സ്രഷ്ടാവിനെ നന്ദിയോടെ സ്നേഹിച്ചും, സ്തുതിച്ചും, പ്രകൃതിയെ അനുഭവിച്ചറിഞ്ഞും, ഒപ്പമായിരിക്കുന്നവരോട് ആഴമാർന്ന ആത്മ ബന്ധം സ്ഥാപിച്ചും, ആശ്രയിച്ചും, വളർന്നു വരുമ്പോൾ മനസിൽ സദാ നന്മപൂക്കൾ മാത്രമേ വിരിയൂ
സമാനമനസ്കർ സ്മൃതിയെഴുത്തിനെ ഹൃദയത്തോടുചേർത്ത് മറവിയുടെ അഗാധതയിൽ ആണ്ടുപോയ സ്വാനുഭവമല്ലേയിതെന്ന് വിസ്മയിക്കുന്നതു കാണുമ്പോഴൊരാനന്ദമെനിക്കും വന്നു ഭവിക്കുന്നു.
അനുഭവങ്ങളുടെ ആഴങ്ങളിൽ അഭിരമിച്ച് സുവർണ്ണ കാലത്തെ ഖനനം ചെയ്യുമ്പോൾ കനകം കൈവന്നില്ലെങ്കിലും മധുരനൊമ്പരമാർന്ന അനുഭൂതിയെങ്കിലും കൈവശമാകും.
വർണ്ണപ്പകർച്ചയുടെ കുടമാറ്റങ്ങൾ നൽകിയാകർഷിച്ച പ്രകൃതി തന്നെയല്ലേ നമുക്കുകലാവബോധമേകിയത്.
മഴയുടെ തന്ത്രികളാൽ നാദ തരംഗങ്ങൾ മീട്ടി താളമാർന്നസംഗീതമേകി . കാറ്റിൻ മുദ്രകളേറ്റ് തരുലതാദികൾ മെയ് മറന്ന് നൃത്തമാടി . പക്ഷികളെ ഗായകരാക്കിയപ്പോൾ അവർ സ്വയം മറന്നു പാടി. പട്ടുടുത്തപൂമ്പാറ്റ തുള്ളികളിച്ച് പാറി പറക്കാനായി നമ്മളിൽ മോഹം വിതച്ചു. കണ്ടറിഞ്ഞ നമ്മളോ വെറുതെയിരുന്നില്ല അനുകരണ കലയെ അറുപത്തിനാലാക്കി വിഭജിച്ചെടുത്തു.
ക്ലാസു റൂമിലെ അവിസ്മരണീയാനുഭവങ്ങളിലൊന്നാണ് സാഹിത്യ സമാജമെന്ന വേദി.
വെള്ളിയാഴ്ചകളിലെ മധ്യാഹ്നങ്ങൾ സർവകലാ മേളയ്ക്ക് അരങ്ങൊരുക്കി. സായാഹ്നങ്ങളോ ആസ്വാദ്യകരമായ കലാനുഭവങ്ങളുടെ കേളിവിപിനമായിത്തീർന്നു.
അത്ഭുതപ്പെടുത്തുന്നതെന്തെന്നാൽ ഓരോ ക്ലാസിലും, ഓരോ ഡിവിഷനിലും എല്ലാ കലകളിലും താൽപര്യമുള്ള രണ്ടോ മൂന്നോ പേരെങ്കിലും കാണും, പാടാനറിയുന്നവർ, ആടാനാഗ്രഹമുള്ളവർ എഴുതാൻ കൊതിക്കുന്നവർ . അഭിനയ വാസന ജന്മനാ ലഭിച്ചവർ ഇക്കാര്യത്തിൽ മാത്രം പഠനമുറികൾക്ക് അന്നും ഇന്നും മാറ്റം സംഭവിച്ചിട്ടില്ല. കാലം ഒത്തിരി മാറിയെങ്കിലും .
ക്ലാസ് ലീഡർ ഒരു കടലാസും കൊണ്ടു നടക്കും, വർത്തമാനം പറയുന്നവരുടെ പേരെഴുതി ടീച്ചറിനു കൊടുക്കാനല്ല . സാഹിത്യ സമാജത്തിൽ എല്ലാവരെയും പങ്കെടുപ്പിക്കണം. പാടുന്നവർ തുടങ്ങി കഥപറയാനറിയുന്നവർ വരെ കൈ പൊക്കി പേരു നൽകും.
