Thursday, May 21, 2026
Homeഅമേരിക്കപേരറിയാത്ത പെൺകുട്ടി! (കഥ) ✍ വി.കെ. അശോകൻ

പേരറിയാത്ത പെൺകുട്ടി! (കഥ) ✍ വി.കെ. അശോകൻ

ഉണർന്നും ഉറക്കം തൂങ്ങിയും പ്രഭാത സവാരിക്കിറങ്ങിയവർക്കൊപ്പം സൂര്യനും പതിയെ നടന്നു തുടങ്ങിയിരുന്നു. എങ്കിലും നഗരത്തിന് ജീവൻ വെക്കുന്നതേയുള്ളു.

അതിഥി തൊഴിലാളികൾ എന്തിനും തയ്യാറെന്ന പോലെ അവിടവിടെ കൂട്ടം കൂടി നിൽക്കുന്നു. ഇടുങ്ങിയ ചുമരുകൾക്കുള്ളിൽ നിന്നും മോചനം തേടിയാകണം അവർ തുറസ്സായ തെരുവുകളിൽ വന്ന് നിൽക്കുന്നത്.
പഴകി ദ്രവിച്ച കെട്ടിടങ്ങളെക്കാൾ തെരുവിന്റെ വിശാലത സുരക്ഷിതവുമായിരിക്കാം. അവർക്ക് വേണ്ടി തുറന്ന് വെച്ച ചായ കടകളിൽ ഉഴുന്ന് വടയും വട്ട പത്തിരിയും പരിപ്പ് വടയുമൊക്കെ ചമഞ്ഞിരിക്കുന്നുണ്ട്.

പലപ്പോഴും കണ്ടിട്ടുള്ള കാഴ്ചകളാണെങ്കിലും തികഞ്ഞ കൗതുകത്തോടെ അതെല്ലാം നോക്കികൊണ്ടാണ് അയാൾ വണ്ടി ഓടിച്ചത്.

അച്ഛാ, നേരെ നോക്കി വണ്ടി ഓടിച്ചെ…

മകൾ പുറകിലിരുന്ന് കൊണ്ട് പതിവ് പോലെ പറഞ്ഞു.

മോളെ, ഈ രാവുണ്ണി കാറും ഓട്ടോയും ലോറിയും ഒക്കെ ഓടിച്ചു തുടങ്ങിയിട്ട് കാലം കുറെയായി.ഇന്ന് വരെ ഒരു പോറൽ പോലും ഉണ്ടാക്കിയിട്ടില്ല.

ഉം…ഉം… അച്ഛാ, വണ്ടികൾ ഇങ്ങനെ പെരുകി കൊണ്ടിരിക്കാ,എതിരെ വരുന്നവർക്ക് ചിലപ്പോൾ ഒന്ന് ഉരക്കണമെന്ന് തോന്നിയാൽ…

ഈ വെളുപ്പാൻ കാലത്ത് തന്നെ ഇങ്ങനെയൊന്നും പറയല്ലേ മോളെ , അയാൾ പറഞ്ഞു. പിന്നെ ഒരനുസരണയുള്ള കുട്ടിയെ പോലെ അയാൾ നേരെ നോക്കി ഓട്ടോ ഓടിച്ചു.

മകൾ അച്ഛനെ കൗതുകത്തോടെ നോക്കിയിരിക്കുന്നു. മുഖത്ത് ഒരു പിണക്കം നിഴലിക്കുന്നുണ്ടോ ?

സാധാരണ ആശുപത്രിയുടെ ഗേറ്റ് കടന്ന് പോർട്ടിക്കോയുടെ മുന്നിലാണ് മകളെ ഇറക്കാറ്, അന്ന് ഗേറ്റിന് മുന്നിൽ നിർത്തി.

മകൾ ഓട്ടോയിൽ നിന്നുമിറങ്ങി. അയാളുടെ കവിളിൽ തട്ടി കൊണ്ട് ചോദിച്ചു, അച്ഛനെന്താ, പിണങ്ങിയോ ?

അയാൾ മകളുടെ മുഖത്തേക്ക് നോക്കാതെ,’ ഏയ്‌, വണ്ടി ഓടിക്കുമ്പോ, നേരെ നോക്കിയിരിക്കണം.’

അപ്പൊ… ശരിക്കും പിണങ്ങി….ല്ലെ.

