” The beauty of fragrance is that it speaks to your heart… and hopefully some one else’s.”
Elizabath taylor
മണം! എത്ര മനോഹരമായ നല്ല ഗന്ധമുള്ള വാക്ക്. മണം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഓർമ്മകളിൽ മണക്കുന്ന ഏറ്റവും പ്രിയപ്പെട്ട മണം ചിലപ്പോൾ നാം പ്രണയിക്കുന്ന കുറച്ചു രുചികളുടേതാകാം.അതിന് ഒരു കാരണമുണ്ട്!
“വിശപ്പ് മരണത്തേക്കാൾ വലുതാണ്”. വയറിൻ്റെ വിശപ്പ് ഒന്നടക്കാൻ വേണ്ടിയാണല്ലോ ? നമ്മൾ മനുഷ്യർ ഈ പെടാപ്പാട് പെടുന്നത്.
മനുഷ്യൻ്റെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ഇന്ദ്രിയങ്ങളിൽ ഒന്നാണ് മണം അഥവാ (ഘ്രാണശക്തി). മണം ഒരുവിവേകം ആണ്. അതിൽ തിരിച്ചറിവുകൾ അടങ്ങിയിരിക്കുന്നു. ആ തിരിച്ചറിവുകളെ മനസ്സിലാക്കി, യഥാർത്ഥ വസ്തുതകളിലേക്ക്, അറിവുകളിലേക്ക് കടക്കുമ്പോഴാണ് മണം എന്നവാക്കിന് ഒരു പൂർണ്ണ വിജയംകൈ വരുന്നത്.
ദൈനംദിന ജീവിതത്തിൽ നമ്മുടെ അടുക്കളയിൽ നിന്നും പരക്കുന്ന പാചക മണങ്ങൾ ആണ് നാം ഏറ്റവും വേഗം അടിപ്പെട്ട് വീണു പോകുന്ന, നമുക്ക് ഏറെ പ്രിയപ്പെട്ട സുപരിചിതമായ ചില രുചി മണങ്ങൾ? അത് പലരിൽ പല വിധത്തിൽ വികാരങ്ങൾ ഉണ്ടാക്കുന്നു. ചിലർക്ക് നല്ല മീൻ കറിയുടെ മണം, ചിലർക്ക് നല്ല സാമ്പാറിന്റെ മണം, മറ്റു ചിലർക്ക് നല്ല ഇറച്ചിക്കറിയുടെ മണം ചിലർക്കൊക്കെ വറുത്തതും പൊരിച്ചതുമായ ഐറ്റംസിന്റെ മണങ്ങൾ.. അതങ്ങനെ വ്യക്തിഗതമായ ഇഷ്ടങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നു.
മണം ചിലപ്പോൾ ഒരു ഉത്തേജകമായി പ്രവർത്തിക്കുന്നു. മറ്റു ചിലപ്പോൾ പ്രേരണകളായി, ഇഷ്ടങ്ങളായി, വിശപ്പടക്കലായി, പ്രതീക്ഷ കളായി, കൈക്കലാക്കാൻ വെമ്പൽ കൊള്ളുന്ന അസഹനീയതകളായി, നഷ്ടസ്വപ്നങ്ങളായി, പ്രണയങ്ങളായി ഒക്കെ വർത്തിക്കുന്നു.ഏതായാലും മണം ഒരു പോസിറ്റീവ് ഊർജ്ജമായി തന്നെയാണ് പൊതുവേ കണക്കാക്കപ്പെട്ടിട്ടുള്ളത്.
എന്നാൽ ഈ മണം എന്നത് സുഗന്ധമോ ? ദുർഗന്ധമോ ആകാം. രുചിയും മണവും തമ്മിൽ ഏറെബന്ധപ്പെട്ടിരിക്കുന്നു. മണം നോക്കി രുചി തീരുമാനിക്കാം എന്നത് ഭക്ഷണപദാർത്ഥത്തിന്റെ ഒരു ഗുണംനിർണ്ണയിക്കൽ കൂടിയാണ്. ചിലരെങ്കിലും പറയുന്നത് കേട്ടിട്ടില്ലേ?
” ങാ… മണം കേട്ടപ്പോഴേ എനിക്ക് തോന്നി ഇത് അടിപൊളി ടേസ്റ്റ് ആയി
രിക്കുമെന്ന്”. അതേപോലെ തിരിച്ചും!
“ഓ…ഒരു നല്ലമണമൊന്നും വരാതിരുന്നപ്പോഴേ എനിക്ക് തോന്നി! ഇത് മോശമായിരിക്കുമെന്ന്! ദേ… രുചിച്ച് നോക്കിയെ.. ഒട്ടും കൊള്ളില്ല.” ഇങ്ങനൊക്കെ…
ഇനി പറഞ്ഞാൽ ഈ മണം എന്നത് ഗുണം കൂടിയാണ്. മണം ശ്വസിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും, ഓർമ്മശക്തി വർദ്ധിപ്പിക്കാനും, സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കത്തിനും ഒക്കെ സഹായകമാണ്.
