ബസ്സിറങ്ങി രാക്കമ്മ നാലു പാടും ഒന്നു നോക്കി.പാണൻ്റെ തയ്യൽക്കട, അച്ചുതൻ്റെ പലചരക്ക് കട,കേശുവേട്ടൻ്റെയും ശാന്തേച്ചിയുടെയും ചായക്കട… ഒന്നും അവർ കണ്ടില്ല! എങ്കിലും സംശയം തീർക്കാനായി അവർ ചെറിയ കാറ്റിൽ കണ്ണുകളിലേക്ക് പാറി വീഴുന്ന നരച്ച മുടിയിഴകളെ തെല്ലസ്വസ്ഥതയോടെ മുകളിലേക്ക് മാടിയൊതുക്കി കാഴ്ച മങ്ങിത്തുടങ്ങിയ കണ്ണുകൾ റോഡിൻ്റെ ഇടതുവശത്തേക്ക് എറിഞ്ഞ് അങ്ങ് കണ്ണത്താ ദൂരത്തോളം എന്തോ തിരഞ്ഞ് നോക്കി നിന്നു.
അവരുടെ മനസ്സിൽ അക്കരെയുള്ള വയലേലകളും തോടും കലുങ്കും കുളക്കോഴികളുമൊക്കെ ഇടം പിടിച്ചു.അവരറിയാതെ ആ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി വിടർന്നു..
“എന്തായിത്? ചാവാനായിട്ടോരോന്ന് ഇറങ്ങിക്കോളും”
അവരുടെ അടുത്തെത്തിയ വണ്ടി ബ്രേക്ക് പിടിച്ച് ഒന്ന് സ്പീഡ് കുറച്ച് വെളിയിലേക്ക് അല്പം തല നീട്ടി ആഢംബര കാറിലെ മുതലാളിയുടെ പല്ലു കടിയും രോഷവും കത്തി… അവർ കേട്ടോ എന്തോ?
അമ്മ ഇവിടെ പുതിയ ആളാണെന്ന് തോന്നുന്നല്ലോ? അവരുടെ കൈകളിൽ പിടിച്ചു റോഡിൽ നിന്നും അവരെ നടപ്പാതയിലേക്ക് നീക്കി നിർത്തിക്കൊണ്ട് ഓട്ടോ ഡ്രൈവർ ചോദിച്ചു?
അമ്മ ആ വണ്ടി ഹോണടിച്ചത് കേട്ടില്ലേ?
“മുമ്പ് എങ്ങും ഇവിടെ കണ്ട ഓർമ്മ വരുന്നില്ല… എവിടേയ്ക്കാ പോകേണ്ടത്? ഇങ്ങനെ റോഡിൽ ഇറങ്ങി വല്ലതും ആലോചിച്ചു കൊണ്ട് നിന്നാ വണ്ടി വന്നിടിക്കില്ലേ? കൂടെ ആരും വന്നില്ലേ?
രാക്കമ്മയ്ക്ക് ശരിക്കും ഭൂതോദയം ഉണ്ടായത് അപ്പോഴാണ്. അവർ ദേഹത്തോട് ചേർത്തു പിടിച്ചിരുന്ന പഴയ ബാഗിൽ നിന്നും തപ്പി ഒരു മൊബൈൽ എടുത്തു. കൂടെ ഒരു ചുരുട്ടിയ പേപ്പറും.
ഓട്ടോക്കാരൻ അവരെ ഒന്ന് സൂക്ഷിച്ചു നോക്കി.
ഒരു അറുപതിന് മുകളിൽ പ്രായംവരും..ദാരിദ്ര്യം വരഞ്ഞു വീണ കണ്ണുക
ളിൽ പ്രതീക്ഷയുടെ തിളക്കങ്ങൾ.. അല്പം പഴകിയ ഒരു കസവ് മുണ്ടും നേര്യതും വേഷം. തിരുവോണത്തിന് ഇനി മൂന്നു ദിവസം കൂടിയേ ബാക്കിയുള്ളൂ .ഇവിടെ ആരെയെങ്കിലും കാണാൻ വന്നതാകും.അയാൾ മനസ്സിൽ കരുതി.