പുറകിൽ നിന്നും വാഹനങ്ങളുടെ ഹോണടിയും സെക്യൂരിറ്റിയുടെ വിസിലും കേട്ടപ്പോൾ അയാൾ വണ്ടിയെടുത്തു. ഒന്ന് തലയാട്ടി യാത്ര പറഞ്ഞെന്ന് വരുത്തി.

ഒരു ദീർഘ ദൂര യാത്ര കഴിഞ്ഞ്, ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് എത്തിയത്. ഒന്നുറങ്ങി വന്നപ്പോഴാണ് മകൾ വിളിച്ചുണർത്തിയത്. അവൾ എണീക്കാൻ വൈകിയത്രെ!

അവൾ അങ്ങിനെ എണീക്കാൻ വൈകുക പതിവാണ്.
പ്രത്യേകിച്ചും താൻ വീട്ടിലുണ്ടെങ്കിൽ,പണ്ട് പഠിച്ചു കൊണ്ടിരുന്ന കാലത്തും അങ്ങിനെ തന്നെ ആയിരുന്നല്ലോ!

എന്നാലും അവളോട് പിണക്കം കാണിക്കേണ്ടിയിരുന്നില്ല. അവളെ ഒന്ന് വിളിച്ചേക്കാം.അയാൾ വണ്ടി ഒതുക്കി നിർത്തി.

മകൾ അച്ഛന്റെ ഫോൺ വിളി പ്രതീക്ഷിച്ചത് പോലെ ഒരു റിംഗ് അടിച്ചപ്പോഴേക്കും ഫോണെടുത്തു.

“മോളെ,ഡ്യൂട്ടിക്ക് കയറിയോ?”

“കയറി…കയറി… എന്നാലും അച്ഛൻ എന്നെ ഗേറ്റിന് പുറത്തിറക്കി വിട്ട് ഒന്ന് ഓടിച്ചു.സമയത്തിന് പഞ്ച് ചെയ്തില്ലെങ്കിലേ ശമ്പളം കട്ട് ചെയ്യും.”

“ആ, അത് പോട്ടെ, കട്ട് ചെയ്താൽ അതിന്റെ ഇരട്ടി ഞാൻ തരാം.”

“അച്ഛൻ തത്കാലം വേഗം വീട്ടിൽ പോയി കിടന്നുറങ്ങ്,
നാലഞ്ച് ദിവസ്സത്തെ ഉറക്ക ക്ഷീണം കാണും.”

“ഞാൻ വേഗമൊന്നും പോകില്ല. പതുക്കയെ പോകൂ”.

“ഓ,നേരത്തെ പറഞ്ഞതിന്റെ പ്രതികാരം.ഉണ്ണിക്കുട്ടൻ പതുക്കെ, നേരെ നോക്കി വണ്ടി ഓടിച്ചാ മതി ട്ടോ, ഞാൻ വെക്കുന്നെ.”

അയാൾ ഒരു നേരിയ പുഞ്ചിരിയോടെ ഫോൺ പോക്കറ്റിലേക്ക് വെച്ച് വണ്ടി എടുക്കാൻ തുടങ്ങുമ്പോൾ, “ചേട്ടാ “ എന്ന വിളി കേട്ട് തിരിഞ്ഞ് നോക്കി.

ഒരു പെൺകുട്ടി, അവൾ കുറച്ച് കൂടെ അടുത്തേക്ക് വന്നു.

വെളുത്ത് കൊലുന്നനെയുള്ള, ചുരിദാറിട്ട പെൺകുട്ടി.കനം കുറഞ്ഞ ഒരു വാനിറ്റി ബാഗ് ചുമലിൽ തൂക്കിയിട്ടിരിക്കുന്നു.
തങ്ങളെ സമീപിക്കുന്ന ആരെയും ഒറ്റ നോട്ടത്തിൽ ഒന്ന് വായിച്ചെടുക്കുന്ന പതിവ് ഡ്രൈവർമാർക്കുണ്ട്.

“ചേട്ടാ, എനിയ്ക്കിവിടത്തെ സ്ഥലോന്നും അത്ര പരിചയമില്ല. എനിക്കിവിടമൊക്കെ ഒന്ന് ചുറ്റി കാണണം.”

അവൾ മുഖവരയൊന്നുമില്ലാതെ പറഞ്ഞു.

ഇവൾ എന്താണ് ഈ പറയുന്നത് എന്ന് അയാൾ ആശ്ചര്യത്തോടെ നോക്കി. അവളുടെ മുഖത്ത് ഒരു നിഷ്കളങ്ക ഭാവമാണ്.

