ഓർമ്മചിത്രരചനയിൽ മനോഹര രൂപം വരയ്ക്കാൻ അത്ര എളുപ്പമല്ല. എത്ര ശ്രമിച്ചാലും വർണ്ണങ്ങൾ വേണ്ടിടത്തു കുറഞ്ഞും വേണ്ടാത്തിടത്തു കൂടിയുമിരിക്കും .എന്നാലും മൊത്തത്തിൽ ഒരു ചന്തം വരുന്നുണ്ടന്നറിയുന്നത് പരിശ്രമത്തിന്റെ പരിസമാപ്തിയിൽ സ്വയമാസ്വദിക്കുമ്പോഴാണ്. ബാല്യകാലം മുൻപിലണഞ്ഞ പോലെ ഒരു നിർവ്യതിദായകമായ ഭാവത്താൽ തനുവും മനവും നിറയും. ചിത്രരചന മതിയാക്കി ബാല്യത്തിൻ്റെ മുറ്റത്ത് ഓർമ്മക്കളം വരച്ചു കളിക്കുന്ന കൊച്ചു കുട്ടിയുടെഭാവം കൈവരും.
അത്യുത്സാഹത്തോടെ , വർദ്ധിത വീര്യത്തോടെ കളിക്കളത്തിൽ ശ്രദ്ധ വന്നാൽ പിന്നെ ജീവനുള്ള കഥാപാത്രങ്ങൾ കരുക്കളായി പരസ്പരം മെച്ചപ്പെട്ട മത്സരം കാഴ്ചവെയ്ക്കുമെന്നാണ് സ്വയമൊരു വിലയിരുത്തൽ.
സമയത്തിന് എന്തു വേഗതയാണ് . സ്കൂളിലേയ്ക്കുള്ള ഓട്ടം മടുത്തു തുടങ്ങി. വിദ്യാലയ ജീവിതം വിചാരിച്ച അത്ര സുഖമല്ലന്നറിഞ്ഞു , മടുപ്പിലേയ്ക്ക് കയറി കിടക്കും മുമ്പുതന്നെ ക്ലാസ്റൂമിൽ പൊട്ടി മുളച്ച സൗഹൃദങ്ങൾ വിളിച്ചെഴുന്നേൽപ്പിച്ചു കളിക്കാൻ കൂട്ടിക്കൊണ്ടു പോയി. മലയാള പദ്യങ്ങൾ പാടി പഠിക്കുന്നതും, അതു ഏറ്റുപാടി കൊടുക്കുന്നതിലും സന്തോഷം കിട്ടി തുടങ്ങി.
“ഇന്തപ്പോണ്ട് ഓൺന്ത ബാങ്ക്” (in the Pond on the bank )കളിക്കാൻ വരുന്നോ ? അതോ കൊന്തിക്കളിക്കുന്നോ? കൂട്ടുകാരികൾ വന്നു വിളിക്കും. വരച്ചിട്ടിരിക്കുന്ന വലിയ കളത്തിൽ ഒറ്റക്കാലിൽ കക്കിനെ (കല്ല്) കൊന്തിത്തെറിപ്പിച്ച് കളം തെറ്റാതെ കടമ്പകൾ കടന്ന് കളിയുടെ അവസാനഭാഗത്ത് നെറ്റിയിൽ ചെറിയ കല്ലുവെച്ച്, കണ്ണടച്ച് മുകളിലേയ്ക്ക് മുഖമുയർത്തി കല്ലു താഴെ വീഴാതെ കളത്തിലെ വരകളിൽ ചവിട്ടാതെ നടന്ന് “അമ്മാറൈറ്റ്” ( am I right) പറയുന്നതു കണ്ടു പഠിച്ചു. മലയാള ഭാഷ മധുരിമയിൽ ആംഗലേയ പദങ്ങൾ അലിഞ്ഞില്ലാതായ കളിയിൽ പങ്കാളിയായി ആവേശമാർന്നു നിൽക്കുമ്പോൾ ബെല്ലടിക്കും .
സ്ക്രീനുകൾ മറച്ചുവെച്ച് വേർതിരിച്ചക്ലാസുമുറികളിൽ ഉച്ചത്തിൽ കൂട്ടവായന തുടങ്ങും. ടീച്ചർ ചൂരൽ മേശപ്പുറത്ത് അടിച്ച് ശബ്ദ നിയന്ത്രണം വരുത്തുന്നതു കണ്ട് പല തവണ ഞെട്ടിയിട്ടുണ്ട്. ആ അടി ദേഹത്തു കൊണ്ടാലുള്ള സുഖമോർത്ത് നല്ല കുട്ടിയായി കൈ കെട്ടിയിരിക്കും. ചുണ്ട് അടച്ചു പിടിക്കും.