ഒന്നിനും പങ്കെടുക്കാത്തവർക്ക് തിരക്കിട്ട ജോലികൾ വേറെയുണ്ട്. മേശമേൽ ഭംഗിയുള്ള തുണി വിരിച്ച് പൂക്കൾ വെച്ച് അലങ്കരിച്ച് , ചന്ദനത്തിരി കത്തിച്ചു വെയ്ക്കണം. ഡെസ്കും, ബെഞ്ചും പിറകിലേയ്ക്കു നീക്കി നൃത്ത സംഘങ്ങൾക്കു ആടാൻസ്ഥലമൊരുക്കണം.
സ്വാഗതപ്രസംഗം മുതൽ, അധ്യക്ഷ പദമലങ്കരിക്കുന്ന ക്ലാസ്ടീച്ചറെ ആനയിച്ചു കൊണ്ടുവരുന്ന ജോലികൾ വരെ ഏറ്റെടുക്കണം.
മേശവിരി, ഫ്ലവർ വെയ്സ് , ചന്ദനത്തിരി, എന്നു വേണ്ട നർത്തകർക്കും, അഭിനേതാക്കൾക്കും ധരിക്കാൻ വേണ്ട ചമയങ്ങൾ ഒപ്പിക്കണം. അമ്മമാരുടെ സാരികൾ വരെ സ്കൂൾബാഗിൽ കുത്തി നിറച്ചാണ് അന്നേ ദിനം പലരും വരുന്നത്.
ചിലപ്പോൾ വീട്ടിൽ ആരോടും പറയാതെയും കാണാതെയും അലങ്കാര സാധനങ്ങൾ കൊണ്ടുവരും. സ്കൂൾ വിട്ട് എല്ലാവരും ഓടുമ്പോൾ അവരവർ കൊണ്ടുവന്ന വസ്തുക്കൾ തിരിച്ചെടുക്കാനുള്ള വെപ്രാളം ഒന്നു കാണേണ്ടതു തന്നെയാണ്. കാരണം കലാപരിപാടി കൂട്ട ബെല്ലടിച്ച് സ്കൂൾ വിടും വരെ നീളും. വീട്ടിൽ നിന്ന് അനുവാദമില്ലാതെ എടുത്ത് കൊണ്ടു വന്നത് കൃത്യ സ്ഥലത്തു കൊണ്ടു പോയി വെയ്ക്കേണ്ടേ? എല്ലാംഅറിയുന്നുണ്ടെങ്കിലും , മക്കളുടെ കലാ സാഹിത്യാഭിരുചി കണ്ട് അമ്മമാർ കാണാത്ത മട്ടിൽ ഉള്ളാൽ പ്രോത്സാഹനമേകും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണത്തിനുള്ള ഇടവേളയ്ക്ക് സമയം കൂടുതൽ കിട്ടുന്നതു കൊണ്ട് കൊണ്ട് പൂവു തേടി വിദ്യാലയത്തിനു സമീപേയുള്ള വീടുകളിലേയ്ക്ക് ഒരു സഞ്ചാരമുണ്ട്. പൊരിവെയിലാണെങ്കിലും,പെരുമഴയാണെങ്കിലും അലങ്കാര പുഷ്പങ്ങളെകണ്ടത്തിവിജയശ്രീലാളിതരായി തിരിച്ചെത്തും.
ക്ലാസ് റൂമണിയിച്ചൊരുക്കാൻ ഒരു പൈസ പോലും കുട്ടികൾക്ക് ആരും നൽകില്ല. കലാകുതുകികൾ ഇതെല്ലാം കണ്ടെത്തണം.
പാട്ടുകാരെയും, നർത്തകരെയും , അഭിനയേതാക്കളേയും തിരിച്ചറിയുന്ന സാഹിത്യ സമാജത്തിൽ നിന്ന് സ്കൂൾ യുവജനോത്സവ മത്സരാർത്ഥികൾ ജന്മം കൊള്ളുന്നു.
ഓരോ ഹൗസ് ലീഡർമാരും യൂത്ത് ഫെസ്റ്റിവൽ അടുത്തു വരുമ്പോൾ അശ്രാന്ത പരിശ്രമം നടത്താനാരംഭിക്കും.കുട്ടികളെ ക്ലാസ് തോറും നടന്നു കണ്ടെത്തി പരിശീലിപ്പിച്ച് മത്സരിപ്പിക്കും. പോയിൻ്റുകളുടെ നേട്ടത്തിൽ തൻ്റെ ഹൗസ് സമ്മാനക്കപ്പു നേടുമ്പോൾ അവർ പൊഴിക്കുന്ന ആനന്ദകണ്ണീരിനും പിൻബലമായി നിന്ന അണികളുടെ ആരവത്തിനും പവൻമാറ്റ് മൂല്യമാണ്.
