ഹൃദയത്തിൽ നിന്നും ഉയരുന്ന പ്രാർത്ഥന (1 ശമു. 1:10 – 18)
“ഹന്നാ ഹൃദയം കൊണ്ടു സംസാരിച്ചതിനാൽ, അവളുടെ അധരം അനങ്ങിയതല്ലാതെ, ശബ്ദം ഒന്നും കേൾപ്പാനില്ലായിരുന്നു. അവൾക്കു ലഹരി പിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി”(വാ.13).
ഒരാൾക്ക് ആത്മാവിൽ പ്രാർത്ഥിക്കുവാൻ എപ്പോഴും ഏതവസ്ഥയിലും സാധിക്കും? അധരങ്ങളിൽ നിന്നുയരുന്ന വാക്കുകളായി അവ രൂപപ്പെടണമെന്നില്ല! മനുഷ്യ ആത്മാവിന്റെ ഞരക്കം പോലും പ്രാർത്ഥനയായി സ്വീകരിക്കുന്നവനാണു ദൈവം. നാവുകൊണ്ടുച്ചരിക്കുന്നതു മാത്രമാണു പ്രാർത്ഥന എന്നു നാം ധരിക്കരുത്. ഒരാളുടെ അന്തരാത്മാവിൽ നിന്നു ദൈവ സന്നിധിയിലേക്കു ഉയരുന്ന യാചനയ്ക്കു നാവിന്റെ ആവശ്യം നേരിടുന്നില്ല.
റോബർട്ട് യംഗ് മാസ്ചിൽ ഒരു വലിയ പ്രാർത്ഥനാ മനുഷനായിരുന്നു. അദ്ദേഹത്തോടൊപ്പം പ്രാർത്ഥിക്കാനാഗ്രഹിച്ച്, ഒരു ആൾ അദ്ദേഹം താമസിക്കുന്നിടത്തു എത്തിച്ചേർന്നു. താൻ വന്നതിന്റെ ഉദ്ദേശ്യം അയാൾ മാസ്ചിലിനോടു പറഞ്ഞു. അവർ രണ്ടു പേരുംകൂടി അദ്ദേഹത്തിന്റെ പ്രാർത്ഥനാ മുറിയിൽ പ്രവേശിച്ചു പ്രാർത്ഥനയ്ക്കായി മുട്ടുമടക്കി. മാസ്ചിൽ പ്രാർത്ഥിക്കുന്നതു കേൾക്കാനായി, വന്നയാൾ ശ്രദ്ധയോടെ കാത്തിരുന്നു. എന്നാൽ, ഒരു വാക്കുപോലും അദ്ദേഹത്തിന്റെ നാവിൽ നിന്നും പുറത്തു വന്നില്ല. ഒടുവിൽ, “എന്റെ ദൈവമേ” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം പ്രാർത്ഥന അവസാനിപ്പിച്ചു. പ്രാർത്ഥന ശബ്ദമുഖ
രിതമായിരിക്കണം എന്ന ചിന്ത വന്നയാളിന്റെ മനസ്സിൽ നിന്നു പാടെ മാറിപ്പോയി!
ഒരാളിന്റെ ഹൃദയത്തിൽ നിന്നും ഉയരുന്ന ഞരക്കങ്ങൾ പോലും, ദൈവം പ്രാർത്ഥനയായി സ്വീകരിക്കും. “ആത്മാവു നമ്മുടെ ബലഹീനതയ്ക്കു തുണ നിൽക്കുന്നു; വേണ്ടും പോലെ പ്രാർത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ? ആത്മാവു തന്നെ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു” (റോമ.8:26) എന്നാണു വി. പൗലൊസ് പറഞ്ഞിരിക്കുന്നത്.
ധ്യാന ഭാഗത്തു ഹന്നായുടെ ഹൃദയം നുറുങ്ങിയുള്ള പ്രാർത്ഥനയേക്കുറിച്ചാണു
സൂചിപിച്ചിരിക്കുന്നത്. ഒരു മകനുവേണ്ടിയുള്ള അവളുടെ ആത്മാവിന്റെ ഞരക്കം
ഏലി പുരോഹിതനു കേൾക്കാനായില്ല. അവളുടെ അധര ചലനം മാതമേ അദ്ദേഹം ശ്രദ്ധിച്ചുള്ളൂ. അതിനാൽ, അവൾ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു! എന്നാൽ സർവ്വശക്തനായ ദൈവം അവളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും പൊന്തിവന്ന രോദനം കേട്ടു. ഉത്തരം അരുളുകയും ചെയ്തു. ഹൃദയം നുറുങ്ങിയുള്ള നമ്മുടെ പ്രാർത്ഥനകളും ദൈവം കേൾക്കുന്നു എന്ന ഉറപ്പോടെ നമ്മുടെ ആവശ്യങ്ങളുമായി അവന്റെ സന്നിധിയിൽ ചെല്ലുവാൻ നമുക്കു ഇടയാകട്ടെ? ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു!
നല്ല സന്ദേശം സർ 🙏
🙏🙏