ലിജിയും, റീനയുമൊക്കെ കൂട്ടുകാരായി. ഒരു ദിനം ഉച്ചയൂണു കഴിഞ്ഞ് വരാന്തയിലിരിക്കുമ്പോൾ റീന പറഞ്ഞു “കൊച്ചിന്റെ അമ്മ അപ്പുറത്തെ വല്യ സ്കൂളിലെ ടീച്ചറാണോ”
“അതെ”
“എന്റെ അമ്മ മരിച്ചു പോയി. എനിക്കും ആങ്ങളയ്ക്കും അമ്മയില്ല.” ഞെട്ടലോടെ കേട്ടിരുന്ന ഞാൻ വിറച്ചു. അമ്മ മരിച്ചു പോകുകയോ? ചിന്തിച്ചിട്ട് ശ്വാസം കിട്ടാത്ത അവസ്ഥ. റീന തുടർന്നു “അപ്പച്ചൻ രണ്ടാമതു കല്യാണം കഴിച്ചു. അവരാണിപ്പോൾ ഞങ്ങളുടെ അമ്മ.”
പെട്ടെന്ന് എന്റെ അമ്മയെ കാണാൻ തോന്നി. കരച്ചിൽ തൊണ്ടക്കുഴിയിൽ കുടുങ്ങി. അമ്മയില്ലാത്ത ജീവിതം ഓർക്കാനേ വയ്യ. പകരം വേറൊരമ്മ തളർച്ച തോന്നിയപ്പോൾ ഉച്ചത്തിൽ കരയാൻ കൊതിച്ചു.
വൈകുന്നേരം വിങ്ങിവിങ്ങിക്കരഞ്ഞാണ് വീട്ടിലെത്തിയത്. പിച്ചവെച്ചു നടക്കാൻ ശ്രമിക്കുന്ന കുഞ്ഞനുജനും, വീട്ടിൽ ചെന്നാൽ പിറകെ നിന്നു മാറാതെ തന്നോടൊപ്പം ഒട്ടിയൊട്ടി നടക്കുന്ന പൊന്നനുജത്തിക്കും, അമ്മയെ കാത്ത് പുസ്തകക്കെട്ട് തോളിൽ കരേറ്റി സ്റ്റാഫുറൂമിനു വെളിയിൽ നിൽക്കുന്ന ചേട്ടനും, പിന്നെ എനിക്കും അമ്മയില്ലാതായാൽ എന്തു ചെയ്യും? അമ്മമാർ മരിക്കുമോ? അവർക്കെങ്ങനെ കുഞ്ഞുങ്ങളെ ഇവിടെ ഇട്ടു പോകാൻ കഴിയും? പിന്നെ കുട്ടികൾക്കാരുണ്ട്? ചിന്തിക്കുന്തോറും സങ്കടം സഹിക്കാനാകാതെ വിതുമ്പിക്കൊണ്ടിരുന്നു
അനുജത്തിക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരുന്ന കാഞ്ചന ചേച്ചി ചോദിച്ചു “എന്താ ഒരു സങ്കടം കുട്ടിക്ക്.”
“റീന എന്ന കൊച്ചിനേ രണ്ടാനമ്മയാണ് സ്വന്തം അമ്മ മരിച്ചു പോയെന്ന്. അങ്ങനെ വരുമോ” മുഴുവൻ പറയാനായില്ല. കരച്ചിലടക്കാനായില്ല.
അന്ന് ഉറങ്ങാൻ കിടന്നപ്പോൾ അവർ പറഞ്ഞ കഥയിൽ കുട്ടികളെ ഉപദ്രവിക്കുന്ന രണ്ടാനമ്മമാരുടെ ചരിത്രം കൂടി വന്നതോടെ പനിക്കോൾ പോലെ പല്ലു കൂട്ടിയിടിക്കാൻ തുടങ്ങി. പുതപ്പു പുതച്ചു തരാൻ അമ്മ വന്നപ്പോഴാ സങ്കടം പൊട്ടിക്കരച്ചിലായി മാറി. കാര്യമറിഞ്ഞ് ആശ്വസിപ്പിക്കാൻ അമ്മച്ചി നന്നേ പണിപ്പെട്ടതും, ഉറങ്ങുന്നതു വരെ ഓരോ കഥകളും, കാര്യങ്ങളും പറഞ്ഞുകൂടെ കിടന്നതും , കുഞ്ഞനുജന്റെ അടുത്തു നിന്നു മാറി അമ്മ തന്നോടൊപ്പം ഉറങ്ങിയതും നല്ലോർമ്മയുണ്ട്.
