Sunday, August 2, 2026
Homeഅമേരിക്കരസരാജഗന്ധമുള്ള ഓർമനിലാവ് (ഓണം സ്‌പെഷ്യൽ) ✍റോമി ബെന്നി

രസരാജഗന്ധമുള്ള ഓർമനിലാവ് (ഓണം സ്‌പെഷ്യൽ) ✍റോമി ബെന്നി

മലയാൺമയുടെ സ്വകാര്യ അഹങ്കാരമാണ് ഓണമെന്ന പദം.

മലയാളികൾ നെഞ്ചിലേറ്റിയ ഓണാഘോഷത്തെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല.
എവിടെയായിരുന്നാലുംഓർമ നിലാവായി പെയ്തിറങ്ങുന്ന ഓണം .

ഒരു തേങ്ങാപ്പൂളിലും കണ്ണിമാങ്ങയിലും തൊടിയിലെ ഫലവൃക്ഷങ്ങളിലും സമൃദ്ധി കണ്ട് ഗ്രാമ വീഥികളിൽ കളിയുടെ ഭാഗമായ ആർപ്പുവിളികളുടെ ആരവത്താൽ മുഖരിതമായ മനോഹര കാലം.ഓണപൂന്തിരയിലൊഴുകുന്ന സുഖം.

റേഡിയോയിലൂടെ മണിക്കൂറുകളോളം ഓണപ്പാട്ടൊഴുകുന്ന
താസ്വദിച്ചിരുന്ന നാളുകൾ.

വടം വലിക്കാനും ചാക്കിനകത്ത് തുള്ളി ഓടി വന്നു ജയിക്കാനും സ്ഥാനമാനചെറുപ്പ വലുപ്പമില്ലാതെ മുതിർന്നവരും മത്സരിക്കുന്ന കാലം

അന്ന് കാർന്നോന്മാർ പറഞ്ഞു ഞങ്ങൾ കേട്ടിരുന്നത്
“ഇതൊന്നുമല്ല ഓണം . ഞങ്ങളുടെ ചെറുപ്പകാലത്താണ് ശരിയായ ഓണാഘോഷം”.

ഇന്ന് ഞാനുമത് ഏറ്റുപാടുന്നു. വിപണിയിലല്ലേ ഉത്സവം. നാട്ടുമ്പുറ നന്മയെവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല.

ജെൻസികളുടെ ഓണക്കാലാഘോഷങ്ങൾക്കുമറ്റൊരുതലമാണ്.

ബാല്യകാലത്തിൽ ഞാനെന്നു മുതലാണ് ഓണത്തെ തിരിച്ചറിഞ്ഞു എന്നാലോചിച്ചു നോക്കി.

പരീക്ഷ കഴിഞ്ഞ് പത്തു ദിവസം സ്കൂളിൽ പോകേണ്ടയെന്ന സന്തോഷത്തിലാണ് ആദ്യ തിരിച്ചറിവ്.

സ്കൂളിൽ രചന ബുക്കിൽ ഓണാഘോഷത്തെക്കുറിച്ചെഴുതിയത് ഹൃദിസ്ഥമാക്കിയപ്പോൾ ഐതിഹ്യവും അറിഞ്ഞു.

മാവേലി നാടും വാഴുന്ന കാലത്തെക്കുറിച്ചുള്ള കവിത ആവേശത്തോടെ കാണാതെ പഠിച്ചു ചൊല്ലിയ നാൾവഴികൾ.

ഓണപ്പഴഞ്ചൊല്ലുകൾ കണ്ടെത്തി പറയുന്നതിൽ മത്സരിച്ച ദിവസങ്ങൾ.

ബന്ധുക്കളായ കുട്ടികളുമായി വേനലവധിക്കു ശേഷം വീണ്ടുമൊരു ഒത്തുചേരൽ. അവധി തീരുന്നതിനു മുമ്പ് അമ്മ വീട്ടിൽ പോകുന്ന സന്തോഷം.

അയൽപക്ക വീടുകളിലെ സമപ്രായക്കാരുമായി സമയം ചിലവഴിക്കൽ . ഇതൊക്കെയായിരുന്ന ഇളം കാറ്റു പോലെ തണുപ്പുള്ള, നനുനനുത്ത നിലാവു പോലുള്ള ഓർമയിലെ ഓണം.

നാട്ടുപൂക്കൾക്കും കാട്ടുപൂക്കൾക്കും ക്ഷാമമില്ലാത്ത തൊടികൾ. ആർക്കും ഏതു പറമ്പിൽ നിന്നും പൂക്കൾ പറിക്കാം.

