ആഴമേറെയുള്ള കുഴിയിലേക്ക് മലര്‍ന്നടിച്ച് വീഴുന്ന സ്വപ്നത്തിന്റെ അര്‍ത്ഥം ഗണിച്ചെടുക്കാന്‍ ദേവുവമ്മക്ക് പ്രയാസമുണ്ടായില്ല. സ്വപ്നങ്ങള്‍ ഫലിക്കുമെന്നത് ഒരു പഴഞ്ചൊല്ലല്ലെന്നവള്ക്കറിയാം. അനുഭവം പലവട്ടം സാക്ഷ്യപ്പെടുത്തിയ വാസ്തവമാണത്. അറുപത് കൊല്ലംമുമ്പ് ഒരുരാത്രി വീട്ടുമുറ്റത്ത് കാറില്‍നിന്നിറങ്ങുന്ന തല നരച്ച അതിഥികളെ അച്ഛന് സ്വീകരിക്കുന്നതു സ്വപ്നം കണ്ടത് എങ്ങനെ മറക്കാന്‍!പിറ്റേന്ന് ഉച്ചതിരിഞ്ഞ നേരത്ത് സ്വപ്നത്തില്നിന്നിറങ്ങിവരുന്നതുപോലെയല്ലേ കല്യാണക്കാര് വീട്ടുമുറ്റത്ത് കാറിറങ്ങിയത്!
ആദ്യത്തെ കണ്മണി അച്ഛനെപ്പോലെ കുസൃതിയായ ആണ്‍കുട്ടിയാവും എന്ന അവളുടെ സ്വപ്നവും തെറ്റിയില്ല.’എങ്ങനെയറിയാം?” എന്ന ഉണ്ണിയുടെ അച്ഛന്റെ ചോദ്യത്തിന് ”ഞാന്‍ സ്വപ്നത്തില്‍ കണ്ടു” എന്ന അവളുടെ മറുപടികേട്ട് ഉണ്ണിപിറന്ന നേരംവരെ പാവം പരിഹസിച്ചുകൊണ്ടിരുന്നു. പെണ്ണിന്റെ സ്വപ്നങ്ങള്‍ക്ക് മറുപടി ഇല്ല എന്ന് അയാള്‍ പിന്നീട് പലപ്പോഴും അവളെ പ്രശംസിച്ചിട്ടുണ്ട്. ജ്യോത്സ്യന്മാരെപ്പോലും വെല്ലുന്നതായിരുന്നില്ലേ അവളുടെ സ്വപ്നങ്ങള്‍!
തൊണ്ണൂറ് വയസ്സ് ആയുസ്സുണ്ടെന്ന തലക്കുറി തലയിണക്കീഴില്‍ വച്ച് ശാന്തമായി ഉറങ്ങാറുള്ള അയാള്‍ അറുപത്തഞ്ചാം വയസ്സിലൊരുനാള് വിയര്‍ത്തുകുളിക്കുന്നത് കണ്ടതായിരുന്നു അവള് കണ്ട ഏറ്റവും മാരകമായ സ്വപ്നം. ‘ഫലിക്കരുതേ, ഫലിക്കരുതേ’ എന്ന് എല്ലാ ദേവീദേവന്മാരെയും ഓര്‍ത്ത് പ്രാര്‍ത്ഥിച്ചിട്ടും ഫലം തടുക്കാനായില്ല.പിറ്റേന്നായിരുന്നുവല്ലോ ഹൃദയാഘാതംമൂലം അയാള്‍ മരിച്ചത്.
ദേവുവമ്മ പിടഞ്ഞെഴുനേറ്റു.പലയിടത്തായി ചിന്നിച്ചിതറികിടക്കുന്ന സ്വകാര്യങ്ങളെല്ലാം ആരും കാണാത്തയിടത്ത് എവിടെയെങ്കിലും ഒളിച്ചുവയ്ക്കണം. ”അയ്യയ്യേ, ഈ അമ്മൂമ്മ!”എന്ന് പേരക്കുട്ടികള്‍ അവ നോക്കി പരിഹസിക്കും. മധുവിധുകാലത്ത് കടല്‍പ്പുറത്ത് നടക്കുമ്പോള്‍ രണ്ടുപേരും മത്സരിച്ച് പെറുക്കിയെടുത്ത കക്കയും വെള്ളാരങ്കല്ലും സാരികള്ക്കടിയില് പൂത്തിവച്ചിട്ടുണ്ട്. പട്ടുസാരികളുടെ അടുക്ക് ഓര്‍മ്മകളുടെ നിറപ്പകിട്ടാര്‍ന്ന അടുക്കുകളാണ്.ഓരോ അടക്കിലും ഒളിച്ചിരിക്കുന്ന ഗന്ധം അവളുടെ സ്വകാര്യ സുഖവും ദുഃഖവും ആണ്. അതിന്റെ താക്കോല്‍ എത്രതിരഞ്ഞാലും ആരും കാണരുത്.അവളുടെ ഓര്‍മ്മകള്‍ അവളുടെ മാത്രമായിരിക്കണം, മരിച്ചാലും. ‘ഓര്‍മ്മകള്‍ മരിക്കുന്നില്ല” എന്ന് എവിടെയോ വായിച്ചതോര്‍ത്ത് അവള് ചിരിച്ചു. പരേതാത്മാക്കളുടെ കൂടെ അവരുടെ ഓര്‍മ്മകളും പരലോകത്തേക്ക് പ്രയാണംചെയ്യുന്നുണ്ടാവും. അതുകൊണ്ടാണ് ഒരാളുടെ ഓര്‍മ്മ മറ്റൊരാള്‍ക്ക് ഓര്മ്മിക്കാനാവാത്തത്.