റീനയോട് അന്നുമുതൽ വല്ലാത്ത സ്നേഹമായിരുന്നു. എങ്ങനെ ആ കുട്ടി സഹിച്ചു എന്ന ചിന്ത ഒത്തിരിനാൾ മനസിനെ വേദനിപ്പിച്ചു കൊണ്ടിരുന്നു.
ലിജിയാണ് അടുത്ത കൂട്ടുകാരി . പള്ളിമുറ്റം വരെ കളിക്കാൻ അനു വാദമുള്ളതുകൊണ്ട് ഗേയ്റ്റു വരെ കളിച്ചു നടക്കാം. സ്കൂളിനു വെളിയിൽ പലകയിൽ പരത്തിയിട്ട പലതരം മിഠായികൾ വല്ലാതാകർഷിച്ചിരുന്നു.അഞ്ചുപൈസയ്ക്കു മിഠായി കിട്ടും. ചുവന്ന, വെള്ള നിറമുള്ള വായിലിട്ടാൽ അലിയുന്നവയും കീലുമിഠായിയും ഏറെ പ്രിയങ്കരമായി.
അഞ്ചും പത്തും പൈസ എന്നും വീട്ടിൽ നിന്നും കെഞ്ചി വാങ്ങും . അന്ന് ഒരു പൈസയ്ക്കു ഒരു മിഠായി കിട്ടും. കാശു വീട്ടിൽ നിന്ന് കിട്ടിയില്ലെങ്കിൽ വല്യപ്പച്ചനോടു ചോദിക്കും. (അപ്പച്ചൻ്റെ ജ്യേഷ്ഠൻ)എപ്പോൾ ചോദിച്ചാലും, പത്തുപൈസ , ഇരുപതു പൈസ ചിലപ്പോൾ ഇരുപത്തഞ്ചു പൈസ വരെ തരും . കുട്ടികൾക്ക് ഒരു രൂപ നോട്ടു കിട്ടുന്നതു അന്ന് വലിയ തുകയായിരുന്നു. പള്ളിപ്പെരുന്നാളിനു നേർച്ചയിടാൻ എന്ന പേരിൽ കിട്ടുമായിരുന്നു ,ഒന്നോ രണ്ടോ രൂപയുടെ നോട്ട്. മിഠായിയും, കുപ്പിവളയും, റിബണുമൊക്കെ വാങ്ങാൻ അതു ധാരാളമായിരുന്നു.
മിഠായി സ്ഥിരമായി വാങ്ങാൻ തുടങ്ങി. വീട്ടിൽ വിവരം എത്തി. “ഇവൾക്കെവിടന്നു കാശു കിട്ടുന്നു”. ചേട്ടൻ പറഞ്ഞു കൊടുക്കും അവൾ വല്യപ്പച്ചനെ വഴിയിൽ എവിടെ വെച്ചു കണ്ടാലും ഉടൻ പൈസ ചോദിക്കും. എനിക്കു അതിൽ നാണക്കേടു തോന്നിയിരുന്നില്ല. അത് എന്റെ ഒരു അവകാശമായി കരുതി സ്ഥിരമായി വാങ്ങിപ്പോന്നു.
ഇതിനോടനുബന്ധിച്ചു രണ്ടു സംഭവങ്ങൾ ഓർമയിലെന്നും മിന്നി നിൽപ്പുണ്ട്. ഒരിക്കൽ വീട്ടിൽ നിന്നിറങ്ങുന്ന സമയത്ത് വല്യപ്പച്ചൻ ഇടവഴി നടന്നു വരുന്നതു കണ്ടു. ഞാൻ ഓടി ഗേയ്റ്റിനരികിലെത്തി യപ്പോൾ ആളെ കാണുന്നില്ല . അന്നു മിഠായി പരിപാടി നടക്കില്ല. നിരാശയോടെ മടങ്ങിയപ്പോഴതാ വെള്ള മുണ്ടിൻ്റെ അറ്റം മരത്തിൻ്റെ മറവിലൂടെ പുറത്തു കാണാം. ചില്ലറ കൈയ്യിലില്ലാത്ത കൊണ്ട് (ചെറിയകുട്ടികൾക്ക് നോട്ടു തരുന്നത് അപരാധമായ കാലം ) എന്നോടു ‘നോ’ പറയാൻ മടി വന്ന് ഒളിച്ചു നിന്നതാണ് പാവം.