ഇതിനിടെ കളിയിൽ മാത്രം താൽപ്പര്യമുള്ള ആൺകുട്ടികൾ വീട്ടിലെ പറമ്പിൽ പൂക്കച്ചവടം നടത്തിയത് ഓർമയിൽ വരുന്നു.

ഓല കൊണ്ടു മെനഞ്ഞ കളിവീട്ടിൽ ചിരട്ട ത്രാസു കെട്ടി കല്ലുവെച്ച് തൂക്കി അവർ പൂക്കൾ തരും.

പെൺകുട്ടികൾ സുമങ്ങളെത്തേടി ഇറങ്ങുന്നതിനു മുൻപ് ഇവർ ഞങ്ങൾക്ക് കൈയെത്താത്ത പൂക്കളൊക്കെ പറിച്ച് വാഴയിലയിൽ കൂട്ടി വെയ്ക്കും.

ഒരു ചെറിയ കല്ലു തൂക്കത്തിന് രണ്ടു പൈസ കൊടുത്താൽ മതി. തൂക്കം ഒട്ടും ശരിയല്ല. കല്ലിന്റെ വശത്തുള്ള ചിരട്ട മറിഞ്ഞു കിടക്കും. എന്നാലും പൂക്കൾ തരും. അളവുകട്ടിയുടെ ഭാരം കൂട്ടുന്നതിനായി വലിയ കല്ലുവെക്കും അടുത്ത ചിരട്ടയിൽ പൂക്കൾ കുത്തിനിറയ്ക്കും.

പൂക്കൾ കൂടുന്നതനുസരിച്ച് അഞ്ചും, പത്തും പൈസകളായി മാറും പൂവിന്റെ വില.

ഇതൊക്കെ പൂക്കടക്കാരായ ആൺകുട്ടികൾ നിശ്ചയിക്കുന്നതാണ്.

ഓലപ്പന്ത് പെട്ടെന്ന് കേടായിപ്പോകുന്നതുകൊണ്ട് റബർ പന്ത് മേടിക്കാനുള്ള കാശിനായുള്ള പിരിവാണ് യഥാർത്ഥത്തിൽ അവിടെ നടക്കുന്നത്.

ഏകദേശം തുകയൊത്താൽ കട പൂട്ടും.

പിന്നെ പൂക്കളത്തിൽ കൈതപ്പൂവും തോട്ടുവക്കിലെ കൃഷ്ണകിരീടവും ഞങ്ങൾ പെൺകിടാങ്ങൾ ഒഴിവാക്കും.

അതാരെങ്കിലും ധീരരായ ആൺകുട്ടികൾ തന്നെ പറിച്ചു തരണം.

മുറ്റത്ത് കഞ്ഞീം കറിയും വെച്ച് ഓണസദ്യ ഉണ്ണൽ നടത്തും.

ഓണപ്പൂക്കളത്തിനായി പൊട്ടിച്ചതിൽ ബാക്കിയാകുന്ന ചെമ്പരത്തിപ്പൂക്കൾ കറിയായി മാറും.

കുറച്ചു ചെമ്പരത്തിപ്പു ക്കളും ഇലയും വെള്ളത്തിൽ ഞരടിപ്പിഴിഞ്ഞ് കറിക്കുള്ള വെളിച്ചെണ്ണ തയ്യാറാക്കും.

വായിൽ വെച്ചു നോക്കാൻ പറ്റാത്ത പച്ചിലക്കറികൾ കഴിച്ചെന്നു ഭാവിച്ച് അതിന് ഒരു രുചിയില്ല എന്നാക്ഷേപിക്കുന്ന ആൺ പ്രജയെ പിറ്റേന്ന് ഉണ്ണാൻ വിളിക്കില്ല.

അവരവരുണ്ടാക്കിയ പൊട്ടിപ്പോകാത്ത മണ്ണപ്പത്തിന്റെ ഭംഗിയിൽ സ്വയം ആകൃഷ്ടരാകും.

കളികളുടെ വൈവിധ്യത്തിൽ പെൺകിടാങ്ങൾ ഒട്ടും പിറകിലല്ല.

കുട്ടിയും കോലും കളിക്കുന്നതും റിങ്ങ് എറിഞ്ഞു പിടിക്കുന്നതുമായ ക്രീഢകൾ സാധാരണം.

കല്ലുകളിയും ഇല കളത്തിൽ വെച്ച് വെട്ടി വീഴ്ത്തുന്നതുമൊക്കെ വീടിന്റെ വരാന്തയിലിരുന്ന് മഴ വരുമ്പോൾ ആസ്വദിക്കുന്ന കളികളാണ്. പാമ്പും ഗോണിയുംകളിയുടെ ബോർഡു വാങ്ങിച്ചു കിട്ടുന്നത്ആർഭാടമായി കരുതിയിരുന്നു .

