Wednesday, September 2, 2026
Homeഅമേരിക്കനീല കുറിഞ്ഞി പൂത്ത നേരം (വിശേഷ വിജ്ഞാനം) ✍ സൈമ ശങ്കർ മൈസൂർ

നീല കുറിഞ്ഞി പൂത്ത നേരം (വിശേഷ വിജ്ഞാനം) ✍ സൈമ ശങ്കർ മൈസൂർ

തണുത്തുറഞ്ഞ മൂന്നാറിലെ പുൽമേടുകളിലൂടെ തഴുകിയെത്തുന്ന തണുത്ത കാറ്റിൽ ഇപ്പോൾ നീലച്ചാർത്തിന്റെ സുഗന്ധം കൂടിയുണ്ട്. കോടമഞ്ഞിന്റെ വെള്ളിത്തിര മാറ്റിവെച്ച് സൂര്യപ്രകാശം പതിക്കുമ്പോൾ, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മലനിരകൾ ഒരു നീലപ്പട്ട് പുതച്ചുനിൽക്കുന്നതുപോലെ തോന്നിക്കും. മൂന്നാറിലെ തണുപ്പും കോടമഞ്ഞും അറിഞ്ഞ്, ആ നീല വസന്തത്തിന്റെ ഭംഗി നേരിട്ടു കാണുന്നത് വാക്കുകൾക്ക് അതീതമായ അനുഭവമാണ്.

ഇത്തവണ മൂന്നാറിലെ വിവിധ മലനിരകളിൽ നീലക്കുറിഞ്ഞികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്:

ചൊക്രമുടി: കുറിഞ്ഞി കാഴ്ചകൾക്ക് ഇത്തവണ ഏറ്റവും പ്രധാന കേന്ദ്രം ചൊക്ര മുടിയാണ്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ–ബോഡിമെട്ട് റോഡിൽ ദേവികുളം വനം വകുപ്പ് റേഞ്ച് ഓഫീസിന് സമീപമാണ് പ്രവേശന കവാടം.

2026 ആഗസ്റ്റ് 24 മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. രാവിലെ 07:00 മുതൽ വൈകീട്ട് 04:00 വരെയാണ് സന്ദർശന സമയം. മുതിർന്നവർക്ക് 200-ഉം 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉടൻ ഓൺലൈൻ ബുക്കിങ്ങ് സൗകര്യം ലഭ്യമാകും.

മീശപ്പുലിമല: പശ്ചിമഘട്ടത്തിലെ ഉയർന്ന കൊടുമുടിയായ മീശപ്പുലിമലയിലും ഇഢലിമേട്ടിലും കുറിഞ്ഞികൾ പൂത്തുതുടങ്ങിയിട്ടുണ്ട്. എന്നാൽ കേരള വനം വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള മീശപ്പുലിമലയിൽ പൂക്കൾ പൂർണ്ണമായി വിരിഞ്ഞ ശേഷമേ സന്ദർശകരെ അനുവദിക്കൂ. പ്രതിദിനം 750 പേർക്ക് മാത്രമായിരിക്കും പ്രവേശനം (യാത്രയും ഭക്ഷണവും ഉൾപ്പെടെ ഒരാൾക്ക് 1200 രൂപയാകും ടിക്കറ്റ് നിരക്ക്).

മറ്റ് സ്ഥലങ്ങൾ: ഇഡലിമേട്, സെവൻമല, കുണ്ടുമല, മാട്ടുപ്പെട്ടി, ഗാപ് റോഡ് എന്നിവിടങ്ങളിലും ഇത്തവണ കുറിഞ്ഞികൾ കണ്ടുതുടങ്ങിയിട്ടുണ്ട്.

നീലക്കുറിഞ്ഞി അഥവാ Strobilanthes kunthianus വന്യജീവി സംരക്ഷണ നിയമം, 1972-ലെ ഷെഡ്യൂൾ III-ൽ പ്രത്യേകമായി സംരക്ഷിക്കപ്പെടുന്ന സസ്യമായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.അതുകൊണ്ട്
കണ്ടാൽ മതി, പൂ പറിക്കരുത്…. ട്ടോ.

പൂക്കൾ പറിക്കുകയോ ചെടികൾ വേരോടെ നശിപ്പിക്കുകയോ ചെയ്യുന്നത് 25,000 രൂപ വരെ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്.

ഫോട്ടോയോ സെൽഫിയോ എടുക്കാൻ വേണ്ടി ചെടികൾക്കിടയിലൂടെ കയറുന്നതും ചെടികൾ ചവിട്ടി മെതിക്കുന്നതും പൂർണ്ണമായും ഒഴിവാക്കുക.

നീലക്കുറിഞ്ഞിയുടെ ഏറ്റവും വലിയ പ്രത്യേകത 12 വർഷത്തിലൊരിക്കൽ കൂട്ടത്തോടെ പൂക്കുന്നതാണ്. പൂക്കലിനും വിത്തുണ്ടാകലിനും ശേഷം പഴയ ചെടി ഉണങ്ങിപ്പോകുകയും വിത്തുകളിൽനിന്ന് അടുത്ത തലമുറ വളരുകയും ചെയ്യും. 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്നതെന്ത് കൊണ്ടെന്നാൽ നീലക്കുറിഞ്ഞിയുടെ സ്വാഭാവിക ജീവിതചക്രമാണ് ഇതിന് കാരണം. ചിലയിനങ്ങൾ എല്ലാ വർഷവും പൂക്കുമെന്ന കാര്യവും ഓർമയിലിരിക്കട്ടെ. വർഷങ്ങളോളം വളർന്ന ശേഷം ഒരിക്കൽ കൂട്ടത്തോടെ പൂത്ത് വിത്തുണ്ടാക്കുകയും തുടർന്ന് ചെടി ഉണങ്ങിപ്പോകുകയും ചെയ്യും. ആ വിത്തുകളിൽനിന്ന് പുതിയ തലമുറ വളർന്ന് ഏകദേശം 12 വർഷത്തിന് ശേഷം വീണ്ടും പൂക്കുന്നു.

