Thursday, March 20, 2025
Homeഅമേരിക്കപിന്നിട്ട ചരിത്രങ്ങളുടെ വേറിട്ട ചിന്തകൾ (1) ✍ റിജേഷ് പൊന്നാനി

പിന്നിട്ട ചരിത്രങ്ങളുടെ വേറിട്ട ചിന്തകൾ (1) ✍ റിജേഷ് പൊന്നാനി

റിജേഷ് പൊന്നാനി

1951ൽ ഇന്ത്യയിലെ ജനസംഖ്യ 37 കോടിയായിരുന്നു ആ 37 കോടിയിൽ 80 ശതമാനം തീർത്തും നിരക്ഷരരാണ്. അങ്ങനെയുള്ള ഒരു രാജ്യത്തിൻ്റെ നീക്കം കണ്ട് ലോകത്തിൻ്റെ കണ്ണ് മുഴുവനും ഈ മണ്ണിലേക്കായി. ഇന്ത്യയ്ക്ക് പിഴച്ചാൽ ലോകത്തിന് മുന്നിൽ നമ്മൾ നാണം കെടും. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യ ആദ്യമായി പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയപ്പോൾ ഒരിക്കലും മുങ്ങില്ല എന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ടിലെ സതാംപ്റ്റണിൽ നിന്നും അമേരിക്കയിലെ ന്യൂയോർക്കിലേക്ക് യാത്ര തിരിച്ച ആഡംബര കപ്പലായ ടൈറ്റാനിക് അറ്റ്ലാൻറിക് സമുദ്രത്തിലെ മഞ്ഞുമലയിൽ ഇടിച്ച് തകർന്ന് നിരവധി മരണങ്ങൾക്കിടയാക്കി വൻദുരന്തമായത് പോലെ ഇന്ത്യ ഇലക്ഷനുമായി മുന്നോട്ട് പോയാൽ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ബാലറ്റ് പെട്ടികൾ മുങ്ങുമെന്ന് വിദേശ നിരീക്ഷകർ വിധിയെഴുതി. അത്രയേറെ പ്രതിസന്ധി നിറഞ്ഞതായിരുന്നു ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ….

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയെങ്കിലും ഓരോ ദിനങ്ങൾ പിന്നിടുമ്പോഴും ഭരണത്തലവനെ അലട്ടിയിരുന്ന അതീവ ഗൗരവമുള്ള ഒരു വിഷയം ഉണ്ടായിരുന്നു. ജനാധിപത്യത്തിലൂടെ ജനങ്ങളാൽ വിധിയെഴുതി ഭൂരിപക്ഷം ലഭിച്ച രാഷ്ട്രീയ പാർട്ടിയുടെ അമരത്തെത്തി പ്രധാനമന്ത്രി പദത്തിലെത്തുമ്പോഴാണ് ആ ഉയർന്ന സ്ഥാനത്തിന് അന്തസ്സും ആഭിജാത്യവും കൈവരികയുള്ളൂ എന്ന വ്യക്തമായ ധാരണ നെഹ്റുവിന് ഉണ്ടായിരുന്നു. പൊതുതിരഞ്ഞെടുപ്പ് സാധ്യമാവണമെങ്കിൽ ആദ്യം വേണ്ടിയിരുന്നത് ഇന്ത്യക്ക് സ്വന്തമായ ഒരു ഭരണഘടനയായിരുന്നു. രണ്ടര വർഷത്തിലേറെ നീണ്ട ചർച്ചകൾക്കും ഭേദഗതികൾക്കും ശേഷം ഡോ : ബി.ആർ. അംബേദ്കറിൻ്റെ നേതൃത്വത്തിൽ1949 നവംബർ 26ന് ഭരണഘടന നിലവിൽ വരുകയും ആ ദിവസം തന്നെ ഭരണഘടന നിയമനിർമ്മാണ സഭ (കോൺസ്റ്റിറ്റുവൻ്റ് അസംബ്ലി) ഭരണഘടന അംഗീകരിക്കുകയും കോൺസ്റ്റിറ്റുവൻ്റ് അസംബ്ലിയുടെ സ്ഥിരാധ്യക്ഷനായിരുന്ന ഡോ : രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായി 1950 ജനുവരി 26ന് അധികാരം ഏൽക്കുകയും ചെയ്തതോടെ അതുവരെ ഉണ്ടായിരുന്ന ഇന്ത്യയുടെ മുഖം പതുക്കെ മാറാൻ തുടങ്ങിയത് വിശ്വപൗരന്മാരുടെ ശ്രദ്ധയാകർഷിച്ചു….