അധ്യയന വർഷാവസാനം റിട്ടയർ ചെയ്യുന്ന അധ്യാപകർക്ക് യാത്രാമൊഴി നൽകുന്നതോടൊപ്പം സ്കൂളിൻ്റെ വാർഷികാഘോഷ പരിപാടിയുമുണ്ട്.
എന്റെ ഓർമത്താളുകളിൽ മഷി മായാതെ ആലേഖനം ചെയ്യപ്പെട്ട കാവ്യമധുരമായ വരികളിലൊന്നാണ് സ്കൂൾ ആനിവേഴ്സറിയുടെ കലാപരിപാടികളടങ്ങിയ ഉത്സവ മേളം.
ഗ്രാമത്തിലെ ഏക മിക്സ്ഡ് ഹൈസ്കൂൾ ആയതിനാൽ അന്ന് ഒരു വിധം എല്ലാ വീടുകളിൽ നിന്നും ആബാലവൃദ്ധജനങ്ങൾ രാത്രി പത്തു പതിനന്നു മണി വരെ നീണ്ടു പോയേക്കാവുന്ന കലാസ്വാദനത്തിനെത്തും. യഥാർത്ഥ ഗ്രാമോത്സവം തന്നെയാണ് അന്ന് വിദ്യാലയാങ്കണത്തിൽ നടക്കുന്നത്.
അതിൻ്റെ മുന്നൊരുക്കത്തിൻ്റെ ആവേശത്തിലാണ് എൻ്റെ വീട്. തെക്കേമുറിയിലും, വടക്കേ മുറിയിലും നൃത്തവും,ഗാനമേളയും പഠിക്കാനും പ്രാക്ടീസു ചെയ്യാനും കുട്ടികളെത്തും.
കലാപരിപാടിയിലെ ഇതിന്റെ രണ്ടിന്റെയും സംഘാടക വേഷം മിക്കവാറും അമ്മയ്ക്കാണു അവകാശം പോലെ വന്നു ചേരുന്നത്. അതായത് ടീച്ചർ ഇൻ ചാർജ്.
ശനിയും , ഞായറും വീട് കുട്ടികളെ കൊണ്ടു നിറയും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും കലാപരിപാടികളുടെ പരീശിലനമുണ്ട്. പ്രത്യേകം സമയവും നിശ്ചയിച്ചിട്ടുണ്ട്. ചില നൃത്തശില്പങ്ങൾ പഠിപ്പിക്കാൻ നൃത്താധ്യാപികയെ പുറത്തു നിന്നു കൊണ്ടു വരും.
രാവിലെ പെൺകുട്ടികൾ എത്തും. വൈകുന്നേരം ആൺകുട്ടികളും. അമ്മയുടെ കീഴിലായതുകൊണ്ട് പെൺ മക്കളെ ഞങ്ങളുടെ വീട്ടിലേയ്ക്ക് പറഞ്ഞുവിടാൻ മാതാപിതാക്കൾ ഒരു മടിയും കാണിക്കാറില്ലായിരുന്നു. ഇവിടെ വെച്ചായതു കൊണ്ടാണ് കൊണ്ടുവന്നു വിട്ടതെന്ന്മക്കളുടെകൂടെ വരുന്ന അമ്മമാർ പറയുന്നതു കേൾക്കാം.
എനിക്ക് വല്ലാത്ത ഉൻമേഷവും, സന്തോഷവുമേകുന്ന ദിനങ്ങളാണത്. സുന്ദരിമാരായ ചേച്ചിമാരുടെ ഇടയിലൂടെ വിലസാൻ പറ്റിയ ദിനങ്ങളാണ് കടന്നു വന്നിരിക്കുന്നത്.
സംഘനൃത്തമൊക്കെ പരിശീലിക്കുന്നതു കാണാൻ എന്തു രസമാണ്.വല്യപ്പച്ചന്റെ മക്കളായ ആലീസു ചേച്ചിയും, റാണി ചേച്ചിയുമൊക്കെ നല്ല നർത്തകരാണ്.
റാണി ചേച്ചിയും സംഘവും പരിശീലിക്കുന്ന “കിളിയേ കിളി കിളിയേ നിലാഞ്ജന പൈങ്കിളിയേ കറുകവയൽ കതിരു കൊയ്യാൻ നീ കൂടെ വാ” എന്ന ഗാനത്തോടൊപ്പം ഇരു വശത്തു നിന്നു രണ്ടു സംഘങ്ങൾ ഓടി വന്ന് ഒറ്റ ലൈനായി മാറുന്ന ഫോർമേഷൻ സ്റ്റെപ്പൊക്കെ ആദ്യമായി കണ്ട് കൺമിഴിച്ച് നിന്നു പോകും. “ഓ ആയില്യം പാടത്തെ പെണ്ണേ” അവർ പ്രാക്ടീസ് കഴിഞ്ഞു പോയാലും ഞാൻ മൂളി നടക്കും.
