Wednesday, June 3, 2026
Homeഅമേരിക്കചന്ദനപ്പൊട്ട്. (കഥ) ✍രവി കൊമ്മേരി

ചന്ദനപ്പൊട്ട്. (കഥ) ✍രവി കൊമ്മേരി

സുഖമുള്ള ഓർമ്മകളിൽ സ്നേഹത്തിൻ്റെ സുഗന്ധം ചാർത്തിയപ്പോൾ ഒന്നായത് രണ്ട് മനസ്സുകൾ മാത്രമായിരുന്നില്ല. ഏതോ ഒരു ജന്മസാഫല്യത്തിൻ്റെ പൂർത്തീകരണത്തിനായി എഴുതിവച്ചു പോയ സമാഗമമായിരുന്നു. അവിടെ നാം കെട്ടിപ്പടുത്തത് അനുഭൂതിയുടെ കൊട്ടാരമായിരുന്നു. വീണ്ടും ആ കൊട്ടാരത്തിൽ ശയിക്കുവാനും മരിക്കുവോളം മറക്കാതിരിക്കാനും ഇനിയും ഏറെ കൊതിയോടെ നിൻ്റെ സ്വന്തം…..

ഇങ്ങിനെ എഴുതിക്കൊണ്ട് അവൻ എഴുത്തു നിറുത്തി, മൊബൈൽ ഓഫ് ചെയ്ത് ജനാലയ്ക്കിടയിലൂടെ അങ്ങ് ദൂരെ കാണുന്ന ഇലഞ്ഞി മരത്തിൽ പൂത്തിരിക്കുന്ന വെളുത്ത പൂവുകളെ നോക്കി കുറച്ചു നേരം ഇരുന്നു. ആ പൂക്കളെ നോക്കിയിരിക്കുമ്പോൾ അവൻ്റെ മനസ്സിലേക്ക് കടന്നു വന്നത് പഴയ കാലത്തിൻ്റെ കുറേ ഓർമ്മകളായിരുന്നു.

കറുത്ത നിറമുള്ള, ചന്ദനപ്പൊട്ട് തൊടാത്ത, എന്നാൽ എന്നും അമ്പലത്തിൽ പോകുന്ന ആ പാവാടിക്കാരി. ഇടത്തേ കൈയ്യിൽ ഇലച്ചാർത്തിൽ തെച്ചിയും തുളസിയും ചന്ദനവും ചേർത്ത പ്രസാദവും പിടിച്ച് വലത്തേ കൈ കൊണ്ട് പാവാട ഒരല്പം ഉയർത്തിപ്പിടിച്ച് നടന്നു വരുന്ന അവളെ നോക്കിയാണ് കറുപ്പിനേഴഴക് എന്ന് പറഞ്ഞെതെന്നു തോന്നും.

ചന്ദനം തൊടാത്ത അവളെന്തിനാ ദിവസവും ചന്ദനം വാങ്ങുന്നത് എന്നല്ലേ നിങ്ങളിപ്പം ചിന്തിക്കുന്നത്. അതാണ് മീര. ക്ഷേത്രത്തിൽ നിന്ന് വീടെത്തുന്നതു വരെ നിരവധി കുട്ടികൾ അവളെ കാത്തു നിർക്കും . സ്കൂളിലേക്ക് പോകാൻ വണ്ടിയും കാത്തു നിൽക്കുന്നവർ. അവൾ ആ ചന്ദനം അവർക്കൊക്കെ തൊട്ടു കൊടുത്തുകൊണ്ടാണ് വീട്ടിലേക്ക് പോകുന്നത്. എന്നാൽ എന്നും അവളുടെ ആ വഴിയിൽ കുട്ടികളുടെ ഇടയിൽ നിന്ന് ഞാനും അതു കൊതിക്കും.
ഉം..ഹും. എവിടെ. ഒരു ചിരി കിട്ടും അത്ര തന്നെ.

എന്നാൽ ഒരു ദിവസം PSC പരീക്ഷ എഴുതാൻ ഞാൻ ധൃതിയിൽ പോകുമ്പോഴാണ് അവൾ ക്ഷേത്ര ദർശനവും കഴിഞ്ഞ് വരുന്നത്.
ഞാൻ അവളെ നോക്കി കൊണ്ട് തന്നെയാണ് നടന്നടുത്തത്. അവളും എന്നെ നോക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്ത് ആ പുഞ്ചിരി അപ്പോഴും ഉണ്ടായിരുന്നു. ചിരിക്കുമ്പോൾ അവളുടെ കവിളിൽ രൂപപ്പെടുന്ന നുണക്കുഴിയാണ് അവൾക്ക് ശരിക്കും ഏഴഴക് സമ്മാനിക്കുന്നത്.