ഇന്ത്യ റിപ്പബ്ലിക് ആവുന്നതിന് ഒരു ദിവസം മുന്നേ 1950 ജനുവരി 25ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പിറവി കൊണ്ടു. ലണ്ടൻ സർവ്വകലാശാലയിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ സ്വർണ്ണമെഡലോടെ പാസായി തുടർന്ന് ഇന്ത്യൻ സിവിൽ സർവീസിൽ (ഐ. സി. എസ്) പ്രവേശിച്ച ബംഗാളുകാരൻ ” സുകുമാർ സെൻ ” സ്വതന്ത്ര ഇന്ത്യയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി 1951 മാർച്ച് 21ന് ചുമതലയേറ്റു…

ഇന്ത്യൻ ഭരണഘടനയുടെ ഏറിയ പങ്കും പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് കടം കൊണ്ടതാണെങ്കിലും പല രാജ്യങ്ങളിലും തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെങ്കിലും ആ രാജ്യങ്ങളിലെ ജനസംഖ്യയും നമ്മുടെ ജനസംഖ്യയും തുലനം ചെയ്യുമ്പോൾ ഇന്ത്യയിലെ ഇലക്ഷൻ ബാലികേറാമല തന്നെയായിരുന്നു. പോരാത്തതിന് നാലിൽ മൂന്നുപേരും അക്ഷരം അറിയാത്തവരും….

ഇന്ത്യൻ ഇലക്ഷൻ കമ്മീഷണറായി സുകുമാർ സെൻ അധികാരമേറ്റതോടെ ലോകത്തിലെ ഒരു ഉദ്യോഗസ്ഥനും നേരിടാത്ത കനത്ത വെല്ലുവിളികളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. 37 കോടിയിലേറെ ജനങ്ങളിൽ നിന്ന് 21 വയസ്സ് പൂർത്തിയായവരെ തേടിപ്പിടിച്ച് വോട്ടർ പട്ടിക തയ്യാറാക്കി ജനങ്ങൾക്ക് വോട്ടിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമായ അറിവ് നൽകി ഇന്ത്യ എൻ്റെ രാജ്യവും വോട്ട് ഓരോ പൗരന്റെയും അവകാശവുമാണെന്ന ബോധം വളർത്തിയെടുക്കണം. 37 കോടിയിൽ 28 കോടിയിലേറെ ജനങ്ങൾക്കും എഴുത്തും വായനയും അറിയാത്തത് കാരണം നിരക്ഷരരെ എങ്ങനെ ബോധവൽക്കരിക്കും എന്നാലോചിച്ച് തലപുകച്ചപ്പോൾ സുകുമാർ സെന്നും കൂട്ടരും ആരും രക്ഷയ്ക്കില്ലാതെ നടുക്കടലിൽ ഒറ്റപ്പെട്ടതിന് സമാനമായി.

തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ഇനിയെത്ര ദൂരം തനിക്ക് സഞ്ചരിക്കാനാകും മുന്നോട്ടുപോയാൽ തന്നെ ടൈറ്റാനിക്ക് പോലെ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എന്നെന്നേക്കുമായി ഇല്ലാതാകുമോ എന്നോർത്ത് ലോകത്ത് ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും അനുഭവിക്കാത്ത പ്രതിസന്ധികൾ സുകുമാർ സെന്നിലുണ്ടായി. ഇതിനുപുറമേ വിവിധ സംസ്ഥാനങ്ങളിലെ ചുമതല വഹിക്കുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ചകൾ വന്നാൽ അല്ലെങ്കിൽ അവർ കാര്യക്ഷമമായി പ്രവർത്തിച്ചില്ലെങ്കിൽ മടിയന്മാരെ മാറ്റിനിർത്തി കാര്യപ്രാപ്തിയുള്ളവരെ ഉൾപ്പെടുത്തിയും തെറ്റുകൾ വരുത്തിയവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയും പ്രശ്നങ്ങളെല്ലാം പരിഹരിച്ച് അതിവേഗത്തിലായിരുന്നു സുകുമാർ സെന്നിൻ്റെ യാത്ര…