ഞാൻ വിടുമോ ? നാളെ എന്തായാലും തരാം ചെയ്ഞ്ചില്ല എന്നു പറഞ്ഞു കൊണ്ടു പോയ പുഞ്ചിരിയാർന്ന സ്നേഹമുഖം ഇന്നും വിസ്മൃതിയിലായിട്ടില്ല.
എന്തിനാ ഒളിച്ചു നിന്നത്? ഇല്ല എന്നു പറയാനുള്ള മടി. അപ്പന്റെ ഭാഗത്ത് അത്രയേറെ വാത്സല്യസ്നേഹമേകിയ മറ്റൊരു ബന്ധു മുഖവും പെട്ടെന്നോർമ്മ വരുന്നില്ല.
പിന്നൊരിക്കൽ കവലയ്ക്കു സമീപം ഒരു സംഘം കൂട്ടുകാരുമായി വല്യപ്പച്ചൻ നിൽക്കുന്നു. യാതൊരുവിധ ലജ്ജയുംപരിസര ബോധവും ഇല്ലാതെ നേരെ ചെന്ന് മിഠായി വാങ്ങാൻപൈസ ചോദിച്ചു.
കൂടെയുള്ളത് വല്യപ്പച്ചൻ്റെ കൂട്ടുകാരായ അമ്മയുടെ സ്കൂളിലെ ജോസ് മാഷ്, ഗ്രാമത്തിലെ ഏക ഡോക്ടറായ ജോയപ്പൻ അങ്ങനെ സ്ഥലത്തെ കുറച്ചു പ്രമാണികളുടെ ഒത്തു ചേരൽ സമയം.
നേരത്തേ ഞാൻ ഏൽപ്പിച്ചപണം തിരിച്ചു പിടിക്കുന്ന ഗൗരവത്തിൽ ്് അവകാശം പോലെ കാശു ചോദിച്ചു നിൽക്കയാണ്. ജോസ് മാഷിൻ്റെ കാതിൽ വല്യപ്പച്ചൻ എന്നെ കേൾപ്പിക്കാതെ എന്തോ പറഞ്ഞു. പുള്ളി പോക്കറ്റിൽ നിന്ന് വല്യപ്പച്ചൻ്റെ കൈയിൽ ഒരു നാണയം കൊടുക്കുന്നതു കണ്ടു. അത് എൻ്റെ നേരെ നീട്ടിയപ്പോൾ “എനിക്കു വേണ്ട എനിക്ക് വല്യപ്പച്ചൻ്റെ
പൈസ മതി” എന്നു പറഞ്ഞു മുഖം വീർപ്പിച്ച് ഒറ്റ നടത്ത വെച്ചു കൊടുത്തു. “ഇത് നിന്റെ വല്യപ്പന്റെ കാശു തന്നെയാ” ജോസു മാഷ് വിളിച്ച് പറയുന്നുണ്ടായിരുന്നു. മറ്റെല്ലാവരും മിണ്ടാതെ നിൽക്കുന്നതും കണ്ടു.
പിറ്റേന്ന് അമ്മ അപ്പച്ചനോട് പറയുന്നതു കേട്ടു മോള് ചേട്ടൻ്റെ കൈയ്യിൽ നിന്നു സ്ഥിരം മിഠായിക്കു കാശു മേടിക്കുന്നുണ്ട്. ഇന്നലെ ജോസു മാഷു കൊടുത്തപ്പോൾ മേടിക്കാതെ പോന്നു. “എന്തൊരഭിമാനിയാണ് തൻ്റെ മകൾ” എന്നു ജോസു മാഷ് അമ്മയോട് പറഞ്ഞത്രെ.
ആരും പറഞ്ഞു കൊടുക്കാതെ തന്നെ അങ്ങനെ ചെയ്തതിൽ എന്നെ നോക്കി പുഞ്ചിരിയോടെ അപ്പച്ചൻ തോളത്തു തട്ടി. അഭിനന്ദന സന്ദേശം അപ്പന്റെ കണ്ണിൽ മിന്നിമറഞ്ഞെങ്കിലും മിഠായി വാങ്ങി കഴിക്കുന്നതിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ചു ക്ലാസെടുക്കുകയാണ് ചെയ്തത്.
ആരൊക്കെ എത്ര പറഞ്ഞാലും അക്കാര്യം അനുസരിക്കില്ല. ലിജിയുടെ അങ്കിൾ തൊട്ടടുത്ത ബാങ്കിലുണ്ട് .അവിടെ പോയി അവളും ചില്ലറവാങ്ങും. ചുവന്ന മിഠായി വാങ്ങില്ല ചുണ്ടും, നാവും ചുവന്നാൽ വീട്ടിൽ പിടിക്കും. വഴക്കു കേൾക്കും.
