Thursday, July 17, 2025
Homeസ്പെഷ്യൽശുഭചിന്ത - (119) പ്രകാശഗോപുരങ്ങൾ - (95) ഇന്ദ്രിയ നിയന്ത്രണം (ഭാഗം -2) ✍...

ശുഭചിന്ത – (119) പ്രകാശഗോപുരങ്ങൾ – (95) ഇന്ദ്രിയ നിയന്ത്രണം (ഭാഗം -2) ✍ പി. എം.എൻ. നമ്പൂതിരി

പി. എം.എൻ. നമ്പൂതിരി

പ്രസിദ്ധ ഗ്രീക്ക് തത്ത്വചിന്തകനായ പ്ലേറ്റോ ശാരീരിക സുഖങ്ങളെ താഴ്ന്ന തരത്തിൽപ്പെട്ടതായിട്ടാണ് കരുതിയിരുന്നത്. നീചമായ വികാരങ്ങൾ ദമനം ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ഇന്ദ്രിയാസക്തിയെ സൂക്ഷിക്കണമെന്ന് പറയുന്നതിൻ്റെ കാരണം മറ്റൊന്നുമല്ല, അവ തമ്മിലുള്ള ഭീകരസത്വങ്ങൾക്കും നീചവാസനകൾക്കും കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു എന്നതുകൊണ്ടാണ്‌. ശരീരത്തിൻ്റെ വാസനകളും ആഗ്രഹങ്ങളും അനശ്വരമായ ആത്മാവിനെ വഴിതെറ്റിക്കുന്നുവെന്നാണ് വിഖ്യാതനായ ഗ്രീക്ക് തത്ത്വചിന്തകൻ സോക്രട്ടീസ് പറഞ്ഞിട്ടുള്ളത്. പഞ്ചേന്ദ്രിയങ്ങളും അവയുമായി ബന്ധപ്പെട്ട സുഖങ്ങളും തടസപ്പെടുത്താതിരിക്കുമ്പോഴാണ് ആത്മാവിന് ഏറ്റവും സമർത്ഥമായി യുക്തിവിചാരം ചെയ്യാൻ സാധിക്കുന്നത് എന്നാണ് സോക്രട്ടീസിൻ്റെ അഭിപ്രായം. ശരീരം അതിൻ്റെ ശുശ്രൂഷയ്ക്കു വേണ്ടി നമ്മുടെ ധാരാളം സമയം കവർന്നെടുക്കുന്നു. ശരീരശുശ്രൂഷയ്ക്കും സുഖങ്ങൾക്കും വേണ്ടി നാം ധാരാളം സമയം ചിലവഴിച്ചിട്ടും വ്യക്തമായ ഒരു ലക്ഷ്യത്തിൽ എത്തുവാൻ സാധിക്കുന്നില്ല എന്നു മാത്രമല്ല അതു നമ്മളിൽ അനാവശ്യമായ ക്രോധവും മിഥ്യാഭ്രമങ്ങളും നിറയ്ക്കുകയും ചെയ്യുന്നു എന്നതാണ് സത്യം.

ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ ശക്തവു നിരന്തരവുമായ പരിശ്രമവും കടുത്ത ഇച്ഛാശക്തിയും ആവശ്യമാണ്. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുവാൻ എളുപ്പത്തിൽ കഴിയുകയില്ല. കാരണം അവ അതിശക്തമാണ്. എല്ലാ ഭാഗത്തുനിന്നും ശക്തമായി നിയന്ത്രിച്ചാൽ മാത്രമേ അവയെ നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുവരവാൻ സാധിക്കുകയുള്ളൂവെന്നാണ് മഹാത്മാഗാന്ധി തൻ്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൻ പറഞ്ഞിട്ടുള്ളത്. ഭക്ഷണത്തെ ജീവൻ നിലനിർത്താൻ വേണ്ടിയുള്ള മരുന്നായിട്ടാണ് ഗാന്ധിജി കണക്കാക്കിയിരുന്നത്. രുചി ആവശ്യപ്പെടുന്നതെല്ലാം കൊടുത്തു കൊണ്ടിരിക്കാനുള്ള യന്ത്രമല്ല മനുഷ്യശരീരമെന്ന് അദ്ദേഹം തൻ്റെ ആത്മകഥയിൽ പറയുന്നുണ്ട്. ഒന്നു മനസ്സിലാക്കുക! നാം ശരീരത്തിന് ഉത്തമമായ ആഹാരം കൊടുത്ത് പോഷിപ്പിക്കാൻ ശ്രമിക്കുന്നു. അതുപോലെ എല്ലാ ഇന്ദ്രിയങ്ങൾക്കും ഉചിതമായ ആഹാരം നിരന്തരം കൊടുത്തു കൊണ്ടിരിക്കണം. ഇന്ദ്രിയങ്ങൾക്ക് നൽകുന്ന ആഹാരം മോശമാണെങ്കിൽ അവയെ നിയന്ത്രിക്കാൻ എളുപ്പമല്ല. മാംസാഹാരവും മദ്യവും മയക്കുമരുന്നും ഇന്ദ്രിയങ്ങള അനാവശ്യമായി ഉത്തേജിപ്പിക്കുന്നവയാണെന്ന് മനുസ്മൃതിയിലും പറയുന്നുണ്ട്. മനുഷ്യൻ്റെ ഇന്ദ്രിയങ്ങൾ അവനോട് പറയുന്നത് മൃഗതുല്യം പെരുമാറുവാനാണ്. ഇതിനെക്കുറിച്ച് വിശദമായി ലോകമാന്യതിലക്  ഗീതാരഹസ്യം എന്ന് പ്രസിദ്ധമായ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ഇന്ദ്രിയങ്ങൾ നമ്മളോട് മൃഗതുല്യം പെരുമാറുവാൻ ദുഷ്പ്രേരണകൾ നൽകുമ്പോൾ, ഇച്ഛാശക്തിയും, ബുദ്ധിയും വേണ്ടവിധം ഉപയോഗിച്ച് ഇന്ദ്രിയങ്ങളുടെ ദുഷ്പ്രേരണകളെ അതിജീവിക്കുകയും കീഴടക്കുകയും ചെയ്യണം. ഒന്ന് മനസ്സിലാക്കുക! ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെങ്കിൽ ജീവിതവിജയം സുനിശ്ചിതമാണ്. ഇന്ദ്രിയങ്ങളുടെ അടിമകളായി കഴിയുന്നതിനു പകരം നാം അവയെ നിയന്ത്രിക്കുവാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയാണ് വേണ്ടത്. ഇന്ദ്രിയങ്ങളും മനസ്സും നേരായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുകയാണെങ്കിൽ ബുദ്ധി കൂടുതൽ ദൃഢമായിത്തീരും. ഒരു ഉദാഹരണം പറയുകയാണെങ്കിൽ, ആമ അപകടം ഉണ്ടെന്ന് കാണുമ്പോൾ തൻ്റെ അവയവങ്ങളെ ഉള്ളിലേയ്ക്ക് വലിക്കുന്നതു പോലെ; ഇന്ദ്രിയങ്ങളെ ലൗകിക വസ്തുക്കളുടെ സ്വാധീനവലയത്തിൽ നിന്ന് നിരന്തരം പിൻവലിക്കുക. ഇന്ദ്രിയ ജയത്തിന് രണ്ടു പ്രകാരങ്ങളുണ്ട്. ഒന്ന് ഇന്ദ്രിയസംയമം മറ്റേത് ഇന്ദ്രിയനിഗ്രഹം.ഇന്ദ്രിയനിഗ്രഹം കുറച്ചു സമയത്തേക്ക് മാത്രമുള്ളതാണ്. ഇന്ദ്രിയസംയമം ജീവിതകാലം മുഴുവൻ വേണ്ടതാണ്. ഇന്ദ്രിയങ്ങളെ മധ്യത്തിൽ വെയ്ക്കുന്നതാണ് സംയമം. ഒന്നു ചിന്തിച്ചു നോക്കിയാൽ ഇവരണ്ടും എകദേശം ഒന്നതന്നെയാണ്. ഇന്ദ്രിയ ജയത്തെക്കുറിച്ച് ഭഗവദ്ഗീതയിൽ സവിസ്താരം പ്രതിപാദിക്കുന്നുണ്ട്.

ഇന്ദ്രിയാസക്തിക്ക് യാതൊരു തടസ്സവും കൂടാതെ വിഹരിക്കാവുന്ന ചുറ്റുപാടുകളിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. നിരർത്ഥമായ പാശ്ചാത്യസംസ്ക്കാരത്തിൻ്റെ വേലിയേറ്റം പരിപാവനമായ ഭാരതീയ സംസ്ക്കാരത്തിൻ്റെ ആത്മാവിനെ മുറിവേൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യൻ്റെ അധമവികാരങ്ങളെ ചൂഷണം ചെയ്യാനും അവനെ അധ:പതനത്തിലേയ്ക്ക് നയിക്കുവാനും ഇന്നത്തെ കലയും ,സാഹിത്യവും വാർത്താമാധ്യമങ്ങളും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള വാർത്താ മാധ്യമങ്ങൾ ഒരുക്കുന്ന കെണിയിൽ അകപ്പെട്ട് നാശം ഉണ്ടാകാതിരിക്കുവാൻ നാം കരുതലോടെ മുന്നോട്ട് നീങ്ങണം.ഇന്ദ്രിയാസക്തിക്ക് പ്രഥമസ്ഥാനം നൽകിവരുന്ന ഇന്നത്തെ സാമൂഹിക പശ്ചാതലത്തിൽ ഇന്ദ്രിയങ്ങളെ നമ്മുടെ പൂർണ്ണമായ നിയന്ത്രണത്തിൽ കൊണ്ടുവരുവാൻ നാം ശക്തമായും നിരന്തരമായും പരിശ്രമിക്കേണ്ടിയിരിക്കുന്നു. വിജയം ആഗ്രഹിക്കുന്നവർ എത്ര പരിശ്രമിച്ചിട്ടാണെങ്കിലും ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചേ പറ്റൂ.

പി. എം.എൻ. നമ്പൂതിരി✍

RELATED ARTICLES

4 COMMENTS

  1. അതെ ഗുരുജി. ജീവിത വിജയത്തിന് ഇന്ദ്രിയ നിയന്ത്രണം വളരെ അവശ്യ ഘടകം തന്നെ. നാലു ഭാഗത്തും പ്രലോഭിപ്പിക്കുന്ന പുറകോട്ടു വലിക്കുന്ന ഘടകങ്ങളിൽ നിന്ന്പ്രപഞ്ച സത്യത്തെ തിരിച്ചറിഞ്ഞ് ജീവിതവിജയം നേടണം. നന്ദി ഗുരുജി. നമസ്ക്കാരം.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