ബാലസൂര്യന്റെ രശ്മികളേറ്റു തിളങ്ങിയൊഴുകുന്ന മഞ്ഞലകൾപോൽ ശോഭയാർന്ന നാളുകളായിരുന്നു ബാല്യകാലം.
പ്രകൃതിയിൽ സ്വർണ്ണവർണ്ണത്തിന്റെ പകിട്ടേറിയ പ്രതിഫലനം പലയിടങ്ങളിലും കാണാം. മഞ്ഞപ്പൂക്കളിൽ , പൊൻ നിറമോലും വെയിലിന്, കാഞ്ചന വർണ്ണം പേറും നെൽക്കതിരിന്, പീത നിറമേകി പാകമായി പഴുത്ത പഴവർഗ്ഗങ്ങൾക്ക് , ആകർഷണീയമായ ജ്വലനകാന്തി. ഓർമ്മകളെ ഉജ്വലിപ്പിക്കുന്ന, ഭ്രമിപ്പിക്കും സൗന്ദര്യമേളം.
ജീവിതമെന്തന്നറിയാത്ത നിഷ്കളങ്ക ബാല്യത്തിന് അന്നു കാണുന്നതെന്തും കൊതിപ്പിക്കുന്ന പകിട്ടുള്ള പൊൻനാണയമായിരുന്നു. പ്രകൃതിയും , തന്നെ സ്നേഹിക്കുന്ന താൻ ഇഷ്ടപ്പെടുന്ന സഹജീവികളും , വിസ്മൃതമാകാതെ ഇന്നുമതു കൺമുന്നിൽ നിറകതിർ പോലെ നിലകൊള്ളുന്നത് അത്രമേൽ ആഴത്തിൽ അറിയാതെ മനസിൽ പതിഞ്ഞതിനാലാവാം. ഓർമ്മയുടെ സ്വർണ്ണഖനി കുഴിക്കുന്തോറും തങ്കവർണ്ണത്തിൻ തിളക്കമേറുന്നു.
സ്മൃതിയുടെ ഭിത്തിയെ കനകമയമാക്കുന്ന , വിത്തുവിതയും, കൊയ്ത്തുത്സവവുമൊക്കെയാണ് മറവി ചെളിയിലാഴാതെ പുറത്തേയ്ക്കു നാമ്പു നീട്ടുന്നത്.
സ്മരണയുടെ നെൽപ്പത്തായത്തിൽ കൂട്ടിയിട്ട ധാന്യശേഖരത്തെ അക്ഷരമണികളായി ചൊരിഞ്ഞിടുമ്പോൾ കൺമുമ്പിൽ കണ്ടതു മാത്രമാണെഴുതുന്നത്. ഓർമയിൽ പതിരു കയറിയാൽ പാറ്റിക്കളയാൻ കിഴക്കൻ കാറ്റു പോലെ ഓടിയെത്തുന്ന ഏതോ അജ്ഞാതശക്തി എന്നെ നയിക്കുന്നുണ്ട്.
നെല്ലുകുത്തു പെരയോടു ചേർന്ന് തടി കൊണ്ടു അപ്പൂപ്പന്റെ കാലത്ത് പണിത നെല്ലറ കാണാൻ തന്നെ നല്ല ഭംഗിയായിരുന്നു. വലിയ ശബ്ദത്തോടെ ഓടാമ്പൽ വലിച്ചൂരി മരവാതിൽ തുറന്നാൽ വലിയ മുറി കാണാം. അതിനകത്ത് കൂരാക്കൂരിരുട്ടാണ്.
അരിയാക്കാൻ വേർതിരിച്ചിട്ടിരിക്കുന്ന നെല്ലിനപ്പുറം, വിത്തു നെല്ലു കിടപ്പുണ്ട്. അതു പുറത്തെടുക്കുന്നത് വിതക്കാനുള്ള സമയത്താണ്.
വലിയ ചെമ്പിനകത്തേയ്ക്ക് പറയിൽ നെല്ലെടുത്ത് അളന്നിടുന്നതു ആദ്യ പണി. പിന്നെ നെല്ലു കുതിർത്തു വെയ്ക്കും.
അതിനു മുന്നേ പാടമൊരുങ്ങിക്കിടക്കുകയാണ്. ചാലുകൾ വെട്ടി മണ്ണു കോരി പൊത്തിവെച്ച് പുഴവെള്ളം കയറാതെ വയലിന്റെ ഭിത്തികൾ ഉറപ്പിക്കും.
പാടത്തെ മണ്ണിൽ ഒരേ താളത്തിൽ തൂമ്പാ ഉയർന്നുപൊങ്ങി ഉഴുതുമറിക്കുന്ന കാഴ്ചകാണാൻ വയലിൻ ചാരെ മടുപ്പില്ലാതെ നിൽക്കും.
വെയിലേറുമ്പോൾ വീട്ടിലേക്കു നടക്കും. തെങ്ങിൽ കൂട്ടവും പുഴക്കാറ്റും ഉഷ്ണത്തെ തടയുന്നുണ്ടെങ്കിലും ഒരിടത്ത് അടങ്ങി നിൽക്കാത്തതുകൊണ്ട് കുട്ടികളെല്ലാം നന്നായി വെയിലേൽക്കും, അതുകൊണ്ട് അവിടെ നിന്നു ഞങ്ങളെപറഞ്ഞുവിടും
കുതിർത്ത നെല്ല് കൊട്ടയിൽ വാരിക്കെട്ടി വാഴയിലയിൽ പൊതിഞ്ഞ് നെല്ലോലയും ചേർത്തു കെട്ടി ഓരോ കുട്ടകളും കുളത്തിലെ കൽപ്പടവുകൾക്കു തൊട്ടു താഴെയുള്ള വെള്ളത്തിൽ മുക്കി എടുക്കുന്നതു കാണാം.
