Thursday, September 17, 2026
Homeഅമേരിക്കപി.എൻ. വിജയൻ എഴുതുന്ന ചരിത്ര നോവൽ.. "സാന്തന്നൂരിലെ സർവ്വേക്കല്ലുകൾ" (10) ' തീവണ്ടി - പുകവണ്ടി...

പി.എൻ. വിജയൻ എഴുതുന്ന ചരിത്ര നോവൽ.. “സാന്തന്നൂരിലെ സർവ്വേക്കല്ലുകൾ” (10) ‘ തീവണ്ടി – പുകവണ്ടി – ആവിവണ്ടി’

തീവണ്ടി – പുകവണ്ടി – ആവിവണ്ടി

സാന്തന്നൂർ റെയിൽവേ സ്റ്റേഷന്റെ പണി ഏകദേശം പൂർത്തിയായി. നീളത്തിൽ കിടക്കുന്ന പ്ലാറ്റ്ഫോമിൽ വലിയ അലങ്കാരങ്ങൾ നടക്കുകയാണ്. സ്റ്റേഷൻമാസ്റ്ററുടെ മുറിക്കു മുമ്പിൽ വാഴക്കുലയും ചെങ്കദളിയും മാവിലത്തോരണങ്ങളും ഉയർന്നുകൊണ്ടിരിക്കുന്നു.

തൊഴിലാളികളെല്ലാം വലിയ ഉത്സാഹത്തിലാണ്. ആരും എവിടെയും അലസരായി നിൽക്കുന്നില്ല. എല്ലാവരും എങ്ങോട്ടൊക്കെയോ ഓടുകയാണ് . അവരുടെ കയ്യിലൊക്കെ എന്തൊക്കെയോ ഉണ്ട്. ഒരു കയറോ ഒരു കുരുത്തോലയോ ഒരു മാവിലെയോ ഇല്ലാത്തവർ കുറവാണ്. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് പൊതുജനങ്ങൾക്ക് അറിയാൻ താല്പര്യം. പലരും പരിചയമുള്ള റെയിൽവേത്തൊഴിലാളികളോട് അന്വേഷിക്കുന്നുണ്ട്. ആർക്കും തൃപ്തികരമായ മറുപടി കിട്ടുന്നില്ല.

“ഒന്ന് സൊല്ലപ്പാ ആര് വരപ്പോകിറത് ?എന്ന നടക്കപ്പോകിറത്?”

രാമച്ചാമിയും ഗോവിന്ദച്ചാമിയും വേലുച്ചാമിയും ചോദിച്ചുകൊണ്ടേയിരിക്കുകയാണ്. എല്ലാ ചാമിമാർക്കും അറിയേണ്ടത് ഒന്നുമാത്രം. എന്നാൽ ഒരു തൊഴിലാളിയും ഒന്നും പറയുന്നില്ല. ഒരുപക്ഷേ മുകളിൽനിന്നുള്ള ഉത്തരവ് അങ്ങനെയാവാം.
രാമച്ചാമിയും ഗോവിന്ദച്ചാമിയും വേറെ ചിലരും മുത്തുച്ചാമികൗണ്ടറുടെ പുതിയ ബംഗ്ലാവിന്റെ മുന്നിലെത്തി. ശബ്ദമുണ്ടാക്കാതെ പടിവാതിൽ തുറന്ന് ആദരവോടെ കൈകെട്ടി നിന്നു

“അയ്യാ അങ്കേ റെയിൽ ആപ്പീസ്കട്ടെ പെരിയകൂട്ടം . അങ്കെ എന്നന്നമോ നടക്കുത് . എതോ പെരിയ ആപ്പീസർ വരണപോലെ തെരിയത്. റെയിൽവേ ആപ്പീസ്കട്ടെ പ്രമാദമാ അലങ്കാരം പണ്ണീട്ടിരിക്കറാങ്കെ ”

“ഡാ പോതും പോതും നിർത്ത് . എനക്ക് തെരിയും. ഇന്നൈക്കു താൻ മുതൽമുതലാകെ വണ്ടി വര്ത്. റെയിൽ വണ്ടി വര്ത്. നമ്മ എല്ലാം ശേർന്ത് വരവേർപ്പ് ഏർപ്പാട് പണ്ണണം. ഇന്നും ഘോഷമാ കൊണ്ടാടണം. ആട്ടം പാട്ടം കൊണ്ടാട്ടം എല്ലാം വേണം. കരകാട്ടക്കാര്ക്കെല്ലാം സൊല്ലിയനപ്പ്. ”

കൗണ്ടർ നിർദ്ദേശങ്ങൾ കൊടുത്ത് അകത്തേക്ക് പോയി. അത്ഭുതം പറഞ്ഞറിയിക്കാൻ വന്നവർ അതിലേറെ വലിയ അത്ഭുതത്തിൽ വ്യത്യസ്ത ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് അന്യോന്യം നോക്കിയും സൂചനകൾ കൈമാറിയും പലദിശകളിൽ അപ്രത്യക്ഷമായി.

