Saturday, August 22, 2026
Homeഅമേരിക്കഓണവില്ല് (കഥ) ✍ ശശികല മോഹൻദാസ് നവിമുംബൈ

ഓണവില്ല് (കഥ) ✍ ശശികല മോഹൻദാസ് നവിമുംബൈ

“മോനേ…അപ്പൂട്ടാ
മോനെ…ഇങ്ങോട്ട് വന്നേ…മുത്തശ്ശൻ ഒരു കാര്യം പറയട്ടെ.”
മുറ്റത്ത് കൂട്ടുകാരുമൊത്ത് അത്തപ്പൂക്കളമൊരുക്കുവാൻ പൂക്കൾ ശേഖരിച്ചുകൊണ്ടിരുന്ന അപ്പുക്കുട്ടൻ മുത്തശ്ശന്റെ വിളി കേട്ട് ഓടി അരികിലെത്തി.
“എന്താ മുത്തശ്ശാ എന്തിനാ വിളിച്ചേ
“.
മോനേ…മോൻ പൂക്കളൊക്കെ പറിച്ചു കഴിഞ്ഞോ.ഇല്ലെങ്കിൽ പെട്ടെന്ന് പറിച്ചു വയ്ക്കണേ . നാളെ വെളുപ്പിനെ നമുക്ക് ഒരിടം വരെ പോകാൻ ഉണ്ട്.”
” മുത്തശ്ശാ നമ്മൾ എവിടെയാ പോകുന്നേ?എല്ലാരും വരുന്നുണ്ടോ?”
“എല്ലാവരും വരുന്നുണ്ട് മോനെ.നാളെ നമ്മൾ ശ്രീപദ്മനാഭനെ കണ്ടു തൊഴാനായി പോവുകയാണ്.”
“ആണോ മുത്തശ്ശ!”
വലിയ കണ്ണുകൾ വിടർത്തി അകാംക്ഷയോടെ തിരക്കി.”എങ്കിൽ ഞാൻ പൂക്കളിറുത്തുകൊണ്ട് വെക്കം വരാമേ ”
എന്നു പറഞ്ഞുകൊണ്ട് അവൻ
തൊടിയിലേക്കോടി.
പിറ്റേന്ന് പുലർച്ചെ തന്നെ അപ്പുക്കുട്ടൻ എഴുന്നേറ്റ് തയ്യാറായി . മുത്തശ്ശനും മുത്തശ്ശിയും അപ്പുക്കുട്ടന്റെ അച്ഛനും അമ്മയും കുഞ്ഞുവാവയും എല്ലാവരും ഒന്നിച്ച്
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് യാത്രയായി.
ബസ്സിൽ മുത്തച്ഛന്റെ കൂടെയായിരുന്നു അപ്പുക്കുട്ടൻ ഇരുന്നത്. മുത്തശ്ശനെയാണ് ഈ ലോകത്തിൽ അപ്പുക്കുട്ടനേറെയിഷ്ടം.അവന്റെ എല്ലാ സംശയങ്ങളും തീർത്തു കൊടുക്കുന്ന ആളാണല്ലോ മുത്തശ്ശൻ. ബസ്സിലിരുന്ന് വഴിയിൽ കാണുന്ന ഓരോ കാര്യങ്ങളും ചോദിച്ചു സംശയങ്ങൾ തീർത്താണ് അവർ പൊയ്ക്കൊണ്ടിരു ന്നത്.
പെട്ടെന്നാണ് അപ്പുക്കുട്ടന്റെ മനസ്സിൽ കുറച്ച് സംശയങ്ങൾ പൊന്തി വന്നത്.”മുത്തശ്ശാ നമ്മൾ എന്തിനാണ് ഇത്രയും ദൂരെയുള്ള ഭഗവാനെ തൊഴാൻ പോകുന്നത്? അടുത്തുള്ള കണ്ണന്റെ അമ്പലത്തിൽ പോയാലും മതിയായിരുന്നല്ലോ!” “ശരിയാ മോനെ അടുത്തുള്ള കൃഷ്ണൻ കോവിലിൽ പോയാൽ മതി.പക്ഷേ അവിടെ ‘ഓണവില്ല് ‘ ഇല്ലല്ലോ!
‘ഓണവില്ല് ‘! അതെന്താണ് മുത്തശ്ശാ? ഞാൻ മഴവില്ലെന്നു മാത്രമേ കേട്ടിട്ടുള്ളൂ. ഇതെന്താ പുതിയ ഒരു വില്ല്!”