പിന്നെ ഓർമയിൽ വരുന്നത് കെട്ടുപൊട്ടിക്കുമ്പോൾ നേർത്ത വെൺമയാർന്ന നൂലിഴകൾ പാകിയ നെല്ലിന്റെ കട്ടകളാണ്. അതിനെ വേർതിരിക്കുമ്പോൾ പ്രത്യേക മണവും, ചെറിയ പുകയും വരും. സുഖകരമായനുഭവപ്പെടുന്ന ഗന്ധത്തെ എന്തിനോടുപമിച്ചു പറയണമെന്നറിയില്ല.
ഇനി കുട്ടകൾ ചുമന്ന് പാടത്തിന്നരികിലേയ്ക്ക്. നല്ല വിളവിനായി പ്രാർത്ഥനയും, ഹോളി വാട്ടർ തളിക്കലും കഴിഞ്ഞ് നിരനിരയായി കുട്ടകളേന്തിയ പണിക്കാർ നീങ്ങും.
പാടം വീട്ടിൽ നിന്നു നോക്കിയാൽ കാണാൻ പറ്റില്ല. അവരുടെ കൂടെ പോകാൻ അനുവാദം കിട്ടിയാൽ തുള്ളിച്ചാടിയോടും.
വിതയ്ക്കുന്നതിനു മുമ്പ് പണിക്കാരുടെ മൂപ്പനായ ഭാസ്കരൻ ഒരു പിടിനെല്ല് കൈയ്യിൽ തരും. “കൊച്ച് വിതയ്ക്ക്” . എത്ര ശക്തിയിലെറിഞ്ഞാലും വരമ്പിനു തൊട്ടുതാഴെ തന്നെ വീഴുമെങ്കിലും, അതൊരു ആഹ്ലാദാനുഭവമായിരുന്നു. വേഗത്തിൽഅവർ വിതയാരംഭിക്കും.
അന്ന് ഉച്ചഭക്ഷണം പണിക്കാർക്കു വീട്ടിൽ കൊടുക്കും. ചേമ്പും, താളും തേങ്ങാ അരച്ചു വെയ്ക്കുന്ന കറി വയൽപ്പണിക്കു വന്ന സ്ത്രീജനം പുറത്തെ അടുപ്പിലിട്ടു തയ്യാറാക്കുന്നതു കാണാം. അതിനൊരു പ്രത്യേക രുചിയും ഗന്ധവുമാണ്. മത്സ്യവും ഉണ്ടാകും.
വാഴയിലയിൽ ചോറു വിളമ്പുമ്പോൾ വലിയ ഉരുളകളാക്കാൻ കൈയ്യിലിട്ടുരുട്ടി അവർ കഴിക്കുന്ന കാഴ്ച നിലത്ത് പലകയിരുന്ന് വിസ്മയത്തോടെ വീക്ഷിക്കും.
ഞാറുമുളച്ചു നിൽക്കുന്ന കാഴ്ചയാണ് അതിമനോഹരം . നീണ്ടു നിവർന്ന പാടശേഖരം മുഴുവനായി ഹരിതകംബളം പുതച്ചു നിൽക്കുന്ന ദൃശ്യം കണ്ണിമയ്ക്കാതെ എത്ര നേരംനോക്കി നിന്നാലും മതിയാകില്ല.
അപ്പച്ചന്റെ പാടം ആദ്യം തന്നെ കാണാം. നടവഴിയോടു ചേർന്ന് തന്നെ. തൊട്ടടുത്ത് വല്യപ്പച്ചന്റെ നിലം , പിന്നെ ഏറ്റവും മൂത്ത വല്യപ്പച്ചന്റെ വയൽ. വരമ്പുകളേതുമില്ലാതെ നോക്കെത്താദൂരത്തത് പരന്നുകിടക്കുന്ന അതിമനോഹര ദൃശ്യം.
അപ്പന്റെ മൂന്നു ജ്യേഷ്ഠന്മാരിൽ രണ്ടാമത്തെയാൾ അകാല ചരമം പ്രാപിച്ച വ്യക്തിയാണ്.അതായത് ഇരുപത്തിയെട്ടു വയസുകാരൻ, മൂന്നുമക്കളെയും ഭാര്യയെയും ഭൂമിയിലാക്കി കുടുംബത്തോടു വേർപിരിഞ്ഞത് കടുത്ത പനിബാധിച്ചതു മൂലമാണ്. കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തമായിരുന്നു അത്. അമ്മൂമ്മ ഇക്കാര്യം പറയാത്ത ഒരു ദിനം പോലുമില്ല.
സുന്ദരനും, ധീരനും ,സാധു ജന സ്നേഹിയുമായ, അദ്ദേഹത്തെ കുറിച്ച് കൃഷിപ്പണിക്കു വരുന്ന പലരും പല കഥകളും പറഞ്ഞു കേട്ടിട്ടുണ്ട്.
ഒരിക്കൽ അദ്ദേഹം പാടത്തുനിന്നും മടങ്ങും വഴി വലിയൊരു കാറ്റും മഴയും വന്നപ്പോൾ എല്ലാവരും അടുത്തു കണ്ട വീടുകളിലേയ്ക്ക് ഓടിക്കയറി. ഏതോ കുടിലിൽ നിന്ന് കൂട്ടക്കരച്ചിൽ കേട്ട് ഭീതിയാൽ ആരും അനങ്ങിയില്ല .പൈലിക്കുട്ടി എന്നു ഓമനപ്പേരിട്ട് വിളിക്കുന്ന വല്യപ്പച്ചൻ ഓടി കയറി ആ ചെറ്റപ്പുരയുടെ മേൽക്കൂര താങ്ങിപ്പിടിച്ചു കാറ്റൊഴിയും വരെ ആ കുടുംബത്തെ സംരക്ഷിച്ചുവത്രെ.