സംഘാംഗങ്ങൾ കൂടിയാൽ പിന്നെ
പൂ പറിക്കാൻ പോകുന്നേയെന്ന ഗാനശകലത്തോടെയുള്ള കളികളും
കൊന്തിക്കളിയും കര അല്ലെങ്കിൽ കുളം (in the pond on the bank) എന്നീ കളികളും പൊടിപൊടിക്കും.

ഒളിച്ചുകളിയും ഊഴം വെച്ച് ഊഞ്ഞാലാട്ടവും ഓർമ്മകളിൽ ഇന്നും കണ്ണുപൊത്തിക്കളിക്കുന്നു.

ഗോലികളിയും കിളിമാസും കബഡിയും പമ്പരം കറക്കലും ആൺകുട്ടികൾ കൈയ്യടക്കി വെച്ചിരിക്കുന്നു .

പപ്പടക്കാരന്റെ വീട്ടിൽ പായയിൽ ഉണക്കാൻ വെച്ചിരിക്കുന്ന പപ്പടക്കെട്ടുകൾക്ക് അന്ന് നല്ല ഡിമാന്റാണ്.

ഒരു രൂപയ്ക്ക് വലിയ കെട്ടു കിട്ടും. ഓണാവധിക്ക് മറ്റു കറികൾക്കൊപ്പം പപ്പടം ഒഴിവാക്കാനാവാത്ത വിഭവമാണ്. മുഴുവൻ പപ്പടം വറുത്തതോ ഉള്ളിയും മുളകുമിടിച്ചിട്ട് കീറി വറുക്കുന്ന പപ്പടമായോ എന്നും ഉണ്ടാകും.

ഓണസദ്യയിലൂടെ എന്നെ ആകർഷിച്ച ഒരു വിഭവമുണ്ട്. വിശിഷ്ടമായ ആ തൊടുകറിയുടെ ആരാധികയാണ് ഞാൻ.

ഇഞ്ചിക്കറിയെന്നു കേൾക്കുമ്പോൾ മിക്കവർക്കുമറിയുന്നത് നൂറ്റെട്ടു കറിക്കു തുല്യം എന്നു പറയുന്ന പുളിയിഞ്ചിയാണ്.

ഇത് അങ്ങനെ പാചകം ചെയ്യുന്ന ഇഞ്ചിക്കറിയല്ല.

ഇലയിൽ അൽപ്പം തൊട്ടു വെച്ചിട്ട് വിളമ്പുന്നയാൾ കടന്നുപോകുമ്പോൾ ഇപ്പോഴും അൽപ്പം കൂടി ചോദിച്ചു വാങ്ങുന്ന സദ്യയിലെ എനിക്കേറ്റവും ഇഷ്ടപ്പെട്ട രസരാജൻ.

കുട്ടിയായിരുന്നപ്പോൾ നാവിൽ രുചിച്ചാസ്വദിച്ച കറി സ്വയം പാചകം ചെയ്യാൻ തുടങ്ങിയപ്പോഴാണ് അതുണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ടറിഞ്ഞത്.

തൊലി വൃത്തിയാക്കിയ ഇഞ്ചി നന്നായി കഴുകി വെള്ളം കളഞ്ഞ്
ചെറുതായി കൊത്തിയരിയുമ്പോൾ തന്നെ കൈപ്പത്തിയാകമാകമാനം എരിയാൻ തുടങ്ങും.

അതു പിഴിഞ്ഞ് ഇഞ്ചി നീരു മാറ്റിവെച്ച് ഒന്നോ രണ്ടോ പച്ചമുളകും ചേർത്ത് വറുത്തെടുക്കും.

തേങ്ങാപ്പീര വറുത്തതിൽ മല്ലിയും മുളകും കുരുമുളകും അൽപ്പം മഞ്ഞളും ചേർത്തു ചൂടാക്കിയശേഷം വെള്ളം ചേർക്കാതെ അരച്ചു വെയ്ക്കും.

അരപ്പ് കുറച്ചു വാളൻപുളി വെള്ളത്തിൽ കലക്കി വെയ്ക്കും. മാറ്റിവെച്ച ഇഞ്ചിനീര് അതിന്റെ അടിയിൽ അടിഞ്ഞുകൂടിയ ഭാഗം മാറ്റി കലക്കിയ അരപ്പിൽ ഒഴിക്കും.

