മലയാള ഭാഷയെ അതിരറ്റ് സ്നേഹിച്ച എഴുത്തുകാരൻ, …. എഴുത്തിടങ്ങളിലെ ബഹുമുഖ പ്രതിഭ പത്മശ്രീ ശൂരനാട് കുഞ്ഞൻപിള്ളയുടെ ഓർമ്മകളിലൂടെ…..
നിഘണ്ടുകാരൻ, ഭാഷാചരിത്രകാരൻ, കവി, സാഹിത്യ വിമർശകൻ, വാഗ്മി, വിദ്യാഭ്യാസ പ്രചാരകൻ, മലയാള ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധൻ. മലയാളം ഭാഷയുടെയും ചരിത്രത്തിന്റെയും ഉള്ളറകളിലേക്ക് ഇറങ്ങിചെന്ന് അവയെ കൂടുതൽ അറിയാനുള്ള ശ്രമം അദ്ദേഹത്തിൻ്റെ പ്രത്യേകതയാണ്.
തിരുവിതാംകൂറിൽ ജീവിച്ചിരുന്ന മഹാൻമാരെക്കുറിച്ച് എഴുതിയ ലേഖന സമാഹാരമാണ് ” തിരുവിതാംകൂറിലെ മഹാൻമാർ ” എന്ന പുസ്തകം. ചട്ടമ്പിസ്വാമി, നാരായണസ്വാമി എന്നീ സന്യാസിശ്രേഷ്ഠൻമാരേയും, കേരളപാണിനി, കേരള കാളിദാസൻ എന്നീ മഹാപണ്ഡിതൻമാർ, വിഖ്യാത ചിത്രകാരൻ രവിവർമ്മ, ധർമ്മരാജാ, സ്വാതി തിരുനാൾ, വിശാഖം തിരുനാൾ, മുലം തിരുനാൾ എന്നീ രാജാക്കൻമാർ, രാമയ്യൻ ദളവ, അയ്യപ്പൻമാർത്താണ്ഡ പിള്ള, രാജാകേശവദാസൻ, വേലുത്തമ്പിദളവ, ഡി ലനായി, ഇരവിക്കുട്ടിപ്പിളള, ഇവരെക്കുറിച്ചൊക്കെ ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു .
1911 നവംബർ 24 ന് കൊല്ലം ശൂരനാട് പായിക്കാട്ടുവീട്ടിൽ കാർത്ത്യായനിയമ്മയുടെയും നീലകണ്ഠപ്പിള്ളയുടെയും മകനായിട്ടാണ് പി എൻ കുഞ്ഞൻപിള്ള എന്ന പ്രതിഭ പിറവിയെടുത്തത്. തേവലക്കരയിലെ മലയാളം വിദ്യാലയത്തിലും ചവറയിലെ ഇംഗ്ലീഷ് സ്കൂളിലുമായി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചു. പിന്നീട് യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഇന്റർമീഡിയറ്റും സംസ്കൃതത്തിൽ ബിഎയും നേടി. ആർട്ട്സ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും തുടർന്ന് സംസ്കൃതത്തിലും മലയാളത്തിലുമായി ബിരുദാനന്തര ബിരുദങ്ങളും കരസ്ഥമാക്കി. പുരാവസ്തുഗവേഷണത്തെ സംബന്ധിച്ച് ആധികാരികമായ പഠനവും ഈ കാലയളവിൽ അദ്ദേഹം നടത്തി. തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത് .
