മലയാളിയുടെ മനസിലെ ഗൃഹാതുരമായ ഓർമ്മയാണ് വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറുകൾ… വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ അമ്മയുടെ സ്നേഹത്തിന്‍റെ ചൂടുള്ള ചോറ്.. ആ ചോറിന് മറക്കാനാകാത്ത ഒരു രുചിയുണ്ട്….ഉച്ചയൂണിന് ബെല്ലടിക്കുമ്പോൾ, പൊതിയഴിക്കുന്ന നിമിഷങ്ങള്‍, അപ്പോള്‍ ഉയരുന്ന മണം, കട്ടത്തൈരും ചമ്മന്തിയും ചോറും ചേർന്ന മണം.
ഓണം പിറന്നാലും, ഉണ്ണി പിറന്നാലും മലയാളിക്ക് വാഴയിലയിൽ തന്നെ സദ്യ വിളമ്പണം. വാഴയില മഹാത്മ്യം എത്ര പറഞ്ഞാലും തീരില്ല. മലയാളിയുടെ പ്രിയപ്പെട്ട ഇലയട ഉണ്ടാക്കാനും വാഴയില തന്നെ വേണം.
സദ്യയും വാഴയിലയും തമ്മില്‍ വേര്‍പിരിക്കാനാവാത്ത ബന്ധമുണ്ട്. വിവാഹം, ക്ഷേത്രചടങ്ങുകള്‍ എന്നിവയിലെല്ലാം വാഴയിലക്ക് സ്ഥാനമുണ്ട്. വാഴയില വെറുമൊരു ഭക്ഷണപ്ലേറ്റ് മാത്രമല്ല; അതൊരു പാരമ്പര്യമാണ്.അനുഭവമാണ്.
സദ്യയ്ക്ക് തൂശനിലയിടുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്.
വാഴയില കൂമ്പ് ഇടതുവശത്തേക്ക് ചൂണ്ടുന്ന രീതിയിൽ വിരിച്ചിടുന്നതാണ് പരമ്പരാഗത രീതി. ഇലയുടെ വീതിയേറിയ ഭാഗം വലതുവശത്തായിരിക്കും.
കൈക്കുമ്പിളില്‍ ജലമെടുത്ത് ഇല വെള്ളത്തിൽ നന്നായി തുടയ്ക്കണം. സദ്യയുണ്ടശേഷം, ഇലകൾ നിങ്ങളുടെ നേരെ മടക്കണം, അത് സംതൃപ്തിയുടെ സൂചനയാണ്.
വാഴയിലയിൽ ആന്‍റിഓക്‌സിഡന്‍റ് ഗുണങ്ങളുള്ള എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (ഇജിസിജി) പോലുള്ള പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഈ സംയുക്‌തങ്ങൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിനും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
വാഴയിലയിലെ ഓണസദ്യ – ആരോഗ്യത്തിന്‍റെ രുചി
ചിങ്ങമാസം മലയാളികളുടെ പുതുവൽസര പിറവിയാണ്. ചിങ്ങത്തിലെ തിരുവോണദിവസം അത്തപ്പൂവിട്ട് ഓണസദ്യ ഒരുക്കി മഹാബലിയെ എതിരേൽക്കുന്നു എന്നു സങ്കൽപം. സദ്യയില്ലാത്ത ഓണം മലയാളിക്കു സങ്കൽപിക്കാൻ കൂടി കഴിയില്ല.
ഓണസദ്യ വെറുമൊരു ഭക്ഷണവിഭവങ്ങളുടെ കൂട്ടമല്ല; മലയാളിയുടെ മനസ്സില്‍ തലമുറകളായിപകർന്നുകിട്ടിയ പാരമ്പര്യ രുചിയാണത്. വാഴയിലയിൽ അണിനിരക്കുന്ന ഓരോ വിഭവത്തിലും മണ്ണിന്‍റെ മനസ്സിന്‍റെ ഗന്ധമുണ്ട്, മധുരമുണ്ട്
രുചി വൈവിധ്യത്തിനൊപ്പം പോഷകസമൃദ്ധിയും ആരോഗ്യകരമായ ഭക്ഷണശീലവും സമന്വയിപ്പിക്കുന്ന അമൂല്യമായ ഒരു ഭക്ഷണസംസ്കാരമാണ് ഓണസദ്യ. മധുരവും പുളിയും എരിവും കയ്പും ഉപ്പും — ജീവിതത്തിന്‍റെ വൈവിധ്യമാർന്ന ഭാവങ്ങളെപ്പോലെ, ഓരോ രുചിയും മറ്റൊന്നിനോട് ചേർന്ന് ഒരു സമ്പൂർണ്ണ അനുഭവമായി മാറുന്നു.
പ്രോട്ടീൻ സമൃദ്ധമായ പരിപ്പിൽ തുടങ്ങി, പ്രോബയോട്ടിക് ഗുണങ്ങളാൽ സമ്പന്നമായ മോരും നാരുകളാൽ നിറഞ്ഞ ചുവന്ന അരിയും വരെ—വാഴയിലയിൽ വിളമ്പുന്ന ഓരോ വിഭവവും രുചിയുടെ മാത്രമല്ല, ആരോഗ്യത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും കൂട്ടുകളാണ്.
കുത്തരിച്ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, ഉപ്പേരി, പഴം, , അച്ചാറുകൾ, പച്ചടി, കിച്ചടി, അവിയൽ സാമ്പാർ, തോരൻ, ഓലൻ, കാളൻ, കൂട്ടുകറി, രസം, മോര്, പലവിധ പായസങ്ങൾ എന്നിവയാണ് ഓണസദ്യയിലെ നായക വിഭവങ്ങൾ. സദ്യയിലെ ഓരോ വിഭവത്തിന്‍റെയും ആരോഗ്യഗുണങ്ങളറിഞ്ഞ് കഴിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ ആസ്വാദനം പൂര്‍ണ്ണമാവൂ.
ആയുർവേദത്തിന്‍റെ കാഴ്ചപ്പാടില്‍ ഭക്ഷണം വെറും വിശപ്പടക്കാനുള്ള മാർഗമല്ല; ശരീരത്തിന്‍റെയും മനസ്സിന്‍റെയും സമതുലിതാവസ്ഥ നിലനിർത്തുന്ന ഔഷധം കൂടിയാണ്. മധുരം,ഉപ്പ്, പുളി, എരിവ്, കയ്പ്പ്, ചവർപ്പ് എന്നീ ആറ് രസങ്ങൾ ഭക്ഷണത്തിൽ ഉൾക്കൊള്ളണം. അതുകൊണ്ട് തന്നെ ഈ രസങ്ങളുടെയെല്ലാം സമ്മേളനമായാണ് ഓണസദ്യയെ കണക്കാക്കുന്നത്.
ഈ ആറ് രുചികളെയും ഒരേ വാഴയിലയിൽ അതിമനോഹരമായി കോർത്തിണക്കുന്ന രുചിയുടെ മഹോത്സവമാണ് ഓണസദ്യ. ആയുർവേദവും പാരമ്പര്യവും രുചിയും ആരോഗ്യവും ചേർന്നൊരു സമ്പൂർണ്ണ ജീവിതദർശനം തന്നെയാണ്—ഓണസദ്യ!