കുറുകുന്നവരെ തിളപ്പിക്കും ഉപ്പും സ്വൽപ്പം കായപ്പൊടിയും ചെറിയ കഷ്ണം ശർക്കരയും ചേർക്കും.

കടുകുപൊട്ടിച്ച് വറ്റില മുളകും വേപ്പിലയും ചെറിയ ഉള്ളിയരിഞ്ഞത് ( നിർബന്ധമില്ല) താളിച്ചിട്ടാൽ അതിരുചികരമായ കറി പാകമാകും.

പെട്ടെന്നു കേടാകാത്തതു കൊണ്ട് ഓണാവധിക്കാലം മുഴുവൻ തൊട്ടു കൂട്ടാൻ ഈ കറി കിട്ടാറുണ്ട്.

ചട്ടിമൂടിയ പാത്രത്തിലെ നീരാവി വെള്ളം പോലും വീഴാതെ ബാക്കിയുള്ള ഇഞ്ചിക്കറി അമ്മമാർ ഉറിയിൽ സൂക്ഷിച്ചു വെയ്ക്കുന്നതുകാണാമായിരുന്നു.

ആറു മലയാളിക്ക് നൂറു മലയാളം എന്നു പറയുന്നതുപോലെ ഇഞ്ചിക്കറി വെപ്പിലും വ്യത്യസ്തതയുണ്ടാകാം.
ഭാഷാദേദങ്ങൾ പോലെ .

ഞങ്ങൾ വെയ്ക്കുന്ന രീതി പറഞ്ഞെന്നു മാത്രം.ഞങ്ങളിങ്ങനെയാണ് പാചകം ചെയ്യുന്നത്. അതിനു രുചിയുമുണ്ട്.

കറികളുടെ സുഗന്ധവും കളികളുടെ ആരവവും പൂക്കളുടെ സമ്മേളനവുമൊക്കെ ആസ്വദിച്ച് മേഘത്തേരിൽ അമ്പിളിത്തോണിയിറങ്ങിവന്ന് വെണ്ണിലാവ് ഭൂമിപ്പെണ്ണിനെ വെള്ളിക്കസവിന്റെ ഓണപ്പുടവ ചുറ്റും.

എന്നാൽ പകലോൻ കിഴക്ക് സ്വർണ്ണ വർണപ്പുടവയുമായി വരുന്നതും കാത്തിരിക്കുന്ന പച്ചപ്പട്ടുടുത്ത ഭൂമികന്യകയും പിന്നെ ബാല്യങ്ങളും തനിമയോടെ ഓണാവധിയുടെ സന്തോഷം കൊണ്ടാടിയ നാളുകൾ മലയാളമണ്ണിനു മാത്രം സ്വന്തം.

ഗൃഹാതുരത്വത്തിന്റെ നന്മ നിറഞ്ഞ ഓണക്കാലമണയട്ടെ
എന്നാംശസ!

റോമി ബെന്നി.✍

RELATED ARTICLES

13 COMMENTS

  1. ചിങ്ങനിലാവ് പോലെ പ്രഭ തൂകിയ ഓണഓർമ്മകൾ എന്നിലും നൊസ്റ്റാൾജിയ പകർന്നു 😊🤝👌👌🥰

  2. വിസ്മൃതിയിലായൊരു നല്ലോർമ്മകൾ ഓരോന്നായി ടീച്ചറിങ്ങിനെ പെറുക്കി നിരത്തി യപ്പോൾ ഓണക്കോടിയുടുത്ത് അത്തപ്പൂക്കളമിട്ട് ഓണപ്പാട്ടുകൾ പാടി ഊഞ്ഞാലാടി ഓണസദ്യയുണ്ടസുഖം,.

  3. വായനക്കാരെ തന്റെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന എഴുത്ത്..
    ഓണം ഒരുമയുടെ ഉത്സവമാണ്..
    നല്ല എഴുത്ത്

  4. പഴയ കാല ഓണ ഓർമ്മകൾ നൊസ്റ്റാൾജീയ ഫീലിംങ്ങോടെ വായിച്ചു……. ഇഞ്ചിക്കറിയുടെ രുചി പറയാതെ വയ്യ…..നന്നായിഎഴുതി…. അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്❤️❤️❤️

  5. ഒരു ഓണ നിലാവു പോലെ തെളിഞ്ഞ ഓർമ്മകൾ ഇങ്ങനെ അടുക്കും ചിട്ടയോടെയും പകർത്തിവയ്ക്കാൻ കഴിയുന്നു എന്നത് വലിയൊരു നേട്ടമാണ്.. എഴുത്തിന്റെ വഴിയിൽ മുന്നേറാൻ ഭാവുകങ്ങൾ.❤️❤️

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