ന്യൂഡല്‍ഹി: രാജ്യ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ ഓരോ സ്ത്രീക്കും രാത്രിയിലെയടക്കം യാത്രകളില്‍ പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. നിര്‍ദ്ദേശങ്ങളും പദ്ധതികളും വെറും കടലാസുകളില്‍ മാത്രം ഒതുങ്ങരുതെന്നും, അത് പ്രയോഗത്തില്‍ വരുത്തി ഫലപ്രദമായ നടപടികളിലേക്ക് പോലീസ് അടിയന്തരമായി കടക്കണമെന്നും കോടതി വ്യക്തമാക്കി.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ അതിശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പോലിസ് മടിക്കരുത്. നടപടികളില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നേക്കാമെങ്കിലും പൊലീസ് സ്വന്തം കടമ കൃത്യമായി നിര്‍വ്വഹിക്കണമെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
സാമൂഹ്യവിരുദ്ധരുടെയും കുറ്റവാളികളുടെയും മനസ്സുകളില്‍ ഭയം സൃഷ്ടിക്കാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ‘ഇനി കുറ്റം ചെയ്താല്‍ മരണം ഉറപ്പ്’ എന്ന തരത്തിലുള്ള ഭയം കുറ്റവാളികളില്‍ ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു.
വരാനിരിക്കുന്നത് ഉത്സവകാലമായതിനാല്‍ സാമൂഹ്യവിരുദ്ധരെ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ പോലിസിന് സാധിക്കണം. ഇതിനായി സാഹചര്യത്തിനനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കാനും, ആവശ്യമായ ഏത് കടുത്ത നടപടികളും സ്വീകരിക്കാനും പോലിസിന് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രിം കോടതി അറിയിച്ചു. മുന്‍കാലങ്ങളിലുണ്ടായ പാളിച്ചകള്‍ പരിഹരിച്ച് ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നോട്ടുപോകാനാണ് നിര്‍ദ്ദേശം. പോതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും സി സി ടി വി നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനും ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
കേസ് വീണ്ടും നവംബര്‍ 16 ന് പരിഗണിക്കുന്നതിനായി മാറ്റിയിട്ടുണ്ട്. തലസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ വലിയ മാറ്റമുണ്ടാക്കാന്‍ പോലിസിന് ലഭിച്ച ഈ കര്‍ശന മുന്നറിയിപ്പ് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