തങ്ങളുടെ തറവാട്ടിൽ തന്നെ വെച്ചു നടക്കുന്ന കലാ പരിശീലനമായതുകൊണ്ട് റാണി ചേച്ചിയൊക്കെ പ്രധാന ആളുകളായി ഓടി നടന്ന് എല്ലാ കാര്യത്തിനും നേതൃത്വം വഹിക്കും.
അമ്മച്ചിയുടെ ടേപ്പ് റെക്കോർഡിലെ കാസറ്റ് ഈ നൃത്ത പരിശീലനത്തിനായി സ്ഥിരംകറങ്ങിക്കൊണ്ടിരിക്കും.
കാസറ്റ് പലതവണ നിറുത്തിയും വീണ്ടും ഇട്ടും റിബൺ ചുറ്റിപ്പിടിക്കുമ്പോൾ അമ്മ ഓടിവന്ന് പെൻസിലിൻ്റെ മറുവശം കൊണ്ട് തിരിച്ചു ശരിയാക്കിയിട്ടു കൊടുക്കും.
പറമ്പിലുണ്ടായ മധുരക്കിഴങ്ങു പുഴുങ്ങിയതും കാപ്പിയും, ശർക്കരയിൽ വിളയിച്ച തേങ്ങ നിറച്ച അട, കപ്പ പുഴുങ്ങിയതും ചമ്മന്തിയും, അവൽ നനച്ചതും ചെറു പഴവും, ഇങ്ങനെ ഓരോ ദിവസവും മാറി മാറി സത്ക്കരിച്ച് അമ്മ എന്ന അധ്യാപിക ആതിഥേയയാകും .
വിളമ്പാൻ അമ്മയെ സഹായിക്കാനെത്തുന്ന കലാകാരി ചേച്ചിമാർ വാഴയില മുറിക്കാൻ പുറത്തിറങ്ങുമ്പോൾ അവരോടൊപ്പം എവിടെ എന്നു കാണിച്ചു കൊടുക്കാൻ ഞാൻമുൻപന്തിയിലുണ്ടാകും.
നീണ്ടിടതൂർന്ന മുടിയും, വിടർന്ന കണ്ണുകളുമുള്ള സുന്ദരി ചേച്ചിമാരുടെ വാത്സല്യ സ്നേഹമനുഭവിച്ച് ഇടയിൽ പൂമ്പാറ്റയായി പറന്നു നടന്നുല്ലസിച്ച കാലമെങ്ങനെ മറക്കാനാണ്.
സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ കാസറ്റല്ല സ്കൂളിലെ മികച്ച പാട്ടുകാരാണ് നൃത്തത്തിന് പിന്നണി പാടുന്നത്. അവരുടെ പ്രാക്ടീസ് വേറെ ഒരു വശത്തു നടക്കും.
നൃത്താഭ്യാസന പരിശീലനം കഴിഞ്ഞാണ് പാട്ടു സംഘമെത്തുന്നത്. അവസാന പ്രാക്ടീസിനു വാദ്യ സംഘവുമെത്തും. അവരാകട്ടെ സ്കൂളിലെ യൂത്ത് ഫെസ്റ്റിന് ഒന്നാം സമ്മാനാർഹരായ സമർത്ഥന്മാരും.
എന്തു ഹൃദ്യമായ ഗാനാലാപനമാണ് അപ്പോൾ നടക്കുന്നത്.
ആൺകുട്ടികളുടെ പ്രാക്ടീസ് വൈകുന്നേരങ്ങളിലാണ് .അത് രാത്രി വരെ നീണ്ടുപോകും. അവരുടെ സംഘനൃത്തവുമുണ്ട്. നാടൻ പാട്ടൊക്കെ വെച്ച് എത്ര മനോഹരമായാണ് അവർ താളബോധത്തോടെ ചുവടു വെയ്ക്കുന്നത്.
ഗാനമേളയാണ് ഏറ്റവും പ്രധാന ഐറ്റം. ആൺകുട്ടികളും ഒന്നോ രണ്ടോ പെൺകുട്ടികളും ഒന്നു ചേർന്നുള്ള ഏക പരിപാടി അതു മാത്രമാണ്.
