ഭരതൻ്റെ ഓർമ്മയ്ക്കായി
‘ഇത്തിരി പൂക്കൾ ചുവന്ന പൂക്കൾ..’
പ്രശസ്ത സംവിധായനായിരുന്ന ഭരതൻ്റെ വേർപാടിൻ്റെ ഇരുപത്തിഎട്ടു സംവത്സരങ്ങളാണ് കടന്ന് പോകുന്നത്. –
ഭരതൻ എന്ന അതുല്യ സംവിധായക പ്രതിഭയെ മലയാള ചലച്ചിത്രാസ്വാദകർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹം വിടവാങ്ങി മൂന്നു ദശാബ്ദത്തോട് അടുത്തു എന്നത് വിശ്വസിക്കാനാവാത്തതുപോലെ.
കലാമൂല്യമുള്ള നല്ല സിനിമകൾ മാത്രം സമ്മാനിച്ച ആ ഉന്നത കലാപ്രതിഭയുടെ ഓർമ്മയ്ക്കായി ഇത്തിരിപ്പൂക്കൾ ചുവന്ന പൂക്കൾ അർപ്പിക്കുന്നു.
വടക്കാഞ്ചേരി എങ്കക്കാട് ദേശത്ത് 1946 നവംബർ പതിനാലിനാണ് ഭരതൻ്റെ ജനനം..: അച്ഛൻ പാലിശ്ശേരി പരമേശ്വര മേനോൻ അമ്മ കാർത്ത്യായനിയമ്മ. ചലച്ചിത്ര സംവിധായകനായിരുന്ന PN മേനോൻ ഇളയച്ഛനാണ്.
അനേകം കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ മലയാളികൾക്ക് സമ്മാനിച്ച അതുല്യപ്രതിഭയായിരുന്നു . ഭരതസ്പർശം എന്ന ഒരു വാക്ക് മലയാളത്തിന് സമ്മാനിക്കാൻ കാരണം അദ്ദേഹത്തിൻ്റെ വേറിട്ട ആഖ്യാനശൈലി കൊണ്ടാണ്.. സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സില്‍ നിന്നും ഡിപ്ലോമ നേടിയ ഭരതൻ കലാസംവിധായകനായാണ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത് വിന്‍സെന്റ് സംവിധാനം ചെയ്ത ഗന്ധര്‍വ ക്ഷേത്രം എന്ന ചലച്ചിത്രത്തിലൂടെ. പി.എൻ മേനോൻ്റെ സിനിമകളിലും കലാസംവിധായകനും സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് സ്വതന്ത്ര സംവിധായകനായി മാറിയത്;
1975ല്‍ പത്മരാജന്റെ തിരക്കഥയില്‍ പ്രയാണം എന്ന ചലച്ചിത്രത്തിലൂടെ. ഏറ്റവും നല്ല പ്രാദേശികഭാഷാചിത്രത്തിനുള്ള ദേശീയപുരസ്‌കാരത്തിന് പ്രയാണം അർഹമായി.
ഭരതന്‍ എന്ന സംവിധായക പ്രതിഭയുടെ പിന്നീടുള്ള സിനിമകളുടെ നാഴികക്കല്ലായി മാറി പ്രയാണം .