ഇതെന്നോടു പറഞ്ഞത് പാടത്തിന്നടുത്ത് എൽസമ്മയുടെ വീട്ടിൽ തയ്ക്കാൻ കൊടുക്കാൻ ചെന്നപ്പോൾ അവിടെ വർത്തമാനം പറഞ്ഞിരുന്ന മുണ്ടും ചട്ടയും ഉടുത്ത ഒരു വല്യമ്മയായിരുന്നു. ആറടിയിലേറെ പൊക്കമുള്ള ആജാനുബാഹുവും സൗമ്യനും ആയ യുവാവിനെ നാട്ടുകാർ എല്ലാവരും ഒരു പോലെ സ്നേഹിച്ചിരുന്നു. “കൊച്ചിന്റെ വല്യപ്പച്ചിയില്ലായിരുന്നെങ്കിൽ ഞാനും മക്കളും ജീവിച്ചിരിക്കില്ലായിരുന്നു” പാടത്തിനടുത്തെ വല്യമ്മ എല്ലാവരുടെയും മുമ്പിൽ വെച്ചതു തുറന്നു പറഞ്ഞത് കേട്ട് അഭിമാനത്താൽ ഞാൻ സ്വയം മറന്നു നിന്നു.
മകനെ ഓർത്തു വേദനിക്കുന്ന അമ്മൂമ്മയുടെ സങ്കടം പറച്ചിൽ കേട്ട് കാലങ്ങൾക്കു ശേഷം ജനിച്ച ഞങ്ങളും ഒരിക്കലും കണ്ടിട്ടില്ലാത്ത വല്യപ്പച്ചനെ ഓർത്ത് വേദനിച്ചിട്ടുണ്ട്.
മെയിൽ റോഡിനരികിൽ അപ്പൂപ്പന്റെ തറവാട് വീടിനോടു ചേർന്നുള്ള സ്ഥലത്ത് ഒരു പുതിയ പെര വെച്ചു വല്യമ്മച്ചിയും മൂന്നു മക്കളും അങ്ങോട്ടു മാറി താമസമാക്കി. പണ്ടെങ്ങോ പണിത വീടിനെ ഇന്നും ഞങ്ങൾ പുതിയ പെരയെന്നാണു വിളിക്കുന്നത്.
അവരുടെ വീതമായ വയലും തെങ്ങിൻ തോപ്പും ആ ഭാഗത്തു തന്നെയായിരുന്നു. പുതിയ പെരയുടെ മുൻവശത്തു റോഡിനോടു ചേർന്ന് നെല്ലുകുത്തുന്നതിന് ഒരു മില്ലുണ്ടായിരുന്നു. പുതിയ പെരയിൽ എപ്പോൾ പോയാലും മില്ലിൽ കയറി ഞങ്ങൾ കുട്ടികൾ നെല്ലുകുത്തുന്നത് കണ്ടു നിൽക്കും.
ഭീകര ശബ്ദത്തോടെ അതു പ്രവർത്തിക്കുമ്പോൾ അതിൻ്റെ ശബ്ദത്തിനു മേലെ ഉച്ചത്തിൽ ഞങ്ങൾ സംസാരിക്കും. ആരും ഒന്നും കേൾക്കുന്നില്ലെങ്കിലും വർത്തമാനം നിർത്തില്ല.
നെല്ല് അവിടെ കുത്തിച്ചു കൊടുക്കാൻ നിർത്തിയിരിക്കുന്നത് കുഞ്ഞപ്പൻ എന്നൊരാളെയാണ്. അതീവ ഗൗരവത്തോടെ സ്വിച്ച് വലിച്ച് താഴോട്ട് ഓണാക്കുന്നതും, മുകളിലേക്ക് ഓഫാക്കുന്നതും കണ്ടുനിൽക്കുമ്പോൾ പുള്ളിയുടെ കഴിവുകൊണ്ടാണ് നെല്ല് കുത്തി വരുന്നതെന്ന് ഞാൻ കരുതിയത്.
തവിട് വേറെ തരും. ഉമിചേർന്ന അരി വീട്ടിൽ കൊണ്ടുചെന്നു കഴിഞ്ഞാൽ പെണ്ണുങ്ങൾ നിരന്നിരുന്നു പേറ്റിയെടുക്കും. താവൽ വേറെ വെയ്ക്കും. അരിപ്പെട്ടിയിൽ അരിനിറക്കും .
മരിച്ചു പോയ മകന്റെ മക്കളെ അപ്പൂപ്പൻ മരണം വരെ ഒരുപാടു സ്നേഹിച്ചിട്ടുണ്ടെന്നും, തീരെ ചെറിയ കുട്ടിയായിരുന്ന എന്റെ അപ്പൻ അവർക്കു വേണ്ടി അപ്പൂപ്പന്റെ കൈയ്യിൽ നിന്ന് അടി കൊള്ളേണ്ടി വന്നതും, മകനെ അടിച്ച വടിയുടെയറ്റം പേരക്കിടാവിന്റെ കാലിൽ കൊണ്ടു മുറിഞ്ഞതും, അപ്പൂപ്പനതോടെ വഴക്കുകൂടുന്ന കുട്ടികളെ തല്ലുന്ന സ്വഭാവം നിർത്തിയ കഥയും പറയുമ്പോൾ അത് എത്ര തവണ കേട്ടാലും ഞങ്ങൾ ചിരിക്കുമായിരുന്നു.
കൃഷി വിട്ട് കുടുംബ ചരിത്രത്തിലേയ്ക്കൊന്നു തെന്നിപ്പോയി. മഴ ചിലപ്പോൾ കണ്ണീർകണം പോലെയും തോന്നുമല്ലോ. അതു വീണു നനഞ്ഞ വരമ്പിൽ വഴുതും പോലെ.
കൃഷിപ്പണിയിൽ അടുത്തജോലി ഞാറ് പറിച്ചു നടലാണ്. വെള്ളത്തിൽ ചിരിച്ചു കളിച്ചു നിന്ന് എത്രവേഗത്തിലാണവർ വരിവരിയായി നട്ടു തീർക്കുന്നത്.
