ഗ്രാമം…
മണ്ണിനോട് മല്ലടിച്ച് ജീവിക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ ഗ്രാമമാണ് കുന്നപ്പള്ളി.
മൺറോഡുകളും ആകാശം മുട്ടേ ഉയർന്നു നിൽക്കുന്ന കരിമ്പനകളും കശുമാവിൻ തോട്ടങ്ങളും നിറഞ്ഞ ഒരു പ്രദേശം. കുന്നപ്പള്ളിയിലെ ഓരോ പുലരിയും ഉണരുന്നത് കൂലിപ്പണിക്ക് പോകാനായി തയ്യാറെടുക്കുന്ന മനുഷ്യരുടെ തിരക്കുകളോടെയാണ്. കഠിനാധ്വാനം കൈമുതലായുള്ള ഒരു ജനതയാണ് ആ ഗ്രാമത്തിന്റെ ജീവൻ.
കശുമാവിൻ തോട്ടങ്ങൾക്കിടയിൽ പായൽ പിടിച്ച ചുവന്ന ഓടുകൾ മേഞ്ഞ ചെറിയ വീടുകൾ. മഴ പെയ്യുമ്പോൾ പൊട്ടിയ ഓടുകളിലൂടെ വെള്ളം ഒലിച്ചിറങ്ങുന്ന വീടുകളാണ് അധികവും.
അവിടെവിടെയായി ഓലമേഞ്ഞ വീടുകളും കാണാം.
മണ്ണ് കുഴച്ച് ചുമരുകൾ മെഴുകി വൃത്തിയാക്കിയ വീടുകൾക്ക് ഒരു പ്രത്യേക ചന്തമുണ്ട്. പുറത്തെ വെയിൽ എത്ര കഠിനമായാലും ഈ മൺചുമരുകൾക്കുള്ളിൽ ഒരു കുളിർമ്മ എപ്പോഴും തങ്ങിനിൽക്കും.
അതിമനോഹരമായ മുറ്റമാണ് കുന്നപ്പള്ളിയിലെ വീടുകളുടെ ഒരു പ്രത്യേകത. മുറ്റത്തിന് ചുറ്റും മണ്ണ് കുഴച്ച് മിനുസപ്പെടുത്തിയിട്ടുണ്ടാവും. അതിരാവിലെ തന്നെ ചാണകം കലക്കി മെഴുകി വൃത്തിയാക്കിയ മുറ്റം കാണുവാൻ തന്നെ പ്രത്യേക ഐശ്വര്യമാണ്. മുറ്റത്തിന്റെ നടുവിലിയി തുളസിത്തറ മറ്റൊരു പ്രത്യേകതയാണ്.
ആലിൻ ചോട് നിന്ന് താഴേക്ക് പോകുമ്പോൾ ഒന്നു രണ്ടു ഗൾഫ് വീടുകളം കാണാം.
കുന്നപ്പള്ളിയിലെ പറമ്പുകളിൽ അധികവും തരിശായി കിടക്കുകയാണ്. പുല്ലും, പാഴ്ചെടികളും പടർന്നു പിടിച്ച് കിടക്കുന്നു. അപൂർവമായി ചില പറമ്പുകളിൽ തെങ്ങും പ്ലാവും മാവും കാണാം .. എന്നാൽ ചില ഭാഗങ്ങളിൽ കശുമാവിൻ തോട്ടങ്ങൾ കാണാം.കശുമാവിൻ പൂക്കളുടെ ആ ഗന്ധം കുന്നപ്പള്ളിയുടെ വായുവിൽ എപ്പോഴും കലർന്നു നിൽക്കാറുണ്ട്.
കുന്നപ്പള്ളിയിലെ ജനങ്ങൾ പച്ചയായ മനുഷ്യരാണ്. കൂലിപ്പണിക്ക് പോകുന്നവരാണെങ്കിലും അയൽപക്ക ബന്ധങ്ങളിൽ അവർ പുലർത്തുന്ന ആത്മാർത്ഥത വലുതാണ്. .
സദാനന്ദൻ മാഷ് റേഷൻകടയെ ലക്ഷ്യമാക്കി നടന്നു..