വാർഷികോത്സവത്തിനായി ആവുന്നത്ര കഠിന പരിശീലനം നടത്തി വശ്യ മനോഹരമായ പ്രകടനം കാഴ്ചവെയ്ക്കാൻ എല്ലാവരും പരിശ്രമിക്കും.
കലാസദ്യ എന്നു തന്നെ പറയാം. നിരവധി കലാ വിഭവങ്ങൾ വിളമ്പി ഒരു ഗ്രാമത്തെ മുഴുവൻ സംതൃപ്തിപ്പെടുത്തുന്ന കലാസന്ധ്യ രാത്രിയേറെ വൈകിയാണ് പര്യ വസാനിക്കുന്നത്.
ഗാനഗന്ധർവരെ പോലെ പാടുന്ന ചേട്ടന്മാരും, ഗാന കോകിലങ്ങളായ ചേച്ചിമാരും വാദ്യോപകരണങ്ങൾക്കിടയിൽ നിർദ്ദിഷ്ട സ്ഥാനങ്ങളിൽ നില കൊള്ളും. “നക്ഷത്ര ദീപങ്ങൾ തിളങ്ങി നവരാത്രി മണ്ഡപം ഒരുങ്ങി” ഗായകൻ പാടുന്ന വരികളെ അക്ഷരാർത്ഥത്തിലനുകരിച്ച് ” നിശബ്ദരായ് ജനം സ്വയം മറന്നു” നിൽക്കും .
“ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീല രാവിൽ” പാട്ടു കേട്ട് രാവും താരകവും പരസ്പരം നോട്ടമെറിയും.
സ്റ്റേജിനു മുൻപിൽ വർണ്ണ കടലാസു പൊതിഞ്ഞ പരന്ന കോളാമ്പി പോലുള്ള തിരിച്ചു കൊടുക്കുന്ന ലൈറ്റിൽ നിന്നൊഴുകുന്ന പ്രകാശക്കടലിൽ മുങ്ങി, മാറി മാറി വരുന്ന നിറഭേദങ്ങൾ ആപാദചൂഢം വാരിയണിഞ്ഞ് അപ്സര കന്യകകളെ പ്പോലെ നൃത്തമാടുന്ന സുന്ദരീമണികളെ നോക്കിനിൽക്കുമ്പോൾ സുരലോത്തെങ്ങോ എത്തിച്ചേർന്ന നിലയിലാകും ആസ്വാദക വൃന്ദം.
സ്കൂൾ മൈതാനത്തിലെ പൂഴിമണ്ണിൽ അച്ചടക്കത്തോടെയിരുന്നാസ്വദിക്കുന്നവർ തീർന്നുപോകല്ലേയിതെന്നു എന്നെ പോലെ തന്നെ മനസിൽ വിചാരിച്ചു കാണും.
സീതാദേവിയെ മോഹിപ്പിച്ച പൊന്മാൻ വേഷത്തിനായി ദേഹമാസകലം വെള്ള കുത്തുകളിട്ട കുട്ടിയും, ഗോപികമാരുടെ ഉറികളെ തുറന്നു വെണ്ണ മോഷ്ടിക്കുന്ന ഉണ്ണിക്കണ്ണനും, മയൂരനൃത്തമാടാൻ പീലി കെട്ടിയെത്തിയ ചേച്ചിയും, ആദിവാസി നൃത്തമാടാൻ ഇലകൾ കൊണ്ടു വസ്ത്രം മെനഞ്ഞുടുത്ത ചേട്ടന്മാരും, കറ്റ കൊയ്യുന്ന സുന്ദരീമണികളുടെ ഗാനവുമായി ഓടിയെത്തുന്നവരുമൊക്കെ കൺമുമ്പിൽ മായിക ലോകം തീർക്കും.
തൂണു വെട്ടി വീഴ്ത്തു മ്പോൾ രംഗപ്രവേശനം നടത്തിയ നരസിംഹത്തിൻ്റെ അലർച്ചയിൽ ഞാൻ കണ്ണടച്ചിരുട്ടാക്കുമെങ്കിലും കുടൽമാലയൂരുന്ന രംഗം കാണുന്നതിനായി ഇടം കണ്ണു തുറന്നു നോക്കും.
അരങ്ങൊഴിഞ്ഞ് പോയി മറഞ്ഞ കലാകാരന്മാർ മിഴിവാർന്നു ഇന്നും മനമൊഴിയാതെ എൻ്റെ സ്മൃതി മണ്ഡപത്തിൽ നർത്തനം തുടരുന്നു.