“മോള്, വേറേ ഓട്ടൊ നോക്കൂ,”അയാൾ പറഞ്ഞു.

“അങ്ങനെ പറയല്ലേ ചേട്ടാ, പൈസണ്ട്,എത്രയാച്ചാ തരാം.”

“ഞാനേ, ഇന്നലെ രാത്രി വളരെ വൈകിയാ എത്തിയത്.ഉറങ്ങിയിട്ടില്ലാ, പിന്നെ ഞാൻ ഓട്ടോ സ്ഥിരമായി ഓടിക്കാറില്ല.”

“നോക്കിനെ,നിങ്ങളിപ്പോ മോളെയല്ലേ ഇവിടെ ഇറക്കിയത്. ഞാനും നിങ്ങടെ മോളാണെന്ന് വിചാരിച്ചാ മതി.പ്ളീസ്…”

“ഞാൻ ഭക്ഷണം പോലും കഴിച്ചിട്ടില്ലാ.”

“ഞാനും കഴിച്ചിട്ടില്ലാ,നമുക്ക് ഒപ്പം കഴിക്കാം.പൈസ ഞാൻ കൊടുക്കാം. പ്ലീസ്…”

അവൾ കെഞ്ചി.ഓട്ടോ നീങ്ങാതിരിക്കാനായി കമ്പികളിൽ പിടിച്ചു നിന്നു.

“ചേട്ടാ,വിശ്വാസം ഇല്ലെങ്കി, ഇതാ കണ്ടോ പൈസണ്ട്. അവൾ ബാഗിൽ നിന്നും ഒരു പിടി അഞ്ഞുറിന്റെ നോട്ടുകൾ കാണിച്ചു.”

“പൈസടെ പ്രശ്‍നം അല്ല മോളെ,എനിക്കൊന്നുറങ്ങണം.”

“ചേട്ടൻ എന്നെ കടപ്പുറത്ത് വിട്ടിട്ട്, ഉറങ്ങിക്കോ, പ്ളീസ് ചേട്ടാ, കുറെ ദൂരെന്ന് വര്യാ ചേട്ടാ…. പ്ലീസ് ചേട്ടാ…”

“ഇവിടെ ഇഷ്ടം പോലെ ഓട്ടോ ഉണ്ട്.അതാ കണ്ടില്ലെ,ഓട്ടോ നിക്കണത്.”

അതൊന്നും വേണ്ടപ്പാ,അങ്ങനെ പറഞ്ഞു കൊണ്ട് അവൾ ഓട്ടോയിലേക്ക് കയറി.

അയാൾ ഒരൽപ്പം നീരസത്തോടെ തിരിഞ്ഞു നോക്കി.

“ചേട്ടാ,ഇത്തിരി ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലായി.ന്നാലും പ്ളീസ്.“
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

ആ ചിരി കണ്ടപ്പോൾ അയാൾക്ക് അവളെ ഒന്നും പറയാൻ തോന്നിയില്ല. നിസ്സാഹായതയോടെ അയാൾ ഓട്ടോ സ്റ്റാർട്ട് ചെയ്തു. എങ്ങോട്ട് പോകണമെന്ന് ചോദിച്ചിട്ടും കാര്യമില്ലല്ലോ എന്നാലോചിച്ചപ്പോഴാണ് പുറകിൽ നിന്നും അവളുടെ ശബ്ദം കേട്ടത്.

“നമുക്ക് കടപ്പുറത്തേക്ക് പോയാലോ,രാവിലെ തന്നെ കടൽ നല്ല രസായിരിക്കും,ല്ലെ?

അയാൾ നിർവികാരതയോടെ തലയാട്ടി.

പെട്ടെന്ന് തിരയിളകും പോലെ മനസ്സിൽ ഒരു ചോദ്യമുയർന്നു. ഇനി ഇവൾ കടലിലേക്ക് എങ്ങാനും എടുത്ത് ചാടുമോ ? മറ്റ് വല്ല പ്രശ്നവും ഉണ്ടാക്കുമോ ? ഇവളുടെ ഉദ്ദേശം സ്ഥലങ്ങൾ കാണുക മാത്രമാകുമോ ? ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ വയ്യ.

അല്ല,നമുക്കെന്തെങ്കിലും കഴിക്കണ്ടേ? നേരത്തെ വീട്ടീന്ന് ഇറങ്ങിയതാണ്.

അയാൾ മറുപടി ഒന്നും പറഞ്ഞില്ല.