പാടത്തിനോടു ചേർന്ന കരയിലെ പച്ചക്കറി എടുക്കാൻ പോകുന്നവരോടൊപ്പം ഇടയ്ക്കിടെ പോകുന്നതു കൊണ്ട് ആർത്തു വളരുന്ന നെൽച്ചെടിയെ നോക്കി നിൽക്കാം.
പച്ചക്കതിരണിഞ്ഞ പാടത്തിന് കാറ്റിൽ ഒരു താളഭംഗി കൈവരും. നടന്നു പോകുന്ന വഴിയോടു ചേർന്നു നിൽക്കുന്ന ഇളംകതിരിൻ പാലുകുടിച്ച് മത്തുപിടിക്കും.
“അധികം പറിക്കല്ലേ ഇതൊക്കെ നെല്ലാകേണ്ടേ” എന്നാരെങ്കിലും പറയും.
അങ്ങനെ കാത്തിരുന്നു കൊയ്ത്തു കാലമാകും. ശരിക്കും ഉത്സവകാലം. പണിക്കാരൊപ്പം നാട്ടുകാരും കൊയ്ത്തിനിറങ്ങും. കൊയ്തു കൂട്ടുന്നത് കച്ചി കൊണ്ടു കെട്ടി ഭംഗിയുള്ള കറ്റകളായി മാറും. വീട്ടുമുറ്റം ഒരുങ്ങും. കറ്റകൾ വീട്ടുമുറ്റത്ത് കൊയ്യുന്നവർ തന്നെ എത്തിക്കും.
കുടുംബമായി കൊയ്ത്തിനിറങ്ങുന്നതു കൊണ്ട് കറ്റ കെട്ടി എത്രയും വേഗം വീട്ടിലെത്തിക്കാൻ മക്കളും മാതാപിതാക്കളും ഒത്തൊരുമയോടെ പരിശ്രമിക്കും.
കൊയ്ത്തു കഴിഞ്ഞ് അവരവർ കൊയ്തു കെട്ടിയ കറ്റകൾ കൂമ്പാരമായി വെച്ചതിന്നരികിൽ ഒരടയാളം നാട്ടി വീട്ടിലേയ്ക്ക് മടങ്ങും. കറ്റയെല്ലാം എണ്ണിയടക്കിവെച്ചിട്ടാണ് പോകുന്നത്. ചിലർ വടിയിൽ റിബൺ കെട്ടികുത്തിവെക്കും. മറ്റു ചിലർ തങ്ങളുടെ കറ്റയ്ക്കു ചാരെ വടിയിൽ മാവിലക്കൊമ്പു കെട്ടിയത് ചേർത്തു വെക്കും. ചിലരാകട്ടെ വലിയ ഓലമടൽ കയറ്റി വെയ്ക്കും. കൃഷ്ണകിരീടപ്പൂ പറിച്ച് ഏറ്റവും മുകളിൽ കുത്തി നിർത്തി പോകുന്നവരും ഉണ്ട്.
ഇങ്ങനെ പലതരം നെൽക്കറ്റ കൂമ്പാരങ്ങൾ. കറ്റമെതിക്കാൻ വരുമ്പോൾ തങ്ങളുടെ കറ്റക്കൂട്ടത്തെ തിരിച്ചറിയാൻ ഓരോ തന്ത്രങ്ങൾ.
ഇനി മെതിയുത്സവം. പായവിരിച്ചും, തിണ്ണയിലുമൊക്കെ കുറച്ചു ദിനങ്ങൾ കഴിഞ്ഞ് മെതിച്ച് നെല്ലെടുക്കാൻ ആളുവരും. അവർക്കു കപ്പ പുഴുങ്ങിയതും, കട്ടൻ കാപ്പിയും കൊടുത്തു നടക്കുന്നവരുടെ കൂടെ ഞാനും നടക്കും.
ആദ്യത്തെ മെതിക്ക് കറ്റ ചവിട്ടിയൊതുക്കാൻ , അതായത് ഉദ്ഘാടനം ചെയ്യാൻ ചില ചേച്ചിമാർ എന്നെ ക്ഷണിക്കും. “വേണ്ട കൊച്ചിന്റെ കാല് മുറിയും, നെല്ലിന് അരമുണ്ട്. നെല്ലുകുത്തിക്കൊള്ളും വൈയ്ക്കോൽ ചൊറിയും “എന്നു തേവൻ വിളിച്ചു പറയും. ചിലർ മെതിക്കുന്നതിനു മുൻപ് ചാക്കിന്റെ ചെറിയ ഭാഗം മുറിച്ച് ചാക്കു വള്ളി കൊണ്ട് കാലിൽ കെട്ടിവെയ്ക്കും. വീഴാതിരിക്കാൻ ഒരു വടിയും കൈയ്യിൽ കരുതും.
തേവന്റെയും, ഭാസ്കരന്റെയും, കുമാരന്റെയും, പ്രഭാകരന്റെയും,(അവർ ജ്യേഷ്ഠാനുജന്മാരാണ് .അപ്പൂപ്പന്റെ കാലത്തെ വിശ്വസ്തനായ പണിക്കാരന്റെ മക്കൾ ) ‘കൊച്ചേ’ എന്നവിളിയുടെ മധുരിമയും, വാത്സല്യത്തോടെയുള്ള കരുതലും, സ്നേഹവും , ശാരദയും, മണിയും, തങ്കയും, തിരുമയുമൊക്കെ കാണിച്ച ഓമനിക്കലും , അടുപ്പവും, ഇഷ്ടവുമൊക്കെ മറ്റൊരിടത്തും ഒരു നാളുമാരും കാണിച്ചതോർമയിലില്ല.
“പഠിച്ച് ഡോക്കിട്ടറായി ഞങ്ങൾ വയസാകുമ്പനോക്കുമോ” ശാരദ ചോദിക്കും.
