Tuesday, July 14, 2026
Homeഅമേരിക്കതിളക്കം കുറയാത്ത താരങ്ങൾ (40) KPAC ലളിത ✍ തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

തിളക്കം കുറയാത്ത താരങ്ങൾ (40) KPAC ലളിത ✍ തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

കെ.പി.എ.സി ലളിത:
മലയാളി മനസ്സിൽ
മാറ്റൊട്ടും കുറയാതെയെന്നും..

ഒരു കഥാപാത്രമായി അഭിനയിക്കുകയാണ് എന്ന് പ്രേക്ഷകർക്ക് ഒരു നിമിഷം പോലും തോന്നാത്ത വിധം അല്ലെങ്കിൽ തോന്നിപ്പിക്കാത്ത വിധം അത്ര സ്വാഭാവികതയോടെ തനിക്ക് ലഭിച്ച എല്ലാ വേഷങ്ങളുമവതരിപ്പിച്ചു വിജയിപ്പിച്ച മലയാളത്തിലെ മികച്ച നടിയുടെ പേരാണ് മഹേശ്വരിയമ്മ .

ഏത് മഹേശ്വരിയമ്മ എന്ന സംശയം കുറച്ചു പേർക്കെങ്കിലും ഉണ്ടാകും എന്നറിയാം .എന്നാൽ മഹേശ്വരിയമ്മ എന്ന അധികമാരുമറിയാത്ത ആ യഥാർത്ഥ പേരിനെ മാറ്റി കെ.പി.എ.സി. ലളിത എന്നപേര് പറയാം. പ്രശസ്തമായ ആ പേര് പറഞ്ഞതോടെ ഞാൻ ഞാൻ പറഞ്ഞതിലെ സംശയം തീർന്നില്ലേ? . എനിക്കുറപ്പുണ്ട് . ഞാനീ പറഞ്ഞതിനോട് ഒരാൾക്കും വിയോജിക്കാൻ ആവില്ല എന്ന്. കാരണം അത്രമേൽ തനിമയോടെയാണ് തനിക്ക് ലഭിച്ച എല്ലാ കഥാപാത്രങ്ങൾക്കും ഈ നടി ജീവൻ പകർന്നു നൽകിയത്. നോട്ടം, ഭാവം, ശരീരഭാഷ, ചെറു ചലനങ്ങൾ എല്ലാം നിത്യജീവിതത്തിൽ നാം കണ്ടുമുട്ടിയ നമ്മുടെ വീട്ടുകാർ ,നാട്ടുകാർ നമുക്ക് പരിചയമുള്ളവർ എല്ലാവരിലും നാം മുമ്പു എത്രയോ തവണ കണ്ടിട്ടുണ്ടാകും. അതേ സൂക്ഷ്മഭാവങ്ങൾ തന്നെയാണ് സിനിമക ളിൽ കെ.പി.എ.സി ലളിതയിലും നാം കണ്ടത്. നടന്നുവരുമ്പോൾ വേഷ്ടിയുടെ കോന്തലകൊണ്ട് ഒന്ന് കൈതുടയ്ക്കുമ്പോൾ, ഒരു പ്രത്യേക രീതിയിൽ ഒന്ന് മൂളുമ്പോൾ, വെട്ടിതിരിഞ്ഞൊന്നു നോക്കുമ്പോൾ വ്യത്യസ്തമായ കഥാപാത്രങ്ങൾക്ക് അത്രമേൽ ശ്രദ്ധയോടെ ഭാവം നൽകുമ്പോൾ എന്നും നമ്മളെ അത്ഭുതപ്പെടുത്തിയ നടി.

1947 ഫെബ്രുവരി 25ന് ആലപ്പുഴയിലെ കായംകുളത്തിനടുത്ത രാമപുരം എന്ന ഗ്രാമത്തിൽ കടയ്ക്കത്തറ വീട്ടിൽ അനന്തൻ പിള്ളയുടേയും ഭാർഗ്ഗവിയമ്മയുടേയും അഞ്ചു മക്കളിൽ ഒരാളായി ജനനം. വളരെ ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ചു. പ്രസിദ്ധ നാടകട്രൂപ്പുകളിൽ ഗായികയായി .ചങ്ങനാശ്ശേരി ഗീഥ, എസ്.എൽ.പുരത്തിൻ്റെ ട്രൂപ്പായ പ്രതിഭ എന്നീ നാടക ട്രൂപ്പുകളിൽ നടിയായി. പിന്നീട് കെ.പി.എ.സിയിലെത്തി സ്വയംവരം, ശരശയ്യ, തുലാഭാരം എന്നീ പ്രശസ്ത നാടകങ്ങളിൽ നല്ല വേഷങ്ങൾ ചെയ്ത് അറിയപ്പെടുന്ന നടിയുമായി .ശേഷമാണ്
1968 ൽ ഉദയ നിർമ്മിച്ച് കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത “കൂട്ടുകുടുംബം ° എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തുന്നത്.