അപ്പോഴേക്കും അവർ മൊബൈലും പേപ്പറും അയാൾക്ക് നേരെ വച്ച് നീട്ടി. ഇതിൽ അഡ്രസ്സ് ഉണ്ട്. ഈ നമ്പറിൽ ഈ മൊബൈലിൽ നിന്നും ഒന്ന് വിളിച്ചു ഉറപ്പുവരുത്തിയിട്ട് നമുക്ക് അങ്ങോട്ട് പോകാം.അവരുടെ ശബ്ദം അല്പം പതറിയിരുന്നു.
അയാൾ അവരുടെ കൈയ്യിലിരുന്ന പഴക്കം ചെന്ന ഫീച്ചർ ഫോണിലേക്ക് നോക്കി.എന്നിട്ട് ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു..അമ്മ ആ ഫോൺ കളഞ്ഞു പോകാതെ അങ്ങ് സൂക്ഷിച്ച് ബാഗിൽ വയ്ക്ക്. ഞാൻ എൻ്റെ ഫോണിൽ നിന്നും വിളിക്കാം.
അമ്മയ്ക്ക് ഈ അഡ്രസ്സിലെ വീട്ടിൽ പോകാൻ ആണോ? അതോ ഈ നമ്പറിലെ ആളിനെ വിളിച്ച് ഉറപ്പുവരുത്താൻ ആണോ? അയാൾ അതു ചോദിച്ചു തീരും മുമ്പേ ഇടയ്ക്കു കയറി അവർ പറഞ്ഞു…
മോന് അറിയുമോ..ഈ വീട് ? എന്നെ അവിടെ ഇറക്കി തന്നാൽ മതി.
“അമ്മേ..ഈ അഡ്രസ്സിലെ വീട്ടിലിപ്പോൾ കാത്തമ്മയും അവരെ നോക്കാൻ നിൽക്കുന്ന നഴ്സും മാത്രമേയുള്ളൂ..
കിഴക്കേടം തറവാട് ഇവിടെ ആർക്കാ അറിയാത്തത്? ഓണത്തിന് അവരുടെ മക്കളൊക്കെ വരുമായിരിക്കും.”
കാത്തമ്മയുടെ പേര് കേട്ടതും അവരുടെ മുഖത്ത് ഒരു പ്രത്യേക ചൈതന്യം നിറഞ്ഞു.
“എന്നാ..അമ്മ വേഗം പോയി ദേ ആ ഓട്ടോയിലേക്ക് കയറി ഇരിക്ക്. എനിക്ക് വേറെ ഓട്ടം ഉള്ളതാ..”
രാക്കമ്മ പതുക്കെ അയാൾ ചൂണ്ടിക്കാണിച്ച ഓട്ടോ ലക്ഷ്യമാക്കി നടന്നു.. അപ്പോഴും അവരുടെ മനസ്സും കണ്ണുകളും അവരുടെ പിടിവിട്ട് എന്തൊക്കെയോ പ്രിയങ്ങളെ തിരഞ്ഞു കൊണ്ടിരുന്നു..
“അമ്മേ…പിടിച്ചിരിക്കണെ.എനിക്ക് പതിനൊന്നു മണിക്കൊരു ഓട്ടം ഉണ്ട്.”
ഓട്ടോ യാതൊരു ദാക്ഷിണ്യവും കാണിക്കാതെ അവരെയും കൊണ്ട് പാഞ്ഞു… ഒപ്പം അവരുടെ ചിന്തകളും …
പുഞ്ച വയൽ പാടത്തെ ഇളം കാറ്റിൽ കൊയ്ത്തു പാട്ടിൻ്റെ താളത്തിനൊപ്പം രാക്കമ്മയും കൂട്ടരും ആടിപ്പാടി .. അവരുടെ വിയർപ്പു കണങ്ങൾ ക്കൊപ്പം നെൽ മണികൾ കുന്നുകൂടി.
രാക്കൂ..ആ ചോപ്പുടുപ്പ് “നക്ക് നന്നായി ഇണങ്ങണ്” ഉണ്ണാനിരുന്നപ്പോ… ആളും തരവും ഒഴിഞ്ഞ നേരം നോക്കി വരുത്തൻ്റെ കമൻ്റ്…
“വരുത്തനങ്ങട് ചെന്നാട്ടെ.. വെറുതെ എൻ്റെ പണി കളയിക്കണ്ട.” അതു പറയുമ്പോഴും അവളുടെ കണ്ണുകളിൽ അവനോടുള്ള ഇഷ്ടവും പ്രണയവും നിറഞ്ഞു നിന്നിരുന്നു.
