മഹാവിഷ്ണുവിന്റെ ആരാധനക്കായി സമർപ്പിച്ചിരിക്കുന്ന പ്രത്യേക ഹിന്ദു വ്രത ദിനമായ യോഗിനി ഏകാദശി വിവരണത്തിലൂടെ..
പണ്ട് തൊട്ടേയുള്ള ആചാരാനുഷ്ഠാനങ്ങളോടെ വ്രതം അനുഷ്ഠിക്കുന്ന കുടുംബങ്ങൾ ഇന്നും നിലവിലുണ്ട് എണ്ണത്തിൽ വളരെ കുറവാണെങ്കിലും. എങ്കിലും ഈ കാലഘട്ടത്തിൽ വീണ്ടും പഴമയെ ചേർത്തുനിർത്തുന്ന ഒരു സമൂഹത്തെയാണ് കാണാൻ കഴിയുന്നത്. കാരണം ശിവരാത്രി, നവരാത്രി,ഏകാദശി ദിനങ്ങളിൽ ഒട്ടേറെ ക്ഷേത്രങ്ങളിൽ വർദ്ധിച്ച തോതിൽ സ്ത്രീ ജനതയുടെ സാമീപ്യം പത്രങ്ങളിലും മാധ്യമങ്ങളിലൂടെയൊക്കെ കാണാൻകഴിയുന്നുണ്ട്.ഇത്തരം ആചാരാനുഷ്ഠാനങ്ങൾ അന്യം നിന്നു പോകാതെ പുതുതലമുറയിലേക്ക് പകർന്നു നൽകാനുള്ള ഉദ്യമമായി വീണ്ടും മാറുന്നുവെന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം. വർഷം മുഴുവനും 24 ഏകാദശി വ്രതങ്ങളാണ് ആചരിക്കുന്നത്. ഓരോ ഏകാദശിക്കും അതിന്റെതായ സവിശേഷ പ്രാധാന്യമുണ്ട്. ആഷാഢ മാസം ആരംഭിക്കാൻ പോകുന്നു. ഇന്നാണ് ഈ മാസത്തിലെ ആദ്യത്തെ ഏകാദശിയായ യോഗിനി ഏകാദശി
ആഘോഷിക്കുന്നത്.
യോഗിനി ഏകാദശി
ആചാരങ്ങളുടെ സവിശേഷതകളാൽ സമ്പന്നമാക്കപ്പെട്ട മഹാവിഷ്ണുവിനെ ആരാധിച്ചുകൊണ്ട് ആഘോഷിക്കുന്ന ദിവസമാണ് യോഗിനി ഏകാദശി. ഹിന്ദു മാസമായ ആഷാഢത്തിലെ കൃഷ്ണപക്ഷത്തിലെ പതിനൊന്നാം ദിവസമാണിത്. പത്മപുരാണം അനുസരിച്ച് ഏറെ പ്രാധാന്യമുള്ള ഈ ഏകാദശി ഉത്തരേന്ത്യയിൽ കൃഷ്ണപക്ഷത്തിലും,ദക്ഷിണേന്ത്യയിൽ ജൈഷ്ഠയിലെ കൃഷ്ണപക്ഷത്തിലുമാണ് ആഘോഷിക്കുന്നത്.
മഹാവിഷ്ണുവിനും അഞ്ചാമത്തെ അവതാരമായ വാമനനും സമർപ്പിച്ചിരിക്കുന്ന യോഗിനി ഏകാദശി ദിനത്തിലെ ഗുണങ്ങൾ ആരോഗ്യവും, ഐശ്വര്യവും, ഭൂതകാല കർമ്മങ്ങളിൽ നിന്നുള്ള മോക്ഷം എന്നിവയാണ്. കൂടാതെ മുൻകാല പാപങ്ങളും ദുഷ്കർമ്മങ്ങളും ഇല്ലാതാക്കുന്നു. മൂന്ന് ലോകത്തിലും പ്രശസ്തമായ യോഗിനി ഏകാദശി നിർജ്ജല ഏകാദശിക്ക് ശേഷവും ദേവശയനി ഏകാദശിക്ക് മുമ്പുമാണ് ആഘോഷിക്കുന്നത്. ഈ ദിവസം വ്രതമനുഷ്ഠിക്കുന്നതിലൂടെ ഭക്തർക്ക് 88,000 ബ്രാഹ്മണർക്കും, പുരോഹിതന്മാർക്കും ഭക്ഷണം നൽകുന്നതിന് തുല്യമാണെന്നാണ്. ഇത് ആഷാഡി ഏകാദശി വ്രതമെന്നും അറിയപ്പെടുന്നു. ബ്രാഹ്മണർക്ക് ഭക്ഷണം നൽകുന്നത് ഹിന്ദുമതത്തിലെ ഒരു ശുഭകരമായ കാര്യമാണ്.
യോഗിനി ഏകാദശിവ്രതം അനുഷ്ഠിക്കുന്നവർ ചിലർ വെള്ളം പോലും ഉപേക്ഷിച്ച് ഉപവസിക്കുന്നു. അതേസമയം പഴങ്ങളും പാലും മാത്രം കഴിച്ച് ഭാഗികമായി ഉപവസിക്കുന്നവരും ഉണ്ട്. രാത്രി ഉണർന്നിരിക്കുന്ന സമയങ്ങളിൽ വിഷ്ണു സഹസ്രനാമം ജപിക്കുന്നതിലൂടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. അതിരാവിലെ ഉണർന്ന് സ്നാനം ചെയ്ത ശേഷം വിഷ്ണുഭഗവാനേയും ആൽമരത്തേയും ആരാധിക്കുന്നു.