മഹേശ്വരി അമ്മ എന്ന അമ്മവീട്ടുകാർ നൽകിയ പേര് മാറ്റി അച്ഛൻ എന്നും സ്നേഹവാത്സല്യങ്ങളോടെ വിളിച്ചിരുന്ന ലളിത എന്ന പേരിലാണ് സിനിമാരംഗത്തുമെത്തിയത് .കെ .പി.എ.സി എന്ന് പേരിനൊപ്പം ചേർത്തത് ഉദയാ അപ്പച്ചൻ ആണ് എന്ന് ലളിത തന്നെ പറഞ്ഞിട്ടുണ്ട്.കൂട്ടുകുടുംബം സിനിമ കാണാൻ പോയപ്പോൾ സിനിമ തുടങ്ങും മുമ്പ് എഴുതി കാണിച്ച താരങ്ങളുടെ പേരിൽ തൻ്റെ പേര് ഉണ്ടായിരുന്നില്ല എന്നും പിന്നീട് ഞങ്ങൾ പരിചയപ്പെടുത്തുന്ന പുതുമുഖം കെ.പി.എ.സി .ലളിത എന്ന് തന്റെ പേര് സ്ക്രീനിൽ തെളിഞ്ഞതായും മരണം വരെ തൻ്റെ പേര് കെ.പി.എ.സി ലളിത എന്നായിരിക്കും എന്നും അവർ ഒരഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തൻ്റെ കലാജീവിതത്തിൽ തനിക്ക് ഏറ്റവും കടപ്പാടുള്ള രണ്ടാളുകളായി, ഗുരുതുല്യരായി തോപ്പിൽ ഭാസിയേയും, കെ. എസ്. സേതുമാധവനേയും സ്നേഹാദരങ്ങളോടെ അവതരിപ്പിക്കാറുമുണ്ട് കെ.പി.എ.സി ലളിത.

കൂട്ടുകുടുംബത്തിനു ശേഷം അനുഭവങ്ങൾ പാളിച്ചകൾ ,വാഴ്‌വേ മായം തുടങ്ങി ഒട്ടേറെ സിനിമകൾ തുടർച്ചയായി പുറത്തുവന്നതോടെ ലളിത എന്ന നടി ആ തലമുറയിലെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി .സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിൽ സത്യൻ, നസീർ, ഷീല,ഭാസി തുടങ്ങി പ്രമുഖ താരങ്ങൾക്കൊപ്പം തന്നെ ലളിതയും നാടിന് പ്രിയങ്കരിയായി.

ആ സജീവത.1978 വരെ തുടർന്നു. ഭരതനുമായുള്ള വിവാഹ ശേഷം അല്പകാലം സിനിമയിൽ നിന്നും വിട്ടുനിന്നുവെങ്കിലും 1983ൽ ഭരതൻ്റെ തന്നെ കാറ്റത്തെ കിളിക്കൂടിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തി.1985 ൽ പടുവൃദ്ധനായുള്ള നെടുമുടി വേണുവിൻ്റെ അഭിനയ പ്രകടനത്താൽ “അമ്പട ഞാനേ ” എന്ന ചിത്രം വലിയ ചർച്ചയായപ്പോൾ ആ ചിത്രത്തിൽ കെ.പി.എസി ലളിത ചയ്ത മരുമകൾ വേഷവും നാടാകെ ശ്രദ്ധിക്കപ്പെട്ടു. നെടുമുടി വേണുവിൻ്റെ കഥയിൽ ആൻ്റണി ഈസ്റ്റുമെൻ സംവിധാനം ചെയത ആ സിനിമയും കഥാപാത്രവും ഈ നടിയുടെ അഭിനയ ജീവിതത്തിൻ്റെ തലവര മാറ്റിയെഴുതി. സിനിമയുടെ മുഖ്യധാരയിലേക്ക് കയറി വന്ന് ലളിത സ്ഥാനമുറപ്പിച്ചു . ഈ നടിയില്ലാത്ത സിനിമയെ കുറിച്ച് ചിന്തിക്കാൻ കഴിയാത്ത അവസ്ഥയായി. സത്യൻ അന്തിക്കാട് എന്ന മലയാള സിനിമയിലെ എക്കാലത്തേയും ജനപ്രിയ സംവിധായകൻ്റെ ചിത്രങ്ങളിലൂടെ ലളിത മിന്നുന്ന പ്രകടനം തുടർച്ചയായി കാഴ്ചവെച്ചപ്പോൾ പകരം വെക്കാനില്ലാത്ത ഈ നടി എന്ന് വിലയിരുത്തപ്പെട്ടു.അതോടെ ആ ജൈത്ര യാത്രയ്ക്ക് തടസ്സങ്ങളില്ലാതായി. എതിരാളികളുമില്ലാതായി.