അവരുടെയൊക്കെ സ്നേഹവലയത്തിനൊരു താളമുണ്ടായിരുന്നു. നാടൻ പാട്ടിന്റെ ശീലുകളിൽ അധ്വാനഭാരമവർ മറക്കുമ്പോൾ കേൾവിക്കാർക്കുമത് സുഖദമായ ആസ്വാദന നിമിഷങ്ങളായിരുന്നു.
വലിയ പൊട്ടും തൊട്ട് , മുറുക്കിച്ചുവന്ന ചുണ്ടുമായി ,കുനിഞ്ഞ മുഖത്തോടെ ജോലി ചെയ്യുമ്പോഴും, മൂക്കുത്തിയിട്ട നാസികകളിൽ വിയർപ്പു പൊടിയുന്ന നേരത്തും, അധരങ്ങളിൽ ഒരു ചെറു പുഞ്ചിരി അവർ കാണുമ്പോഴൊക്കെ സ്നേഹത്തോടെ നൽകിയിരുന്നു.അവരുടെ ആണുങ്ങൾ എന്തോ തമാശ പറയുമ്പോൾ പൊട്ടിച്ചിരിക്കുന്നതു കാണാൻ നല്ല ചേലായിരുന്നു.
പുറത്തു പോയി വരുമ്പോൾ പഞ്ചാര പൊതിഞ്ഞ തേൻ മിഠായി കടലാസിൽ പൊതിഞ്ഞത് മുണ്ടിൽ കോന്തലയിൽ നിന്നെടുത്തു തരും, മറ്റൊരു പൊതി അവരുടെമക്കൾക്കു കാത്തു വെച്ചിട്ടുണ്ടാകും.
അയൽപക്കത്തും, സമീപ പ്രദേശത്തുമുള്ള ആളുകൾ അവർ കൊയ്ത നെല്ലു മെതിച്ചു കൊണ്ടിരിക്കുമ്പോൾ, വൈകുന്നേരമായാൽ അവരുടെ ചെറിയ മക്കൾ അവരെ തേടി അവിടെ എത്തും.
തെക്കേ മുറ്റത്ത് അവരുമൊപ്പം കളിമേളം തുടങ്ങും. കല്ലുകളി , മണ്ണപ്പം ചുടൽ . കളം വരച്ച് ഇല വെച്ച കളി , ഇങ്ങനെ ക്രീഡകളിൽ മുഴുകു മ്പോൾ അതിലൊരാൾ പറഞ്ഞു കുഴിയാനയെ കാണിച്ചു തരാം.
അമ്പലത്തിൽ ഉത്സവത്തിനു കൊണ്ടുവന്ന ആന അടുത്ത വീട്ടിൽ പറയെടുക്കാൻ വന്നതു കണ്ടതോർമിച്ച് വലിയ പ്രതീക്ഷയിൽ നിന്ന ഞാൻ കുഴിയാനയെക്കണ്ട് അമ്പരന്നു പോയി എന്നു പറയാം.
എത്രമണ്ണിട്ടു മൂടിയാലും മൂട്ടയോളം മാത്രം വലിപ്പമുള്ള ആ ജീവി പുറത്തേയ്ക്കു തുളച്ചുകയറി വരുന്ന കാഴ്ച രസിപ്പിച്ചിരുന്നു. മണ്ണുതൂകി അതിനെ മറച്ചു കഴിഞ്ഞ് ഭേദിച്ചു വരുന്നതു കാത്തിരിക്കുമ്പോൾ അത് ധൃതിയിൽ വരുന്ന വരവു കണ്ട് ആനന്ദിച്ചിരുന്നു.
സന്ധ്യയായാൽ അമ്മമാർ മക്കളുമായി വീട്ടിലേക്കു പോകും. പിന്നെ പെട്രോമാക്സ് കത്തിച്ച് വെയ്ക്കുമ്പോൾ ആണുങ്ങൾ കുറച്ചു നേരം കൂടി ജോലി ചെയ്ത് പണി തീർത്ത് നെല്ലളന്ന് വാങ്ങി മടങ്ങും.
മെതിച്ചു കഴിഞ്ഞാൽ നെല്ലളക്കലാണ് അടുത്ത പണി. പറയിലാണ് അളവ്. “പൊലിയോ പൊലി” എന്നു പറഞ്ഞ് ഞങ്ങളുടെ മൂപ്പനായ ഭാസ്കരനാണ് എല്ലാവരുടെയും നെല്ല് അളക്കുന്നത്.
ഇത്ര പറ അളന്നാൽ ഒരു പറ നെല്ല് കൂലി എന്ന കണക്കാണ്. ആ കണക്ക് എനിക്കോർമയില്ല. എല്ലാവരും മെതിക്കളം വിട്ടു പോയി കഴിഞ്ഞാൽ ഒരു ശൂന്യത പോലെ തോന്നിയിരുന്നു.
വൈക്കോൽ മലകൾ നെല്ലൊഴിഞ്ഞ പോയ ദുഃഖത്താൽ ഉള്ളിലുയരുന്ന താപത്തിൻ നെടുവീർപ്പ് പുകയായി പുറത്തേയ്ക്കൊഴുക്കും.
എത്രയേറെ ചവിട്ടേകി തന്നിൽ നിന്നടർത്തിയ പൊന്മണികളെ ഓർത്തു മിഴിനീരിൻ നനവു പോലെന്തോ ദേഹത്തിലേന്തി വൈക്കോൽ നിശബ്ദത പാലിക്കും.പിന്നെയത് ഉണക്കി നെല്ലില്ലാ കെട്ടാക്കും.
ഒടുവിൽ തൊഴുത്തിൽ മച്ചിൽ മഞ്ഞനിറമാർന്ന ഭക്ഷ്യ വസ്തുവായി സ്വയമർപ്പിക്കും. ചില കെട്ടുകൾക്ക് ആ വർഷത്തെ ഉണ്ണീശോയുടെ പുൽക്കുടലങ്കരിക്കാൻ ഭാഗ്യം ലഭിക്കും.
