Thursday, July 17, 2025
Homeകഥ/കവിത"മണവാളൻകുന്നിലെ മഞ്ചാടിമണികൾ" (നോവൽ - ഭാഗം - 2) ✍ രവി കൊമ്മേരി, UAE

“മണവാളൻകുന്നിലെ മഞ്ചാടിമണികൾ” (നോവൽ – ഭാഗം – 2) ✍ രവി കൊമ്മേരി, UAE

കിഴക്കന്‍ ചക്രവാളത്തില്‍ പ്രഭാത സൂര്യന്‍ എത്തിനോക്കുമ്പോള്‍ നമ്മുടെ മനസ്സിലും പുത്തന്‍ പ്രതീക്ഷകളുടെ എത്തിനോട്ടമാണ്. പിന്നീട് പകലോൻ മായുന്നതുവരെ നൂറ് നൂറ് കാര്യങ്ങൾ, നൂറ് നൂറ് ജോലികൾ. ആർക്കോവേണ്ടി പണിയെടുക്കുന്നവരും, അദ്ധ്വാനത്തിൻ്റെ കരുത്തിൽ അഹങ്കരിക്കുന്നവരും, കുടുംബം എന്ന ഭാരം ചുമലിലേറ്റി കഷ്ടപ്പെടുന്നവരും എല്ലാം എല്ലാം വിവിധ കാഴ്ച്ചകളാകുന്നു.
പിറ്റേന്ന് ചന്തയിലെത്തിയ രാമഭദ്രൻ നേരെ ചെന്ന് മാര്‍ക്കോസുചേട്ടന്‍റെ കടയിന്ന് ഒരു സ്ട്രോങ്ങ് ചായയും കുടിച്ച്, വളം ഇറക്കിക്കൊണ്ടിരിക്കുകയായിരുന്ന ലോറിയുടെ അടുത്ത് ചെന്ന് അവരോടൊപ്പം കൂടി. ഭാരമുള്ള ഭാണ്ടക്കെട്ടുകളും പേറി മലയിറങ്ങുന്ന അഭയാര്‍ഥികളെ ഒത്തിരി സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ജീവിതത്തിന്‍റെ താങ്ങാനാവാത്ത ഭാരമാണവരുടെ ചുമലില്‍. നുകം ചുമന്ന്‍ ചാട്ടവാറടിയേറ്റ് രക്തത്തുള്ളികള്‍ ഈറന്‍ മണ്ണില്‍ ചാലിച്ച് കനകം വിളയിച്ച ജീവിതങ്ങളും, ചന്തകളിലെ കയറ്റിറക്ക തൊഴിലാളികളും ഒരുപോലെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
അപ്പഴാണ് കോഴി ജാനു ആരോടോ വഴക്കിടുന്നത് കണ്ടത്.
അതേടാ… ഞാൻ ഇത്ങ്ങളെ സിലോണിൽ കൊണ്ടുപോയി അസുഖം കുത്തിവച്ച് കൊണ്ടുവന്നതാ.
ഒരു സംശയം ചോദിച്ചതല്ലേയുള്ളൂ.. അതിനെന്തിനാ തള്ളേ നിങ്ങൾ ഇങ്ങിനെ കിടന്ന് പെടക്കണത്..?
കോഴിവാങ്ങാൻ വന്നവൻ തിരിച്ചടിച്ചു.
ഇരുണ്ട മാനത്ത് വെള്ളിടിവെട്ടി. കാറ്റ് ആഞ്ഞുവീശി. പൊടിപടലങ്ങള്‍ കണ്ണുകളുടെ കാഴ്ച മറച്ചു. കാതുകളില്‍ പ്രകംബനങ്ങള്‍ അലയടിച്ചു.