സ്നേഹത്തോടൊപ്പം കുനിട്ടും പോരും വാത്സല്യത്തോടൊപ്പം കുത്തിത്തരിപ്പും നിസ്സഹായതയോടൊപ്പം പകയും വാശിയും എല്ലാം കഥാപാത്രങ്ങളിലേക്ക് ആവശ്യാനുസരണം ചേർക്കപ്പെട്ടപ്പോൾ ലളിത എന്ന നടി അഭിനയകലയിലെ പൂർണതയായി എല്ലാ മനസ്സുകളിലും അടയാളപ്പെടുത്തപ്പെട്ടു .

2022 ഫെബ്രുവരി 22 ന്‌ തൻ്റെ എഴുപത്തി നാലാമത്തെ വയസ്സിൽ വിടവാങ്ങും വരെ ഒന്നാം നിരയിൽ തന്നെയായിരുന്നു ഈ നടിയുടെ സ്ഥാനം.

2022ൽ പുറത്തുവന്ന ഭീഷ്മപർവ്വവും, ഒരുത്തിയുമായിരുന്നു അവസാന ചിത്രങ്ങൾ .

1975 ൽ നീല പൊന്മാനിലൂടെ മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി 1980ൽ ആരവത്തിലൂടേയും 1990 ൽ അമരത്തിലൂടേയും 1991ൽ സന്ദേശത്തിലൂടേയും മികച്ച സഹനടിക്കുള്ള പുരസ്കാര നേട്ടം ആവർത്തിച്ചു .അമരത്തിലൂടെ ദേശീയ പുരസ്കാരവും 2000 – മാണ്ടിൽ ശാന്തം എന്ന സിനിമയിലൂടെ ദേശീയ അംഗീകാരവും ലളിത എന്ന അഭിനേത്രിയിലേക്ക് വന്നു.

സിനിമാ നടൻ കൂടിയായ സിദ്ധാർത്ഥൻ , ശ്രീക്കുട്ടി എന്നിവരാണ് മക്കൾ. 2016 മുതൽ 2021 വരെ സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കൂടിയായിരുന്നു കെ.പി.എ.സി ലളിത.

അഭിനയിച്ച ചിത്രങ്ങളിലെയും ആ ചിത്രങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങളെയും കുറിച്ച് വിവരിക്കുകയോ പരാമർശിച്ചു പോകയോ ചെയ്യുക എന്നത് ഈ ചെറു കുറിപ്പിൽ സാധ്യമല്ല . 550 ൽ അധികം സിനിമകളിലായി പരുന്ന കിടക്കുകയാണ് ആ അഭിനയ ജീവിതം. ഒരു സിനിമയിൽ പോലും കെ.പി.എ.സി ലളിത എന്ന നടിയുടെ അഭിനയം മോശമായിട്ടുണ്ടാകില്ല . അതുറപ്പ്. ഒന്നു വന്നു പോകുന്ന വേഷങ്ങൾ പോലും മിന്നി നിൽക്കും. അതുകൊണ്ട് തന്നെ കുറച്ചു ചിത്രങ്ങളെ കുറിച്ച് മാത്രമേ ഇവിടെ പറയുന്നുള്ളൂ. കുറച്ചെങ്കിലും പറയണമല്ലോ എന്നത് കൊണ്ട് മാത്രമാണത് ചെയ്യുന്നതും.