അതിനു ശേഷം സംവിധാനം ചെയ്ത സിനിമ “ഗുരുവായൂർ കേശവൻ ” കേരളത്തിലെ ഏറ്റവും തലയെടുപ്പുളള ഗുരുവായൂർ ദേവസ്വത്തിൻ്റെ കേശവൻ എന്ന ആനയേയും ഗുരുവായൂർ ക്ഷേത്രവും എല്ലാം ഉൾക്കൊള്ളിച്ച സിനിമയിലെ ഗാനങ്ങളും അക്കാലത്ത് വളരെ ശ്രദ്ധിക്കപ്പെട്ടു. അതിനു ശേഷം ആരവം, അണിയറ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഈ ചിത്രങ്ങൾ വന്ന ശേഷമാണ് പത്മരാജൻ്റെ തിരക്കഥയിലൂടെ ഭരതൻ കൂടുതൽ ശ്രദ്ധേയനാകുന്നത് ‘
ഭരതൻ -പത്മരാജൻ ദ്വയങ്ങൾ മലയാള സിനിമയെ പഴയ ശൈലിയിൽ നിന്നും മോചിപ്പിച്ചു. ഈ കൂട്ടുകെട്ടിൽ പിറന്നതാണ് രതിനിര്‍വ്വേദം, തകര എന്നീ സിനിമകൾ. ഭരതന്റെ ആദ്യകാല ചിത്രങ്ങളിൽ ഏറ്റവും മികച്ച ചിത്രമാണ് തകര. അന്തരിച്ച പ്രതാപ് പോത്തൻ, നെടുമുടി വേണു എന്നിവർക്ക് മികച്ച അഭിനയം കാഴ്ചവയ്ക്കാൻ ഹേതുവായത് ഭരതൻ്റെ സംവിധാന മികവുകൊണ്ട് കൂടിയാണ്. രതിനിര്‍വ്വേദം എന്ന സിനിമയിലൂടെ കൗമാര തൃഷ്ണകളെ ഭരതന്‍ നല്ല രീതിയിൽ അവതരിപ്പിച്ചു..
കൗമാരക്കാരനായ പപ്പുവിന് തന്നെക്കാള്‍ മുതിർന്ന രതി എന്ന സ്ത്രീയിൽ അനുരാഗമുണ്ടാകുന്നതും ശേഷം ഉണ്ടാകുന്ന സംഭവ വികാസങ്ങളും ”’ മികച്ച രീതിയില്‍ അവതരിപ്പിച്ചു.പ്രശസ്ത ഗായകൻ കൃഷ്ണചന്ദ്രനാണ് കൗമാരക്കാരൻ്റെ വേഷത്തിൽ എത്തിയത്.
കറുപ്പും വെളുപ്പും സിനിമകൾക്ക് തിരശ്ശീല വീണ എൺപതുകളുടെ ആരംഭത്തിൽ ചാമരം, മര്‍മ്മരം, പാളങ്ങള്‍, എന്റെ ഉപാസന തുടങ്ങിയ സിനിമകൾ പ്രേക്ഷകർ സ്വീകരിച്ച് വിജയിപ്പിച്ചു. ചാമരം മോശമല്ലാത്ത പ്രദർശനവിജയം നേടി .സറീനാ വഹാബും നെടുമുടിയും ആയിരുന്നു നായികാനായകൻമാർ. ആർട്ട് സിനിമയുടേയും കച്ചവട സിനിമയുടേയും ഇടയിലുള്ള സംവിധാന ശൈലിയാണ് ഭരതൻ അനുവർത്തിച്ചു വന്നിരുന്നത്. അതിനാൽ മധ്യവർത്തി സിനിമ എന്ന ഒരു പ്രയോഗം അത്തരം സിനിമകൾക്ക് ഉണ്ടായി.
പാർവ്വതി ,ലോറി, പറങ്കിമല എന്നീ ചിത്രങ്ങൾ വൻ വിജയമായില്ലെങ്കിലും അതിനു ശേഷം വന്ന നിദ്ര വളരെ ശ്രദ്ധേയമായി. വിജയ് മേനോനും, ശാന്തികൃഷ്ണയും അഭിനയിച്ച ഈ ചിത്രം ഭരതൻ്റെ മകൻ സിദ്ധാർത്ഥ് റീമേക്ക് ചെയ്യുകയുണ്ടായി. ഓർമ്മയ്ക്കായി, കാറ്റത്തെ കിളിക്കൂട്, സന്ധ്യമയങ്ങും നേരം എന്നീ ചിത്രങ്ങൾ വൻ പ്രദർശന വിജയം നേടി. ഓർമ്മയ്ക്കായി എന്ന സിനിമയിലെ ഊമയുടെ വേഷം ഭരത് ഗോപി അസാമാന്യപാടവത്തോടെ അഭിനയിച്ചു. കാറ്റത്തെ കിളിക്കൂടിലും ഗോപിയുടെ അഭിനയം ഭരതൻ്റെ സംവിധാനകലയുടെ മാറ്റ് തെളിയിക്കുന്നതായിരുന്നു.കുടുംബ ജീവിതത്തിലെ തെറ്റിദ്ധാരണയും വാശിയും മൂലം ഏതു നിമിഷവും ഒരു ചെറിയ കാറ്റിൽ നിലം പതിക്കാവുന്ന കിളിക്കൂട്. ഗോപിയെ കൂടാതെ ശ്രീവിദ്യയും മോഹൻലാലും രേവതിയും തകർത്ത് അഭിനയിച്ചു. ഗൃഹലക്ഷ്മി നിർമ്മിച്ച ഒഴിവുകാലവും നല്ല സിനിമയായിരുന്നു.