അങ്ങനെ സ്കൂളിൽ പോകാനൊക്കെ താൽപര്യം വന്നു തുടങ്ങി. ആൺകൊച്ച്, പെൺകൊച്ച് വ്യത്യാസം മനസിലായി. ആൺകുട്ടികളോടു അധികം കൂട്ടുകൂടാൻ പാടില്ല എന്നു പഠിച്ചു. അവരെ മുട്ടാതെ തട്ടാതെ നടക്കണം. വിലക്കുകളുടെ ലോകം പുറത്തു കാത്തു നിൽക്കുന്നതിന്റെ ആദ്യ പാഠങ്ങൾ.
ഒരു ദിവസം മ്ലാനമായ മുഖത്തോടെ ലിജി വന്നു. ഞങ്ങൾ ഇവിടെ നിന്ന് പോകുയാണ്. അപ്പച്ചന് മൂലമറ്റത്തേയ്ക്ക് സ്ഥലമാറ്റമായി. പത്തു മണി മുതൽ നാലുമണി വരെ കൂടെ നടന്നിരുന്ന കൂട്ടുകാരി പോകുന്നതിൽ നന്നായി സങ്കടപ്പെട്ടു. ഓർത്തോർത്തു വിഷമിച്ചു. ഒരു ദിവസം ലിജി വരാതായി. സ്കൂളിലേക്ക് പോകാൻ പോലും ഇഷ്ടം തോന്നിയില്ല. അവളിരുന്നസീറ്റിൽ തന്നെ നോക്കിയിരിക്കുന്ന എന്നെ കണ്ട് ക്ലാസ് ടീച്ചറായ മേരി ടീച്ചർ പറഞ്ഞു “എന്തോരം കൂട്ടുകാരാ ചുറ്റും , അവരുടെ കൂടെ പോയി കളിക്ക്.” നിറഞ്ഞ കണ്ണുകളോടെയാണ് മടിച്ചു മടിച്ചു അവരോട് കൂട്ടുകൂടാൻ ശ്രമിച്ചത്. “ഭൂമി ഉരുണ്ടതാണെന്നും എന്നെങ്കിലും കണ്ടുമുട്ടാമെന്നും” മുതിർന്നവർ തമ്മിൽ പിരിയുമ്പോൾ പറയുന്നത് എന്താണെന്നു മനസിലാകാത്ത പ്രായത്തിലാണ് വേർപിരിഞ്ഞതെങ്കിലും അതു തന്നെ സംഭവിച്ചു. പ്രീഡിഗ്രിക്കും ഡിഗ്രിക്കും ഒരേ ക്ലാസിൽ വീണ്ടും ലിജി വന്നെത്തി.
സ്കൂൾ വിടാറാകുമ്പോൾ വല്ലാത്ത സന്തോഷമനുഭവപ്പെട്ടുതുടങ്ങി. ഇന്റർവെൽ സമയത്തിനെ പറയുന്നത് കളിക്കാൻ വിട്ടു എന്നായിരുന്നു. സ്കൂൾ വിടുന്നതിന്റെ കൂട്ട ബെല്ലടി ശബ്ദമാണ് ഏറ്റവും ഇഷ്ടം. ആരവത്തോടൊപ്പം ഓടുകയാണ് വീട്ടിലേക്ക്.വല്യപ്പച്ചന്റെ മക്കളായ പോളു ചേട്ടനും, മോളി ചേച്ചിയുമൊക്കെ ഹൈസ്കൂൾ വശത്തു നിന്നു ഇറങ്ങി വരുമ്പോൾ അങ്ങോട്ട് ഓടി ചെല്ലും. അമ്മയും ചേട്ടനുമൊക്കെ വരാൻ വൈകും. ദാഹവും വിശപ്പും ഒരു വശത്ത് എങ്ങനെയെങ്കിലും വീട്ടിലെത്തി കളിക്കാനുള്ള കൊതി മറുവശത്ത്, എന്നാലും വർത്തമാനം പറഞ്ഞ് പതുക്കെ നടക്കാൻ തുടങ്ങിയാൽ ഏറ്റവും വൈകി എത്തുന്നത് ഞാനും മോളി ചേച്ചിയുമാകും.
പഠിക്കാൻ വലിയ താൽപര്യമുള്ള പോളു ചേട്ടൻ വീട്ടിലെത്തി കുളി കഴിഞ്ഞ് പഠനമാരംഭിക്കുമ്പോഴാകും ഞങ്ങൾ വീട്ടിലെത്തുന്നത്.