ഞാൻ നടന്ന് അവളെ കടക്കാൻ ശ്രമിച്ചതും അവൾ എന്നോട് ചോദിച്ചു. ചന്ദനം വേണോ എന്ന്. ശരിക്കും ഞാൻ ഒന്ന് ഞെട്ടി. രണ്ടട്ടി മുന്നോട്ട് പോയ ഞാൻ തിരിഞ്ഞു നോക്കി അവിടെ നിന്നു. കാരണം എന്നോട് തന്നെയാണോ ചോദിച്ചത് അതോ…?
എന്നാൽ അവളും എന്നെ നോക്കി അവിടെ അതേ ചിരിയും ചിരിച്ച് നിൽക്കുകയായിരുന്നു.

അവൾ ഒരിക്കൽക്കൂടെ ചന്ദനം വേണോ എന്ന ചോദ്യം ആവർത്തിച്ചു. സംശയം മാറി. എന്നോട് തന്നെയാണ് അവൾ ചോദിച്ചത്.
തൊട്ടു തരുമോ ?
പെട്ടന്ന് അങ്ങിനെ ചോദിക്കാനാണ് എനിക്ക് തോന്നിയത്.

ഉടനെ അവൾ അടുത്തു വന്ന് എന്നെയും ആ വഴി പോകുന്ന ആളുകളേയും അമ്പരപ്പിച്ചു കൊണ്ട് എൻ്റെ നെറ്റിയിൽ ചന്ദനം തൊട്ടു തന്നു.

ആ നിമിഷം വല്ലാത്തൊരു തണുത്ത പ്രവാഹം ശരീരത്തിലേക്ക് ഇഴഞ്ഞുകയറി. ഞാൻ കണ്ണിമവെട്ടാതെ അവളെ നോക്കുകയായിരുന്നു. എന്നാൽ അവൾക്ക് അതേ ചിരി തന്നെയായിരുന്നു. പിന്നീട് ഒന്നും പറയാതെ അവൾ തിരിഞ്ഞു നടന്നു പോയി.

ഒരു നിമിഷം എനിക്കെന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ നടന്നു പോകുന്ന അവളെ നോക്കി ഞാനങ്ങിന്നെ നിന്നു. ആ സമയം ആ വഴി കടന്നുപോയ ഒരു ഓട്ടോറിക്ഷയാണ് എൻ്റെ ശ്രദ്ധ മാറ്റിയത്.

സമയം നോക്കുമ്പോൾ 8:38, എല്ലാ ചിന്തയും വിട്ട് ഞാൻ പരീക്ഷയ്ക്കായി ഓടി. വളരെ നന്നായി പരീക്ഷ എഴുതി. എന്തോ ഒരു പ്രത്യേക ശക്തി എൻ്റെ ചിന്തകൾക്ക് കരുത്തുപകരുന്നതായി പരീക്ഷ എഴുതുമ്പോൾ എനിക്ക് തോന്നി.

പരീക്ഷ കഴിഞ്ഞ് വരുമ്പോൾ അവളെക്കുറിച്ചു തന്നെയായിരുന്നു എൻ്റെ ചിന്ത. മാസങ്ങളോളം അല്ല വർഷങ്ങളായി അവളേയും നോക്കി നടപ്പ് തുടങ്ങിയിട്ട്. പല തവണ കുട്ടികൾക്ക് ചന്ദനം തൊട്ടു കൊടുക്കുമ്പോൾ എൻ്റെ നെറ്റിയിലും ഒന്ന് തൊട്ടുകിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചിരുന്നു. എന്നാൽ അന്നൊന്നും അങ്ങിനെ ഒരാളുടെ ആഗ്രഹം അറിഞ്ഞതായേ അവൾ ഭാവിച്ചിരുന്നില്ല. എന്നാൽ ഇന്ന്..?

