വസ്ത്രധാരണവും മാന്യതയും
മാന്യത മനുഷ്യർ എല്ലാകാര്യങ്ങളിലും വച്ചുപുലർത്തണം എന്ന പോലെ അവനവന്റെ വസ്ത്രധാരണത്തിലും ആകാം അല്ലേ?… ഈയൊരു വിഷയത്തിൽ
ചർച്ചകളും വാദപ്രതിവാദങ്ങളും നമ്മുടെ സമൂഹത്തിലും സോഷ്യൽ മീഡിയകളിലും, ടിവി ചാനലുകളിലുമൊക്കെ ഇടയ്ക്കെങ്കിലും കത്തിപ്പടരാറുണ്ട്. അതിന് യാദൃശ്ചികമായെങ്കിലും ചില സംഭവങ്ങൾ ഹേതു വാകാറുണ്ട്.
സ്വതന്ത്ര ചിന്താഗതിക്കാരായ മനുഷ്യർക്ക് അവനവൻ്റെ സ്വാതന്ത്ര്യത്തിന് വസ്ത്രം ധരിക്കാനുള്ള അവകാശവും നമ്മുടെ ഭരണഘടനയിൽ ഉണ്ട് എന്നിരിക്കെ, ഇങ്ങനെയുള്ള കത്തിപ്പടരലുകൾ ഉണ്ടാകുന്നതെങ്ങനെ? അപ്പോൾ നാം ഒന്നോർക്കണം! വാക്കുകൊണ്ടും നോക്കുകൊണ്ടും, പ്രവൃത്തികൊണ്ടും ചിന്തകൾ കൊണ്ടും, വ്യത്യസ്ത തലങ്ങൾ പുലർത്തുന്നവരാണ് ഓരോ മനുഷ്യരും.
മാന്യത ഒരു കാഴ്ചപ്പാടാണ് എന്ന ചിന്താഗതിക്കാരും, ഒരു റിയാലിറ്റി ആണ് എന്ന് കരുതുന്നവരും, ഒരു മുഖംമൂടിയാണ് എന്ന് കരുതുന്നവരുമൊക്കെ നമ്മുടെ സമൂഹത്തിലുണ്ട്.
ഇതിൽ മാന്യത വസ്ത്രധാരണത്തിൽ ഒരു കാഴ്ചപ്പാട് ആകുന്നത് തികച്ചും മറക്കേണ്ട ശരീര ഭാഗങ്ങൾ പൂർണ്ണമായും ഒരു സ്ത്രീയോ പുരുഷനോ മറയ്ക്കപ്പെട്ട് സമൂഹത്തിൽ പ്രത്യക്ഷപ്പെടുമ്പോഴാണ്.ഇനി ചിലരെങ്കിലും ചോദിച്ചേക്കാം? അങ്ങനെ ശരീരഭാഗങ്ങൾ ഉണ്ടോ എന്ന് ? ഉണ്ട് എന്ന് ഞാൻ പറഞ്ഞാലും എതിരഭിപ്രായം ഉള്ളവർ ധാരാളം ഉണ്ടാകാം.
ഈ വസ്ത്രധാരണം കൊണ്ട് ഉദ്ദേശിക്കുന്നത് തന്നെ ശരീരത്തെ തുണികൾ ഉപയോഗിച്ച് മറക്കുക എന്നതാണ്. നമ്മുടെയൊക്കെ വസ്ത്രധാരണത്തിന് നാം വസിക്കുന്ന സ്ഥലത്തെ സമൂഹവുമായും , സംസ്കാരവുമായും അഭേദ്യമായ ബന്ധമുണ്ട്. ഇതിനെ മാറ്റിമറിക്കത്തക്ക രീതിയിൽ ഒരു വ്യക്തി പ്രത്യേകിച്ചും സ്ത്രീ സ്വന്തം ശരീരഭാഗങ്ങൾ മറ്റുള്ളവരുടെ മുന്നിൽ ഒരു പ്രദർശന വസ്തുവായി ചിത്രീകരിക്കുന്ന രീതിയിലുള്ള മേഡേൺ വസ്ത്രധാരണവും അതിന് മാറ്റുകൂട്ടുന്ന ഡിസൈനിംഗ് ഉം തിരഞ്ഞെടുക്കുമ്പോൾ പൊതുവേദികളിൽ പൊതുവേ അവർ എത്ര ഉന്നതമായ കരിയർ കാത്തുസൂക്ഷിക്കുന്ന വ്യക്തിയായാലും വാഴ്ത്തപ്പെടുന്ന പോലെ നിന്ദിക്കപ്പെടുമെന്നതിലും സംശയം വേണ്ട.
ആഗോള മാനദണ്ഡങ്ങൾ വസ്ത്രധാരണത്തിൽ പാലിക്കപ്പെടുന്ന നമ്മുടെ ഭാരതത്തിൽ വ്യക്തികളെ ചൂണ്ടി അവരുടെ കരിയർ ഉയർത്തി കാട്ടാനുള്ള ഒരു സൂചന കൂടിയാണ് ഈ വസ്ത്രധാരണ രീതി. പോലീസ് ,പട്ടാളം , ഭിക്ഷഗ്വരന്മാർ മുതലായവരെ മിക്കവാറും എല്ലാ സമൂഹങ്ങളിലും തങ്ങളുടെ വേഷം കൊണ്ട് തന്നെ തിരിച്ചറിയാൻ സാധിക്കും.