കുഞ്ഞി ഹോട്ടല് മതി ട്ടോ,അത് പോരെ!ന്നാലും ഗ്രീൻ പീസ് കറി, അതില് മുട്ടയൊക്കെ വെച്ചിട്ട് അതുള്ള ഹോട്ടൽ മതി.

അയാൾക്ക് ചിരി വന്നു. കുറച്ച് ദിവസമായി അയാളും അങ്ങനെ ആഗ്രഹിക്കാൻ തുടങ്ങിയിട്ട്.

മൊയ്തീൻക്കായുടെ കടയിൽ പത്തിരിയും, ചൂടുള്ള വെള്ളാപ്പവും അവർ ആഗ്രഹിച്ച കറിയുമുണ്ടായിരുന്നു. അതൊക്കെ അവൾ ആർത്തിയോടെ കഴിക്കുന്നത് അയാൾ ശ്രദ്ദിച്ചു.

വീണ്ടും ഓട്ടോയിൽ കയറിയപ്പോൾ അവൾ പറഞ്ഞു.”ഉഗ്രൻ ഭക്ഷണം., ഉച്ചയ്ക്ക് എന്തായാലും ബിരിയാണി ആക്കാട്ടോ ?”

ദൂരെ നിന്നും കടൽ കാറ്റ് അടിച്ച് തുടങ്ങിയപ്പോൾ അവൾ ആവേശത്തോടെ വിളിച്ചു കൂവി,”ഇതേ കടലെത്തിപ്പോയി!”

“ഞാൻ ഇതാ ആ മരത്തിന്റെ ചുവട്ടിൽ ഉണ്ടാകും.കുട്ടി അവിടെയൊക്ക കണ്ട് തിരിച്ചു വരൂ”,അയാൾ പറഞ്ഞു.

അവൾ ആവേശത്തോടെ ചാടി ഇറങ്ങി. ഒരു കൊച്ചു കുട്ടിയെ പോലെ തുള്ളി ചാടി നടന്നു പോയി.

അയാൾ പിൻ സീറ്റിൽ ഉറങ്ങാൻ കിടന്നു. ഉറങ്ങണമെന്നുണ്ട്, പക്ഷെ ഉറങ്ങാൻ കഴിയുന്നില്ല. ഇവൾ ആരായിരിക്കും.വീട്ടിൽ ആരുമില്ലേ?

അയാൾ എഴുന്നേറ്റ് ഓട്ടോയിൽ നിന്നും പുറത്തേക്കിറങ്ങി. കടൽക്കരയിൽ ആളുകളുണ്ട്. അയാൾ കുറച്ച് മുന്നോട്ട് നടന്ന് നോക്കി. അവൾ കടൽ തിരകളുമായി കളിച്ച് കൊണ്ടിരിക്കുന്നു.

അയാൾ ഒരു തണൽ നോക്കി ഇരുന്നു. ഇവൾ എന്തായാലും ഒരു കടുംകൈ ഒന്നും ചെയ്യാൻ വന്നതല്ല. എന്നാലും ഒറ്റപ്പെട്ട് നടക്കുന്ന പെൺകുട്ടികൾക്ക് എന്തപകടവും സംഭവിക്കാം. ആക്രമിക്കപെടാം, വഞ്ചിക്കപ്പെടാം.

പണ്ട് ഭാര്യയെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത സമയത്താണ്, അനേകം രോദനങ്ങൾക്ക് മുകളിൽ ഒരു സ്ത്രിയുടെ നിലവിളി കേട്ടത്. ഇടുങ്ങിയ ഇടനാഴികളിൽ ആ നിലവിളി ഇടതടവില്ലാതെ മുഴങ്ങി കൊണ്ടിരുന്നു.

പലരും ആ നിലവിളിയുടെ ഉറവിടം തേടി പോയി. വേദന തിന്നുന്ന രോഗികൾക്കും ആകാംഷയുണ്ടായിരുന്നു. തങ്ങളേക്കാൾ വേദനയുള്ള ആൾ ആരാണ്? ഭാര്യയും രണ്ട് നാൾ അങ്ങനെ ചോദിച്ച് കൊണ്ടിരുന്നപ്പോഴാണ് അയാളും ഒന്ന് അന്വേഷിക്കാൻ തിരുമാനിച്ചത്. പല വരാന്തകൾ താണ്ടി അവിടെ എത്തുമ്പോൾ നിലവിളി ഞരക്കമായി മാറിയിരുന്നു. അടുത്ത കട്ടിലുകളിൽ കിടന്ന രോഗികൾ ഒഴിഞ്ഞു പോയിരിക്കുന്നു. അയാൾക്ക് ഒന്നും മനസ്സിലായില്ല.