നെല്ല് , വാലൻ കൊട്ടയിൽ എടുത്ത് കാറ്റിന്റെ ദിക്കു നോക്കി പതിരു പാറ്റി ഒരുമിച്ച് കൂട്ടും.വലിയ പായകളിൽ ഉണക്കിയെടുത്ത് വിത്തിനു വേറെ, അരിക്കുവേണ്ടിയുള്ളത് വേർതിരിച്ച് മാറ്റി അറയിൽ നിറയ്ക്കും. കൊയ്ത്തുത്സവം അതോടെ സമാപിക്കും
കച്ചിക്കെട്ടുകൾ പശുത്തൊഴുത്തിന്റെ തട്ടിൻ മുകളിൽ ഗതകാല സ്മരണകളിൽ മുഴുകി വിശ്രമിക്കും.
കഴിഞ്ഞെന്നു കരുതേണ്ട അമ്മൂമ്മയുടെ വീതത്തിലെ മാനാശ്ശേരി പാടത്തെ നെല്ക്കറ്റകൾ വള്ളത്തിൽ വന്നിറങ്ങും. അതിഥി നെല്ക്കറ്റകളെ ചവിട്ടി അതിൽനിന്ന് നെന്മണി വേർതിരിക്കാറില്ല. കാരണം കൊയ്തവർ അന്നാട്ടുകാർ മെതിക്കാനെത്താറില്ല. കൊയ്തവർക്ക് നെല്ക്കറ്റ തന്നെ കൂലിയാണത്രെ.
ഇതു വന്നിറങ്ങി കഴിഞ്ഞാൽ അമ്മൂമ്മയുടെ ഒരു ഗമയും അഭിമാനവും നെല്ക്കതിർതൊട്ടുനോക്കലും ഉണ്ട്. ഒരു മരബെഞ്ച്, പിന്നെ വലിയ തടി രണ്ടു മരങ്ങൾക്കിടയിൽ മുറുകെ കെട്ടിവെച്ച് , ഇതിൻ മേലാണ് നെൽക്കറ്റ കൈ കൊണ്ട് അടിച്ച് നെല്ലു വേർതിരിക്കുന്നത്.
പണിക്കാർക്ക് നെല്ലുകൂലിയല്ല ദിവസക്കൂലി പണമായാണ് നൽകുന്നത്.
അടുത്തത് ഞങ്ങളുടെ ഗ്രാമത്തിലെ തന്നെ മണക്കൂർ എന്ന കൃഷിയിടത്തിലെ കറ്റകളാണ്. അതും വള്ളത്തിനാണ് കൊണ്ടുവരുന്നത്. ഇത് എറണാകുളത്തെ അമ്മയുടെ വീട്ടുകാർ മേടിച്ച നിലമാണ്. ആരോ വയൽ വിൽക്കുന്നതറിഞ്ഞ് അപ്പച്ചൻപറഞ്ഞിട്ട് അവർ വാങ്ങിയതാണ്.
എറണാകുളത്തെ വീട്ടിൽ നെല്ല് ഉണക്കി ചാക്കിലാക്കി കെട്ടുവള്ളത്തിൽ കയറ്റി വിടും.
നെല്ലുപുഴുങ്ങുന്നതും, മാർക്കറ്റിലെ മില്ലിൽ കുത്തി വേർതിരിക്കുന്നതും അവിടെ വെച്ചാണ്. എറണാകുളത്തെ ഷിപ്പു പള്ളിയോടു (പഴയപള്ളി) ചേർന്ന സ്കൂളിൽ ആന്റിയുടെ ക്ലാസിൽ ഇരിക്കുമ്പോൾ പള്ളിമുറ്റത്ത് നെല്ലുപുഴുങ്ങിയത് ഉണക്കാനിട്ടിരിക്കുന്ന കാഴ്ച പല തവണ കണ്ടിട്ടുണ്ട്.
എറണാകുളത്തെ അമ്മ വീടിന്റെ മുൻ വശത്ത് മുറ്റത്ത് മരങ്ങളും ചെടികളും നിറഞ്ഞ് ,സ്ഥലം പോരാഞ്ഞ് വീടിന്റെ പിറകുവശത്തുള്ള സ്ഥലത്ത് നെല്ലുപുഴുങ്ങിയ ശേഷം അവിടെ കൊണ്ടുപോയി വലിയ പായകളിൽ ഉണക്കുന്നതാണ്. അവിടെ അതിനായി പണിക്കാരുമുണ്ടായിരുന്നു.
ബാല്യകാല ജീവിതത്തിലെ ഉത്സവാഘോഷങ്ങളിൽ മുഖ്യ പങ്കാളി പ്രകൃതിയായിരുന്നു. ഏഴു വർണ്ണങ്ങളും കാട്ടിത്തന്ന പ്രകൃതിയുടെ ഭാഗമായ ജീവിതം. മഴവിൽ ശോഭയാർന്ന ഓർമകളേകിയ കാലത്തെ വരച്ചുകാട്ടുമ്പോൾ തെല്ലൊരസൂയയോടെ തൊട്ടടുത്ത തലമുറ ചോദിക്കുന്നു ഞങ്ങൾക്കെന്തേ ഇതൊന്നും കാണാൻ പറ്റാതെ പോയത്!.




മലയാളിമനസിന്റെ പുതിയ പതിപ്പുകളുടെ മധുരം നുണയാൻ കാത്തിരിക്കുന്ന അവസ്ഥയായി, അടഞ്ഞുപോയൊരു ഓർമ്മക്കാലത്തിന്റെ ഓടാമ്പൽ നീക്കി വാതായനങ്ങൾ തുറന്നെത്തുന്ന കാഴ്ചകൾക്ക് ഇന്നും നൂറുമേനി….. ടീച്ചറിന്റെ പുതിയ എഴുത്തിനായി കാത്തിരിപ്പ്… 🙏🥰
വീണ്ടു എഴുതാൻ പ്രചോദനമേകുന്ന വരികൾക്ക് നന്ദി 🙏
പാടത്തെ ഞാറു നടുമ്പോൾ ഉള്ള പച്ചപ്പ് മുതൽ വിളഞ്ഞ പാടം വരെയുള്ള കാഴ്ചകൾ..
