ഒന്നു സന്ധ്യയായെങ്കിൽ
രാവിലെ കിളി ചിലച്ചപ്പോൾ അപ്പു ഉണർന്നു.
വെട്ടം വീണിട്ടില്ല.
അവൻ ഷർട്ട് എടുത്തിട്ട് ഓടി.
പുലർകാലത്തെ ഘനീഭവിച്ച അന്തരീക്ഷവും തണുത്ത കാറ്റും.
ദേഹം തണുത്ത് വിറച്ചെങ്കിലും അതിനൊന്നും അവനെ തടസ്സപ്പെടുത്താനായില്ല.
ഷാപ്പ് അത്ര നേരത്തെ തുറക്കുകയില്ല. എങ്കിലും റോഡിലൂടെ ആളുകൾ എത്തുന്നതിനു മുമ്പ് അടയ്ക്ക പറിച്ചെടുക്കണം.
നേരം പുലർന്നു വരുന്നതേയുള്ളൂ.
പക്ഷേ പാലു കൊണ്ടുപോകുന്ന പാപ്പച്ചൻ ചേട്ടൻ അവനെ നോക്കി ചിരിച്ചു.
പിന്നാലെ അന്നമ്മ ചേട്ടത്തി പള്ളിയിൽ പോകുവാൻ വരുന്നത് കണ്ടു.
ചേടത്തിയും കൂടി പോയിക്കഴിഞ്ഞിട്ട് കവുങ്ങിൽ കയറാം.
അവൻ ഷാപ്പിനു പിന്നിലേയ്ക്ക് മാറിനിന്നു.
അവിടെ നിന്നാൽ റോഡിലൂടെ വരുന്നവർക്കു കാണാൻ പറ്റുകയില്ല.
എന്നാൽ കവുങ്ങും പരിസരവും റോഡിൽ നിന്നാൽ ശരിക്കും കാണുകയും ചെയ്യും.
അവൻ പതിയെ കവുങ്ങിനടുത്തേയ്ക്കു നീങ്ങി.
” എടാ അപ്പുവേ,നീയെന്താ ഇവിടെ “?
പത്രം ഇടുന്ന മത്തച്ചൻ ചേട്ടനാണ്.
അവന് മറുപടി പറയേണ്ടി വന്നില്ല.
അതിനുമുമ്പേ ചേട്ടൻ സൈക്കിളിന്റെ വേഗം കൂട്ടി.
ഭാഗ്യം!
കള്ളം പറയേണ്ടി വന്നില്ലല്ലോ.
പക്ഷേ ഒരു രക്ഷയുമില്ല.
ഒന്നിനു പിറകെ ഒന്നായി ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്.
കാത്തുനിൽക്കവേ റോഡിലെ തിരക്ക് കൂടിക്കൂടി വന്നു.
. “ഇന്നിനി ഇത് നടക്കുമെന്ന് തോന്നുന്നില്ല.”
“കുറച്ചുകൂടി നേരത്തെ എത്തണമായിരുന്നു “.
അവനു കുണ്ഡിതം തോന്നി.
‘ ഇനി സന്ധ്യ മയങ്ങുമ്പോൾ വരാം’.അതാണ് നല്ലത്.’
‘എന്തായാലും അത് പറിച്ചിട്ട് തന്നെ കാര്യം’.
“അന്യന്റെ മുതലാണ്’
മനസ്സ് പറയാതിരുന്നില്ല.
” ആർക്കും ഇല്ലാതെ പോവുകയല്ലേ, താൻ ഒരു അത്യാവശ്യക്കാരനും”.
അപ്പു സ്വയം ന്യായീകരിച്ചു.
രാവിലെ അപ്പുവാണ് കഞ്ഞി വെച്ചത്. അരിപ്പാത്രം കാലിയായിരിക്കുന്നു.
എങ്കിലും കലം തീർത്ത് അരിയെടുത്തുകൂടാ. അവൻ കഴുകാൻ എടുത്ത അരിയിൽ നിന്നും ഒരുപിടി അരി കലത്തിലേക്ക് തിരികെ ഇട്ടു.
അവതക്കുന്നിലേയ്ക്ക് പോകുന്ന വഴിക്കാണ് ഷാപ്പ്.
അടയ്ക്കാ പറിക്കുന്ന കാര്യം അമ്മയോട് പറയാൻ പറ്റില്ലല്ലോ. പകരം “അവതക്കുന്ന് വരെ ഒന്നു പോയിട്ടേ വരൂ” എന്നു പറഞ്ഞാണ് അവൻ സ്കൂളിലേക്കിറങ്ങിയത്.
* **………….*—-
“അനന്തപത്മനാഭൻ” എന്താ തനിക്ക് സുഖമില്ലേ?
അവൻ ശ്രദ്ധയില്ലാതെ ഇരിക്കുന്നത് കണ്ട് ടീച്ചർ തിരക്കി.
” ഒന്നൂല്ല. ”
അവൻ മറുപടി പറഞ്ഞു.
എന്നാൽ സ്കൂൾ വിടാനും സന്ധ്യ ആകാനും തന്റെ മനസ്സ് തിടുക്കപ്പെടുന്നത് അവൻ അറിഞ്ഞു.