പുറത്ത് ജനലിലൂടെ എത്തി വലിഞ്ഞു നോക്കുന്ന കാഴ്ചക്കാർക്ക് കുറവുണ്ടായിരുന്നില്ല.

തിരിച്ച് നടക്കുമ്പോൾ വരാന്തയിൽ തിരക്കിൽ നിന്നും മാറി നിൽക്കുന്ന ഒരാളോട് ചോദിച്ചു.”അവിടെ കിടക്കുന്ന സ്ത്രീക്ക് എന്താണ് അസുഖം? അടുത്തൊന്നും ആരെയും കാണുന്നുമില്ല.”

അതൊരു ഇരുപത് ഇരുപത്തിനാല് വയസ്സുള്ള പെൺകുട്ടിയാ,പറയാൻ പറ്റാത്ത എന്തോ അസുഖാണ്.

അത് കേട്ട് നിന്ന ഒരാൾ പറഞ്ഞു. “കത്തി കൊണ്ട് ഒരു കുത്തേറ്റതാ,അതിനിനി ചികിത്സയൊന്നുമില്ല.”

“ ങേ? അതെന്താ ?”

“അവൾ ശരീരം വിറ്റ് കാശുണ്ടാക്കാൻ നോക്കിയതാ, ആരോ അവളെ വിളിച്ചു കൊണ്ട് പോയി.ചെന്നപ്പോൾ നാലഞ്ച് പേരായി. അവൾ വില പേശി.തർക്കം മൂത്തപ്പോൾ അവളെ തലോടിയവർ തന്നെ കാലുകൾ അകറ്റി പിടിച്ചു. കത്തി ആഴത്തിലേക്ക് ഇറക്കി. ലോഡ്ജിൽ ഉപേക്ഷിച്ച് മുങ്ങി. ഏറെ വൈകി ആരോ ഇവിടെ എത്തിച്ചു.ആന്തരിക മുറിവുകൾ ഉണക്കാൻ കഴിയില്ലത്രേ! ഇപ്പോൾ മുറിവുകൾ അഴുകി ആർക്കും അടുത്ത് പോകാൻ പോലും കഴിയില്ല.”

അത്രയും കേട്ടപ്പോൾ അയാൾക്ക് തല ചുറ്റി.

ഭാര്യയോട് ഒന്നും പറയാൻ നിന്നില്ല. അവളും വേദന തിന്ന് കൊണ്ടിരിക്കുകയാണ്. വേദനാ ശമനികൾ പരാജയപ്പെട്ട് തുടങ്ങിയിരുന്നു. അസുഖം ഒന്നുമില്ലെന്ന്‌ ഡോക്ടറും അയാളും അവളോട് പലവട്ടം ആവർത്തിച്ച് കൊണ്ടിരുന്നപ്പോഴും അവളിൽ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു.

“എന്തിനാണ് നമ്മൾ കണ്ട് മുട്ടിയത്,എന്തിനാണ് നമ്മൾ പ്രേമിച്ചത്,എന്തിനാണ് നമ്മൾ വിവാഹം കഴിച്ചത്, ഞാൻ നിങ്ങളുടെ ജീവിതം തകർത്തു…ല്ലെ?”

ഒട്ടും പ്രതീക്ഷിക്കാതെ, അവൾ വിറയാർന്ന ശബ്ദത്തിൽ അങ്ങനെ ചോദിച്ചപ്പോൾ അയാൾ അമ്പരന്നു.
“താനെന്താ ഇങ്ങനെയൊക്കെ പറയുന്നത്? നമുക്ക് ഒന്നും പറ്റിയിട്ടില്ലല്ലോ, ഇനിയും ഒരാഴ്ച, നമ്മൾ വീട്ടിലേക്ക് പോകും.”

അവളുടെ ചുണ്ടിൽ നിന്നും ഒരു വിളറിയ ഒരു ചിരി തളർന്നു വീണു.

“മോളെ നന്നായി നോക്കണെ.”

അയാൾ അവളുടെ കൈകളിൽ അമർത്തി പിടിച്ചു.അയാൾ നോക്കി ഇരിക്കുമ്പോൾ തന്നെയാണ് അവളുടെ കണ്ണുകൾ അടഞ്ഞത്.