ഒരു മരപ്പലകയിൽ കൃഷ്ണൻ,വിഷ്ണു എന്നീ വിഗ്രഹങ്ങൾ വെക്കണം.ഭഗവാന് വെറ്റില,പൂക്കൾ,തുളസിയില,പഞ്ചാമൃത് സമർപ്പിക്കുന്നു. നെയ് വിളക്ക് കത്തിക്കുന്നതോടൊപ്പം തുളസി ഇലകൾ ചേർത്ത ജലപാത്രവും വെക്കണം. തുളസി ഇലകൾ കൊണ്ട് വിഷ്ണു ഭഗവാന് പ്രാർത്ഥനകൾ നടത്തണം. വിഷ്ണു സഹസ്രനാമം അല്ലെങ്കിൽ “ഓംനമോ ഭഗവതേ വാസുദേവായ” എന്ന് ജപിക്കണം. ഏകാദശി ദിനത്തിൽ ഭഗവാൻ വിഷ്ണുവിന് മാത്രമായി തയ്യാറാക്കുന്ന പ്രസാദം ചടങ്ങുകൾക്ക് ശേഷം ഭക്തർക്ക് വിതരണം ചെയ്യുന്നു. ഈ ദിനത്തിൽ ദാനധർമ്മങ്ങൾ ചെയ്യുന്നത് വളരെ നല്ലതാണ്.
“യോഗിനി” എന്ന പേര് ദിവ്യമായ സ്ത്രീശക്തിയെ സൂചിപ്പിക്കുന്നു. ഈ വ്രതം ഉപവസിക്കുന്നതിലൂടെ ആത്മീയമായി ശക്തിയും, ബന്ധങ്ങളിലുള്ള ഐക്യവും, ശാരീരിക ക്ലേശം, രോഗങ്ങളിൽ നിന്നുള്ള ആശ്വാസവും ലഭിക്കുന്നു. ഹിന്ദു വിശ്വാസപ്രകാരം പുനർജന്മത്തിൽ നിന്നുള്ള മോചനം ഉറപ്പാക്കുന്നു എന്നുമാണ്.
യോഗിനി ഏകാദശി വ്രതത്തിന് പിന്നിൽ ഒരു കഥയുണ്ട്. പത്മപുരാണം അനുസരിച്ച് കുബേര രാജാവിന്റെ കൊട്ടാരത്തിൽ സേവനമനുഷ്ഠിച്ച ഹേമലി എന്ന ഒരു യക്ഷൻ ഉണ്ടായിരുന്നു. നിത്യേന മാൻ സരോവർ തടാകത്തിൽ നിന്നും ശിവപൂജയ്ക്കുള്ള പൂക്കൾ ശേഖരിക്കുന്ന ചുമതല ഇയാൾക്ക് ആയിരുന്നു. അതീവ സുന്ദരിയായ തന്റെ ഭാര്യയെക്കുറിച്ച് ഓർത്തപ്പോൾ, ഒരിക്കൽ ഹേമലി തടാകത്തിൽ നിന്ന് മടങ്ങുമ്പോൾ തന്റെ വീട്ടിലേക്ക് പോയി ഭാര്യയോടൊപ്പം സമയം ചെലവഴിച്ചു. തന്റെ കടമകൾ മറന്ന ഹേമലിക്കായി കാത്തിരുന്ന രാജാവ് ഇതേ തുടർന്ന് കുപിതനായി, വെളുത്ത കുഷ്ഠരോഗവും ഭാര്യയിൽ നിന്ന് വേർപിരിയലും വരുത്തി ശപിച്ചു കൊണ്ട്, രാജാവ് ഹേമലിയെ നാടുകടത്തി. രോഗം ബാധിച്ച് കാട്ടിൽ ദുരിതത്തിൽ കഴിയുകയായിരുന്ന ഹേമലി ഒരിക്കൽ മാർക്കണ്ഡേയ മുനിയെ കണ്ടുമുട്ടി. സത്യസന്ധമായി തന്റെ സാഹചര്യം വിശദീകരിച്ചപ്പോൾ മുനി യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കാൻ ഹേമിലിയോട് ആവശ്യപ്പെട്ടു. ഭക്തിപൂർവ്വം ഉപവസിച്ച ഹേമിലി അസുഖത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയും തന്റെ ഭാര്യയുടെ അടുത്തേക്ക് മടങ്ങി സന്തോഷത്തോടെ ജീവിച്ചു.
ഈ ഏകാദശി ദിനത്തിൽ പ്രായശ്ചിത്തം ചെയ്യുന്നത് പാപമോചനത്തിലേക്കും മോക്ഷത്തിലേക്കുള്ള വഴി തെളിക്കലിലേക്കും നയിക്കുന്നു എന്നാണ് വിശ്വാസം.
ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ ചിന്തിക്കാനും, പ്രവർത്തിക്കാനും മറന്നു പോകുന്ന സമയത്തിലെ ഒരു ഇടവേള കൂടിയാണ്, ആത്മീയ രോഗശാന്തിയുടേയും വൈകാരിക വ്യക്തതയുടേയും നിമിഷങ്ങളായി യോഗിനി ഏകാദശി വ്രതത്തിലൂടെ ലഭ്യമാകുന്നത്.
ഏവർക്കും യോഗിനി ഏകാദശി ആശംസകൾ 🙏
🙏
നന്ദി സർ 🙏
👍👍
നന്ദി 🌹