1984 ൽ പ്രദർശനശാലകളിൽ എത്തിയ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന സിനിമ വൻ പ്രദർശന വിജയം നേടി. നക്സലൈറ്റ് സംഘടനയിൽ എത്തിപ്പെടുന്ന ഉണ്ണി എന്ന യുവാവിന് ഉണ്ടാകുന്ന ദുരന്തവും അതോടനുബന്ധിച്ച് ഉണ്ണിയുടെ അമ്മയ്ക്ക് സംഭവിച്ച മാനസിക വിഭ്രാന്തിയും പോലീസ് ഇൻസ്പെക്ടറായ ചേട്ടൻ താമസിക്കുന്ന തറവാട്ടു വീട്ടിൽ സംഘത്തിലെ മറ്റൊരംഗം എത്തിപ്പെടുന്നതും ഉണ്ണിയുടെ അച്ഛനും സഹോദരിയും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ഉദ്വേഗജനമായ സംഭവങ്ങളും ചേർന്ന നിലവാരമുള്ള സിനിമ
ഭരതൻ്റെ സിനിമകളിൽ ഏറ്റവും മികച്ചു നിൽക്കുന്ന കലാമൂല്യമുള്ള ചിത്രമാണ് വൈശാലി..
ലോമപാദരാജാവിൻ്റെ അധീനതയിലുള്ള രാജ്യത്ത് വർഷങ്ങളായി മഴ പെയ്യാതെ വരൾച്ചയും കുടിവെള്ള ക്ഷാമവും നേരിടുമ്പോൾ യാഗം ചെയ്ത് മഴ പെയ്യിപ്പിക്കാൻ രാജഗുരു നിർദേശിക്കുന്നു.
ഋശ്യശൃംഗൻ എന്ന മുനികുമാരനെ ആകർഷിച്ച് കൊണ്ടുവരാൻ വൈശാലി എന്ന ദേവദാസി കുടുംബത്തിലെ കന്യകയെ വിഭാണ്ഡക മഹർഷിയുടെ ആശ്രമത്തിലേക്ക് അയക്കുന്നതും കുമാരനെ കൊണ്ടുവന്ന് യാഗം നടത്തി മഴ പെയ്യിപ്പിക്കുന്നതുമാണ്
പ്രമേയം എംടിയുടെ തിരക്കഥയിൽ പിറന്ന ചലച്ചിത്രകാവ്യം.
എം.ടി.യുടെ തിരക്കഥ പിറന്ന മറ്റൊരു ചിത്രമാണ് താഴ്‌വാരം. ചിരകാല കൂട്ടുകാർക്കിടയിൽ ഉണ്ടായ അസ്വാരസ്യങ്ങളും ചതിയും പ്രതികാരവും. മോഹൻലാലും സലീം ഗൗസും മത്സരിച്ച് അഭിനയിച്ചു.. നായികമാരായി അഞ്ജു, സുമലത
കലാലയ രാഷ്ട്രീയവും വിദ്യാർത്ഥികളിലെ മയക്കുമരുന്നിൻ്റെ ഉപയോഗം മൂലമുണ്ടാകുന്ന ദൂഷ്യ ഫലങ്ങളും പ്രതിപാദിക്കുന്ന പ്രണാമം എന്ന ചിത്രം കാര്യമായി വിജയിച്ചില്ല. താളം മറന്ന താരാട്ടു കേട്ടെൻ എന്ന മനോഹര ഗാനം ജനപ്രീതി നേടി.