അയാളുടെ കണ്ണുകളിലൂടെ കണ്ണുനീർ കുടു കുടെ ഒഴുകി.

ആരോ അയാളുടെ ചുമലിൽ കൈ വെച്ച് ആശ്വസിപ്പിക്കുന്നത് പോലെ.

“ചേട്ടാ, ചേട്ടാ എന്ത് പറ്റി?”

അയാൾ മുഖമുയർത്തി നോക്കി.

“എന്താ ചേട്ടാ,എന്ത് പറ്റി?”

മുന്നിൽ ആ പെൺകുട്ടി.അയാൾ സ്ഥല കാല ബോധം വീണ്ടെടുത്തു.

“എന്താ ചേട്ടാ,ഡോക്ടറേ കാണണോ?വയ്യെങ്കിൽ എന്നെ ബസ് സ്റ്റാൻഡിൽ വിട്ടോളു.”

അയാൾക്ക് അപ്പോൾ അവളോട് സ്നേഹം തോന്നി.അവൾ കാരണമാണ് ഏതൊക്കെയോ ഓർമ്മകളിലേക്ക് പോയത്.

“എനിക്ക് കുഴപ്പമൊന്നുമില്ല. ഇവിടെ ഇത്രയും മതിയോ ?”

“മതി, ഇനി ഒരു മിട്ടായി തെരുവോക്കെ ഇല്ലേ?അല്ല ഇങ്ങക്ക് കുഴപ്പം ഇല്ലാലോ ?”

“ഏയ്… പോകാം.”

അവർ നടന്നു. റോഡരികിലെ ഉന്തു വണ്ടിയുടെ അടുത്തെത്തിയപ്പോൾ അവൾ നിന്നു.ചില്ല് ഭരണിയിലെ ഉപ്പു വെള്ളത്തിൽ കിടക്കുന്ന മാങ്ങയും നെല്ലിക്കയും അവൾ വാങ്ങി. സമയമെടുത്ത് അതൊക്കെ കഴിക്കുന്നത് അയാൾ കൗതുകത്തോടെ നോക്കി നിന്നു

എൽ.ഐ.സി-ക്ക് മുന്നിൽ അയാൾ ഓട്ടോ നിർത്തി.”ദേ, ആ കാണുന്നതാണ് മിട്ടായി തെരുവ്.
മതിയാവോളം നടന്നോളു.ഞാനിവിടെ വെയിറ്റ് ചെയ്യാം.ഇനി വഴി തെറ്റിയാൽ എന്നെ ഫോണിൽ വിളിച്ചോളു.” അയാൾ നമ്പർ കൊടുക്കാൻ തുടങ്ങുമ്പോഴെക്കും അവൾ പറഞ്ഞു

“അതിന് എൻ്റെല് എവിടെയാ ഫോൺ?”

പിന്നെ ചിരിച്ച് കൊണ്ട് പറഞ്ഞു.”അതൊക്കെ ഒരു സ്വൈരം കൊല്ലിയല്ലെ?”

തിരക്കിനിടയിലൂടെ അവൾ നടന്ന് പോകുന്നത് അയാൾ നോക്കി നിന്നു.

ഇവൾ ആരായിരിക്കും? അയാൾ പിന്നെയും ചിന്തിച്ച് തുടങ്ങി.

പണ്ട് ഭഗവതി മങ്ങാട്ടച്ചനോട് ഇവിടെ വെച്ച് വഴി ചോദിച്ചതായി പറയുന്നുണ്ട്. കൃത്യമായി പറഞ്ഞു കൊടുക്കാത്തത് കൊണ്ട് ഭഗവതി അങ്ങോട്ടുമിങ്ങോട്ടും നടന്ന് കൊണ്ടിരിക്കുകയാണത്രെ! അത് കൊണ്ടാണത്രേ ഈ തെരുവിന് ഇത്രയും ഐശ്വര്യം.

ഇനി ഇവളും ഭഗവതിയെ പോലെ വല്ല അവതാരവുമാണോ ?

അങ്ങനെ ചിന്തിച്ച് കൊണ്ടിരുന്നപ്പോൾ അവൾ വഴി തെറ്റാതെ തിരിച്ച് വന്നു.

“പോവാം.”

“ഇനി എങ്ങോട്ടാ?”

“ഇനി നല്ല കോഴി ബിരിയാണി”.

