിട്ടാണ് ശബരിമല യാത്ര. ഏതാണ്ട് ഇരുപതു ദിവസം കൊണ്ട് ശബരിമലയിൽ എത്തും.!

(തുടരും….)

സജി ടി. പാലക്കാട്✍

RELATED ARTICLES

1 COMMENT

  1. ഗ്രാമം ഒത്തു ചേരുന്ന ഏതാഘോഷത്തിലും ഒരു കാലത്ത് അവിഭാജ്യ ഘടകങ്ങളായിരുന്ന പല നേർക്കാഴ്ചകളും അധ്യാപകരുടെ സാന്നിധ്യവും വരച്ചുകാട്ടി.

    നല്ലെഴുത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com