ജി ഡി നായഡു
സാന്തന്നൂരിന്റെ വളർച്ചയിൽ വലിയ സംഭാവന ചെയ്ത സുമനസ്സുകളുടെ കൂട്ടത്തിൽ ഒരു നായിഡുവിൻ്റെ പേര് എപ്പോഴും തിളങ്ങിനിൽക്കുന്നുണ്ട്. ജി ഡി നായിഡു.
റെയിൽവേസ്റ്റേഷനും വർക്ക്ഷോപ്പും റെയിൽവേആശുപത്രിയും കോളനികളും വന്നപ്പോൾ അവിടെനിന്നെല്ലാം ഒഴുകിവരുന്ന മലിനജലം പാഴായിപ്പോകാതെയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാതെയും അതിനെ നല്ലരീതിയിൽ പ്രയോജനപ്പെടുത്തക്കൊണ്ട് കൃഷിയിടങ്ങൾ വികസിപ്പിച്ച ആദ്യത്തെ സാമൂഹ്യസ്നേഹിയാണ് ജി ഡി നായഡു

റെയിൽവേ ഡിപ്പാർട്ട്മെൻറ് കല്ലുകൾനാട്ടി വളച്ചെടുത്ത ഭൂമിയുടെ മഹാവിസ്ത്രിയ്ക്കു കിഴക്കുഭാഗത്ത് അദ്ദേഹം നൂറ് ഏക്കർ നിലം വാങ്ങി. റെയിൽവേനിവാസികൾ ഒഴുക്കിവിടുന്ന മലിനജനത്തെ തോടുകളിലൂടെ ഏറ്റുവാങ്ങി സ്വന്തം കൃഷിയിടങ്ങളിലെ ഉൽപാദനത്തിന്റെ അടിയൊഴുക്കുകളാക്കി അദ്ദേഹം മാറ്റിയെടുത്തു.
“പാരുങ്കളേ നായഡുഅയ്യാ എവ്വളവ് നല്ല കാര്യം ശെയ്തിരിക്കാങ്കളേ.
അന്ത ചാക്കടത്തണ്ണി യെല്ലാം വ്യവസായത്തി ർക്ക് പിറയോചനപ്പെടുത്തിയിരിക്കാറ്. എവ്വളവോ പെരിയ ആള്. മണ്ടയിൽ മുളെെ മട്ടുമല്ല, നെഞ്ചിൽ മനിതപ്പറ്റും കൈയ്യിൽ കാശും ഉള്ള വാരിവള്ളൽ ……. ”
സമീപവാസികൾ അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ട് സംസാരിക്കാൻ തുടങ്ങി
റെയിൽവേ ആശുപത്രിയും ജലവിതരണപദ്ധതിയും റെയിൽവേ തൊഴിലാളികൾക്ക് മാത്രമുള്ളതായിരുന്നു. അപ്പോഴും അതിനപ്പുറത്തെ പൊതുജനം കഷ്ടപ്പാടുകളുടെ പിടിയിലായിരുന്നു. അവരുടെ ഉന്നമനത്തിനും ഉത്സാഹത്തിനും വേണ്ടി റെയിൽവേസേവനങ്ങൾക്ക് സമാന്തരമായി ഒരു ആശുപത്രിയും ഒരു ജലവിതരണപദ്ധതിയും ഉണ്ടാക്കുന്ന ജോലി സ്വന്തം കടമയായി ഏറ്റെടുത്ത് സാന്തന്നൂരിനെ പുതിയൊരു വെളിച്ചത്തിലേക്ക് നയിച്ച മനുഷ്യസ്നേഹിയാണ് ജി ഡി നായിഡു. അദ്ദേഹം തുടങ്ങിയ ജി ഡി ഹോസ്പിറ്റൽ സാന്തന്നൂരിലെ സാധാരണക്കാർക്ക് വൈദ്യസഹായം എത്തിച്ചു. അദ്ദേഹത്തിൻറെ കർമ്മപദ്ധതി കെട്ടിയുയർത്തിയ മൂന്നുനിലകളിൽ ഉയർന്നുനിൽക്കുന്ന ജീഡി ടാങ്ക് സാന്തന്നൂരിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിച്ചു.