ഓട്ടോ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ അവൾ ചോദിച്ചു.” നമുക്കിത്തിരി നടന്നാലോ ?”

“ഈ വെയിലത്തോ ?”

“വെയിലും കൊണ്ട് കടപ്പുറത്ത് ഇരിയ്കാങ്കിൽ, ഇപ്പൊ നടന്നൂടെ.”

അയാൾ അനുസരിച്ചു. അവളോടൊപ്പം നടന്നു.മാനാഞ്ചിറക്ക് ചുറ്റും വലം വെക്കുമ്പോൾ അയാൾ പറഞ്ഞു.

ബേപ്പൂർ സുൽത്താനും, എസ.കെ. പൊറ്റെക്കാടും, എം.ടി-യുമൊക്കെ നടന്ന വഴിയാണിത്.

അതോണ്ടാവും, ഇവിടത്തെ കാറ്റിന് ഒരു സുഖണ്ട്.

അയാൾ ഇത്തിരി ആശ്ചര്യത്തോടെ ചോദിച്ചു, “കുട്ടി ശരിക്കും ആരാ? എവിടുന്നാ?”

“ഞാനേ,കുറച്ച് ദുരെന്നാ, പന്തിരിക്കരാന്ന് കേട്ടിട്ടുണ്ടോ?”

“അവിടുന്നാണോ രാവിലെ ഇത്രയും നേരത്തെ പോന്നത്?”

“ഇപ്പൊ അതൊക്കെ ഒരു ദൂരാണോ?”

“അല്ല,ഈ ഒറ്റക്കുള്ള നടത്തത്തിന്റെ അർത്ഥം?”അയാൾ ചോദിച്ചു

“നമ്മളൊക്കെ എന്തിനാ ജീവിക്കണേ,”അവൾ മറുചോദ്യമെറിഞ്ഞു.

എന്ത് പറയണമെന്ന് ആലോചിക്കുമ്പോൾ അവൾ പറഞ്ഞു.’ചേട്ടൻ മകൾക്ക് വേണ്ടിയാകാം,കുടുംബത്തിന് വേണ്ടിയാകാം, അവരുടെ സന്തോക്ഷത്തിന്‌ വേണ്ടിയാകാം.’

അയാൾ അത് ശരിയാണെന്ന മട്ടിൽ തലയാട്ടി.
എന്നാൽ അവൾ ഒരു നിമിഷം നിന്നു. എനിക്ക് അങ്ങനെയുള്ള സാഹചര്യങ്ങൾ ഒന്നുമില്ല. വീടുണ്ട്, അച്ഛനുണ്ട്, അമ്മയുണ്ട്, സഹോദരങ്ങളുണ്ട്.അതിലേറെ കലഹങ്ങളുണ്ട്. സന്തോഷം എന്നതൊന്നില്ല. അവരൊക്കെ അവർക്ക് വേണ്ടി പോലും ജീവിക്കുന്നവരല്ല.ഒരു നല്ല കാര്യം പോലും പറയാനില്ല.കുത്തഴിഞ്ഞ, കൂത്താടുന്ന കോലങ്ങൾ.

അവൾ ഒരു നിമിഷം നിർത്തി.

“വല്ലപ്പോഴും ഒരു സന്തോഷത്തിന് വേണ്ടി ഞാൻ ആരുമറിയാതെ വീട് വിട്ടിറങ്ങും.വൈകിട്ട് തിരിച്ചെത്തും.ചിലപ്പോൾ അവർ അറിയുമ്പോൾ അടിക്കും, ചീത്ത വിളിക്കും. എന്നാലും ഇങ്ങനെ കിട്ടുന്ന സന്തോഷം, ഇങ്ങളെ മാതിരി മോളെ സ്നേഹിക്കുന്ന ഒരു അച്ഛനെ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം,

“ഇതിനൊക്കെ പൈസ?”

“കുടിച്ച് ലക്കില്ലാതെ കിടന്നുറങ്ങുന്നവർ വീട്ടിലുള്ളപ്പോൾ, കട്ടെടുക്കുക തന്നെ. നല്ല കാര്യത്തിനല്ലേ?’

ഇങ്ങനെയും ഉണ്ടോ ജീവിതങ്ങൾ?അയാൾ അങ്ങനെ ചിന്തിച്ച് ഒന്നും മിണ്ടാതെ നടന്നു,

അപ്പോൾ അവൾ ചോദിച്ചു “ഞാൻ ഒരു മാതിരി കച്ചട ടീം ആണല്ലേ?”