സ്കൂൾ ചേർന്ന കാലം മുതൽ എല്ലാവരും ചൂണ്ടിക്കാണിച്ചു തരുന്ന ഒരു മാതൃക വിദ്യാർത്ഥി ആയിരുന്നു വല്യപ്പച്ചന്റെ മകനായ പോളേട്ടൻ .അന്നത്തെ കാലത്ത് പരീക്ഷകളിൽ ഉന്നത വിജയം എന്നു പറഞ്ഞാൽ ഫസ്റ്റ് ക്ലാസ് കിട്ടുക എന്നതാണ്. പത്താം ക്ലാസു മുതൽ എം.എസി വരെ പുള്ളി അതു നേടിയിട്ടുമുണ്ട്. പിന്നെ അമേരിക്കയിൽ പോയി പഠിച്ച് ഇപ്പോൾ പത്തു മുപ്പതു കൊല്ലമായി അവിടെയാണ്.
പുള്ളിയുടെ പഠനതാൽപര്യം പലപ്പോഴും കളിക്കൊതിയന്മാരായ മറ്റു കുട്ടികൾക്കു ഈർഷ്യ നൽകിയിട്ടുണ്ട്. “പോളിനെ കണ്ടു പഠിക്ക്” എന്നു കേൾക്കാത്ത ഒരു കുട്ടി പോലും ആ പ്രദേശത്ത് ഉണ്ടാകില്ല എന്നു തന്നെ പറയാം.
ശനിയും ഞായറും പഠിക്കാതെ കളിച്ചു നടന്നിരുന്ന മറ്റെല്ലാ കുട്ടികൾക്കും ഒരു അപവാദമായിരുന്നു പോളേട്ടൻ. ഇരുന്നു പഠനം, നടന്നു വായന. ഇതൊക്കെ കണ്ട് വീട്ടുലുള്ളവരെ സന്തോഷിപ്പിക്കാൻ ഞാനും മൂന്നാം ക്ലാസിലെ പാഠപുസ്തകം കൈയ്യിൽപ്പിടിച്ച് വരാന്തയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു പഠിക്കാൻ ശ്രമിച്ച് മടുത്തുപേക്ഷിച്ചു.
പരീക്ഷണങ്ങൾ സ്വയം നടത്താൻ തുടങ്ങി. അലമാരയിലെ മഷിക്കുപ്പികൾ ആരും കാണാതെ തുറന്ന് ഫില്ലറുകൾ ഉപയോഗിച്ച് ചുവന്ന, കറുത്ത , നീല, മഷിയെടുത്ത് പല പാത്രങ്ങളിലെ വെള്ളത്തിലൊഴിച്ച് മഷിപ്പച്ചത്തണ്ട് ഇറക്കി വെച്ചു. ഹരിതനിറം മാറി മഷി വർണമേന്തിയ തണ്ടുകളിൽ നോക്കി ശാസ്ത്രജ്ഞരെപ്പോലെ ഉൾപ്പുളകം കൊണ്ടു.
ഭക്ഷണം കഴിക്കുമ്പോൾ വിരലുകളിൽ വർണഭേദത്തോടെ മഷിപ്പാടു കണ്ട് അന്നത്തെ പ്രധാന ശിക്ഷകളിലൊന്നായ മുട്ടുകുത്തി നിൽക്കൽ എന്ന ശിക്ഷണം കിട്ടി. പ്രാർത്ഥനാമുറിയിൽ രൂപക്കൂടിനു മുൻപിൽ മുട്ടുകുത്തി നിൽക്കുക. കൂടെയുള്ള യുവശാസ്ത്രജ്ഞർ മുട്ടു വേദനിക്കുമ്പോൾ നിലത്തിരിക്കും . ഉടനെ കോറസ് ഉച്ചത്തിൽ “ദേ ഇയാള് ഇരുന്നു”. വീണ്ടും ശിക്ഷയുടെ സമയ പരിധി വർദ്ധിപ്പിച്ചു എല്ലാവർക്കും കിട്ടും. അതു കഴിഞ്ഞ് പുറത്തേയ്ക്കോടും.
അടുത്ത കുസൃതി ഒപ്പിക്കാൻ .
മധുരമായ ഓർമകൾ മനസിനേകിയ ബാലഭാവത്താൽ തരളിതമായിരിക്കുമ്പോൾ കാതിലാരോ മന്ത്രിച്ചു ഇനിയുമുണ്ടേറെ പറയാനെങ്കിലും ഇതുപോലൊരു കാലമിനി വരില്ല എന്ന സത്യവും മനമേ നീയറിയണം.