പ്രവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും അതിന്റെ പുരോഗതിയെ നിരീക്ഷിക്കുവാനും പോരായ്മകൾ കണ്ടുപിടിക്കാനും പിഴവുകൾ പരിഹരിക്കാനും അദ്ദേഹം തന്നെ എത്തിയിരുന്നു. തെരുവുകളുടെ പലഭാഗങ്ങളിലായി സിക്സ് ടാപ്പ് – സെവൻ ടാപ്പ് – ജലവിതരണസംവിധാനം അദ്ദേഹം ഏർപ്പെടുത്തിയതാണ്. പഞ്ചായത്തും മുൻസിപ്പാലിറ്റിയും ഒക്കെ വരുന്നതിനും എത്രയോ മുമ്പേയാണത്.
കുടവുമായി ക്യൂവിൽ നിൽക്കുന്ന സ്ത്രീകളുടെ കൂടെ അദ്ദേഹം വാച്ചിൽനോക്കി നിന്നിരുന്നു. ഒരു കുടം നിറയാൻ ഓരോ പൈപ്പിൽ നിന്നും എത്ര സെക്കൻഡ് അല്ലെങ്കിൽ മിനിട്ട് വേണം എന്ന് അദ്ദേഹം കണക്കാക്കിയിരുന്നു. വെള്ളത്തിൻ്റെ ഒഴുക്കും ശക്തിയും പരിശോധിച്ച് ഒരു കുടം നിറയാനുള്ള സമയം അദ്ദേഹം ക്രമപ്പെടുത്തിയിരുന്നു. ആർക്കും ആവലാതികൾ ഇല്ലാത്ത സമാധാനത്തിന്റെ സന്ദേശം അദ്ദേഹത്തിൻറെ ഓരോപ്രവർത്തിയിലും ഉണ്ടായിരുന്നു.
ആയിടയ്ക്ക് സാന്തന്നൂരിൽ എത്തിയ ഒരു ജർമൻ കമ്പനിയുമായി ചേർന്ന് അദ്ദേഹം ഒരു കൂട്ടുകമ്പനി തുടങ്ങി. അതാണ് സാന്തനൂരിലെ അറിയപ്പെടുന്ന ജി ഡി വൈലർ കമ്പനി. അവിടെ സാന്തന്നൂരിലെ സാധാരണക്കാർക്ക് അന്ന് നിലവിലുള്ള ജോലികൾക്കെല്ലാം പരിശീലനവും കഴിവനുസരിച്ച് ജോലിയും നൽകാൻ അദ്ദേഹം ഉത്സാഹിച്ചു. ആ കമ്പനി ഉത്പാദിപ്പിക്കുന്ന വിവിധസാധനങ്ങളുടെ ഉപയോഗക്ഷമതയും ഗുണനിലവാരവും നഗരങ്ങളിൽപ്പോലും അത്ഭുതമായി. അദ്ദേഹത്തിൻറെ കമ്പനിയിലെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാൻ കോയമ്പത്തൂരും ഈറോഡും മാത്രമല്ല സേലവും മധുരയും മദ്രാസും മത്സരിച്ചു.

പലരംഗത്തും ശ്രദ്ധപതിപ്പിച്ച ജി ഡി നായിഡു സാന്തന്നൂരിലെ സാധാരണക്കാർക്കും ഗ്രാമത്തിൻ്റെ പുറത്തുനിന്നു വന്നുതാമസിക്കുന്നവർക്കും പാർപ്പിടസൗകര്യങ്ങൾ ഒരുക്കി. നായിഡുവിന്റെ വാടകക്കെട്ടിടങ്ങൾ വലിയൊരു ജനസമൂഹത്തിന് സുരക്ഷിതമായി അന്തിയുറങ്ങാൻ പാകത്തിൽ പലയിടത്തും ഉയർന്നുവന്നു. മറ്റുസ്ഥാപനങ്ങൾ എല്ലാം പൂട്ടിയാലും പത്തുതലമുറയ്ക്ക് ജീവിക്കുവാൻ അദ്ദേഹത്തിന്റെ കെട്ടിടങ്ങളുടെ വാടകപ്പണം മതിയാവുമെന്ന് നാട്ടുകാർക്കിടയിൽ സംസാരമായി.
സാന്തന്നൂരിലും കോയമ്പത്തൂരിലും പലഭാഗങ്ങളിലായി ജി ഡി സ്ഥാപനങ്ങളും വാടകവീടുകളും ഉയർന്നു തുടങ്ങി. മില്ലുകളിലും ഫാക്ടറികളിലും കമ്പനികളിലും ജോലിക്ക് വന്ന ആയിരക്കണക്കിന് തൊഴിലാളികൾക്കും ജീവനക്കാർക്കും
ഉദ്യോഗസ്ഥന്മാർക്കും അവ വലിയതോതിൽ പ്രയോജനപ്പെട്ടു.
സാന്തന്നൂരിലെ ജനങ്ങളുടെ നാവിൽ മാത്രമല്ല നഗരത്തിലെ നാനാജാതിമതസ്ഥരുടെ നാവുകളിലും ജി ഡി നായിഡു വാരിവള്ളലായി വാഴ്ത്തപ്പെട്ടു.
“ഇന്തമാതിരി ഒരു പുണ്യാത്മാവെ പഴയ കതകളിൽ മട്ടും താൻ
പാത്തിരിക്കെ. ”
അദ്ദേഹം ജനമനസ്സുകളിൽ ആരാധ്യനായി ദൈവതുല്യം പ്രതിഷ്ഠിക്കപ്പെട്ടു.