മനസ്സിൽ തെളിഞ്ഞു വരുന്നു..
അനുഭവം സത്യസന്ധമായും അവതരിപ്പിക്കുന്നതുകൊണ്ട് നല്ല വായനസുഖം ലഭിക്കുന്നു..
തുടരൂ..
മുടങ്ങാതെ നൽകുന്ന പ്രോത്സാഹനത്തിന് വളരെ നന്ദി.
കൊയ്ത്തു കാലത്തിന്റെ മോഹിപ്പിക്കുന്ന വർണ്ണനകൾ കവിത പോലെ സുന്ദരം.
കണ്ടു ശീലിച്ച കൊയ്ത്തു കാലത്തെ ഒരിക്കൽ കൂടി അനുഭവിപ്പിച്ചതിന്, നാട്ടുവഴികളിലെവിടെയോ നഷ്ടപ്പെട്ട നൊമ്പരമുണർത്തുന്ന ഓർമ്മകളിലേയ്ക്ക് പേർത്തും പേർത്തും കൂട്ടിക്കൊണ്ടുപോയതിന് ഓർമ്മപ്പെയ്ത്തിന് കുട പിടിക്കാൻ ഞങ്ങൾ ഉണ്ട്
തുടരുക❤️❤️
ഇങ്ങനെ നൽകുന്ന ‘എല്ലാ വിധ പിന്തുണയ്ക്കും ഒത്തിരി നന്ദി
പ്രകൃതിയുടെ ഭാഗമായ ബാല്യകാല ജീവിതം, ആ കാലഘട്ടത്തിലെ അനുഭവങ്ങൾ പച്ചയായി എഴുതിയിരിക്കുന്നു…. അഭിനന്ദനങ്ങൾ…. ഇനിയും എഴുതു വായനക്കായി കാത്തിരിക്കുന്നു…. ❤️
Thankyou dear
വായനയ്ക്കും , അഭിപ്രായത്തിനും ഒത്തിരി സ്നേഹം നന്ദി
തന്നിൽ നിന്നടർത്തിയ പൊന്മണികളെ ഓർത്ത് മിഴിനീരിൻ നനവ് പോലെന്തോ ദേഹത്തിലേന്തിയ വൈക്കോൽ – ഹാ എത്ര സുന്ദരമായ വർണ്ണന .
കൊതിപ്പിച്ചു കളഞ്ഞു.
കൊയ്ത്തിൻ്റെ മിനിയേച്ചർ രീതികൾ കണ്ടിട്ടുണ്ടെങ്കിലും റോമിയുടെ അനുഭവപരിധി വേറെ ലെവൽ.
ഇനിയും ഇനിയും എഴുതൂ……
കാത്തിരിക്കുന്നു
വായനയ്ക്കും , അഭിപ്രായത്തിനും ഒത്തിരി സ്നേഹം നന്ദി
Good read👍👍
ഒത്തിരി നന്ദി
കൊയ്ത്തുത്സവത്തിന് മാത്രം കിട്ടുന്ന ചില ഭക്ഷ്യ വസ്തുക്കൾ ഉണ്ട്, പണിക്കാർക്കായുണ്ടാക്കുന്നവ -പലതരം പുഴുക്കുകൾ -അതിന്റെ രുചി ഒന്നുവേറെ തന്നെയാണ്, ഒരിക്കലും തിരിച്ചുവരാത്തവിധം നഷ്ടപ്പെട്ട മാധൂര്യമുള്ള കാലം എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും ഇന്നത്തെ തലമുറയ്ക്ക് നഷ്ടപ്പെട്ട കാലം, വായിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്കിടെ താഴേക്ക് സ്ക്രോൾ ചെയ്തു നോക്കും -തീരരുതേ എന്നോർത്തുകൊണ്ട് -നന്നായി എഴുതുന്നു അഭിനന്ദനങ്ങൾ.
ഒത്തിരി സന്തോഷമേകിയ Comment . എഴുത്തിന് നീളം കൂടി പ്പോകുന്നുണ്ടോ എന്ന പേടി മാറി Thank you
ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലത്തിൻ്റെ ഓർമ്മകൾക്ക് ഈ കുറിപ്പിലൂടെ ജീവൻ വച്ചതുപോലെ…… വിതയും കൊയ്ത്തും കൊയ്ത്തുപാട്ടും എല്ലാത്തിലുമുപരി പാടത്തെ കൂട്ടായ്മയും പുതുതമാശകളും പൊട്ടിച്ചിരികളും എല്ലാം ഒരിക്കൽക്കൂടി മനസിലേയ്ക്ക് ഓടിയെത്തുന്നു. പുതുതലമുറയ്ക്ക് ഈ ഓർമ്മക്കുറിപ്പ് പുതിയ പ്രചോദനമാകും.
ഞാറുമുളച്ചു നിൽക്കുന്ന പാടത്തിൻ്റെ വരമ്പിലൂടെയായിരുന്നു എൻ്റെ പള്ളിക്കൂടത്തിലേക്കുള്ള യാത്ര…..
മനസ്സിൽ ‘പച്ച’ പിടിച്ചു നിൽക്കുന്ന ഓർമ്മകൾ…..
മനസ് വീണ്ടും ചെറുപ്പമായതുപോലെ
നന്നായിട്ടുണ്ട്. ഇനിയും എഴുതണം.