“നീയും എന്നെ അങ്ങനെ വിളിക്കണ്ട. അച്ചൂ..ന്ന് നീട്ടി വിളിച്ചാൽ മതി.വല്യമൊതലാളി മാത്രം അങ്ങനെ വിളിച്ചോട്ടെ.പാലക്കാട് അത്ര ദൂരോന്നുമില്ല. മൊതലാളി ഞങ്ങളെയൊക്കെ അവിടൂന്ന് ഇവിടെ പണിക്ക് കൊണ്ടോന്ന് താമസിപ്പിച്ചിരിക്കണോണ്ട് അങ്ങനെ വരുത്തമ്മാരെ ന്ന് വിളിക്കാൻ അവകാശോണ്ട്. എടി മണ്ടി…നിനക്കോ..?”
അവൻ അവളുടെ നേർക്ക് അധികാരത്തോടെ കൈയ്യോങ്ങി.
അവൻ്റെ കൈ തട്ടിമാറ്റി ചിരിച്ചു കൊണ്ട് അവൾ പാത്രങ്ങളുമെടുത്ത് കളപ്പുരയെ ലക്ഷ്യമാക്കി നടന്നു..
അച്ചൂം രാക്കമ്മയും തമ്മിലുള്ള ഇഷ്ടം… “അരമന രഹസ്യം അങ്ങാടി പാട്ട് ” എന്നപോലെ പാടത്തെ പണിക്കാരുടെയിടയിലും
തറവാട്ടിലെ സഹായികളുടെ ഇടയിലും ഒക്കെ പാട്ടായിരുന്നു.
തലമുറകളായി രാക്കമ്മയുടെ കുടുംബക്കാർ കിഴക്കേടം തറവാട്ടിലെ പണിക്കാർ ആയിരുന്നു.അതിൽ അവസാനത്തെ കണ്ണിയാണ് രാക്കമ്മയും കുടുംബവും. ആ ഒരു സ്വാതന്ത്ര്യവും അടുപ്പവും മറ്റാരെയുംകാൾ രാക്കമ്മയ്ക്ക് ആ തറവാട്ടിലെ ഓരോ വ്യക്തികളുമായുണ്ട്.
പാടത്തും പറമ്പിലും തെങ്ങിൻ തോപ്പുകളിലും ഒക്കെയായി ആ നാട്ടിലെ ഒരു പാട് പാവങ്ങൾ അവിടെ പണിയെടുക്കുന്നുണ്ട്.കൂടാതെ വരുത്തരും.
ഒരു മുതലാളിത്ത തൊഴിലാളിത്തത്തിൽ നിന്നും വിട്ടുള്ള ഒരു മാനുഷിക പരിഗണനയുടെ ലോകം.. അതാണ് കിഴക്കേടത്തെ പാരമ്പര്യം.
എല്ലാ ഓണത്തിനും പണിക്കാർക്കൊക്കെ ഓണക്കോടി.കുടുംബസമേതം ഓണസദ്യ. ഓണം കൊള്ളാനുള്ള മറ്റുവകകൾ. ഓണപ്പാട്ടും തിരുവാതിരക്കളിയും, തുമ്പിതുള്ളലും ഒക്കെയായി ചമയങ്ങൾ ക്കൊപ്പം രാക്കമ്മ മതിമറന്നങ്ങനെയിരുന്നു.
പാടത്തെ പണി കഴിഞ്ഞാൽ അമ്മയ്ക്കൊപ്പം തറവാട്ടിൽ അവൾ ഒരംഗമാകും. കാത്തമ്മ അവിടുത്തെ ഇളയ മുതലാളിയുടെ പുതുപ്പെണ്ണായി വിലസുന്ന കാലം..രാക്കമ്മയേക്കാൾ പത്തു വയസ്സ് മൂപ്പ്. എങ്കിലും അവൾക്ക് കാർത്തു ഒരു കൂട്ടുകാരി തന്നെയായിരുന്നു.അവളുടെ പ്രണയത്തിൻ്റെ ഏറ്റവും വലിയ ദൃക്സാക്ഷി.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം യാദൃശ്ചികമായി ഒരു സംഭവം ഉണ്ടായത്! അവളാണ് എന്നും കളപ്പുര പൂട്ടി താക്കോൽ
തറവാട്ടമ്മയെ ഏല്പിക്കാറ്. അന്നൊരു വ്യാഴാഴ്ച ദിവസം ആയിരുന്നു.സൂര്യൻ മാനത്ത് ചെഞ്ചായം പൂശിത്തുടങ്ങിയ നേരം.. പക്ഷികൾ അവളുടെ തലയ്ക്കു മീതെ ചിറകുകൾ വീശി പറന്ന കന്നു പോയി. തറവാട്ടിൽ നിന്നും കുറച്ചകലെയാണ് കളപ്പുര.