“അതോ… അത് മുത്തശ്ശൻ മോന് പറഞ്ഞുതരാം.”
“പണ്ട് മഹാബലി എന്നൊരു ചക്രവർത്തി ഈ കേരളം ഭരിച്ചിരുന്ന കഥകളൊക്കെ ഞാൻ മോന് പറഞ്ഞു തന്നിട്ടില്ലേ. മോന് ഓർമ്മയുണ്ടോ?”
അതൊക്കെ ഓർമ്മയുണ്ട്  മുത്തശ്ശാ. മാവേലി നമ്മുടെ നാട് ഭരിച്ചന്നും അന്ന് നമ്മുടെ നാട്ടിൽ കള്ളവും ചതിയും ഒന്നുമില്ല മാലോകർ എല്ലാവരും ഒന്നുപോലെ ആയിരുന്നെന്നൊക്കെ. ഇതൊക്കെ കണ്ടു അസൂയ മൂത്ത ദേവന്മാർ വാമനനെ കൊണ്ട് മഹാബലിയുടെ തലയിൽ ചവിട്ടി പാതാളത്തിൽ താഴ്ത്തിയെന്നും,ആണ്ടിലൊരിക്കൽ പ്രജകളെ കാണുവാൻ നാട്ടിൽ വരാനുള്ള വരം വാമന ഭഗവാൻ കൊടുത്തു.അങ്ങനെ ഓണത്തിന് നമ്മളെ കാണാൻ മഹാബലി എത്തുന്നു. ആ മഹാബലിയെ വരവേൽക്കാൻ നമ്മൾ ഓണം ആഘോഷിക്കുന്നു.എന്നൊക്കെയുള്ള കഥകൾ മുത്തശ്ശൻ ഇന്നാളിൽ  പറഞ്ഞു തന്നിരുന്നുവല്ലോ.”
“ആഹാ അപ്പൂട്ടന് എല്ലാം ഓർമ്മയുണ്ടല്ലോ.
മോൻ പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണ്.എന്നാൽ മഹാബലി ചക്രവർത്തി ഒരു വരം മാത്രമല്ല ചോദിച്ചത്. ”
“വേറെ എന്തെല്ലാമാണ് മുത്തശ്ശാ മാവേലി ചോദിച്ചത്?”അപ്പൂട്ടന്റെ ജിജ്ഞാസ കണ്ട്  ഒരു ചെറുപുഞ്ചിരിയോടെ മുത്തശ്ശൻ പറഞ്ഞു തുടങ്ങി.
“മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന സമയത്ത് മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ മാവേലിക്ക് ഭഗവാൻ വിശ്വരൂപം കാട്ടിക്കൊടുത്തു. അതുപോലെ തന്നെ എല്ലാക്കാലത്തും ഉണ്ടാകുന്ന ഭഗവാന്റെ അവതാരങ്ങളും മറ്റുള്ള കഥകളും കാണണമെന്ന് പറഞ്ഞു. അപ്പോൾ തന്നെ വാമനൻ വിശ്വകർമ്മാവനെ പ്രത്യക്ഷപ്പെടുത്തി അദ്ദേഹത്തിന്റെ ആൾക്കാരെ കൊണ്ട് കാലാകാലങ്ങളിൽ ഉണ്ടാകുന്ന അവതാരങ്ങൾ ചിത്രങ്ങളായി വരച്ച് ഭഗവാന്റെ സന്നിധിയിൽ എത്തുന്ന മഹാബലിക്ക് കാണിച്ചുകൊടുക്കാം എന്നൊരു വാഗ്ദാനവും കൂടി നൽകി. അങ്ങനെ മാവേലിക്ക് കാണിച്ചു കൊടുക്കാനായി നടക്കുന്ന ഒരു ചടങ്ങാണ് ഓണവില്ല് സമർപ്പണം.”
” മുത്തശ്ശ  ഈ ഓണവില്ല് എങ്ങനെയാണ് ഉണ്ടാക്കുന്നത്? മോനേ നല്ല കടുപ്പമുള്ള മരങ്ങൾ ഉപയോഗിച്ചാണ് വില്ലു പണിയുന്നത്. ചുവന്ന ചരടും കുഞ്ചലവും മറ്റും കെട്ടി ഭംഗിയായി ഇതിനെ അലങ്കരിക്കും. അനന്തശയനവും ദശാവതാരവും  കൃഷ്ണലീല അങ്ങനെ എല്ലാ ദേവി ദേവന്മാരെയും ഇതിൽ വരച്ചുവയ്ക്കും. വിശ്വകർമ്മ പരമ്പരയിൽ പെട്ട ആൾക്കാരാണ്  എല്ലാവർഷവും ഇത് ക്ഷേത്രത്തിൽ എത്തിക്കുന്നത്. തിരുവോണം നാൾ മുതൽ  മൂന്നുദിവസത്തേക്ക് ഭക്തജനങ്ങൾക്ക് കാഴ്ചയ്ക്കായി അമ്പലത്തിൽ വച്ചിരിക്കും.അതിനുശേഷം രാജകൊട്ടാരത്തിലെ പൂജാമുറിയിൽ സൂക്ഷിക്കുകയാണ് പതിവ്.”
“അതുശരി അപ്പോൾ ഇങ്ങനെയൊക്കെയുള്ള ഒരുപാട് കഥകൾ ഉണ്ട് അല്ലേ. അപ്പോൾ മാവേലി എല്ലാ വർഷവും  ക്ഷേത്രത്തിൽ പോയി ഓണവില്ല് കണ്ടു തൊഴാറുണ്ട് അല്ലേ. അതിനുശേഷം ആയിരിക്കും പ്രജകളായ നമ്മളെയൊക്കെ കാണാൻ വരുന്നത് അല്ലേ മുത്തച്ഛാ.? ”
“അതേ മോനെ”. മുത്തശ്ശൻ വാത്സല്യപൂർവ്വം അപ്പൂട്ടന്റെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു.
“അപ്പോൾ ഇങ്ങനെയൊക്കെയുള്ള ഒരുപാട് കഥകൾ ഉണ്ടല്ലേ.”
“അതേ മോനെ ഇങ്ങനെയുള്ള ഒരുപാട് കഥകൾ നിറഞ്ഞതാണ് നമ്മുടെ നാട്.”
ബസ്സിൽ ഇരുന്നുകൊണ്ട് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം അപ്പുക്കുട്ടൻ കണ്ടു. വേഗം നമുക്കിറങ്ങാമെന്നുപറഞ്ഞ്, ഉത്സാഹപൂർവ്വം ഓണവില്ല് കണ്ടു തൊഴാൻ യാത്രയായി.

ശശികല മോഹൻദാസ് നവിമുംബൈ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