റെക്കോർഡ്സ് കമ്മിഷൻ അംഗം, പാഠപുസ്തകകമ്മിറ്റി സെക്രട്ടറി, ഗവൺമെന്റ് എഡ്യൂക്കേഷൻ അസിസ്റ്റന്റ് സെക്രട്ടറി, കേന്ദ്ര സാഹിത്യ അക്കാഡമി നിർവാഹക സമിതി അംഗം. കേരളസർവകലാശാല മാനുസ്കൃപ്റ്റ് ലൈബ്രറി ഹോണററി ഡയറക്ടർ, ഫാക്കൽറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസ്. കേരളാസർവകലാശാലാ അംഗം, കേരളാആർകൈയ്‌വ്സ്, ന്യൂസ് ലെറ്റർബോർഡിന്റെ പത്രാധിപർ, നവസാഹിതി ബയോഗ്രഫിക്കൽ എൻസൈക്ലോപീഡിയയുടെ മുഖ്യ ഉപദേഷ്ടാവ്, കേരളാസർവ്വകലാശാല പിഎച്ച്ഡി ഇവാലുവേഷൻ ബോർഡ് അംഗം, സാഹിത്യപരിഷത്ത് അദ്ധ്യക്ഷൻ, കേരളസാഹിത്യ അക്കാഡമി അംഗം, ഹിസ്റ്ററി അസോസിയേഷൻ അംഗം, കാൻഫെഡ് അദ്ധ്യക്ഷൻ, ജേണൽ ഓഫ് ഇന്ത്യൻ ഹിസ്റ്ററിയുടെ പത്രാധിപർ, ആദ്യ ജ്ഞാനപീഠ അവാർഡ് കമ്മിറ്റി അംഗം എന്നീ നിലകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മലയാള സാഹിത്യത്തിൽ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. പ്രാചീന സൗന്ദര്യ ശാസ്ത്ര ഗ്രന്ഥങ്ങളായ ലീലാതിലകത്തിനും സന്ദേശകാവ്യമായ ഉണ്ണിനീലി സന്ദേശത്തിനും അദ്ദേഹം രചിച്ച വ്യാഖ്യാനങ്ങൾ പ്രസിദ്ധമാണ്. ശ്മശാന ദീപം (കവിതാ സമാഹാരം) അമ്പാദേവി (നോവൽ), പ്രാചീന കേരളം (ജീവചരിത്രങ്ങൾ) കല്യാണസൗധം (നോവൽ), യാത്രക്കാരുടെ കണ്ണിലെ മലബാർ, തിരുവിതാംകൂറിലെ മഹാന്മാർ(ജീവചരിത്രം) സൗരഭൻ (കഥകൾ) വീരരാഘവ ശാസനം (ജീവചരിത്രം) മാതൃപൂജ, കൈരളീ പൂജ (പ്രബന്ധസമാഹാരം), പുഷ്പാഞ്ജലീ സാഹിത്യഭൂഷണം (പ്രബന്ധസമാഹാരം), ഹൃദയകർപ്പണം (കവിതാ സമാഹാരം) പഞ്ചതന്ത്രകഥാമണികൾ (കഥകൾ) കൈരളീ സമക്ഷം (സാഹിത്യ നിരൂപണം) ഭാരതപൂജ, ഭാഷാദീപിക, ജീവിതകല, തിരുമുൽക്കാഴ്ച, തിരുവിതാംകൂർ കൊച്ചി ചരിത്ര കഥകൾ, മലയാളലിപി പരിഷ്ക്കാരം ചിലനിർദ്ദേശങ്ങൾ, ശ്രീ ശങ്കരാചാര്യരുടെ ജീവചരിത്രം എന്നിവയാണ് അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നത്.
മലയാള സാഹിത്യത്തിനും വിദ്യാഭ്യാസരംഗത്തും അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ച് ഭാരത സർക്കാർ അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ഹിസ്റ്ററി അസോസിയേഷന്റെ ഫെലോ ആയും തിരഞ്ഞെടുക്കപ്പെട്ടു. മീററ്റ് സർവകലാശാലയും, കേരള സർവകലാശാലയും ഡി.ലിറ്റ് നൽകി ആദരിച്ചു. വള്ളത്തോൾ പുരസ്കാരം, കേരള സർക്കാറിന്റെ ആദ്യ എഴുത്തച്ഛൻ പുരസ്കാരം എന്നിവയും നേടി.
1995 മാർച്ച് 8 ന് അദ്ദേഹം അന്തരിച്ചു.ആദ്യ ഭാര്യ പന്നിയറത്തല പാറുക്കുട്ടിയമ്മ. അവരുടെ മരണശേഷം സഹോദരി ഭഗവതിയമ്മയെ വിവാഹം ചെയ്തു.
മലയാള ഭാഷയെ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും, ഭാഷയുടെ വളർച്ചക്ക് പ്രചോദനമാകുകയും ചെയ്ത ബഹുമുഖ പ്രതിഭയ്ക്ക് ഏറെ ആദരവോടെ…
പ്രണാമം .
ശൂരനാടിന്റെ ജീവിതയാത്രകൾ മനോഹരമായ പകർത്തി