അവൾ പതിവുപോലെ കളപ്പുര പൂട്ടാൻ ചെന്ന് കതകുകൾ ചാരാൻ തുടങ്ങിയ നേരം..ആരോ അകത്തുനിന്ന് അവളുടെ കൈത്തണ്ടയിൽ പിടി മുറുക്കി.അവളുടെ മുഖത്ത് ആരുടെയോ ശ്വാസം മൂത്തു പടർന്നു…അവിടത്തെ നാല് ആൺമക്കളിൽ മൂത്തവനായ സതീശൻ മുതലാളിയുടെ മുഖം അരണ്ട വെളിച്ചത്തിൽ അവൾ തിരിച്ചറിഞ്ഞു.അവൾ വേഗം കിതച്ചു കൊണ്ട് ആ പിടി വിടുവിച്ച് കുതറി മാറി. പിന്നെ ഒറ്റ ഓട്ടമായിരുന്നു തറവാട്ടിലേക്ക്. ആകെ വിയർത്തൊലിച്ചു നേരെ ചെന്നുനിന്നത് കാർത്തുവിന്റെ തൊട്ടുമുന്നിൽ. അവൾ കാർത്തുവിനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. കരച്ചിലിനിടയിൽ അവൾ എന്തോ പറയാൻ ഒരുങ്ങുമ്പോൾ കാർത്തു പതുക്കെ അവളുടെ ചെവിയിൽ മന്ത്രിച്ചു..
“രാക്കു ഒന്നും പറയണ്ട ഞാൻ കണ്ടിരുന്നു …അയാൾ അങ്ങോട്ട് വരുന്നത്. ഞാൻ അവിടേക്ക് വരാൻ തുടങ്ങുകയായിരുന്നു.”
അതിൽ പിന്നെ.. എല്ലാം വളരെ പെട്ടെന്നായിരുന്നു.വരുത്തനുമായുള്ള രാക്കുവിൻ്റെ കല്യാണം പിറ്റേന്ന് തന്നെ തറവാട്ടമ്മയും കാർത്തുവും കൊച്ചു മുതലാളിയും കൂടി തീരുമാനിച്ചു. പിന്നെ ഒരു ദിവസം കൂടിയേ രാക്കമ്മ അവിടെ പണിക്ക് പോയുള്ളൂ.ആർക്കും ഒരു വലിയ സംസാരത്തിനോ,സംശയത്തിനോ ഒന്നും ഇടം കൊടുക്കാതെ കുടുംബത്തിലെ ഒരംഗത്തിൻ്റേത് എന്നപോലെ തന്നെ അവരുടെ കല്യാണം നടന്നു.തറവാട്ടച്ഛൻ തന്നെ എല്ലാത്തിനും മുൻകൈയ്യെടുത്തു.വരുത്തൻ്റെ സ്ഥലമായ പാലക്കാട്ടേയ്ക്ക് അന്നു തന്നെ അവർയാത്രയുമായി.
ആരോടും യാത്ര പറയാൻ നിൽക്കേണ്ട എന്ന് തറവാട്ടമ്മ നേരത്തെ തന്നെ അവളോട് പറഞ്ഞിരുന്നു. ഇറങ്ങുന്നതിനു മുമ്പ് തറവാട്ടച്ഛന് മാത്രമായി രണ്ടാളെയും ഒന്ന് കാണണമെന്ന് പറഞ്ഞു. അതിൻപ്രകാരം അവർ രണ്ടാളും തറവാട്ടച്ഛൻ്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അദ്ദേഹം രണ്ടാളോടുമായി പറഞ്ഞു…
“ഇനി രണ്ടാളും ഇവിടേയ്ക്ക് വരണ്ട. നിനക്ക് അവിടെ ഞാൻ ജോലി തരപ്പെടുത്തിയിട്ടുണ്ട്. ഇതാ…ഇതു വച്ചോളൂ..” ഒരു കവർ അദ്ദേഹം വരുത്തൻ്റെ കൈയ്യിൽ വച്ചു കൊടുത്തു.