മണിച്ചിത്രത്താഴ് ‘ കോട്ടയം കുഞ്ഞച്ചൻ, പൊൻ മുട്ടയിടുന്ന താറാവ്, അമരം, സന്ദേശം വടക്കുനോക്കിയന്ത്രം. തലയണമന്ത്രം, വിയറ്റ്നാം കോളനി – സ്ഫടികം, കുടുംബപുരാണം, ശുഭയാത്ര, ഇന്നലെ, കനൽക്കാറ്റ്, കാട്ടുകുതിര ,ഗോഡ് ഫാദർ , വെങ്കലം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, മനസ്സിനക്കരെ, സദയം, മാളൂട്ടി, കേളി, തിളക്കം, മാടമ്പി എന്നീ ചിത്രങ്ങളെ കുറിച്ച് മാത്രം ഓർത്തുനോക്കു. ഈ ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം ഇപ്പോൾ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകുമല്ലോ. അതിൽ സ്നേഹമയിയായ അമ്മയുണ്ട്, കുടുംബബന്ധങ്ങൾ നിലനിർത്തുവാൻ വേണ്ടി എല്ലാം സഹിച്ച് ജീവിക്കുന്ന നന്മ നിറഞ്ഞവരുണ്ട്, തീർത്തും നിഷ്കളങ്കമായ ആ ഭാവങ്ങളുണ്ട് എന്നാൽ ചില ചിത്രങ്ങളിൽ ഗംഭീരമായ പ്രകടനത്തിലൂടെ ജീവൻ പകർന്ന തന്റേടികളായ കഥാപാത്രങ്ങളുമുണ്ട്. കുടുംബത്തിലാകെ പാര പണിയുന്നവരും അതിലുണ്ട്, കുടുംബത്തിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നവരുമുണ്ട് ,എല്ലാവരോടും പൊട്ടിത്തെറിക്കുന്നവരുണ്ട് എന്തിനും പൊട്ടിക്കരയുന്നവരുണ്ട്. വ്യത്യസ്തമായ ഭാവങ്ങളിലൂടെ പ്രകടനങ്ങളിലൂടെ കെ.പി.എ.സി ലളിത ജീവൻ പകർന്ന 550 കഥാപാത്രങ്ങൾക്ക് അടയാളങ്ങളായി ഈ കുറച്ചു ചിത്രങ്ങൾ പറഞ്ഞു എന്നുമാത്രം.

ദീർഘിപ്പിക്കുന്നില്ല. ഒന്നുമാത്രം പറഞ്ഞു നിർത്തുന്നു. മലയാളത്തിൽ കെപിഎസി ലളിത എന്ന നടിക്ക് തുല്യം നിൽക്കാൻ കെപിഎസി ലളിത മാത്രമേ ഉണ്ടായിരുന്നുള്ളൂ. “എനിക്കൊന്നുമറിയില്ല എല്ലാം നിങ്ങൾ തീരുമാനിക്കുന്നതു പോലെ “എന്നു പറയുന്ന കേരളത്തിലെ ഒരു സാധാരണ വീട്ടമ്മയുടെ നിസ്സഹായത നിറഞ്ഞ ഭാവം തലയണമന്ത്രത്തിൽ വീടിൻ്റെ വരാന്തയിൽ ശ്രീനിവാസൻ്റെ എസ്.ഐ നടത്തുന്ന ഉക്രാണത്തിൽ ഭയന്നു വിറച്ച് രണ്ട് കൈകളും ഉയർത്തി കീഴടങ്ങി നിൽക്കുന്ന സാധു സ്ത്രീ സന്മനസ്സുള്ളവർക്ക് സമാധാനത്തിൽ. ഇത് എഴുതുമ്പോഴും മനസ്സിൽ നിറയുകയാണ് അങ്ങനെ അനവധിയനവധി കഥാപാത്രങ്ങൾ .

ഇനി ഇത്തരത്തിൽ ഒരു നടി കെ.പി.എ.സി ലളിതയ്ക്ക് പകരം നിൽക്കാൻ വരുമെന്ന് പ്രതീക്ഷിക്കാൻ പോലും വയ്യ. ആ സ്മരണകൾക്ക് മുന്നിൽ, അവർ അഭിനയിച്ചു ഫലിപ്പിച്ച ഉജ്ജ്വലമായ ജീവിത മുഹൂർത്തങ്ങൾക്കു മുന്നിൽ ശിരസ്സു നമിക്കുന്നു. ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിക്കുന്നു .

സുരേഷ് തെക്കീട്ടിൽ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com