താഴോട്ടും മുകളിലേയ്ക്കും പൊങ്ങുന്ന മൈക്കിനനുസരിച്ച് ചലനങ്ങളിൽ അവസരോചിത മാറ്റങ്ങൾ വരുത്തുന്ന നടന്മാരും, ഒരു മൈക്കിൽ ഉച്ചത്തിൽ കോറസു പാടുന്നവരും, പ്രാധാന ഗായകർക്കായി ഒതുങ്ങി മാറി സ്ഥലം കൊടുക്കുന്നതുമൊക്കെ ആസ്വാദനത്തിനിടയിലും ഞാൻ സൂക്ഷ്മനിരീക്ഷണം നടത്തും.
റേഡിയോയിൽ കേട്ടിരുന്ന ഗാനങ്ങൾ നടീ നടന്മാർ മുമ്പിൽ വന്നു പാടുന്ന പോലൊരു അനുഭൂതിയിൽ കയ്യടിക്കാൻ പോലും ഓർക്കാതെ പരിസരം മറന്നൊരിരിപ്പ് പിന്നീടൊരിക്കലും അറിഞ്ഞനുഭവിച്ചതുമില്ല.
സ്ത്രീ വേഷംവരെ കെട്ടിയഭിനയിച്ച മാഷുമാരുടെ നാടകം പ്രൊഫഷണൽ നാടകത്തിൻ്റെ നിലവാരം പുലർത്തിയെന്നു ആളുകൾ പരസ്പരം പറയും. നായികാ വേഷധാരിയായ മാഷ് ആരെന്ന് കുട്ടികൾ കാതിൽ പരസ്പരം മന്ത്രിക്കും.
കാലമേറെയായെങ്കിലും ഇത്രമധുരഗാനങ്ങളാലപിച്ചവരും, നൃത്യനൃത്തമാടി അരങ്ങു തകർത്തവരും എവിടെയൊക്കെ പോയി മറഞ്ഞെങ്കിലും, അവരേകിയ ദൃശ്യശ്രാവ്യ വിസ്മയാന്തരീക്ഷം ഒളിമങ്ങാതെ മനസിൽ അരങ്ങ് തകർക്കുന്നു.
അഗസ്റ്റിൻ മാഷ് ഇടവേളയ്ക്ക് മധുരിമ പകരാൻ ഹർമോണിയവുമായി വന്ന് ദുനിയാ കേ രഖു വാലേ പാടി കാണികളെ കൈയ്യി ലെടുക്കും.
കലാപരിപാടികൾ കഴിഞ്ഞ് അമ്മയ്ക്കു ചുറ്റും സന്തോഷ ത്തോടെ കുട്ടികൾ വന്നു നിൽക്കുമ്പോൾ ഞാനുമതിൽ നുഴഞ്ഞുകയറി പങ്കാളിയാകും.
വേദിയിൽ നിറഞ്ഞാടിയ പ്രിയരേ, നിങ്ങളൊക്കെ എവിടെയാണെന്നറിയില്ല .യവനിക ഭേദിച്ച് ഇനി നിങ്ങൾ രംഗപ്രവേശനം നടത്തില്ലെന്നറിയാം എങ്കിലും മനസിൻ തിര മാറ്റിയാൽ നിങ്ങളേകിയ മൃദംഗ ധ്വനിയും, ആലാപന മധുരിമയും , നൃത്യനൃത്തരംഗങ്ങളുടെ പദന്യാസവും കാതോർത്താലെവിടെയിരുന്നാലുമനുഭവിക്കാം.
രാഗസുധാരസത്തിൽ ആറാടിയഎന്നോടൊപ്പം സാക്ഷിയായി ഉണ്ടായ നക്ഷത്ര ദീപങ്ങൾ മാത്രം ഇന്നും കൂട്ടായി ആകാശച്ചെരുവിൽ നിന്നെത്തി നോക്കി പുഞ്ചിരിയോടെ എന്നോർമ തുരുത്തിനെ പ്രകാശിപ്പിക്കുന്നു.




ഒന്നിൽമാത്രം ഉറയ്ക്കാതെ കാഴ്ചകളുടെ ഇടംവലങ്ങളിലേയ്ക്ക് മിഴികളുടെ ഊഞ്ഞാലാട്ടം. ഓരോ ഭാഗങ്ങൾക്കും ചേച്ചി നൽകുന്ന പേരുകൾ എഴുത്തിന്റെ വശ്യതപോലെതന്നെ മനോഹരമാണ്,… ഇനിയും ഓർമ്മകളുടെ ആമാടപ്പെട്ടിയിലെചക്രക്കിലുക്കങ്ങൾക്കായി കാത്തിരിയ്ക്കുന്നു.. 🥰
വെള്ളിയാഴ്ചകളിലെ സർഗ്ഗവേദിയുടെ സൗന്ദര്യം
ഒട്ടും ചോരാതെ പകർത്താൻ കഴിഞ്ഞിട്ടുണ്ട്.