1991 ൽ പ്രദർശനശാലകളിൽ എത്തി വിജയം നേടിയ ചിത്രമാണ് അമരം. ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രം. മകളെ നല്ല നിലയിൽ പഠിച്ച് ഡോക്ടറാക്കാൻ ആഗ്രഹിക്കുന്ന കടലോര മത്സ്യത്തൊഴിലാളിയായ അച്ചുവിൻ്റെ സ്വപ്നങ്ങൾ: തകർന്ന പ്രതീക്ഷകൾ മമ്മൂട്ടിയുടെ അഭിനയ മികവിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സിനിമ : മുരളി KPAC ലളിത എന്നിവരും കഥാപാത്രമായി മാറിയ അഭിനയ മുഹൂർത്തങ്ങൾ അച്ചുവിന്റെ മകൾ മുത്ത് ആയി അഭിനയിച്ചത് മാതു . കാമുകൻ രഘുവായി അശോകൻ കൂടാതെ ചിത്രയും മറ്റു താരങ്ങളും. മനോഹരമായ ഗാനങ്ങളാലും ഗാന ചിത്രീകരണങ്ങളാലും ഇന്നും ഹരിതശോഭയോടെ നിൽക്കുന്നു.
തമിഴിലും വളരെ നല്ല ഒരു സിനിമ സംവിധാനം ചെയ്തു. ശിവാജി ഗണേശന്‍ കമലഹാസന്‍ എന്നിവര്‍ അച്ഛനും മകനുമായി അഭിനയിച്ച തേവർ മകൻ. കമലാഹാസൻ്റെ നായികയായി രേവതിയും. വൻ വിജയം നേടിയ ചിത്രം ഒട്ടേറെ ദേശീയപുരസ്‌കാരങ്ങൾ നേടി. തകര ആവാരം പൂ എന്ന പേരിൽ തമിഴിൽ റീമേക്ക് ചെയ്തു.
ഒരു അച്ഛൻ്റേയും മകളുടെയും അപ്രതീക്ഷിത സമാഗമം പ്രമേയമായ പാഥേയം വളരെ മികച്ച സിനിമയായിരുന്നു. മമ്മൂട്ടിയും മകളായി ചിപ്പിയും അഭിനയിച്ചു.
ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടവും ഒരു സായാഹ്നത്തിൻ്റെ സ്വപ്നവും നല്ല സിനിമകൾ തന്നെയാണ്. ജോൺ പോളിൻ്റെ ലളിതമായ പ്രമേയത്താൽ കേളിയും ശ്രദ്ധിക്കപ്പെട്ടു.
പ്രായമായവരോടുള്ള ബഹുമാനം അവരെ ചലച്ചിത്രകഥാപാത്രങ്ങളിലൂടെ ആദരിക്കാൻ ഭരതൻ എക്കാലവും ശ്രമിച്ചിട്ടുണ്ട്. കേളി കൂടാതെ ഒരു സായാഹ്നത്തിന്റെ സ്വപ്നം , മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നീ സിനിമകളും ഉദാഹരണം ,
വെങ്കലവും ചമയവും മുരളിയുടേയും മനോജ് കെ. ജയൻ്റേയും അഭിനയ മാറ്റ് ഉരയ്ക്കുന്ന സിനിമകൾ ആയിരുന്നു. വളരെ നല്ല ഗാനങ്ങളും . പി.ഭാസ്ക്കരൻ്റെ വരികൾക്ക് രവീന്ദ്രൻ്റെ സംഗീതത്തിൽ , പത്തു വെളുപ്പിന് മുറ്റത്ത് നിക്കണ ആറാട്ടുകടവിങ്കൽ എന്നീ ഗാനങ്ങളും രാജഹംസമേ എന്ന ജോൺസൺ മാഷ് സംഗീതം നൽകിയ ഗാനവും സംഗീതാസ്വാദകർ ഏറ്റെടുത്തു.
ഇംഗ്ലീഷ് സിനിമയുടെ ആശയം ഉൾക്കൊണ്ട മാളൂട്ടി എന്ന സിനിമ അത്ര നന്നായില്ല എന്നത് പറയാതിരിക്കാൻ വയ്യ. ചിലമ്പ് എന്ന സിനിമ കാര്യമായി വിജയിച്ചില്ലെങ്കിലും പ്രമേയപരമായി ശ്രദ്ധിക്കപ്പെട്ടു.റഹ്മാൻ , ശോഭന, തിലകൻ എന്നിവരായിരുന്നു അഭിനേതാക്കൾ.