സമയം മുന്നോട്ടുപോകുന്തോറും റെയിൽവേസ്റ്റേഷൻ പരിസരം ഉദ്യോഗസ്ഥന്മാരെക്കൊണ്ടും തൊഴിലാളികളെക്കൊണ്ടും കലാസികളെക്കൊണ്ടും നിറഞ്ഞു. വിവരം കേട്ടറിഞ്ഞ് അടുത്തഗ്രാമങ്ങളിൽനിന്ന് വന്നവർ അവർക്ക് അനുവദിക്കപ്പെട്ട സ്ഥലങ്ങളിലെല്ലാം കാത്തുനിന്നു. ഓരോരുത്തരുടെ മുഖത്തും ജിജ്ഞാസയും ഉത്കണ്ഠയും അത്ഭുതവും വിഭിന്നരൂപങ്ങളിലും അളവിലും മാഞ്ഞും തെളിഞ്ഞും ഇരുന്നു.

അതുവരെ അവരാരും കണ്ടിട്ടില്ലാത്ത ഏതൊക്കെയോ പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്മാർ വന്നുകൊണ്ടിരിക്കുകയാണ്. ഉയർന്ന സ്ഥാനങ്ങളിലുള്ള വെള്ളക്കാരും അവരുടെ കീഴിലുള്ളവരും വേറെ വേറെ കുതിരവണ്ടികളിൽ പുറത്തുവന്നിറങ്ങിക്കൊണ്ടിരുന്നു. മറ്റു ഉദ്യോഗസ്ഥർ അവരെ ആനയിച്ചുകൊണ്ട് റെയിൽവേ പ്ലാറ്റ്ഫോമിന്റെ ഒരുഭാഗത്തേക്ക് നടക്കുകയാണ്. അവിടെ പ്രത്യേകം കൊണ്ടുവന്ന് സജ്ജമാക്കിയ ഇരിപ്പിടങ്ങൾ അവർക്കുവേണ്ടിയായിരിക്കണം. മനോഹരമായ വർണ്ണചിത്രങ്ങളുള്ള പരവതാനികൾ വിരിച്ച പ്ലാറ്റ്ഫോം ഒരു രാജകുടുംബത്തിലെ വിവാഹോത്സവത്തിന്റെഒരുക്കങ്ങൾക്കെന്നപോലെ കാത്തിരിക്കുകയാണ്.

അതിന്നിടയിൽ പുറത്തുനിന്ന് വാദ്യങ്ങളും പാട്ടുകളും നർത്തകരുടെ ചിലങ്കകളും ശബ്ദിക്കാൻ തുടങ്ങി. എങ്ങോട്ട് നോക്കണം എന്തു കാണണം എന്നറിയാതെ വന്നുകൂടിയവരെല്ലാം കഴുത്ത് വളച്ചും തിരിച്ചും പ്രയാസപ്പെട്ടു.
അപ്പോഴാണ് അവർ ഒരു പ്രത്യേകതരം ബെല്ലടി കേട്ടത്. അതുവരെ അമ്പലമണികളും പള്ളിമണികളും മാത്രം കേട്ട് ശീലിച്ച അവരുടെ കാതുകളിൽ പുതിയൊരു മണിനാദം ആയിരുന്നു അത്.

എല്ലാവരും നോക്കിയിരിക്കെ പ്ലാറ്റ്ഫോമിന്റെ വടക്കുകിഴക്കേ അറ്റത്ത് ഒരു പ്രത്യേക വണ്ടിയുടെ മുൻഭാഗം പ്രത്യക്ഷപ്പെട്ടു. അതുവരെ കണ്ടിട്ടില്ലാത്ത ആകൃതിയും പ്രകൃതിയും മാത്രമല്ല അതുവരെ കേൾക്കാത്ത ഒരു ഘോരശബ്ദത്തിന്റെ തുടർച്ചയും അവരെ ഭയപ്പെടുത്തുകയും അതേസമയം കോരിത്തരിപ്പിക്കുകയും ചെയ്തു.
നോക്കിയിരിക്കെ ഇരുമ്പുചക്രങ്ങളിൽ ലോഹദണ്ടുകൾ ചലിപ്പിച്ചുകൊണ്ട് തീയും പുകയും വമിപ്പിച്ച് കൂവിവിളിച്ചുകൊണ്ട് ഒരു യന്ത്രരാക്ഷസൻ അവരുടെ മുന്നിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. പിന്നെ അവിടെ നടന്നത് എന്തൊക്കെയാണെന്ന് പലർക്കും മനസ്സിലായില്ല . പലരും പറഞ്ഞത് പലരിലൂടെയും കൈമാറിയാണ് മറ്റുപലരും അറിഞ്ഞത്.