മനസ്സിൽ കുളിരു പെയ്യുന്ന ഇന്നലെകളെ റോമിവാങ്മയ ചിത്രങ്ങളായി വരച്ചിടുമ്പോൾ എന്റെ മനസ്സും ആ കാല നഷ്ടത്തിന്റെ വേദന അറിയുന്നുണ്ട്. ഓർമ്മകൾ കുട്ടിക്കാലം വിട്ട് പോന്നിട്ടില്ല, സഞ്ചാരപഥങ്ങളത്രയും ഓർമ്മകളായി പൂത്തു വിടരട്ടെ. കാത്തിരിക്കുന്നു കൗതുകമാർന്ന ആ നേരനുഭവങ്ങൾക്കായി.❤️❤️
ക്ലാസ്സ്‌റൂമിലെ മറക്കാനാവാത്ത അനുഭവകളിലൊന്നായ സഹത്യസമാജമെന്ന വേദിയെ, മറവിയിൽ ആണ്ടുപോയെങ്കിലും ആ നഷ്ട്ട സ്‌മൃതികളെ ഓർമ്മചെപ്പെന്ന എഴുത്തിലൂടെ വായനക്കാരെ കുട്ടിക്കൊണ്ടുപോയ റോമി ബെന്നിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️ ബാല്യകാലത്തെ കുഞ്ഞുമനസ്സിലെ ഓർമ്മകൾ ഒന്നും മറക്കാതെ എഴുതുവാൻ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഇനിയും എഴുതു …. അടുത്ത വായനക്കായി കാത്തിരിക്കുന്നു ❤️
Excellent write up.
ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന ഒന്നാണ് വെള്ളിയാഴ്ചകളിലെ അവസാന പീരീഡ് നടക്കുന്ന സാഹിത്യ സമാജം. ഇത് വായിക്കുമ്പോൾ ഏഴാം ക്ലാസിലെ സാഹിത്യസമായത്തിൽ അവതരിപ്പിച്ച നാടകം ഓർത്തു പോവുകയാണ്. നായകനെ കുത്തി വീഴ്ത്തുന്നതും സാറിന്റെ ചുവന്ന മഷി കൊണ്ട് ബനിയൻ അകത്തുനിന്നും രക്തം വരുന്നത് കണ്ടപ്പോൾ കുട്ടികൾ കരഞ്ഞത് ഇന്നലെപ്പോലെ ഓർമ്മിക്കുന്നു.
റോമിയുടെ എഴുത്ത് വളരെ നന്മയത്തും നിറഞ്ഞതാണ്.. തുടരു….
കൊള്ളാം 👍
റോമിബെന്നിയുടെ ഓർമ്മക്കുറിപ്പുകൾ
മിഴിയൂഞ്ഞാലാടിയ കളിഅരങ്ങുകൾ – പുതിയൊരു വായനാനുഭവം നൽകി.
പ്രതിഭാസ്പർശമാർന്ന എഴുത്ത്… ആ വർണ്ണക്കൂടാരം വായിച്ചപ്പോൾ ,വിസ്മൃതിയിൽ നിന്ന് പുറത്തുവന്ന ഓർമ്മകൾ മുന്നിൽ വന്ന് പുഞ്ചിരിച്ചു.
ഓർമ്മകൾക്കെല്ലാം നല്ലതെളിച്ചം ,,
കാരണം അവ അത്രയേറെ മധുരമൂറുന്നതും മനസ്സിൽ തൊട്ടതുമാണ്. പിന്നെ എങ്ങനെ മറക്കും.
സ്കൂൾ സാഹിത്യ സമാജവും വാർഷികാഘോഷവും കണ്ട പ്രതീതി തരുന്ന എഴുത്ത്.