ഇനിയുമുണ്ടേറെ പറയാൻ, എങ്കിലും ഇതുപോലൊരുകാലം ഇനി വരില്ല…. ടീച്ചർ എഴുതിനിർത്തിയയിടം പോലെ, ഒരിക്കലും തിരിച്ചു വരാത്ത കാലത്തെയോർത്ത്…. 😔🧡🌻🌞🌈
Thank you
കഥ പകുതി ആയപ്പോൾ വായിച്ചു നിറുത്തി,,,
മടുത്തിട്ടല്ല,, കൂടുതൽ സുന്ദരം ആയതിനാൽ 🙏അമ്മയെക്കുറിച്ചുള്ള ആ പരാമർശം ചിന്തിപ്പിക്കുന്നതാണ്,,, അത് മാത്രം മതി കഥയെ,,, അനുഭവത്തെ,, ഭാവനാ മാധുര്യത്തെ പ്രകീർത്തിക്കുവാൻ
പെരുമ്പടവം ശ്രീധരന്റെ,,ഒരു സങ്കീർത്തനം പോലെ,, ആനന്ദിന്റെ ആൾക്കൂട്ടം എന്നിവ വായിച്ചപ്പോൾ മാത്രമേ ഞാൻ ഇതുപോലെ വായന ഇടയ്ക്ക് നിർത്തി,, പിന്നീട് കുറെ നാൾ വായിക്കാതെ,, ഇരുന്നിട്ടുള്ളു,, വായിച്ചാൽ ആ അനുഭൂതി അതേ പോലെ പിന്നെ കിട്ടില്ലല്ലോ!!!!മറ്റൊന്നും പറയാനില്ല,,,,, അമ്മ മരിക്കുകയോ,,, എന്ന്ഭീതിയോടെ ചിന്തിക്കുന്ന കുട്ടിയുടെ,,,, ആ മനോനില,,,,
വായനാനുഭവം പങ്കിട്ടതിന് ഒത്തിരി നന്ദി
കഥ പകുതി ആയപ്പോൾ വായിച്ചു നിറുത്തി,,,
മടുത്തിട്ടല്ല,, കൂടുതൽ സുന്ദരം ആയതിനാൽ 🙏അമ്മയെക്കുറിച്ചുള്ള ആ പരാമർശം ചിന്തിപ്പിക്കുന്നതാണ്,,, അത് മാത്രം മതി കഥയെ,,, അനുഭവത്തെ,, ഭാവനാ മാധുര്യത്തെ പ്രകീർത്തിക്കുവാൻ
പെരുമ്പടവം ശ്രീധരന്റെ,,ഒരു സങ്കീർത്തനം പോലെ,, ആനന്ദിന്റെ ആൾക്കൂട്ടം എന്നിവ വായിച്ചപ്പോൾ മാത്രമേ ഞാൻ ഇതുപോലെ വായന ഇടയ്ക്ക് നിർത്തി,, പിന്നീട് കുറെ നാൾ വായിക്കാതെ,, ഇരുന്നിട്ടുള്ളു,, വായിച്ചാൽ ആ അനുഭൂതി അതേ പോലെ പിന്നെ കിട്ടില്ലല്ലോ!!!!മറ്റൊന്നും പറയാനില്ല,,,,, അമ്മ മരിക്കുകയോ,,, എന്ന്ഭീതിയോടെ ചിന്തിക്കുന്ന കുട്ടിയുടെ,,,, ആ മനോനില,,,,
അഭിനന്ദനങ്ങൾ…. നല്ല ഒരു വായനനുഭവം മറന്നു പോയ ബാല്യകാല അനുഭവങ്ങൾ വളരെ മനോഹരമായി എഴുതിയിരിക്കുന്നു…. അമ്മയെ കുറിച്ച് നൊമ്പരപ്പെടുന്ന കുഞ്ഞുമനസ്സ് വായിച്ചപ്പോൾ സങ്കടം വന്നു… വായനക്കായി കാത്തിരിക്കുന്നു….. 👌🏽❤️👍🏽
Thank you
ഇന്നത്തെ തലമുറയ്ക്ക് സ്വപ്നത്തിൽ പോലും കാണാൻ കഴിയാത്ത നിഷ്കളങ്കമായ ബാല്യം..
അന്നത്തെ അനുഭവങ്ങൾ മനോഹരമായി പകർത്തി എഴുതി. കൊന്തി കളിയും മറ്റും മനസ്സിൽ തെളിഞ്ഞു വരുന്നു..
