വാട്‌സ്ആപ്പിൽ പുതിയ റീസെന്റ് മീഡിയ സജഷൻസ് ഫീച്ചർ എത്തുന്നു. ഈ ഫീച്ചർ എത്തുന്നതോടെ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഇനി ഫോട്ടോകളും വീഡിയോകളും എളുപ്പത്തിൽ പങ്കുവെക്കാൻ സാധിക്കും.
മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് തങ്ങളുടെ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി റീസെന്റ് മീഡിയ സജഷൻസ് എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ചാറ്റ് ചെയ്യുന്നതിനിടെ ഫോണിന്റെ ഗാലറിയിലേക്ക് പോകാതെ തന്നെ അടുത്തിടെ എടുത്ത ഫോട്ടോകളും വീഡിയോകളും നേരിട്ട് ചാറ്റ് ബോക്സിൽ കാണാനും വേഗത്തിൽ പങ്കുവെക്കാനും ഈ ഫീച്ചർ സഹായിക്കും. നിലവിൽ നിർദിഷ്ട ബീറ്റാ ടെസ്റ്റർമാർക്കാണ് ഈ സേവനം ലഭ്യമായിത്തുടങ്ങിയിട്ടുള്ളത്.
ചാറ്റ് ചെയ്യുമ്പോൾ നിങ്ങളുടെ ഏറ്റവും പുതിയ ഫോട്ടോയുടെയോ വീഡിയോയുടെയോ തംബ്നെയിൽ ചാറ്റ് സ്ക്രീനിൽ തെളിഞ്ഞുവരും. ചില സമയങ്ങളിൽ ഇത് ചാറ്റ് ബാറിന് മുകളിലോ അല്ലെങ്കിൽ ക്യാമറ ഐക്കണിന് പകരമായോ ആണ് കാണിക്കുക. ഈ തംബ്‌നെയിലിൽ ക്ലിക്ക് ചെയ്താൽ ക്യാപ്ഷനുകൾ, സ്റ്റിക്കറുകൾ എന്നിവ ചേർക്കാനും വാട്‌സ്ആപ്പിന്റെ എഡിറ്റിങ് ടൂളുകൾ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്താനും സാധിക്കും. ക്യാമറ ചിത്രങ്ങൾ, സ്ക്രീൻഷോട്ടുകൾ, മറ്റ് ആപ്പുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തവ എന്നിവയെല്ലാം ഇതിൽ നിർദേശങ്ങളായി വരും.
ഉപയോക്താക്കളുടെ അനുവാദമില്ലാതെ ഫോണിലെ ചിത്രങ്ങളോ വീഡിയോകളോ ചാറ്റിലേക്ക് തനിയെ അയക്കുകയില്ല. ഉപയോക്താവിന് ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുത്ത് അയക്കാൻ കഴിയും. ഈ ഫീച്ചർ ആവശ്യമില്ലാത്തവർക്ക് ആപ്പ് സെറ്റിങ്സിലൂടെ ഇത് എളുപ്പത്തിൽ ഓഫ് ചെയ്യാനും സാധിക്കും. ഈ അപ്‌ഡേറ്റ് പുറത്തിറക്കുന്നത് ഘട്ടങ്ങളായാണ്. അതുകൊണ്ട് തന്നെ എല്ലാവരിലേക്കും ഇത് എത്താൻ സമയമെടുത്തേക്കാം.