ചില പൂക്കളുടെ മണങ്ങൾ നമുക്ക് ഏറെപരിചിതമാണ്. ഇഷ്ടമാണ്. പ്രണയമാണ്.ആ മണങ്ങളെ നമ്മൾ ഹൃദയത്തോട് അടുപ്പിച്ചു വയ്ക്കുന്നു…
ഗാഢം ഗാഢം പുണർന്നു നിൽക്കുന്നു. അതുപോലെ ചില മണങ്ങൾ ചിലർക്കെങ്കിലും ഹരവും അഡിക്ഷനുമാണ്. ഉദാഹരണത്തിന് എന്നെ തന്നെ എടുക്കാം…
പ്രകൃതിയും മരങ്ങളും മണ്ണും പൂക്കളും ചെടികളും കാറ്റും മഴയും വേനലും ഒക്കെയായി ഒരുപാട് ഇടപഴകി പ്രണയിച്ചു നടക്കുന്ന ഞാൻ ചില മണങ്ങളെ ഹരം പോലെ… ഒരു അഡിക്ഷൻ പോലെ കൊണ്ടുനടക്കുന്നു.. അവയെ തിരഞ്ഞു നടക്കുന്നു… പലപ്പോഴും ഞാൻ പോലും അറിയാത്ത ചില നിമിഷങ്ങളിൽ എൻ്റെ ഹൃദയത്തിൻ്റെ ഉള്ളറകളിൽ നിന്നും ആ സുഗന്ധങ്ങൾ ഭൂമിയിലേക്ക് പരന്നൊഴുകും..
എൻ്റെ കണ്ണുകൾ തിരയും… പാദങ്ങൾ ചലിക്കും… ശ്വാസത്തിൽ അവ മണക്കും. പവിഴമല്ലി പൂക്കളുടെ സുഗന്ധം എന്നെ വല്ലാതെ ഹരം കൊള്ളിക്കാറുണ്ട്!
കല്യാണസൗഗന്ധികം ചെമ്പകം , സുഗന്ധരാജൻ, നിശാഗന്ധി പൂക്കൾ മുല്ലപ്പൂക്കളുടെ വെറൈറ്റികൾ ,നേർത്ത മണമുള്ള റോസാപ്പൂവ്, നൈറ്റ് ക്യൂൻ കാട്ടു
ചെമ്പകം നാടൻ ചെമ്പകം ഒക്കെ . നിങ്ങൾക്കും ഈ അനുഭവങ്ങൾ ഒക്കെ ഇല്ലേ?..
ഈ സുഗന്ധങ്ങൾ നിങ്ങളുടെ തലച്ചോറിന്റെ വികാരങ്ങളെയും ഓർമ്മയുടെ കേന്ദ്രങ്ങളെയും സജീവമാക്കുകയും, പഴയകാല ഓർമ്മകളെയും, സംഭവങ്ങളെയും, വ്യക്തികളെയും, ജീവിതാന്തരീക്ഷത്തെയും ഒക്കെ തിരിച്ചെടുക്കാൻ സഹായിക്കുകയും, നിങ്ങൾക്ക് നഷ്ടമായി എന്ന് കരുതുന്ന ഏറ്റവും പ്രിയപ്പെട്ട പലതുമായും ഇനിയും നിങ്ങളെ ചേർത്തുവയ്ക്കുകയും ചെയ്യുന്നു. ഇതൊക്കെ വായിക്കുമ്പോൾ തന്നെ മാസ്മരികമായ ഒരു സുഗന്ധം നിങ്ങളിൽ നിറയുന്നില്ലേ?
അതുപോലെ പല സുരക്ഷാ മുൻകരുതലുകൾ എടുക്കാനും അപകടങ്ങളെ തിരിച്ചറിയാനും ഇതുകൊണ്ട് നമുക്ക് കഴിയുന്നു. പുക, തീ, ഗ്യാസ് ചോർച്ച, കേടായ ഭക്ഷണങ്ങൾ തിരിച്ചറിയൽ തുടങ്ങി പല വൻ ആപത്തുകളിൽ നിന്നും രക്ഷപ്പെടാൻ ഉള്ള സാഹചര്യങ്ങളും മണം നമുക്ക് ഉണ്ടാക്കി തരുന്നു.
ദുർഗന്ധ പൂരിതമായ മണങ്ങൾ എപ്പോഴും കേടായ വസ്തുക്കളെയും ചീഞ്ഞ വസ്തുക്കളെയും അതിൻ്റെ കാലപരിധിയെയും ഒക്കെ നിർണ്ണയിക്കാൻ സഹായിക്കുന്നു. ദുർഗന്ധം എന്ന് പറയുന്ന സുഗന്ധത്തിന്റെ എതിർവാക്ക് തന്നെ ഒരു നെഗറ്റീവ് എനർജിയാണ്. മോശമായ ശ്വാസ സുഗന്ധത്തെ അത് പ്രതിനിധാനം ചെയ്യുന്നു.ഒപ്പം കാലപ്പഴക്കത്തെ..അനീതിയെ,അധർമ്മത്തെ,അവിശ്വാസത്തെ ഒക്കെ…
മണങ്ങൾ ദുരൂഹ മരണങ്ങളുമായി ഒരുപാട് അടുത്തുനിൽക്കുന്നു. തെളിയിക്കപ്പെടാതെ കിടക്കുന്നതും തെളിയിക്കപ്പെട്ടിട്ടുള്ളതും ഇനി തെളിയിക്കാനുള്ളതുമായ പല കേസുകളിലും പോലീസ് നായയും മണങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധം ഒളിഞ്ഞു കിടപ്പുണ്ട്.