ദേവരാഗം നല്ല അഭിപ്രായമായിരുന്നു. മാതൃഭൂമി സപ്ലിമെൻ്റിൽ വന്ന ലേഖനത്തിൻ്റെ ആശയത്തിൽ നിന്നും രചിച്ച തിരക്കഥ” കീരവാണിയുടെ സംഗീത സംവിധാനത്തിൽ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. (ശിശിരകാല മേഘമിഥുന , ,യയയ യാദവാ – ) അരവിന്ദ് സ്വാമിയും ശ്രീദേവിയുമാണ് പ്രധാന വേഷങ്ങളിൽ. അവസാന ചിത്രങ്ങളായ ചുരവും മഞ്ജീരധ്വനിയും പ്രേക്ഷകരിൽ കാര്യമായ ചലനം ഉണ്ടാക്കിയില്ല.
ഭരതന്‍ ചില ചിത്രങ്ങൾക്ക് സ്വന്തമായി തിരക്കഥകൾ രചിച്ചിട്ടുണ്ട്. തന്റെ സ്വന്തം ചിത്രങ്ങളിൽ ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു. കാതോട് കാതോരം എന്ന സിനിമയിലെ കാതോട് കാതോരം തേൻ ചോരുമീ മന്ത്രം എന്ന ഗാനത്തിന് ഈണം നൽകിയത് ഭരതനാണ്. മറ്റു രണ്ടു ഗാനങ്ങൾ സംവിധാനം ചെയ്തത് ഔസേപ്പച്ചനും (ദേവദൂതർ പാടി, നീ എൻ സർഗ്ഗസംഗീതമേ) ചിലമ്പ് എന്ന സിനിമയിലെ ചിത്ര ആലപിച്ച പുടമുറിക്കല്യാണം , എന്ന ഗാനത്തിൻ്റെ രചനയും നിർവ്വഹിച്ചു.. സംഗീതം ഔസേപ്പച്ചനും. കേളി എന്ന സിനിമയിലെ കൈതപ്രത്തിൻ്റെ മനോഹരമായ താരം വാൽക്കണ്ണാടി നോക്കി എന്ന വരികൾക്ക് ഹൃദ്യമായസംഗീതം നൽകിയത് ഭരതനാണ്.
1998 ജൂലൈ 30ന് ആ പ്രതിഭ വിടവാങ്ങി. കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയ പ്രശസ്ത അഭിനേത്രി കെപിഎസി ലളിതയാണ് ഭാര്യ. അഭിനേതാവും സംവിധായകനുമായ സിദ്ധാർത്ഥിനെ കൂടാതെ ഏകമകൾ ശ്രീക്കുട്ടിയും’
സംവിധാന കലയുടെ അമരത്തു നിന്നും ചമയങ്ങൾ എല്ലാം അഴിച്ചു വച്ച് ജീവിത യവനികയുടെ അണിയറയിലേക്ക് മറഞ്ഞ അതുല്യപ്രതിഭയ്ക്ക് പ്രണാമം…




പ്രശസ്ത സംവിധായകൻ ഭരതൻ സാറിൻ്റെ ടച്ച്സനിമകൾ എക്കാലത്തും മലയാളികൾ ഏറെ ഇഷ്‌ടപ്പെട്ടിരുന്നു🙏😊 അദ്ദേഹത്തിൻ്റെ ചിത്രങ്ങളെയും ഗാനങ്ങളെയും കോർത്തിണക്കി തയ്യാറാക്കിയ അനുസ്‌മരണക്കുറിപ്പ് ഹൃദ്യവും വിജ്ഞാനപ്രദവുമായിരിക്കുന്നു. ലേഖകന് അഭിനന്ദനങ്ങൾ💐 അദ്ദേഹത്തിൻ്റെ ഓർമ്മദിനത്തിൽ ആദരപൂർവ്വം പ്രണാമം🙏🌹