അപ്പഴാണ് ഒരു യഥാർത്ഥ മനുഷ്യൻ്റെ ദുരാഗ്രഹം എൻ്റെ ഉള്ളിലും തലപൊക്കിയത്. ഇന്ന് കിട്ടിയില്ലേ. ഇനി ദിവസവും കിട്ടുമായിരിക്കും. ഇല്ലേൽ ചോദിച്ചു വാങ്ങണം. അങ്ങിനെ ചിന്തിച്ച് അടുത്ത ദിവസം ആകാൻ കാത്തിരുന്നു.

കാലത്തെ എഴുന്നേറ്റ് കുളിയും കഴിഞ്ഞ്, അവൾ അമ്പലത്തിൽ നിന്ന് വരുന്ന സമയം നോക്കി കുട്ടികളെപ്പോലെ വഴിയിൽ കാത്തുനിന്നു.

ദാ… അവൾ വരുന്നുണ്ട്. കുട്ടികൾ എല്ലാം വളരെ സന്തോഷത്തിൽ തയ്യാറായി നിന്നു. എല്ലാവർക്കും അവൾ ചന്ദനം തൊട്ടു കൊടുത്തു കൊണ്ട് കടന്നുവന്നു. എന്നാൽ അന്നും എന്നത്തേയും പോലെ അവൾ ഒരു ചിരിയും സമ്മാനിച്ച് എന്നെ കടന്നുപോയി.
എൻ്റെ മനസ്സിലെ ദുരാഗ്രഹി തലപൊക്കി.
ഞാൻ പതുക്കെ വിളിച്ചു ചോദിച്ചു. എനിക്ക് ചന്ദനം ഇല്ലേ…?
അവൾ അതും കേട്ടതായി ഭാവിച്ചില്ല.

സങ്കടവും നിരാശയും മനസ്സിനെ വല്ലാതെ തളർത്തി. ഞാൻ തിരിച്ച് വീട്ടിലോട്ട് കയറി. അമ്മ ഉണ്ടാക്കിവച്ച നല്ല വെള്ളാപ്പവും ഇഷ്ടുവും ഒരല്പം ചൂടാറിയിട്ടുണ്ട്. വേഗം ഇരുന്ന് അത് കഴിച്ചു. ശരീരം ഉഷാറാക്കി. മനസ്സ് പിന്നീട് നേരെയാക്കാം. ചിന്തകൾ വീണ്ടും വീണ്ടും നിലയില്ലാ കയങ്ങൾ തേടി യാത്ര ചെയ്തു കൊണ്ടേയിരിക്കുന്നു.

വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഇന്നലെ ഞാനവളെ വീണ്ടും കണ്ടുമുട്ടി. ചന്ദനവും വാങ്ങി ദിനവും വരുന്ന വഴിയായിരുന്നില്ല. മറിച്ച് ചൂടു പിടിച്ച ഒരു നഗരത്തിൻ്റെ തിരക്കൊഴിയാത്ത ഒരു മാർക്കറ്റിൽ.

എന്നെ തിരിച്ചറിഞ്ഞതും അവൾ മാറുവാൻ ശ്രമിച്ചു. പക്ഷേ വർഷങ്ങളുടെ ദൈർഘ്യം എന്നിൽ ഒരു മാറ്റവും വരുത്തിയില്ല. ഞാൻ പിൻതുടർന്ന് പിടിച്ചു. കണ്ണിൽ നോക്കുവാൻ പറഞ്ഞു. ഒരു വേള കണ്ണിൽ നോക്കിയതും അവൾ വിതുമ്പിയതും ഒന്നിച്ചായിരുന്നു.

വീട് അടുത്താണെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചു. ചായ പകർന്നുകൊണ്ടിരിക്കേ അവളുടെ നെറ്റിയിലെ ചന്ദനം നോക്കി ഞാൻ ചോദിച്ചു. ചന്ദനമുണ്ടങ്കിൽ എനിക്കും കുറച്ച് തൊട്ടുതരാമോ എന്ന്.