അപ്പോൾ ഈ മണങ്ങൾ നഷ്ടമാകുന്ന ഒരു അവസ്ഥയെക്കുറിച്ച് നമുക്ക് ഒന്ന് ചിന്തിക്കാൻ പറ്റുമോ? ഇങ്ങനെ ഒരു അവസ്ഥയുണ്ട് ?അതാണ് അനോസ്മിയ. മണം നഷ്ടപ്പെടാനുള്ള സാധാരണമായ കാരണങ്ങൾ മൂക്കടപ്പ്, ജലദോഷം സൈനസ് അണുബാധ അലർജി തുടങ്ങിയവയൊക്കെയാണ്. പിന്നെ.. മസ്തിഷ്കാഘാതത്തെ തുടർന്ന് ഒരു വ്യക്തിക്ക് പൂർണ്ണമായും മണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇതിനെക്കുറിച്ച് കൂടുതലായി നമുക്ക് പിന്നീട് പ്രതിപാദിക്കാം. ഇപ്പോൾ മണത്തിലേക്ക് തന്നെ തിരികെ വരാം.
പിന്നെയുള്ളത് ഭ്രാന്തമായ ജീവിത പ്രണയങ്ങളിൽ മരിച്ചു പോയവരുടെ മണങ്ങളെ തിരഞ്ഞിറങ്ങുന്നവരും, ആർക്കും വിട്ടുകൊടുക്കാതെ ആത്മാവിനോട് അവയെചേർത്ത് വച്ച് പ്രണയിക്കുന്നവരുമായ ചില അപൂർവ്വം മനുഷ്യരുടെ തേടലുകളും, ഓർമ്മകളുമാണ്.
ചില മണങ്ങൾ നമ്മുടെ ആത്മാവിൽ പറ്റിച്ചേർന്നവയാണ് ഇഴുകി അലിഞ്ഞിറങ്ങിയവ
യാണ്. അവയെ വിട്ടു കളയാൻ ,അവയ്ക്ക് നമ്മെ വിട്ടു പോകാൻ ഒരിക്കലും കഴിയില്ല. അപ്പോഴാണ് മണങ്ങൾ ഏറ്റവും സുഗന്ധ പൂരിതമാകുന്നത്. മരിച്ചു പോയ മനുഷ്യരുടെ ഓർമ്മകൾക്ക് മുന്നിൽ അവരെ ഏറ്റവും പ്രിയപ്പെട്ടവരായി ചേർത്തു വച്ചവർ അവരുടെ വസ്ത്രങ്ങൾ, കണ്ണട, അവർ ഉപയോഗിച്ചിരുന്ന മറ്റേതെങ്കിലും ഒരു വസ്തു… ചുരുക്കിപ്പറഞ്ഞാൽ അവരുടെ ഓർമ്മകളുടെ ഗന്ധം നിറഞ്ഞുനിൽക്കുന്ന പലതും അവരുടെ മരണം വരെ സൂക്ഷിച്ചു വയ്ക്കാറുണ്ട്.
അതിലൂടെ അവരുമായി സംവദിക്കാറുണ്ട്. അവരെ മണക്കാറുണ്ട് ! ശ്വസിക്കാറുണ്ട്! ഇതിൽ കൂടുതലായി ഈ സുഗന്ധത്തിന് എന്ത് മഹത്വമാണ് വേണ്ടത് ? നിങ്ങൾ ചിന്തിക്കുക ? ജീവിച്ചിരിക്കുന്നവർക്കൊപ്പം മരിച്ചവരെയും ജീവിപ്പിക്കുന്ന ഈ മണത്തെപറ്റി… ഇപ്പോൾ എവിടെയോ നിങ്ങൾ മറന്നുവച്ച, നിങ്ങൾ അനുഭവിച്ച , നിങ്ങളെ അനുഭവിപ്പിച്ച , ഏതൊക്കെയോ സുഗന്ധങ്ങൾ നിങ്ങളെ തിരഞ്ഞു വരുന്നില്ലേ? ഞാൻ ധന്യയായി.
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം..
നന്ദി, സ്നേഹം.




ഇവിടെ കാറ്റിന് സുഗന്ധം… ഇതിലേ പോയത് വസന്തം,
വസന്തത്തിൻ തേരിലിരുന്നതാരോ… എന്ന വയലാർ രാമവർമ്മ സാറിൻ്റെ വരികൾ ആണ് മനസ്സിൽ ഓടിയെത്തിയത്🥰 മനസ്സിന് സുഗന്ധം പടർത്തിയ രചന✍️👌🥰
നന്നായി എഴുതി