കൂടാതെ വസ്ത്രധാരണം മതപരമായ ചില സൂചകങ്ങൾ അടങ്ങിയിട്ടുള്ളതാണ്. ചില മതങ്ങളിൽ പെട്ടവർ തങ്ങളുടെ വിശ്വാസങ്ങൾക്ക് അനുസരിച്ച് വസ്ത്രം ധരിക്കുന്നു. സിഖ് മതക്കാർ തലയിൽ ടർബൻ ഉപയോഗിക്കുന്നു. പള്ളീലച്ചന്മാരും സന്യാസിമാരും തങ്ങളുടെ ജീവിതരീതി വെളിപ്പെടുത്തുന്ന തരത്തിൽ വസ്ത്രം ധരിക്കുന്നു.
ശരീരത്തെ മറ്റുള്ളവരിൽ നിന്ന് മറച്ചുപിടിക്കുക എന്നതിലുപരി സൂര്യൻ്റെ പ്രകാശം, തണുപ്പ്, അപകടങ്ങൾ, രാസവസ്തുക്കൾ, ആയുധങ്ങൾ, രോഗാണുക്കൾ, പ്രാണികൾ , മറ്റു ജീവികൾ എന്നിവയിൽ നിന്നൊക്കെ നമ്മുടെ ശരീരത്തെ സംരക്ഷിക്കുക എന്ന ധർമ്മവും വസ്ത്രധാരണത്തിലൂടെ സാധ്യമാകുന്നു.
സാമൂഹിക ധാരണകളിൽ നിന്നും മാനദണ്ഡങ്ങളിൽ നിന്നും സൃഷ്ടിക്കപ്പെട്ടവയാണ് വസ്ത്രധാരണ രീതികൾ എന്നതിനപ്പുറം ഉദ്ദേശ്യം, സാഹചര്യങ്ങൾ, അവസരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി അത് വ്യത്യാസപ്പെടുന്നു. വ്യത്യസ്ത സമൂഹങ്ങൾക്കും സംസ്കാരങ്ങൾക്കും വ്യത്യസ്തമായ ഡ്രസ്സ് കോഡുകൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതും കണക്കിലെടുക്കേണ്ടതാണ്.
അവരവരുടെ ഇഷ്ടങ്ങൾക്കും സുഖസൗകര്യങ്ങൾക്കും അനുസൃതമായുള്ള വസ്ത്രധാരണ രീതി തിരഞ്ഞെടുത്ത് അവർ സ്വയം പ്രകടിപ്പിക്കുമ്പോൾ
മറ്റുള്ളവരുടെ കാഴ്ചപ്പാടിലും പെരുമാറ്റ രീതിയിലും നമ്മളെ നല്ലതോ ചീത്തയോ ആയി വായിക്കാനുള്ള ഒരു പ്രവണതയും സൂചനയും കൂടി ഈ തിരഞ്ഞെടുപ്പിൽ
ഉണ്ടെന്നുള്ളത് വ്യത്യമായും നമ്മൾ മനുഷ്യർ ഉൾക്കൊള്ളേണ്ട കാര്യമാണ്.
മാന്യതയ്ക്ക് ഒരു ബഹുമാനമുണ്ട് ,ഒരു സ്ഥാനമുണ്ട്, ഒരു ഉയർച്ചയുണ്ട്, കരുതലും സ്നേഹവും ഉണ്ട്. അത് പെരുമാറ്റത്തിൽ ആയാലും! പ്രകടനങ്ങളിലായാലും, പ്രവൃത്തികളിൽ ആയാലും, വാക്കുകളിൽ ആയാലും ,നോക്കുകളിൽ ആയാലും.
നമ്മളെക്കുറിച്ച് മറ്റുള്ളവർക്ക് എന്തും ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വലിയ ഉച്ചത്തിൽ അല്ലാതെ പറഞ്ഞു ചിരിക്കാനും, ദുഷിക്കാനും രസിക്കാനും ഒക്കെയുള്ള
അവകാശങ്ങൾ ഉണ്ട്.
ഏതു കാര്യത്തിലായാലും സമൂഹത്തെ പേടിക്കുന്നവരും പേടിക്കാത്തവരും ഉണ്ട്. അവർ സ്വയം തിരഞ്ഞെടുക്കുക,! വസ്ത്രധാരണ രീതി കൊണ്ട് നിങ്ങളെ എങ്ങനെ പ്രകടിപ്പിക്കണമെന്ന്? പ്രദർശിപ്പിക്കണമെന്ന്? മാന്യത എന്ന വാക്ക് മാത്രം ഇവിടെ ഒരിക്കലും ഒരു താളുകളിൽ നിന്നും കീറപ്പെടുന്നില്ല, മായ്ക്കപ്പെടുന്നില്ല !എന്ന പരമാർത്ഥത്തെ ഓർമ്മപ്പെടുത്തി കൊണ്ട്
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.നന്ദി,സ്നേഹം.
സൂപ്പർ 👍