ശരിക്കും വായനക്കാരെ ഒരു പ്രത്യേക ലോകത്തിലേക്ക് എത്തിക്കുന്ന എഴുത്ത്..
തുടരൂ
പ്രോത്സാഹനത്തിന് ഒത്തിരി നന്ദി
റോമി ബെന്നിയുടെ ഓർമ്മക്കുറിപ്പ് സ്വപ്നവേഗത്തിലോടിപ്പോയോരെൻ പ്രിയ ബാല്യമേ വായിക്കാൻ എന്തു രസമാണ്…. . അതി മനോഹരമാണീ എഴുത്ത്. കുഞ്ഞുറോമിയുടെ നിഷ്കളങ്കമായ ബാല്യ കാലാനുഭവങ്ങളിൽ ഞാനും അലിഞ്ഞില്ലാതായി….
വർണ്ണനകളെല്ലാം അതിസുന്ദരം. എത്ര അനായാസമായിട്ടാണ് ആ പേനത്തുമ്പിൽ നിന്ന് നക്ഷത്രപ്പൂക്കളേക്കാൾ ശോഭയാർന്ന ഒരു ഓർമ്മക്കുറിപ്പ് ഒഴുകിയെത്തിയത്…ഒരുപാട് ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് നന്ദി….വേഗം എഴുതൂ…. കാത്തിരിക്കുന്നു…
എഴുതാൻ വീണ്ടും പ്രേരണ നൽകുന്ന സന്ദേശം . നന്ദി
Refreshing read
Thank you
ബാല്യത്തിന്റെ നിഷ്കളങ്കമായ കുഞ്ഞോർമ്മകളെ മധുര മിഠായി പോലെ നുണയാൻ കഴിയുന്നുണ്ട് റോമിയുടെ രചനകളിൽ. കുട്ടിക്കാലത്തിന്റെ കുസൃതികളും, വേവലാതിയുമെല്ലാം എത്ര രസകരമായി കോറിയിടുന്നു. കഥകളുറങ്ങുന്ന ഒരു മനസ്സ് ഇവിടെ വായിക്കാൻ കഴിയുന്നുണ്ട്. തുടരുക….
കമൻ്റിലെ വരികൾ പ്രചോദനാത്മകം. നന്ദി
ഇതെല്ലാം ഇത്ര ഭംഗിയായി എങ്ങനെ ഓർത്തിരിക്കുന്നു. ഒരു പ്രൊഫഷണൽ എഴുത്തുകാരിയുടെ എല്ലാനിലവാരവും പുലർത്തിയിട്ടുണ്ട്, അമ്മ നഷ്ടപ്പെട്ട കൂട്ടുകാരിയോടുണ്ടായ ആ സഹതാപം അതിന്റെ ആ പ്രായത്തിലെ വികാരത ലം ശരിയായി മനസിലായിട്ടുണ്ട്, കാരണം ഞാനും ആ ടൈപ്പായിരുന്നു, അത്ര അടുപ്പമില്ലാത്ത കൂട്ടുകാരന്റെ അപ്പൻ മരിച്ചപ്പോൾ ആരും കാണാതെ കരഞ്ഞത് ഓർക്കുന്നു. Very good God bless you. “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ “
സ്വാനുഭവം പങ്കിട്ടതിൽ, ചേർത്തു വെച്ചതിന് ഒത്തിരി നന്ദി.
കള്ളവും വഞ്ചനയും ഇല്ലാതെ പരസ്പരം സ്നേഹിക്കുവാൻ മാത്രമറിയുന്ന ബാല്യം എത്ര മനോഹരം ആയിരുന്നു, ആ ഓർമ്മകൾ അടുക്കും ചിട്ടയുമായി പറയുമ്പോൾ വായനക്കാർ എല്ലാവർക്കും അവരവരുടെ ബാല്യകാലത്തിലേക്കൊരു യാത്ര പോയ അനുഭവം ആണ്, അഭിനന്ദനങ്ങൾ.
പ്രോത്സാഹനത്തിന് നന്ദി
ഈ ബാല്യകാലസ്മരണയിലെ എല്ലാ കഥാപാത്രങ്ങളെയും വ്യക്തിപരമായി അറിയാവുന്നതുകൊണ്ട് ഓരോരുത്തരുടെയും മുഖഭാവങ്ങളും കുമ്പളങ്ങിയുടെ പഴയ കാല രൂപവും എൻ്റെയും മനസ്സിലൂടെ കടന്നു പോയി. എന്നെയും പഴയ കാല ഓർമ്മകളിലേക്ക് കൂട്ടി ക്കൊണ്ടുപോയതിന് ഒത്തിരി നന്ദി.