അത് കേട്ടപ്പോൾ അയാൾക്ക് ചിരി വന്നു.

അയാൾക്ക് കൂടുതൽ ഒന്നും ചോദിക്കാൻ തോന്നിയില്ല. അവൾക്ക് കൂടുതൽ ഒന്നും പറയാനും തോന്നിയില്ല. ഇത്രയും നേരം ഉണ്ടാക്കിയെടുത്ത സന്തോഷം എന്തിന് വെറുതെ കളയണം എന്നവൾ ചിന്തിച്ചു.

അവൾ ബിരിയാണി ആസ്വദിച്ച് കഴിച്ചു. അയാൾക്കെന്തോ ഒന്നിനും ഒരു രുചി തോന്നിയില്ല.

മൊഫ്യൂസൽ സ്റ്റാൻഡിൽ അവളിറങ്ങുമ്പോൾ പറഞ്ഞു.”പറ്റിയാൽ ഇനിയും കാണാം, അവരെന്നെ തല്ലി കൊന്നിട്ടില്ലെങ്കിൽ…”

അയാൾ എന്ത് പറയണമെന്നറിയാതെ അവളെ നോക്കി.പിന്നെ ഫോൺ നമ്പർ എഴുതിയ കടലാസ് നീട്ടി കൊണ്ട് പറഞ്ഞു,

“ഇനിയും ഇങ്ങനെ ഇറങ്ങണമെന്ന് തോന്നുമ്പോൾ എന്നെ വിളിച്ചോളു.”

“ഒരുപാട് സന്തോഷണ്ട്,
നന്ദിണ്ട്.”അവൾ നോട്ടുകൾ നീട്ടി കൊണ്ട് പറഞ്ഞു.

അവൾ കൊടുത്ത നോട്ടുകളിൽ ഒന്ന് മാത്രമെടുത്ത്, ബാക്കി തിരികെ നൽകി, അയാൾ പെട്ടെന്ന് വണ്ടി എടുത്തു.

മകൾ വണ്ടിയിൽ കയറിയപ്പോൾ തന്നെ ചോദിച്ചു.”ഇന്ന് ഉറങ്ങിയ ലക്ഷണമില്ലല്ലോ? കറങ്ങി നടന്നത് പോലെയുണ്ടല്ലോ?”

അയാൾ നടന്ന കാര്യങ്ങൾ പറഞ്ഞു.

“കഷ്ടം! ഇങ്ങനെയുമുണ്ടോ ജീവിതങ്ങൾ?”മകൾ ആശ്ചര്യത്തോടെ ചോദിച്ചു.

അയാൾ ഒന്നും മിണ്ടിയില്ല.

“ആ കുട്ടിയുടെ പേരെന്താ ?”

ഞാൻ ചോദിച്ചില്ല.

“എന്തെ?”

“നാളെ ഏതെങ്കിലും പത്രത്തിലൊ, മാധ്യമങ്ങളിലോ ചതിക്കപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന, കൊല്ലപ്പെടുന്ന ഒരു പെൺകുട്ടിയുടെ വാർത്ത വന്നാൽ, ആ പേരാണെങ്കിൽ എനിക്ക് താങ്ങാൻ കഴിയില്ല.പേര് അറിയാതിരുന്നാൽ അതൊരു ആശ്വാസം.”

“അച്ഛനെന്തിനാ അങ്ങനെയൊക്കെ ചിന്തിക്കണെ?”

അങ്ങനെ ചിന്തിക്കുകയല്ല സാഹചര്യങ്ങൾ അങ്ങനെ ചിന്തിപ്പിക്കുകയാണ്. എന്തൊക്കെയായാലും , ആ കുട്ടിക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ.

അത്രയും പറഞ്ഞ് അയാൾ നിശബ്ദനായി മുന്നോട്ട് നോക്കി വണ്ടി ഓടിച്ചു. അയാളുടെ ചിന്തകൾ പോലെ, അനേകം വാഹനങ്ങൾ തലങ്ങും വിലങ്ങും പരക്കം പായുന്നുണ്ടായിരുന്നു.

RELATED ARTICLES

3 COMMENTS

  1. നല്ല കഥ, നന്നായി പറഞ്ഞു.
    അൽപ്പം നീളം കൂടി പോയോ എന്ന് സംശയം

  2. മനോഹരമായ അവതരണം
    കോഴിക്കോട് നഗരത്തിലൂടെ നടന്ന ഫീലും

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com