എന്നാലും ഒരു ഉറപ്പിനുവേണ്ടി അലമാരയുടെ താക്കോല്‍ അവള് എളിയില്‍ ഭദ്രമായി തിരുകിവച്ചു.
ഇനിയുള്ളത് കലവറയിലെ ആരും കാണാമൂലയില്‍ പാത്തുവച്ച ചക്കവരട്ടിയതാണ്.താനില്ലെങ്കില്‍ അത് ആരും നോക്കാതെ പൂപ്പല്‍ വന്ന് പഴകി നാറും. മോനും മരുമോള്‍ക്കും പേരക്കുട്ടികള്‍ക്കും അതൊന്നും നോക്കാന്‍ നേരമില്ല. ”പ്രഥമന്‍ ഉണ്ടാക്കാന്‍ അമ്മയുടെ കെെതന്നെ വേണം. ഞാനതിലൊന്നും ഇടപെടാറില്ല” എന്ന മരുമോളുടെ പ്രശംസ തീന്മേശമര്യാദ മാത്രമാണ്. ഉരുളിയുടെ അടിയില്‍ പിടിക്കാതെ ഓട്ടുചട്ടുകംകൊണ്ടിളക്കിയിളക്കി താന്‍ വരട്ടിവച്ച ആ ‘വളിപ്പ്’, ഭരണിയോടുകൂടി കാട്ടില്‍ കളയാനും അവള് മടിയ്ക്കില്ല. താന്‍ ഭരണിയില്‍ സൂക്ഷിക്കുന്ന വിഭവങ്ങളെല്ലാം വളിച്ചതും പുളിച്ചതുമാണെന്ന് ഞാനടക്കമുള്ള അയല്‍ക്കാരോട് അവള് അടക്കം പറയുന്നത് ദേവുവമ്മ കേട്ടിട്ടുണ്ട്.
അത് പാടില്ല.വളിപ്പ് ബാക്കിവച്ച് മരിച്ചുപോയാല്‍ ആത്മാവിന് ശാന്തി കിട്ടില്ല.തേങ്ങ ചെരവി പിഴിഞ്ഞ് തുണിയില്‍ അരിച്ചെടുത്ത തേങ്ങാപ്പാലില്‍ വരട്ടിയ ചക്ക ഇളക്കിയിളക്കി കൊഴുപ്പ് പാകമാക്കുന്നതുവരെ ആരും കേറിവരരുതേ എന്ന് മാത്രമായിരുന്നു ദേവുവിന്റെ ചിന്ത. ജോലിക്കുപോയ മോനും മരുമോളും തിരിച്ചെത്താന്‍ വെെകും. സ്കൂളില്‍ പോയ കുട്ടികളും നാലുമണിക്ക് മുമ്പ് വരില്ല. പേടി പക്ഷേ അതല്ല. തന്റെ സമയം എപ്പോള്‍ തീരുമെന്നറിയില്ല. കാലന് സ്വപ്നത്തില്‍നിന്ന് എപ്പോള്‍ വേണമെങ്കിലും ഇറങ്ങിവരാം. തേങ്ങാക്കൊത്ത് വറുക്കുന്നതിനിടയില്‍ അയാള്‍ കെെപിടിച്ചുവലിച്ചാല് എല്ലാം തീരും. ഗ്യാസ് സ്റ്റൗ ആളിക്കത്തും . എല്ലാം കത്തിയമരും, കൂടെ താനും.
കാലന് കെെപിടിച്ചുവലിച്ചതാണോ ദേവുവമ്മയുടെ കെെവിറച്ചതാണോ എന്ന് കഥ പറയുന്ന അയല്‍ക്കാരനായ എനിക്ക് തീര്ത്തുചൊല്ലാന് കഴിയുന്നില്ല.രണ്ടും ഒന്നുതന്നെയെന്നാണ് വിധിയില്‍ വിശ്വസിക്കുന്ന എന്റെ മതം. കാലന് വരുന്നത് വറുചട്ടിയിലെ തീയായിട്ടാവാം.
മഹസ്സര്‍ തയ്യാറാക്കിയ പൊലീസ് ചക്കപ്രഥമന് പരിശോധനക്കയച്ചിട്ടുണ്ട്. വിശേഷമൊന്നുമില്ലാത്ത ഒരു ദിവസം ആരുമില്ലാ നേരത്ത് ആരോടുമാരടുമുരിയാടാതെ കഥാവശേഷ ചക്കപ്രഥമന് ഉണ്ടാക്കാന്‍ പുറപ്പെട്ടത് എന്ത്കൊണ്ട്? ആത്മഹത്യാപ്രേരണയുടെ അടയാളമല്ലേ അത്? പൊലീസിന്റെ സംശയങ്ങള്‍ ചോദ്യം ചെയ്യാന്‍ കഥ പറയുന്ന ഞാന്‍പോലും സാഹസപ്പെട്ടില്ല.
ദേവുവിന്റെ സ്വപ്നങ്ങളെപ്പറ്റി ചിലതെല്ലാം കേട്ടിട്ടുണ്ടെങ്കിലും മൊഴികൊടുത്താല്‍ കോടതിയില്‍ സാക്ഷി പറയേണ്ടിവരും. കൗടില്യന്റെ ന്യായസംഹിതയില്പോലും സ്വപ്നങ്ങള്‍ ഒന്നിനും സാക്ഷിയാവുന്നില്ല. ഞാന്‍ ആരുമറിയാതെ അവിടെനിന്ന് മുങ്ങി.
ഞാനീപ്പറഞ്ഞതൊന്നും നിങ്ങള്‍ കേട്ടിട്ടുമില്ല, ഞാന്‍ പറഞ്ഞിട്ടുമില്ല.
അതുകൊണ്ട് ശുഭം.
സൂപ്പർ