“അയ്യോ ! ഞങ്ങൾ..രാക്കമ്മ എന്തോ? പറയാൻ തുനിഞ്ഞതും തറവാട്ടച്ഛൻ കണ്ണുകൾ കൊണ്ട് അത് വിലക്കിയതും ഒരുമിച്ചായിരുന്നു. അദ്ദേഹം രാക്കമ്മയുടെ ശിരസ്സിൽ തൊട്ട് അനുഗ്രഹിച്ചു. പൊയ്ക്കോളാൻ ആംഗ്യം കാണിച്ചു. രാക്കമ്മ കണ്ടു.. ആ കണ്ണുകളിലെ നനവ്. അവൾ മെല്ലെ കണ്ണ് തുടച്ചു. വരുത്തൻ അവളുടെ കൈപിടിച്ച് മുമ്പോട്ട് നടന്നു.
അപ്പോൾ പിറകിൽ നിന്നും സ്നേഹത്തിൻ്റെ ആ പതറിയ ശബ്ദം കേട്ടു..
“എല്ലാം നിങ്ങളുടെ നല്ലതിന് ആണെന്ന് മാത്രം കരുതിയാൽ മതി.”
(“ആ വീട്ടിന്റെ മാനത്തേക്കാൾ രാക്കമ്മയുടെ ജീവിതമായിരുന്നു അന്ന് അദ്ദേഹത്തിന് വലുത്.”)
അവൾക്ക് സങ്കടം സഹിക്കാൻ മേലായിരുന്നു. അവൾ വണ്ടിയിൽ കയറുമ്പോൾ
കണ്ണുകൾ കാണുന്നുണ്ടായിരുന്നില്ല. ആ ഭൂപ്രദേശം ഒന്നാകെ നിശ്ചലതയിലാണ്ടു. ശൂന്യത അവിടെ വന്യതയാർന്നു.
വണ്ടി വിടും മുമ്പ് ഒരാൾ ഓടിവന്ന് ഒരു പൊതി അവളുടെ മടിയിൽ വച്ചു. അവളുടെ കൈകളിൽ പിടിച്ചു മുഖം പൊത്തി കരഞ്ഞുകൊണ്ട് അവൾ അകത്തേക്ക് ഓടി.
രാക്കമ്മ പതിയെ കണ്ണുകൾ തുടച്ചു. അവർ ഉടുത്തിരുന്ന അല്പം പഴക്കമുള്ള ഓണപ്പുടവയിൽ കൈവിരലുകൾ ഓടിച്ചു.അടുത്ത ഓണത്തിൻ്റെ പുടവ അന്ന് കാർത്തു കൊടുത്തതായിരുന്നു…ഇപ്പോൾ അവർ ഉടുത്തിരുന്നത്.
പിന്നെ പിന്നെ ജീവിതത്തിൻ്റെ ഘട്ടങ്ങൾ,തിരക്കുകൾ, പരീക്ഷണങ്ങൾ.. അമ്മയും അനുജനും വല്ലപ്പോഴും കാണാൻ വരുമ്പോൾ കേൾക്കുന്ന തറവാട്ടിലെ വിശേഷങ്ങൾ. അതിൽ പിന്നെ അമ്മയെയും അവർ മറ്റൊരു പണിസ്ഥലത്തേക്ക് മാറ്റി. അമ്മ കാണാൻ വരുമ്പോൾ ഉപദേശിക്കാൻ മറന്നിരുന്നില്ല..
“ഇനി നീയാ വീടിനെക്കുറിച്ച് മറന്നേ യ്ക്ക് എന്ന്” അമ്മയ്ക്കും എനിക്കും മറക്കാൻ കഴിയില്ല എന്ന് അറിഞ്ഞിട്ടും ആ വിഷമം മാറാൻ വേണ്ടി അമ്മ ചുമ്മാ അങ്ങനെ പറയും.
ഇപ്പോ… എനിക്ക് വയസ്സ് എഴുപത് കഴിഞ്ഞു.. അദ്ദേഹം മരിച്ചിട്ട് കൊല്ലം മൂന്നു കഴിഞ്ഞു..