റോമിബെന്നിയുടെ കഥകളും ഓർമ്മക്കുറിപ്പുകളുമെല്ലാം
മികച്ചതാണ് …അതിമനോഹരങ്ങളാണ് …
ആശംസകൾ…. കാത്തിരിക്കുന്നു…
നല്ലൊരു മാതാപിതാക്കളുടെ മക്കളായി പിറക്കുവാൻ മുൻജന്മത്തിൽ പുണ്ണ്യ പ്രവർത്തികൾ ചെയ്യണം, ദാരിദ്ര്യം അനുഭവിക്കുന്ന ചിലരെങ്കിലും എന്ത് കൊണ്ട് അമ്പാനിയുടെ മകനായി പിറന്നില്ല എന്ന് സ്വയം ചോദിച്ചേക്കാം,, അതിനുത്തരമാണ് മുന്ജന്മ പുണ്യമെന്ന മഹാത്മാക്കളായ ഭാരതീയ തത്വചിന്തകരുടെ കണ്ടെത്തൽ,, നമുക്ക് നല്ല മാതാപിതാക്കളെയും നല്ല മക്കളെയും കിട്ടി എങ്കിൽ ദൈവത്തോട് നന്ദിപറയുക,എന്നിട്ട് ഈ ജന്മത്തിൽ പുണ്ണ്യപ്രവർത്തികൾ ചെയ്യുക
പുണ്ണ്യ പ്രവൃത്തി ചെയ്യാൻ എല്ലാർക്കും കഴിഞ്ഞില്ലെങ്കിലും മറ്റാരെയും ദ്രോഹിക്കാതെ ഇരുന്നാലും അടുത്ത ജന്മം ആനന്ദപൂർണ്ണവും സുന്ദരവുമാകും
റോമിക്ക് മാതാപിതാക്കളുടെ സത്കർമ്മം മൂലം ഈ ജന്മം സുന്ദരമായ ജീവിതാനുഭവങ്ങൾ ലഭിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു,, ഈ അനുഭവങ്ങളെ വായനക്കാരിലേക്കെത്തിച്ചു സ്വയം വിജയം കൈവരിക്കുമ്പോൾ ജീവിതം പരിപൂർണതയിലേക്ക് എത്തുന്നു,,കുറെ പറയാനുണെങ്കിലും അധികം പറയുന്നില്ല,, അഭിനന്ദനങ്ങൾ 🙏,
വെള്ളിയാഴ്ചകളിൽ സ്കൂളുകളിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നോ ഏതായാലും ഞാൻ പഠിച്ച സ്കൂളിൽ ഇല്ലായിരുന്നു, സ്കൂൾ ആനിവേഴ്സറിക്ക് പ്രോഗ്രാമുകൾ തട്ടികൂട്ടുക ആയിരുന്നു അവിടെ, എന്തായാലും ഇങ്ങനെ ഒരു ടീച്ചർ ചുമതല ഏറ്റെടുക്കുക അതിനായ് സ്വന്തം വീട്ടിൽ തന്നെ അരങ്ങോരുക്കുക ഇതൊക്കെ ഇന്ന് ഏതെങ്കിലും അധ്യാപകർ ചെയ്യുമോ, സമ്പൽ സമൃധ്മായ കുട്ടിക്കാലം എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെയാ. അല്ല ഇതിൽ കഥാകാരി ഏത് വേഷത്തിൽ ആയിരുന്നു അരങ്ങിൽ ഗായികയോ, നർത്തകിയോ, അഭിനന്ദനങ്ങൾ.തുടരുക തുടർ വായനയ്ക്കായ് കാത്തിരിക്കുന്നു.
Very good story
വെള്ളിയാഴ്ചകളിലെസാഹിത്യ സമാജ വേദിയും വേദിയിലെ അനുഭവങ്ങളും അന്നത്തെ ഗ്രാമോത്സവങ്ങളിൽ ഒന്നായ സ്കൂൾ ആനിവേഴ്സറിയും വീണ്ടും ഓർമ്മിക്കുവാൻ അവസരം തന്നതിന് നന്ദി.
വെള്ളിയാഴ്ചകളിലെ സാഹിത്യ സമാജം എനിക്കുമുണ്ടായിരുന്നു. റോമി വിവരിച്ചതുപോലെയുള്ള കാര്യങ്ങൾക്ക് ഞാനും സാക്ഷി.
കലാപരിപാടികളുടെ റീഹേഴ്സൽഅനുഭവങ്ങളും എനിക്ക് പരിചിതം.സുന്ദരി മണിമാരായ ചേച്ചിമാരുടെ ഇടയിൽ നുഴഞ്ഞുകയറുന്നചുരുണ്ട മുടിക്കാരിയെ മനസ്സിൽ കാണാൻ രസമുണ്ട്.ഇനിയും എഴുതൂ…..
ഒരു കാലഘട്ടത്തെ ഹൃദയത്തിലേന്തുന്ന പ്രിയപെട്ടവരെ നിങ്ങളും എന്നോടൊപ്പം ഗൃഹാതുരത്വത്തിൻ്റെ പിടിയിലമർന്നതു കാണുമ്പോൾ വല്ലാത്ത ഒരാനന്ദം . എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങൾക്ക് ഒത്തിരി നന്ദി