മദ്രാസ് റെയിൽവേയുടെ ആദ്യത്തെ പുകവണ്ടി സാന്തന്നൂർ സ്റ്റേഷനിൽ എത്തിയിരിക്കുന്നു . ചിലർ ആവി വണ്ടി എന്ന് പറഞ്ഞു. ചിലർ കരിവണ്ടി എന്ന് വിശേഷിപ്പിച്ചു. ഏതായാലും ഇത്രയേറെ ചക്രങ്ങളുള്ള ഇരുമ്പുകൊണ്ട് പൊതിഞ്ഞ വലിയ പെട്ടികൾ കൂട്ടിയിണക്കിയ ഒരു വണ്ടി അവരുടെ ഭാവനയിൽ ആദ്യമാണ്.
വണ്ടി അധികം താമസിയാതെ പാലക്കാട്ടേക്ക് പോകുന്നതാണ്. അതൊരു പരീക്ഷണഓട്ടം മാത്രമാണ് സാധാരണക്കാർക്ക് യാത്ര ചെയ്യാൻ ഉള്ളതല്ല. റെയിൽപ്പാളം ശരിയായ രീതിയിൽ ഉറപ്പിക്കപ്പെട്ടിട്ടുണ്ടോ, വശങ്ങളിലുള്ള സിഗ്നൽ ക്കാലുകളിൽ കൈ പൊക്കികൾ ചലിക്കുന്നുണ്ടോ, ഏകദേശം എത്ര വേഗത്തിൽ വണ്ടിക്ക് പോകാം , തൊട്ടടുത്ത സ്റ്റേഷനിലേക്ക് കുഴപ്പമില്ലാതെ എത്താൻ സാധിക്കുമോ , അവിടെ നിന്ന് അടുത്ത സ്റ്റേഷനിലേക്കും…..ഇത്തരം കാര്യങ്ങളെല്ലാം തീർച്ചയായ ശേഷമേ തുടർന്നുള്ള റെയിൽവേ യാത്രയ്ക്ക് പൊതുജനങ്ങൾക്ക് ടിക്കറ്റ് എടുക്കാൻ സൗകര്യം ഒരുക്കുകയുള്ളൂ. എന്നെല്ലാം അവർ മനസ്സിലാക്കി.

ഇപ്പോൾ പ്രത്യേക കുതിരവണ്ടികളിൽ വന്നവർ മദ്രാസ് റെയിൽവേയുടെ ഉന്നതശ്രേണിയിലുള്ള അധികാരികൾ ആണെന്ന് മാത്രം പൊതുജനം മനസ്സിലാക്കി . അവരിൽ നല്ല നിറവും ഉയരവും ഉള്ള ഒന്നാന്തരം വെള്ളക്കാരും ആംഗ്ലോ ഇൻഡ്യൻ ഉദ്യോഗസ്ഥരും ഒന്നുരണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥരും ഉള്ളതായി അവർ അറിഞ്ഞു. എല്ലാവരും അവരുടെ ഉദ്യോഗത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന രീതിയിലാണ് വേഷം ധരിച്ചിരിക്കുന്നത്. അവരിൽ വെളുത്ത വേഷം ധരിച്ചവരും കറുത്ത വേഷം ധരിച്ചവരും കോട്ടും സൂട്ടും തൊപ്പിയും അണിഞ്ഞ വരും ഉണ്ടായിരുന്നു

തൽക്കാലം വണ്ടിയിൽ ക്കയറി യാത്രചെയ്യാൻ സാധിച്ചില്ലെങ്കിലും അതിനുള്ള സന്ദർഭം ഉടനെ ഉണ്ടാവുമെന്ന് രാമച്ചാമിക്കും കുപ്പുച്ചാമിക്കും ഗോവിന്ദച്ചാമിക്കും എല്ലാം ഉറപ്പായി. വിവരങ്ങളെല്ലാം ഏകദേശം നേരത്തെ കൗണ്ടർമാർക്കും ചെട്ടിയാൻമാർക്കും നായിഡുമാർക്കും ലഭിച്ചിരുന്നിരിക്കണം. അവരുടെ ഒത്താശകൊണ്ടും സഹകരണം കൊണ്ടുമാണല്ലോ വണ്ടിയുടെ ആദ്യദിവസം ആഘോഷമായത്.

എല്ലാവരും പ്രതീക്ഷകളോടെ പുതിയ യാത്രയുടെ മോഹങ്ങളുമായി കാത്തിരുന്നു. ദൂരദേശങ്ങളിലെ കോവിലുകളിലേക്കും ബന്ധുഗ്രഹങ്ങളിലേക്കും അവരുടെ മോഹങ്ങൾ പറന്നു. ഗ്രാമത്തിൻറെ ചിറകുകൾക്ക് വർണ്ണപ്പൊടികൾ വിതറിക്കൊണ്ട് സായാഹ്ന സൂര്യൻ യാത്ര തുടർന്നു.

പി.എൻ. വിജയൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