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ തലേന്നാൾ വരെ പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാറിന്റെയും ശക്തമായ പിന്തുണ സുകുമാർ സെന്നിന് ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര ഭരണഘടന സ്ഥാപനമായതിനാൽ ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതിനുശേഷം നെഹ്റുവിന്റെയും സർക്കാരിന്റെയും ഒരു ഉപദേശവും സുകുമാർ സെൻ തേടിയില്ല എന്നതും ചരിത്രമാണ്…..

ഇലക്ഷന് ചുക്കാൻ പിടിക്കുന്നവർ വോട്ടർ പട്ടിക തയ്യാറാക്കാൻ ഓരോ കുടുംബത്തിലേക്കും കയറിച്ചെന്ന് 21 വയസ്സായവരെ കണ്ടെത്തി വോട്ടിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കുമ്പോൾ അതെല്ലാം ആ കുടുംബത്തിലുള്ളവർ കേട്ടിരിക്കും പക്ഷേ, വോട്ടർ പട്ടികയിൽ പേര് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ തുനിഞ്ഞാൽ മിക്കവരും സ്വന്തം പേര് ഉച്ചരിക്കില്ല. ഉദാഹരണത്തിന് കുഞ്ഞമ്പുവിന്റെ മകളാണ് ജാനകി എന്ന് കരുതുക ജാനകിയോട് ഉദ്യോഗസ്ഥർ പേര് ചോദിച്ചാൽ സ്വന്തം പേര് പറയാതെ കുഞ്ഞമ്പുവിന്റെ മകളാണ് എന്നേ പറയുകയുള്ളൂ. അതുപോലെ മൊയ്തീൻകുട്ടിയുടെ മകനാണ് അബൂബക്കർ എങ്കിൽ അദ്ദേഹം മൊയ്തീൻ കുട്ടിയുടെ മകനാണ്. ആലീസിന്റെ കെട്ടിയോൻ തോമസാണെങ്കിൽ അവർ തോമസിന്റെ ഭാര്യയാണ്. ഇതിൽ നിന്ന് വ്യത്യസ്തരും ഉണ്ടായിരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പ് അനിവാര്യമാണ് വോട്ട് എൻ്റെ അവകാശമാണ് എന്ന തിരിച്ചറിവുള്ളവർക്ക് സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാൻ ഭയവുമായിരുന്നു. അവർക്ക് ജന്മിമാരുടെ അനുവാദം കൂടി വാങ്ങിക്കേണ്ട അവസ്ഥയുമായി. സ്വന്തം പേര് വെളിപ്പെടുത്താത്തവർക്ക് മുന്നിൽ ഉദ്യോഗസ്ഥർ തുടർച്ചയായി വന്നു. എന്നിട്ടും സ്വന്തം പേര് വെളിപ്പെടുത്താത്തവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കംചെയ്യാൻ സുകുമാർ സെൻ കർശന നിർദേശം നൽകി. അന്തിമ ലിസ്‌റ്റ് പുറത്തുവന്നപ്പോൾ 17 കോടി 33 ലക്ഷം പേർക്കായിരുന്നു സമ്മതിദാനവകാശം…..

17 കോടി 33 ലക്ഷം സമ്മതിദാനവകാശമുള്ളവരിൽ 12.5 കോടി ജനങ്ങൾക്കും മത്സരാർത്ഥികളുടെ പേര് വായിച്ചെടുത്ത് വോട്ട് രേഖപ്പെടുത്താൻ സാധിക്കാത്തവരായിരുന്നു. അതിനുള്ള പ്രതിവിധി കൺമുന്നിൽ കണ്ടിരുന്ന പല രൂപങ്ങളും ചിഹ്നങ്ങളായി. നുകം വെച്ച കാളയും, അരിവാളും നെൽക്കതിരും, ആനയും, വിളക്കും തുടങ്ങിയ പലതും രാഷ്ട്രീയപ്പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളായി….