നിറഞ്ഞൊഴുകിയ കണ്ണുനീർ എൻ്റെ കൈവിരലുകൾ കൊണ്ട് തുടയ്ക്കുമ്പോൾ ആ മുഖം എൻ്റെ മാറിലേക്ക് ചാഞ്ഞിരുന്നു. പറയാനറിയാമായിരുന്നിട്ടും പറയാതെ പോകുന്ന നിരവധി ഇഷ്ടങ്ങളുണ്ട്. സാഹചര്യങ്ങളും, സാമൂഹിക നീതിബോധവും കാരണം പലപ്പോഴും പറയാൻ ശ്രമിച്ചിട്ടും പറയാൻ കഴിയാതെ പോകുന്ന ഇഷ്ടങ്ങളും ഉണ്ട്. വഴിപിരിഞ്ഞു പോകുന്ന മനസ്സുകൾകൾക്ക് ഒരു നോട്ടത്തിലെങ്കിലും ദയനീയത സമ്മാനിക്കുമ്പോൾപോലും തിരിച്ചറിയാനോ ഒന്ന് വാതുറന്ന് മൊഴിയാനോ കഴിയാത്ത ഇഷ്ടമാണ് എന്നും സങ്കടങ്ങൾ മാത്രം സമ്മാനിക്കുന്നത്. ഇവിടെ നിൻ്റെ നെറ്റിയിലെ ഈ ചന്ദനം എൻ്റെ അധരങ്ങൾ കൊണ്ട് ഞാൻ സ്വന്തമാക്കുന്നു. ഇതാണ് പെണ്ണേ… കാലത്തിൻ്റെ കരുതൽ.

പുറത്ത്, അങ്ങ് ദൂരെ മലമുകളിൽ നിന്ന് സൂര്യൻ മെല്ലെ തല പൊക്കി നോക്കി. ഇരുളടഞ്ഞു കിടന്നിരുന്ന ഓർമ്മകളിൽ ഒരല്പം വെളിച്ചം പകർന്ന ഇലഞ്ഞിപ്പൂക്കൾ കാഴ്ച്ചകളിൽ നിന്ന് മറയുന്നു.

പെട്ടന്ന് മൊബെെൽ ബെല്ലടിച്ചു. ഉടനെ സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്ന് മൊബൈൽ എടുത്തു. ഓഫീസിൽ നിന്നാണ്. വിമലായിരിക്കും. അവന് മാത്രമേ എൻ്റെ നാട്ടിലെ ഈ നമ്പർ അറിയു. അവധിക്ക് വന്നിട്ട് പതിനഞ്ച് ദിവസങ്ങളേ ആയുള്ളു. എന്ത് കുരിശാണാവോ. പെട്ടന്ന് തിരിച്ച് ചെല്ലാൻ പറയാനോ മറ്റോ ആയിരിക്കുമോ ?

മനസ്സില്ലാമനസ്സോടെയാണ് ഫോൺ എടുത്തത്. ഉടൻ തന്നെ അപ്പുറത്തുനിന്ന് ഡയലോഗും വന്നു. “എട തെണ്ടീ… നീ നാട്ടിൽ പോയിട്ട് നിൻ്റെ മറ്റവളുമൊത്ത് കറക്കവും സുഖിക്കലും തന്നെയാണ് ല്ലേ . ആ … ആ…. നിൻ്റെ ടൈമാണെടാ മോനേ….. എടാ വേട്ടാവളിയാ.. നിന്നെ റോബർട്ട് ചോദിച്ചിരുന്നു. അവന് എന്തോ പരിപാടി ഉണ്ട് പോലും. അതൊന്ന് സെറ്റ് ചെയ്ത് കൊടുക്കാനാണ് ‘നീ തന്നെ വേണം എന്ന് പറഞ്ഞിരിക്കുവാ.

ഞാൻ വന്നിട്ട് പറയാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഇവൻ്റെ ഒരു കാര്യം. എന്താ എപ്പഴാ പറയേണ്ടതെന്ന് ഒരു നിശ്ചയവുമില്ല. കപ്പടൻ… ഹ…ഹ… ഹ… കപ്പടൻ. അതുകൊള്ളാലോ – അവന് പറ്റിയ പേര്. കപ്പടൻ. ഹ… ഹ…. ഹ-

ഓ… സമയം ഒരുപാടായി. ഇന്നത്തെ ദിവസം ഇങ്ങിനെയങ്ങ് പോയി. ഉടനെ ഫോൺ എടുത്ത് എഴുതി വച്ചത് മുഴുമിപ്പിക്കാൻ തുനിഞ്ഞു.

വർഷങ്ങൾക്ക് ശേഷം, നാടിൻ്റെ നഗരങ്ങളുടെ രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കും, സഹവർത്തിത്വത്തിനും ശേഷം പഴയ കാല ഓർമ്മകളുടെ പുസ്തകത്താളുകളിൽ അവൾ എനിക്കു വേണ്ടി മാറ്റി വച്ച പേജുകളിൽ ഞാനെഴുതി.