ഫ: ആരാടാ നിന്‍റെ തള്ള. ഏതു വകേലാടാ ഞാൻ നിനക്ക് തള്ളയായത്..? തലേലും, മോത്തും കൊറേ കളറും തേച്ച് മാങ്ങാത്തൊലി പോലത്തെ ഓരോന്നിനേം കൂട്ടി എഴുന്നള്ളിക്കോളും കാലത്ത് തന്നെ.. കച്ചോടം മെനക്കെടുത്താൻ
അല്ലേലും ജാനൂന് കുറച്ച് സൗന്ദര്യമുള്ള പെൺപിള്ളേരെ കാണുമ്പം ഇത്തിരി കലിപ്പാ.. അവര് നന്നായി ഒന്ന് അണിഞ്ഞൊരുങ്ങുകകൂടി ചെയ്താൽ പിന്നെ പറയാനില്ല.
ഈ കാഴ്ച്ച കണ്ടുകൊണ്ട് രാമഭദ്രൻ ലോറിയിൽ നിന്ന് ചാടിയിറങ്ങി അവിടേക്ക് ചെന്നു.
എന്താ.. എന്താ പ്രശ്നം.
നീ പോടാ.. പ്രശ്നം തീർക്കാൻ വന്നേക്കുന്നൊരാൾ..
ജാനു ഒന്ന് മുരണ്ടു.
അല്ല ചേട്ടാ… കോഴി വാങ്ങാൻ വന്നപ്പോൾ അവരെടുത്ത കോഴി ദാ…. കോഴിയെ ചൂണ്ടിക്കാണിച്ച്, ഒരു ജീവനില്ലാത്തതുപോലെ കണ്ടു. ഇതു വല്ല അസുഖവും പിടിച്ച കോഴിയാണോ എന്നൊന്ന് ചോദിച്ചു പോയി. അതിനാ ഇവര്‍….
അതും പറഞ്ഞ് കോഴിയെ വാങ്ങാൻ വന്നവൻ ഭാര്യയേയും കൂട്ടി നീ വാടി എന്നു പറഞ്ഞ് നടന്നകന്നു.
പലപ്പോഴും സന്ദേശവാഹകര്‍ പലയിടങ്ങളിലും സഹായികള്‍ ആകാറുണ്ട്. സാന്ത്വനങ്ങളുടെ ശാന്തിഗീതം പാടാറുണ്ട്. ചിലപ്പോള്‍ സംഹാരമൂര്‍ത്തികളും ആകാറുണ്ട്. ഭാവ വേഷപ്പകര്‍ച്ചയില്‍ രാമഭാദ്രനും അരങ്ങ്തകര്‍ത്താടി. സാധനം വാങ്ങാൻ വരുന്നവന്‍റെ മേല് കുതിര കയറാതെ കച്ചോടം നടത്തി കാശുണ്ടാക്കാൻ നോക്ക് തള്ളേ…. അല്ലേലും അവൻ പറഞ്ഞത് നേരല്ലേ..? ഈ ചാവാറായ കോഴിയെയാണോ നിങ്ങൾ വിറ്റ് കാശാക്കുന്നത്…? ഹ.ഹ..ഹ ഹ ഹ. എന്നിട്ട് കുലുങ്ങിച്ചിരിച്ചു.
കിട്ടിയ അവസരത്തില്‍ അവനും അവളെ ഒന്ന് പിരികയറ്റിവിട്ടു. കാരണം തലേന്നത്തെ കോഴിജാനുവിൻ്റെ മകൻ്റെ കാര്യം മസ്സിലുണ്ടല്ലോ.
ചിന്തകളും, ഓര്‍മ്മകളും മണ്‍മറഞ്ഞ കിനാക്കളുടെ ചെപ്പുകള്‍ തുറന്ന് കനകച്ചിലങ്കകളില്‍ താളങ്ങള്‍ തീര്‍ക്കാറില്ലേ ?
സന്ധ്യയ്ക്ക് തെളിയുന്ന തിരിനാളങ്ങള്‍ അകത്തളത്തിലൊളിക്കുന്ന ആത്മാക്കളുടെ പ്രതിബിംബങ്ങളാകറില്ല ?
തലേന്ന് രാത്രി കെട്ടിയാടിയ വേഷങ്ങളുടെ ഓര്‍മ്മകള്‍ രാമഭദ്രനില്‍ തികട്ടിവന്നതപ്പോഴാണ്.