“പുതിയ മാഷ് അല്ലേ…?”
മാഷിനെ കണ്ടതും കടക്കാരൻ ചോദിച്ചു.
“അതേ…. ”
“നിങ്ങടെ ഹൗസ് ഓണർ പറഞ്ഞു…”
“എന്താ മാഷിന് വേണ്ടത്..?”
“ഇത്തിരി അരിയും മണ്ണെണ്ണയും കിട്ടിയാൽ നന്നായിരുന്നു….”
കുന്നപ്പള്ളിയിലെ ചുവന്ന മണ്ണുറോഡിലൂടെ, ഒരു കൈയിൽ മണ്ണെണ്ണ നിറച്ച കാനും, മറുകൈയിൽ അരിസഞ്ചിയുമായി വരുന്ന മാഷിനെ കണ്ടപ്പോൾ നാട്ടുകാർ ബഹുമാനത്തോടെ പുഞ്ചിരിച്ചു…
ആലിൻ ചുവടിന് സമീപമുള്ള വാടകവീടിന്റെ മുറ്റത്ത് വൈകുന്നേരമായപ്പോഴേക്കും ആളുകൾ കൂടിത്തുടങ്ങി. നാട്ടിൻപുറത്തെ ആ ആൾക്കൂട്ടത്തിന് ഒരു പ്രത്യേക താളമുണ്ടായിരുന്നു.
കൈകൾ മണ്ണിൽ കുത്തി ആഞ്ഞാഞ്ഞ് നീങ്ങിക്കൊണ്ട് ഒരാൾ മുറ്റത്തേക്ക് കയറിവന്നു.മാഷിന്റെ അരികിലെത്തിയപ്പോൾ ആ കൈകൾ മണ്ണിൽ നിന്ന് ഉയർത്തി അയാൾ മുണ്ടിൽ തുടച്ചു.
“മാഷേ,എന്റെ പേര് രമേശൻ.
ദാ, ആ കാണുന്നതാണ് എന്റെ വീട്.
എന്ത് ആവശ്യമുണ്ടെങ്കിലും പറയാൻ മടിക്കണ്ട….”
“മാഷ് ഇയാളെ കണ്ട് അതിശയിക്കണ്ട, കാലിന് ശേഷിയില്ലെന്നേയുള്ളൂ, ഈ നാട്ടിലെ ഏത് തെങ്ങിലും രമേശൻ കയറും. കൈക്കരുത്ത് കൊണ്ട് വിധിയെ തോൽപ്പിച്ചവനാ…”
മാഷ് അത്ഭുതത്തോടെ ആ മനുഷ്യനെ നോക്കി. തളർന്ന കാലുകൾ നിലത്തിഴയുമ്പോഴും, തഴമ്പിച്ച കൈപ്പത്തികൾ മണ്ണിൽ അമരുന്നത് ഒരു കരുത്തുള്ള യന്ത്രം ചലിക്കുന്നത് പോലെയാണ്. കാല് നിലത്തുറയ്ക്കില്ല എന്നേയുള്ളൂ….
” മാഷേ, മുകളിലേക്ക് കയറാൻ എനിക്ക് ഈ കൈകൾ മതി. മാഷ് വന്ന സ്ഥിതിക്ക് ഇനി ഈ പള്ളിക്കൂടം നന്നാവണം. എനിക്കോ പഠിക്കാൻ പറ്റിയില്ല, പക്ഷേ നാട്ടിലെ പിള്ളേരൊക്കെ അക്ഷരം പഠിക്കുന്നത് കാണണം. അതിന് എന്ത് സഹായത്തിനും എന്നെ കൂട്ടിക്കോ.”
സന്ധ്യ മയങ്ങിയപ്പോൾ ഓരോരുത്തരായി പിരിഞ്ഞുപോയി. പക്ഷേ, ഗ്രാമത്തിന്റെ സ്നേഹത്തിന്റെ മണം പതിയെ മനസ്സിലാക്കുകയായിരുന്നു സദാനന്ദൻ മാഷ് .
(തുടരും….)




🙏🙏