“നിറമിഴിപ്പീലിയിൽ അധരങ്ങൾ കൊണ്ടുഞാൻ
കാലത്തിൽ മുത്ത് കവർന്നെടുത്തു
വഴിതെറ്റി പോയൊരാ ദിവ്യാസ്ത്ര മിന്നെൻ്റെ
ഹൃദയത്തിന്നാഴത്തിൽ ഏറ്റിടുന്നു “.

അതെ ആ ദിവ്യാസ്ത്രം ഇന്നെൻ്റെ ഹൃദയം പിളർന്ന് രക്തകണങ്ങളെ വിയർപ്പു കണങ്ങളാക്കിയിരിക്കുന്നു.

ഒരുപാട് വൈകിപ്പോയോ എന്ന ചോദ്യത്തിന്, ദൂരങ്ങളിലേക്ക് പോകുമ്പോഴെല്ലാം അരികിലുണ്ടായിരുന്നില്ലേ എന്ന മറും ചോദ്യം കൊണ്ടെന്നെ നീ മൗനിയാക്കി. അതെ അത് സത്യമല്ലേ. ഇവിടെ ഈ ഏകാന്തതയിലും കൂടെത്തന്നെയില്ലേ എന്നെനിക്ക് തോന്നുന്നത് അതുകൊണ്ടല്ലേ.

നാളെക്കഴിഞ്ഞ് മറ്റന്നാൾ ഭീമൻ ചിറകുകളുടെ തോളിലേറി ഞാൻ പറക്കുമ്പോൾ നാളെ ഒരു ദിവസത്തെ സ്വപ്നങ്ങൾകൂടെ എൻ്റെ നിശ്വാസങ്ങളുടെ സുഗന്ധമാകണം. അതിനായി നിൻ്റെ കൊട്ടാരത്തിലെ ഉദ്ധ്യാനത്തിലെ സുഗന്ധപുഷ്പങ്ങളുടെ ഇടയിലെ താമരക്കുളത്തിൽ നമുക്ക് നീന്തിത്തുടിക്കണം. അവിടെ ആ മനോഹര താമര ഇതളുകളിൽ ഞാനെൻ്റെ ആത്മ കാവ്യമെഴുതും. വായിക്കുവാൻ മാത്രമല്ല നമുക്ക് ജീവിക്കുവാൻ. ഇനിയങ്ങോട്ട് സ്വപ്നങ്ങളുടെ പറുദീസയിൽ ജീവിക്കുവാൻ. മറ്റൊരു സംഗമത്തിൻ്റെ മുഹൂർത്തം വരെ ജീവിത ചക്രം ഓടിക്കൊണ്ടേയിരിക്കാൻ. ഞാൻ എന്നെ തന്നെ ഈ എഴുത്തിലൂടെ നിനക്ക് സമർപ്പിക്കുന്നു.
നിൻ്റെ സ്വന്തം.

ഇത്രയും എഴുതി ഒരു അഞ്ച് ആവർത്തിയെങ്കിലും വായിച്ച് അത് വാട്ട്സ് ആപ്പിലൂടെ അവൾക്കയച്ചു. മറുപടിക്കായ് കാത്തിരുന്നു, മറുതലയ്ക്കൽ പച്ച തെളിഞ്ഞു. അവൾ അത് കണ്ടിരിക്കുന്നു. വായിക്കുകയായിരിക്കും. ആകാംക്ഷ വല്ലാതെ വീർപ്പുമുട്ടിക്കുന്നു. അതെ മറുഭാഗത്തു നിന്ന് എന്തോ എഴുതുന്നുണ്ട്. കണ്ണുകൾ അടയ്ക്കാൻ കഴിയുന്നില്ല. എന്തായിരിക്കും എഴുതുന്നത്. എന്തായിരിക്കും മറുപടി. ഒടുവിൽ മറുപടി വന്നു.

ക്ഷമിക്കണം, നാളെ കാലത്ത് ഞാനും പോകുന്നു. അടുത്ത വരവിന് കാണും വരെ സ്നേഹത്തോടെ വിട…..

ശുഭം….

രവി കൊമ്മേരി✍

RELATED ARTICLES

3 COMMENTS

  1. ഇതുപോലെ നല്ല നല്ല കഥകൾ ഇനിയും പിറവിയെടുക്കട്ടെ എന്നാശംസിക്കുന്നു കൂട്ടുകാരാ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com