മക്കൾ മൂന്നിൽ ഒന്ന് കൂപ്പിലെ മുതലാളിയുടെ മകനോടൊപ്പം പോയി. തൊട്ടുതാഴെയുള്ളവൾ ചിട്ടി കമ്പനിയിലെ കണക്കെഴുത്തു കാരിയാണ്. അവളുടെ ഭർത്താവ് സ്വന്തം ഓട്ടോ ഓടിക്കുന്നു. ഇളയത് മകൻ ആണ്.അവൻ മേശിരി പണിക്ക് പോകും. അവൻ്റെ ഭാര്യ തയ്യൽ കടയിലും. ഈയടുത്തിടെയാണ് കാത്തമ്മയ്ക്ക് ഒന്ന് കാണണമെന്ന് പറഞ്ഞ് ഒരാളിനെ പാലക്കാട്ടേക്ക് വിട്ടത്. വിവരം കേട്ടതും മകനും മരുമകളും വിലക്ക് പറഞ്ഞു. അവരോട് വഴക്കിട്ടാണ് ഈ യാത്ര…
“അമ്മേ… വീടെത്തി… ഞാൻ കണ്ണാടിയിൽ കൂടി ശ്രദ്ധിച്ചു. അമ്മ ഈലോകത്തേ ഇല്ലായിരുന്നു. തനിയെ ഇരുന്നു കരയുകയും ചിരിക്കുകയും…”
“എത്രയായി രൂപ മോനെ?”
“അമ്മ ഉള്ളതിങ്ങു തന്നാൽ മതി.”
അപ്പോഴേക്കും ഒരു പ്രായമായ ആൾ ഇറങ്ങി വന്നു ഓട്ടോ കൂലി കൊടുത്തു രാക്കമ്മയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
അവർ ഒരു വിസ്മയ ലോകത്ത് എത്തപ്പെട്ടതു പോലെ പഴയത് പലതിനെയും തിരഞ്ഞു.. ഒരുപാട് ഇഷ്ടങ്ങളെ ചേർത്തുവയ്ക്കാൻ നോക്കി .പക്ഷേ വർഷങ്ങളുടെ പഴക്കം എല്ലാത്തിനെയും പുതുക്കിയിരുന്നു…അവളുടെ കാർത്തു ഒഴികെ.
കാത്തമ്മയുടെ അടുത്തേക്ക് ചെല്ലുമ്പോൾ അവരുടെ ഹൃദയം പട പാടാ ന്ന് മിടിച്ചിരുന്നു. തറവാട്ടിൽ ഒരു നഴ്സും ആ വയസ്സനും ഒഴികെ മറ്റാരും ഇല്ലായിരുന്നു.
“റോസീ.. എന്നെ ഒന്ന് പൊക്കി ഇരുത്ത് ”
രാക്കമ്മ വയസ്സായ ആ രൂപം നോക്കി നിർന്നിമേഷയായി അങ്ങനെ നിന്നു. റോസി പിടിച്ചു ചാരി ഇരുത്തുന്നതിനിടയിൽ കാത്തമ്മയും നോക്കി രാക്കുവിനെ.
അവർ രണ്ടാളും രാക്കുവും കാർത്തുവും ആയി പരിണമിക്കുകയായിരുന്നു…
ഇപ്പോഴും തേജസ്സ് മാറാത്ത കാത്തമ്മയുടെ ഉണ്ട കണ്ണുകളിൽ അവൾ നോക്കി..
“രാക്കമ്മയ്ക്കൊരു കനവ്…
രാകി മിനുക്കിയ കനവ്
കറ്റക്കതിർമണി പോലെ
പൊന്നില് വെളയണ കനവ്..
കനവില് നെറയണ പ്രണയം..
കൊയ്ത് നെറക്കണ് മാനം….
ചെമ്മാനം…” ആദ്യം പാടിത്തുടങ്ങിയത് കാർത്തുവാണ്. അവർ അപ്പോൾ പാടത്തായിരുന്നു ..പിന്നെ രാക്കു അതേറ്റു പാടി.. അപ്പോഴും സങ്കടവും കണ്ണുനീരും കൊണ്ട് അവർ കണ്ടിരുന്നില്ല. തോർന്നിരുന്നില്ല.




👌