കിടന്ന് കൊരക്കാതെ തള്ളേ.. നിങ്ങളുടെ മകൻ ഇന്നലെ രാത്രി വീട്ടിൽ തന്നെ വന്നായിരുന്നോ..? അല്ല, വല്ല പട്ടിയോ.. കുറുക്കനോ പിടിച്ചോന്നറിയാനാ…?
ഈ സമയം എവിടെനിന്നോ പറന്നുവന്ന ഒരു ദേശാടനക്കിളി അവരുടെ അടുത്തുള്ള മരച്ചില്ലയില്‍ ചേക്കേറി . കൂട്ടിനുള്ളില്‍ ഒളിച്ചിരുന്ന് അമ്മപ്പക്ഷിയുടെ തീറ്റകൊതിക്കുന്ന കുഞ്ഞുപറവയല്ല അത്. മറിച്ച് , ദേശാന്തരങ്ങള്‍ ചുറ്റി ആത്മധൈര്യത്തിന്‍റെ തീക്കനല്‍ ആവാഹിച്ച മൂര്‍ച്ചയുള്ള കൊക്കിനുടമയാണ്. വിശ്രമവേളകള്‍ ആനന്ദകരമാക്കുന്ന അവന്‍ ആര്‍ത്തുല്ലസിച്ച് കലപില നാദങ്ങള്‍ മുഴക്കി.
തല്ലിച്ചതച്ചേച്ച് റോഡിലെറിഞ്ഞാൽ പട്ടിയോ പൂച്ചയോ കടിച്ചു കൊണ്ടുപോകാൻമാത്രം ചെറിയ ഒരു ഓലപ്പാമ്പല്ല രാമഭദ്രാ എന്‍റെ മകന്‍. മാത്രമല്ല വീട്ടിലെത്താതിരിക്കാൻ മാത്രം തന്നെപ്പോലെ വെള്ളമടിച്ചേച്ച് വകതിരിവില്ലാത്തവനുമല്ല.
മരച്ചില്ലകള്‍ ഉണര്‍ന്നു. ഇലകള്‍ കിലുങ്ങി. മരച്ചുവട്ടിലെ മണ്‍തരികള്‍ കാതോര്‍ത്തു.
നിനക്കൊക്കെ കള്ളും കുടിച്ചേച്ച് കൈത്തരിപ്പ് തീർക്കണെങ്കിൽ വല്ല മുരിക്കിലോ അല്ലേൽ വീട്ടിലിരിക്ക്ണ കെട്ട്യോളുടെ നെഞ്ചത്തോ തിർക്കെടാ നായേ.
ആരോ വലിച്ചെറിഞ്ഞ ധാന്യമണികള്‍ക്ക്നേരെ ആ ദേശാടനപ്പക്ഷി കുതിച്ചു. നിമിഷങ്ങളുടെ ദൈര്‍ഘ്യത്തില്‍ മണ്‍തരികള്‍ ഇളകിമറിഞ്ഞു.
ഫ.. ചെളുക്കേ.. എന്നും പറഞ്ഞ് ചാടി വന്ന രാമഭദ്രൻ കോഴി ജാനുവിന്റെ ഒരു കൂട് കോഴിയെടുത്ത് വലിച്ചെറിഞ്ഞു.
ചിറകടികള്‍ക്കൊപ്പം കൂട്ടത്തോടെ ചിലച്ചുകൊണ്ടവ കൂട്ടില്‍നിനും പ്രാണരക്ഷാര്‍ത്ഥം പിടഞ്ഞു.
വീട്ടിലിരിക്കുന്ന തള്ളേം പെങ്ങളും പോരാഞ്ഞ് നാട്ടിൽ മാന്യമായി ജീവിക്കുന്ന പെണ്ണുങ്ങൾക്ക് ഉണ്ടാക്കാൻ നടക്കുമ്പം ആലോചിക്കാൻ പറയണം കഴുവേറിടെ മോളെ തന്‍റെ മോനോട്.
അവൻ കോപം കൊണ്ട് വിറയ്ക്കുകയായിരുന്നു. ഇനിയും മാധവി വല്ലതും പറഞ്ഞിരുന്നെങ്കിൽ അവൻ അവളെ ചുരുട്ടി എടുത്ത് നിലത്തടിച്ചേനെ.
എന്നിട്ട് ചന്തയിലെ എല്ലാവരോടുമായി പറഞ്ഞു. രാമഭദ്രൻ തല്ലിട്ടുണ്ട്, ഇനിയും തല്ലും, എന്നുവച്ച് വെറുതേ ഏതെങ്കിലും ഒരുത്തനെ കാരണമില്ലാതെ രാമഭദ്രൻ തല്ലിയിട്ടുണ്ടോ ടാ… ഉണ്ടോന്ന്?
ആരും ഒന്നും മിണ്ടിയില്ല. കാരണം അവൻ പറഞ്ഞത് ശരിയായിരുന്നു. കാരണമില്ലാതെ അവൻ ആരെയും ഇന്നുവരെ തൊട്ടിട്ടില്ല.
അശരീരിയില്‍ പുണ്യാളന്‍ ആഗതനായി. കരസ്പർശനത്തിൽ സാന്ത്വനത്തിൻ്റെ ശ്രുതി താളം മുഴങ്ങി. മാർക്കോസു ചേട്ടൻ വന്ന് കൈയ്യിൽ പിടിച്ച് വലിച്ചപ്പോൾ അവൻ ഒന്ന് അയഞ്ഞു. കാരണം അദ്ദേഹമായിരുന്നു ആ ചന്തയിലെ മുതിർന്ന പൗരൻ. മണവാളൻ കുന്ന് ചന്തയിലെ ദൈവദൂതൻ.
പാറക്കെട്ടില്‍ കിനിയുന്ന തെളിനീരുറവതേടി പറന്നടുക്കുന്ന പൂവാലന്‍ കിളികളായിരുന്നു മാര്‍ക്കോസുചേട്ടന് ചന്തയിലെ തൊഴിലാളികള്‍. വളരെ നല്ല മനുഷ്യൻ. എന്തു സഹായത്തിനും ഏതു സമയത്തും സന്ദർശിക്കാവുന്ന വ്യക്തി. മക്കളില്ലാത്ത അദ്ദേഹത്തിന് ചന്തയിലെ എല്ലാവരും മക്കളെ പോലെയാണ്.
രാമഭദ്രാ ..നീ എന്തിനാടാ അവളോട് വെറുതെ…?
അല്ല ചേട്ടാ… അവള് പിന്നെ ഒരു മാതിരി..
പോട്ടടാ.. നീ എന്തിനാ അവളുടെ മകനെ തല്ലിയത്…?
ങ്ഹാ… അത് പിന്നെ…
ആ നായിന്റ മോൻ നമ്മുടെ ഇട്ടൂപ്പ് ചേട്ടന്റെ മകന്റെ ഭാര്യയെ സ്ഥിരമായി ശല്യം ചെയ്യുന്നൂന്ന് അങ്ങേര് പറഞ്ഞിട്ടാ.. ഞാൻ കൈയ്യോടെ പിടിച്ചു. കണക്കിന് കൊടുത്തു. അല്ല പിന്നെ.
ഓഹോ,,, അതായിരുന്നോ കാര്യം അപ്പോൾ പ്പിന്നെ രണ്ട് കിട്ടണം. തെറ്റില്ല. കാരണത്തിന്‍റെ കാഠിന്യം കാരണവരെ കര്‍മ്മിക്ക് അനുകൂലമാക്കി വിധിന്യായം വായിക്കാന്‍ പ്രേരിപ്പിച്ചു.
അല്ലേലും എനിക്കറിയാം നീ ചുമ്മാതങ്ങിനെ ആരെയും പെരുമാറില്ലാന്ന്.
അതിന് നീ ആ പാവത്തിന്റെ മേലെന്തിനാടാ കുതിര കയറുന്നെ.
ഉം…. മതി. നീ പോയി വല്ല ജോലീം ചെയ്യ്.
നീ കോഴി വിറ്റ് വിറ്റ് തന്‍റെ മോനേം കോഴിയാക്കി. എന്താ ചെയ്യ. രാമഭദ്രന്‍ ജാനുവിനോട് ഒരിക്കൽകൂടി പറഞ്ഞു.

തുടരും……

രവി കൊമ്മേരി, UAE✍

RELATED ARTICLES

6 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