വായിച്ച് , അനുഭവക്കുറിപ്പും എഴുതി പ്രോത് സാഹന മേകിയതിന് നന്ദി
കൊയ്ത്തുത്സവം ഓർമ്മക്കുറിപ്പിൽ റോമി ബെന്നി ബാല്യകാലത്തിലെ പൊൻ കതിരുകൾ വീശുന്ന സുവർണ്ണയോർമ്മകൾ പങ്കുവയ്ക്കുന്നു. വിതയും കൊയ്ത്തുമൊക്കെ മറന്നകാലത്തിലും പഴയകാല മധുരസ്മരണങ്ങൾ മിഠായിപോലെ നുണഞ്ഞിറക്കി. നോക്കെത്താദുരത്തോളം പാടങ്ങൾ പച്ചപ്പട്ട് വിരിച്ച് നിൽക്കുന്നതും കൊയ്ത്തുകഴിഞ്ഞ് പാടം നിറയെ വെള്ളക്കൊറ്റികൾ നിറയുന്നതും അവയൊരുമിച്ച് ചിറകടിച്ച് ഉയരുന്നഭംഗിയും പാടമായ പാടമെല്ലാം ആകാശത്തു നിന്ന് നക്ഷത്രക്കുഞ്ഞുങ്ങൾ തഴെപ്പൊട്ടി വീണപോലെ ആമ്പൽപ്പൂക്കൾ നിറയുന്നതും ഒക്കെ ഓർത്തു …
കുട്ടിത്തത്തിൻ്റെ എല്ലാ കുസൃതികളും മനസ്സിൽ ചിരിപടർത്തി. നെല്ല്കുത്ത് മില്ലിൻ്റെ ശബ്ദത്തോടൊപ്പം ഉറക്കെ സംസാരിച്ചു ചിരിക്കുന്നത്… ഓർത്തപ്പോൾ ചിരി വന്നു. കുട്ടിക്കാലത്ത് എന്തെല്ലാം കുസൃതികളാണ് കാണിക്കാൻ പറ്റുക.. കുട്ടിക്കാലം എന്തു സുഖകരമാണ്… എന്തു രസമാണ്….
മഞ്ഞിൻ തുള്ളിയുടെ നൈർമ്മല്യത്തോടെ കുഞ്ഞു മനസ്സിൽ കണ്ടതിനെയെല്ലാം ഒപ്പിയെടുത്ത് മധുരസ്മരണകളാക്കി മനസ്സിൽ സൂക്ഷിച്ച കുഞ്ഞുറോമിക്ക് ഒരായിരം അഭിനന്ദനങ്ങൾ…രചനാവൈഭവം അസാധ്യം… എഴുത്ത് തുടരുക … ആശംസകൾ .
പ്രോത്സാഹന വാക്കുകൾക്കും , കൂട്ടി ചേർക്കലിനുമൊക്കെ ഒരായിരം നന്ദി
ബാല്യകാലസ്മരണകൾ അതിമനോഹരമായി വിവരിച്ചിരിക്കുന്നു. കൃഷിയിടങ്ങളും കർഷകരും അന്യം നിന്ന ഈ നാളുകയിൽ ഈ അനുഭവങ്ങൾ ഒരു ഭാവനാലോകം പോലെ ഇനിയുള്ള തലമുറകൾക്കു തോന്നാം.
കൊച്ച് വിതയ്‌ക്കു എന്ന് ഭാസ്കരൻ മൂപ്പൻ പറയുമ്പോൾ , അദ്ദേഹം ആ കുട്ടിയിൽ ഒരു ദൈവിക ഭാവം കണ്ടിട്ടുണ്ടാകും, അന്നപൂർണേശ്വരിയുടെ അല്ലെങ്കിൽ മഹാലക്ഷ്മിയുടെ അനുഗ്രഹത്താൽ കൃഷി തുടങ്ങുവാൻ.
ചേമ്പും താളും തേങ്ങയും ഇട്ട കറി , ഇപ്പോഴും എൻ്റെ ഇഷ്ടമുള്ള വിഭവം ആണ്.
അടുത്ത തലമുറയിലെ ഒരാളുടെ സന്ദേശം ഹൃദയത്തോടു ചേർക്കുന്നു. ഒത്തിരി നന്ദി dear
കൊയ്ത്തുത്സവത്തിലെ വിത്തുവിതയ്ക്കൽ, ഞാറു പറിച്ചുനടൽ , നെല്ല് കൊയ്തെടുക്കൽ, മെതിക്കൽ,,നെല്ല് പുഴുങ്ങൽ , നെല്ലു കുത്തൽ, അരിയുടെ ശേഖരണം വരെയുള്ള വിവരണങ്ങൾ വീണ്ടും ഓർമ്മിപ്പിച്ചതിന് വളരെ നന്ദി. കൂടാതെ ഭാസ്കരനെയും ജേഷ്ഠാനുജൻമാരേയും ഓർമ്മിച്ചെടുക്കാനും സാധിച്ചു . ഇനിയും ഇതുപോലുള്ള പഴയ കാല സ്മരണകളിലേക്കു കൂട്ടി കൊണ്ടു പോകുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു
സാഹചര്യങ്ങളെയും, വ്യക്തികളെയും കണ്ടു മറിഞ്ഞും പരിചയമുള്ള ബാല്യകാല സഖിയുടെ അഭിപ്രായത്തെ വിലമതിക്കുന്നു. ഒത്തിരി നന്ദി.
റോമി വരച്ചിടുന്നത് സ്വന്തം നാടിൻ്റെ മാത്രം കഥയില്ല, കേരളത്തിൽ നിന്ന് ഒട്ടൊക്കെ അകന്നു പോയ കൊയ്ത്തുത്സവത്തിൻ്റെ സാംസ്കാരികചരിത്രമാണ് . നന്ദി
ഒരു കാലത്തിൻ്റെ ആത്മഹർഷങ്ങളെ ബോധ്യപ്പെടുത്തിത്തന്നതിന്
വളരെ സന്തോഷമുണ്ട് ഇങ്ങനെയുള്ള പ്രോത്സാഹനം തുടർന്നു പ്രതീക്ഷിക്കുന്നു. ‘അഭിപ്രായമിടാൻ സമയം കണ്ടെത്തിയതിൽ നന്ദി പ്രൊഫസർ.