തടവറയിലെ സംഗീതം (അ.പ്ര. 16:25-34)
“അർദ്ധരാത്രിക്ക് പൗലൊസും ശീലാസും പ്രാർത്ഥിച്ചു ദൈവത്തെ സ്തുതിച്ചു. തടവുകാർ ശ്രദ്ധിച്ചു കൊണ്ടിരുന്നു” (വാ. 25).
തടവറയിൽ നിന്നും സംഗീതം ഉയരുക; അതും ദൈവത്തെ പാടി സ്തുതിക്കുക? വളരെ വിചിത്രമെന്നു തോന്നാവുന്ന കാര്യമാണത്. മനുഷ്യനു അസാദ്ധ്യമെങ്കിലും, ദൈവത്തോടൊപ്പം ആയിരിക്കുന്നവർക്കു സുസാദ്ധ്യം! സ്തോത്രം പറയുവാൻ ഒരു രീതിയിലും സാഹചര്യം അനുവദിക്കാതിരിക്കുമ്പോൾ, തന്നെ സ്തുതിക്കുന്നതു ദൈവത്തിനു വഴിപാടു കഴിക്കുന്നതുപോലെയാണ്. “ഇടവിടാതെ പ്രാർത്ഥിപ്പിൻ” എന്നും, “എപ്പോഴും സന്തോഷിപ്പിൻ” എന്നും മറ്റുള്ളവരെ പ്രബോധിപ്പിച്ച അപ്പൊസ്തലൻ (1 തെസ്സ. 5:16, 17), തന്റെ പ്രബോധനം, സ്വന്ത ജീവിതത്തിൽത്തന്നെ പ്രാവർത്തീകമാക്കി കാണിച്ചു. എല്ലാ കാര്യങ്ങളും അനുകൂലമാലമായിരിക്കുമ്പോൾ, എല്ലാം ശുഭമായിരിക്കുമ്പോൾ, സ്തോത്രം പറയുക എളുപ്പമാണ്! എന്നാൽ, എല്ലാം പ്രതികൂലമായിരിക്കുമ്പോൾ, തടവറയിൽ ആയിരിക്കുമ്പോൾ, കോലിനാൽ അടികൊണ്ടു ദേഹമാസകലം ചതഞ്ഞിരിക്കുമ്പോൾ, കാലുകൾ ആമത്തിലായിരിക്കുമ്പോൾ, അതു ചെയ്യുക അത്ഭുതകരമാണ്! മാനുഷീകമായി അസാദ്ധ്യമെന്നു തോന്നുന്നത്, പൗലൊസും ശീലാസും സാധിച്ചെടുത്തു. അതാണു പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുടെ അത്ഭുത സിദ്ധി! അതേക്കുറിച്ചാണു ധ്യാന ഭാഗത്തു സൂചിപ്പിച്ചിരിക്കുന്നത്.
പൗലൊസിനും ശീലാസിനും എതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ നിസ്സാരങ്ങളായിരുന്നില്ല! “പട്ടണത്തെകലക്കി; റോമാക്കാർക്ക് അംഗീകരിപ്പാനും, അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു” (വാ. 21). വിപ്ലവകാരികൾ, വിദ്ധ്വംസകർ എന്നൊക്കെയുള്ള ആരോപണം റോമൻ ഭരണകൂടം ഒരിക്കലും വെച്ചുപൊറുപ്പിക്കു മായിരുന്നില്ല. അതിനാൽ, അടുത്ത ദിവസം എന്തു സംഭവിക്കുമെന്ന് ഒരുറപ്പും ഇല്ലായിരുന്നു. എന്നിട്ടും, ആ പാതിരായ്ക്ക് തടവിൽ കിടന്നുകൊണ്ട്, ആമത്തിൽ കിടന്നുകൊണ്ട്, അവർ ദൈവത്തെ പാടി സ്തുതിച്ചു! കാരാഗ്രഹത്തിന്റെ ഏറ്റവും ക്രൂരമായ അനുഭവങ്ങളുടെ നടുവിലും സ്തോത്രം പറയുവാൻ,ഒരാളെ ഒരു വിശ്വാസം കഴിവുള്ളവനാക്കുമെങ്കിൽ, ആ വിശ്വാസത്തിന് എന്തോ പ്രത്യേകതയുണ്ട്. അതായിരിക്കാം ഭൂകമ്പം രൂപപ്പെടുത്തിയത്; കാരാഗ്രഹ പ്രമാണിയെ മാനസാന്തരപ്പെടുത്തിയത്.
നമ്മുടെ വിശ്വാസം എത്തരത്തിലുള്ളതെന്നു ശോധന ചെയ്യുവാൻ, പൗലൊസിന്റെയും ശീലാസിന്റെയും വിശ്വാസവും വിശ്വാസ പ്രതികരണങ്ങളും നമ്മെ പ്രേരിപ്പിക്കട്ടെ? ദൈവം സഹായിക്കട്ടെ?
ചിന്തയ്ക്ക്: നട്ടപ്പാതിരായ്ക്ക് തടവറയിൽ കിടന്നുകൊണ്ട് സംഗീതം ആലപിക്കുവാൻ ശക്തി തരുന്ന വിശ്വാസമാണ്, യഥാർത്ഥ വിശ്വാസം!