Strobilanthes kunthiana എന്ന ശാസ്ത്രീയ നാമമുള്ള നീലക്കുറിഞ്ഞി പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ ഷോല–പുൽമേട് ആവാസവ്യവസ്ഥയിലാണ് പ്രധാനമായും കാണപ്പെടുന്നത്. മൂന്നാർ, ഇരവികുളം, മീശപ്പുലിമല തുടങ്ങിയ പ്രദേശങ്ങൾ ഇതിന്റെ പ്രധാന ആവാസകേന്ദ്രങ്ങളാണ്.

മൂന്നാറിലും പശ്ചിമഘട്ടത്തിലെ മറ്റ് മലനിരകളിലും പലതരം കുറിഞ്ഞിയിനങ്ങളുണ്ട്. Strobilanthes ജനുസ്സിലെ വിവിധ ഇനങ്ങൾക്ക് പൂക്കുന്ന ഇടവേളയും ഒരുപോലെയല്ല. ചില ഇനങ്ങൾ വർഷംതോറും പൂക്കുന്നവയാണ്. മറ്റു ചില ഇനങ്ങൾക്ക് 4, 7, 10 വർഷം തുടങ്ങി വ്യത്യസ്ത പൂക്കാല ചക്രങ്ങളുണ്ട്. വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ രേഖകളിലും ഈ വ്യത്യാസങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, നീലക്കുറിഞ്ഞി എന്നറിയപ്പെടുന്ന Strobilanthes kunthianaയുടെ പ്രധാന കൂട്ടപ്പൂക്കാലം 12 വർഷത്തെ ചക്രമനുസരിച്ചാണ്. മൂന്നാർ മേഖലയിലെ പ്രത്യേക .S. kunthianaയുടെ പ്രധാന പൂക്കാലങ്ങൾ 1990, 2002, 2014 എന്നിങ്ങനെയായിരുന്നുവെന്നും അടുത്ത പ്രധാന പൂക്കാലം 2026-ലാണെന്നും കേരള ടൂറിസം രേഖകളിലും വ്യക്തമാകുന്നുണ്ട്.

ഇതിനിടയിൽ മൂന്നാറിന്റെ വിവിധ ഭാഗങ്ങളിൽ കുറിഞ്ഞിയുടെ മറ്റ് ഇനങ്ങൾ പൂക്കുകയോ, ചില ചെടികൾ ഒറ്റപ്പെട്ട രീതിയിൽ പൂക്കുകയോ ചെയ്യാം. അതുകൊണ്ടാണ് ഒരു വർഷം കുറിഞ്ഞിപ്പൂക്കൾ കണ്ടതിന് പിന്നാലെ “12 വർഷത്തിലൊരിക്കൽ മാത്രമല്ലേ നീലക്കുറിഞ്ഞി പൂക്കുന്നത്?” “ഇതൊക്കെ എല്ലാ വർഷവും പൂക്കാറുണ്ട്”
എന്നിങ്ങനെയുള്ള സംശയം ഉണ്ടാകുന്നത്. ഒറ്റപ്പെട്ട പൂക്കലും 12 വർഷത്തിലൊരിക്കൽ നടക്കുന്ന വലിയ കൂട്ടപ്പൂക്കാലവും രണ്ടായി കാണണം.

അതിനാൽ ഇപ്പോൾ മൂന്നാറിലെ ചൊക്രമുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാണുന്ന 2026-ലെ പ്രധാന നീലക്കുറിഞ്ഞിപ്പൂക്കാലത്തെ, മറ്റ് കുറിഞ്ഞിയിനങ്ങളുടെ ഇടയ്ക്കിടെയുള്ള പൂക്കലുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. എല്ലാ വർഷവും പൂക്കുന്നതുമുണ്ട്, ഇടവേളകളിൽ പൂക്കുന്നതുമുണ്ട്, 12 വർഷത്തിലൊരിക്കൽ പൂക്കുന്നതുമുണ്ട് എന്നതാണ് യാഥാർഥ്യം.

Strobilanthes- ജനുസ്സിൽ നിരവധി കുറിഞ്ഞിയിനങ്ങളുണ്ട്. അവയെല്ലാം ഒരേ ഇടവേളയിൽ പൂക്കുന്നവയല്ല. വ്യത്യസ്ത ഇനങ്ങൾക്ക് വ്യത്യസ്ത പൂക്കാല ചക്രങ്ങളുണ്ട്.

നീലക്കുറിഞ്ഞി കൂട്ടത്തോടെ പൂക്കുന്ന സമയത്ത് വിശാലമായ മലഞ്ചെരിവുകൾ നീലയും വയലറ്റും നിറത്തിൽ കാണപ്പെടും. ‘നീലഗിരി’ എന്ന പേരിന്റെ ഉത്ഭവവുമായി ഈ പ്രകൃതിദൃശ്യത്തിന് ബന്ധമുണ്ടെന്നാണ് പൊതുവേ കരുതപ്പെടുന്നത്.

സൈമ ശങ്കർ മൈസൂർ✍

RELATED ARTICLES

2 COMMENTS

  1. 2002, 2014 നീലക്കുറിഞ്ഞി പൂത്തപ്പോൾ മൂന്നാറിൽ പോയി കണ്ടിരുന്നു. ഇക്കുറിയും ദൈവം അനുഗ്രഹിച്ചാൽ പോയികാണണം. വിവരണം വിജ്ഞാനപ്രദം🙏🏻❤️😊

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