:ഇന്ന് എന്താണ് സമയം നീങ്ങാത്തത്”.
ദിവസത്തിന് പതിവിലും നീളമുള്ളതായി അപ്പുവിന് തോന്നി.
ഒരു വിധേന നാലുമണയെത്തി.
ബെല്ലടിച്ചപ്പോൾ അവൻ പതിവുപോലെ ഇറങ്ങിയോടിയില്ല..
‘ഇനി എത്ര സമയം കഴിഞ്ഞാലാണ് സന്ധ്യയാവുക ‘
അലസരായ കുട്ടികൾ വളരെ സാവധാനം കളിച്ചും ചിരിച്ചും പോകുന്നുണ്ട്.
അവരുടെ പിന്നിലായി അല്പം വിട്ട് നടന്നെങ്കിലും ഈ സാവധാനത്തിലുള്ള നടപ്പ് അവന് അത്ര ഇണങ്ങുന്നുണ്ടായിരുന്നില്ല.
അന്തിവെയിൽ ആറുന്നതുവരെ താളം തല്ലി നിന്നും നടന്നും ഒക്കെ സമയം കളഞ്ഞു.
** *—-***
ഷാപ്പിൽ കുടിയന്മാരുണ്ട്.
അവരൊക്കെ “മൂത്ത്” നിൽക്കുകയാണ്.
പാട്ടും തെറിയും ഒക്കെ പുറത്തേയ്ക്കും കേൾക്കാം.
അപ്പു അവിടെയൊക്കെ ചുറ്റിപ്പറ്റിനിന്നു.
” ഇവരൊക്കെ എപ്പോൾ പോയി തീരുമോ ആവോ”?
“നീയെന്നാ ഇവിടെ നിന്ന് കറങ്ങുന്നത്”?കുറച്ചു നേരമായല്ലോ?”
“കൊച്ചു പിള്ളേർക്കെന്താ കള്ളുഷാപ്പിൽ കാര്യം? ”
ഓരോരുത്തരായി ഓരോന്നു ചോദിച്ചെങ്കിലും
തന്റെ ഒരു കൂട്ടുകാരൻ ഇപ്പോൾ വരുമെന്നും അവനെ കൂട്ടിയിട്ട് പോകാൻ നിൽക്കുകയാണ് എന്നും അവൻ കള്ളം പറഞ്ഞു.
അത് ആരും അതത്ര ഗൗനിച്ചില്ല.
വിശ്വസിച്ചോ ആവോ?
അവർ ലഹരിയിൽ മതിമറന്ന് ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു.
ഷാപ്പുകാരൻ നാരായണൻ ചേട്ടനു വേണ്ടി ഒന്നുരണ്ട് ഗ്ലാസ് കഴുകി കൊടുക്കാനും പാത്രങ്ങൾ എടുത്തു വയ്ക്കാനും അവൻ മടി കാണിച്ചില്ല.
എങ്കിലും അത്തരം പ്രവർത്തികളിൽ തന്റെ ആത്മാഭിമാനം ഭൂമിയോളം താഴുന്നത് അവന് ദുസ്സഹമായിരുന്നു.
നേരം ഒരുമാതിരി ഇരുട്ടിക്കഴിഞ്ഞു.
കുടിയന്മാർ ഓരോരുത്തരായി പിരിഞ്ഞു. “ദൈവം “എന്നു വിളിപ്പേരുള്ള വാസുച്ചേട്ടൻ മാത്രം പോയിട്ടില്ല….
കൂടുതൽ ഇരുട്ടിയാൽ കവുങ്ങിന്റെ അടുത്ത് ചെല്ലാൻ വയ്യ.
കാടുപിടിച്ചു കിടക്കുകയാണ്
“ഇയാൾക്ക് ഒന്നു വേഗം പോയാലെന്താ”
അപ്പു അക്ഷമനായിരുന്നു.
രാവിലെ മുതലുള്ള കാത്തിരിപ്പാണ്.
നാരായണൻ ചേട്ടൻ ഷാപ്പ് അടയ്ക്കാൻ തുടങ്ങിയപ്പോൾ “ദൈവം വാസു “ഇറങ്ങി..
പലകത്തട്ടിൽ കൊളുത്തിടാൻ കൂടിയിട്ട് അപ്പു റോഡിലേയ്ക്കിറങ്ങി മാറിനിന്നു.
” ഇന്നിനി നിക്കണ്ട.
നീ വീട്ടിലേക്ക് പൊയ്ക്കോ”
നാരായണൻ ചേട്ടനും ഇറങ്ങി.
“ങ……. പോവ്വാ ”
അപ്പു പോകുന്നതായി ഭാവിച്ചു.
എല്ലാവരും കൺവെട്ടത്ത്ന്ന് മറഞ്ഞപ്പോൾ അവൻ തിടുക്കപ്പെട്ട് കവുങ്ങിനടുത്തേക്ക് നടന്നു.
അപ്പോഴേക്കും മരത്തിന്റെ തലപ്പുകൾ ഇരുട്ടിന്റെ പുതപ്പ് വലിച്ചിടാൻ തുടങ്ങിയിരുന്നു.
(തുടരും……….)




👌