ആദ്യ ലോകസഭാ തിരഞ്ഞെടുപ്പ് 401 മണ്ഡലങ്ങളിലേക്കായിരുന്നു. എംപിമാരുടെ എണ്ണം 489 ഉം. അത് എങ്ങനെയെന്നാൽ, 314 ഏകാംഗമണ്ഡലവും 86 ദ്വയാംഗ മണ്ഡലങ്ങളിൽ നിന്ന് 172 എംപിമാരും ഒരു ത്രയാംഗ മണ്ഡലത്തിൽ നിന്ന് മൂന്ന് എംപിയും അടക്കം മൊത്തം 489. ത്രയാംഗ മണ്ഡലം വടക്കൻ ബംഗാളായിരുന്നു. ദ്വയാംഗ മണ്ഡലത്തിൽ നിന്ന് ഒരു രാഷ്ട്രീയ പാർട്ടിക്ക് രണ്ട് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാം. ജനറൽ വിഭാഗത്തിൽനിന്ന് ഒരാളും എസ് സി എസ് ടി യിൽ ഒരു വ്യക്തിയും. ജനറൽ സീറ്റിൽ മത്സരിക്കുന്ന വ്യക്തി എതിർ പാർട്ടിയിലെ ജനറൽ വിഭാഗം സ്ഥാനാർത്ഥിയുമായി ഏറ്റുമുട്ടും. അതേ മാതൃകയിൽ എസ്.സി എസ്.ടി മത്സരവും. ദ്വയാംഗ മണ്ഡലത്തിലെ ഓരോ വോട്ടർക്കും രണ്ടു വോട്ട് വീതം ഉണ്ടായിരിക്കും…

ഇലക്ഷൻ എന്തിനാണെന്നും വോട്ട് രേഖപ്പെടുത്തേണ്ടത് എങ്ങനെയാണെന്നും റേഡിയോയിലൂടെ ജനങ്ങൾക്ക് ശബ്ദ സന്ദേശങ്ങളായി നിരന്തരം വിവരണം നൽകി. കൂടാതെ രാജ്യത്തെ 2500 ഓളം സിനിമ തീയറ്ററുകളിൽ വോട്ട് എങ്ങനെ ചെയ്യണമെന്നുള്ള ലഘുചിത്രങ്ങൾ പ്രദർശിപ്പിച്ച് ജനങ്ങളെ സമ്മതിദാനവകാശം ഭയാശങ്കകളില്ലാതെ വിനിയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു….

1951 ഒക്ടോബർ 25ന് ഹിമാചൽ പ്രദേശിലെ കിന്നൗറിൽ പോളിംഗ് ഉദ്യോഗസ്ഥനായ “ശ്യാം സരൻ നേഗി” ആദ്യ വോട്ട് രേഖപ്പെടുത്തി ചരിത്രം കുറിച്ചു.1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ ആദ്യ പൊതു തിരഞ്ഞെടുപ്പ് 68 ഘട്ടങ്ങളിലായാണ് നടന്നത്…

ലോകസഭാ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെ സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ചായിരുന്നു വോട്ടെടുപ്പ് നടന്നത്. 4000 ത്തിൽ അധികം അസംബ്ലി സീറ്റിലേക്കാണ് അന്ന് ഇലക്ഷൻ നടന്നത്…

ആ കാലത്തെ വോട്ടിംഗ് രീതി എങ്ങനെയാണെന്ന് വെച്ചാൽ ഉരുക്കുകൊണ്ട് ഉണ്ടാക്കിയ ബാലറ്റ് പെട്ടിയിൽ സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾ പതിക്കും. നമ്മൾ വിളക്കിനാണ് ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തിയത് എങ്കിൽ വിളക്ക് പതിച്ച ബാലറ്റ് പെട്ടിയിൽ തന്നെ സ്ലിപ്പ് നിക്ഷേപിക്കണം. വിളക്കിന് വോട്ട് ചെയ്ത് ആനയുടെ പെട്ടിയിൽ സ്ലിപ്പ് നിക്ഷേപിച്ചാൽ വോട്ട് അസാധുവാകും…

തിരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോൾ ഏവരും പ്രതീക്ഷിച്ചത് പോലെ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസായിരുന്നു ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്. 45% വോട്ടും 364 സീറ്റും കോൺഗ്രസ് കരസ്ഥമാക്കി. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായി…

ജമ്മു കാശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കാത്തത് കാരണം അവിടെനിന്ന് ആറും ആൻഡമാൻ നിക്കോബാർ ആസമിലെ പാർട്ട് ബി ട്രൈബൽ ഏരിയ എന്നിവിടങ്ങളിൽ നിന്ന് ഓരോ പേർ വീതവും കൂടാതെ രണ്ട് ആംഗ്ലോ ഇന്ത്യൻ പ്രതിനിധി അടക്കം മൊത്തം പത്ത് പേരെ രാഷ്ട്രപതി നോമിനേറ്റ് ചെയ്തപ്പോൾ 499 അംഗങ്ങളായിരുന്നു ആദ്യ ലോക്സഭയിൽ ഉണ്ടായിരുന്നത്…

പണക്കാർ, ദരിദ്രർ, കറുത്തവർ, വെളുത്തവർ, വിദ്യാസമ്പന്നർ, അക്ഷരമറിയാത്തർ തുടങ്ങി ജാതി മതം എന്നിങ്ങനെ വേർതിരിവില്ലാതെ എല്ലാവരെയും ഒരു വരിയിൽ നിർത്തി തിരഞ്ഞെടുപ്പ് വൻവിജയമാക്കി ലോക നേതാക്കളുടെ പ്രശംസ പിടിച്ചു പറ്റിയ സുകുമാർ സെൻ നമ്മുടെ രാജ്യം എന്നും ആദരവോടെ കാണുന്ന മഹത് വ്യക്തിത്വമാണ്….

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇലക്ഷൻ വിജയകരമായി പൂർത്തിയാക്കിയ സുകുമാർ സെൻ ആ കാലയളവിൽ സ്വാതന്ത്ര്യം നേടിയ നിരവധി രാജ്യങ്ങളുടെ തിരഞ്ഞെടുപ്പ് ഉപദേശകനായും സുഡാനിൽ നടന്ന ഇലക്ഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായും പ്രവർത്തിച്ചു. 1957 ൽ നമ്മുടെ രാജ്യത്ത് നടന്ന പൊതുതിരഞ്ഞെടുപ്പിലും ഇദ്ദേഹം തന്നെയായിരുന്നു ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണർ…

രാജ്യം പത്മഭൂഷൻ നൽകി സുകുമാർ സെന്നിനെ ആദരിച്ചെങ്കിലും അതിലും വലിയ ബഹുമതികൾക്ക് സുകുമാർ സെന്നിന് അർഹതയുണ്ടായിരുന്നു….

ഭരണഘടന സ്ഥാപനങ്ങൾ എക്സിക്യൂട്ടീവിനോട് വിട്ടുവീഴ്ച ചെയ്യുന്ന വർത്തമാന ഇന്ത്യയിൽ സുകുമാർ സെന്നിനെ പോലുള്ളവരുടെ ഔദ്യോഗിക കർത്തവ്യ നിർവഹണങ്ങളെ കുറിച്ച് പഠനങ്ങൾ നടത്തുന്നത് പുതിയ തലമുറയ്ക്ക് ഗുണകരമായിരിക്കും….

റിജേഷ് പൊന്നാനി✍

RELATED ARTICLES

5 COMMENTS

  1. ചരിത്രത്തിലെ വേറിട്ട ചിന്തകൾ നന്നായിട്ടുണ്ട്🤝 ആശംസകൾ മാഷേ💐🙏❤️

  2. ഇന്ത്യയിലെ ആദ്യകാല ഇലക്ഷൻ വിശേഷങ്ങളെ കുറിച്ച് നല്ല അറിവ് പകരുന്ന ലേഖനം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments